കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്ന് വിളിച്ചവർക്ക് മറുപടിയായി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി കാസ്പർ റൂഡ്

തന്നെ കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു വിളിച്ചവർക്ക് കളിക്കളത്തിൽ മറുപടി കൊടുത്ത് നോർവീജിയൻ താരം കാസ്പർ റൂഡ്. അഞ്ചാം സീഡ് ആയ റൂഡ് സെമിഫൈനലിൽ 27 സീഡ് റഷ്യൻ താരം കാരൻ ഖാചനോവിനെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി. ജയത്തോടെ യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ നോർവീജിയൻ താരം എന്ന റെക്കോർഡും റൂഡ് സ്വന്തം പേരിൽ കുറിച്ചു. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ റൂഡിന് ഇത് കരിയറിലെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ്. ഫൈനലിൽ ജയിക്കാൻ ആയാലോ, അല്ലെങ്കിൽ കാർലോസ് അൽകാരസ് ഫൈനലിൽ എത്താതിരുന്നാലോ കാസ്പർ റൂഡ് ലോക ഒന്നാം നമ്പറും ആവും.

ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് നേടാൻ റൂഡിന് ആയെങ്കിലും ഖാചനോവ് തൊട്ടടുത്ത സർവീസിൽ തന്നെ തിരിച്ചു ബ്രേക്ക് ചെയ്തു. തുടർന്ന് ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ മികച്ച പോരാട്ടത്തിനു ഒടുവിൽ സെറ്റ് 7-6(7-5) എന്ന സ്കോറിന് റൂഡ് നേടി. വളരെ മികച്ച ആദ്യ സെറ്റിന് ശേഷം രണ്ടാം സെറ്റിൽ റൂഡിന്റെ ആധിപത്യം ആണ് കാണാൻ ആയത്. തുടർച്ചയായി ബ്രേക്ക് കണ്ടത്തിയ റൂഡ് സെറ്റ് 6-2 നു നേടി മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഒടുവിൽ നിർണായക ബ്രേക്ക് നേടിയ റഷ്യൻ താരം സെറ്റ് 7-5 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി.

യു.എസ് ഓപ്പൺ

നാലാം സെറ്റിൽ രണ്ടാം സെറ്റിന്റെ ആവർത്തനം ആണ് കാണാൻ ആയത്. വളരെ ആത്മവിശ്വാസത്തോടെ കളിച്ച റൂഡ് തുടർച്ചയായി ബ്രേക്കുകൾ കണ്ടത്തി സെറ്റ് 6-2 നു നേടി കരിയറിലെ തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 16 ഏസുകൾ ഉതിർത്ത റഷ്യൻ താരത്തിന്റെ സർവീസ് 6 തവണയാണ് റൂഡ് ബ്രേക്ക് ചെയ്തത്. 10 ഏസുകൾ നോർവീജിയൻ താരം മത്സരത്തിൽ ഉതിർക്കുകയും ചെയ്തു. തനിക്ക് ഹാർഡ് കോർട്ടിലും തിളങ്ങാൻ ആവും എന്ന വ്യക്തമായ സൂചനയാണ് ഈ യു.എസ് ഓപ്പണിൽ റൂഡ് നൽകിയത്. പ്രതിരോധത്തിൽ അടക്കം വളരെ മുന്നേറിയ റൂഡ് ഫൈനലിൽ കാർലോസ് അൽകാരസ് ഫ്രാൻസസ് ടിയെഫോ മത്സര വിജയിയെ ആണ് നേരിടുക. 1992 നു ശേഷം യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന സ്‌കാന്റനേവിയൻ താരം കൂടിയാണ് റൂഡ്.