യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ കടന്നു ലോക രണ്ടാം നമ്പർ താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി. യുവ താരം സറീന ഡിയാസിന്റെ വെല്ലുവിളി മറികടന്നാണ് ബാർട്ടി രണ്ടാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റിൽ ബാർട്ടിക്ക് ഒരവസരവും നൽകാത്ത ഡിയാസ് 6-1 നു സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റ് മുതൽ തന്റെ മികവ് പുറത്തെടുത്ത ബാർട്ടി 6-3, 6-2 എന്നീ സ്കോറുകൾക്ക് അടുത്ത രണ്ടു സെറ്റുകളും സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. നാട്ടുകാരിയായ തെരേസ മാർട്ടിൻകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ചെക് താരവും മൂന്നാം സീഡുമായ കരോളിന പ്ലിസ്കോവയും രണ്ടാം റൗണ്ടിൽ പ്രേവേശിച്ചു. ഇരു സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ 7-6,7-6 എന്ന സ്കോറിന് ആണ് പ്ലിസ്കോവ നാട്ടുകാരിയുടെ വെല്ലുവിളി അതിജീവിച്ചത്.
മറ്റ് മത്സരങ്ങളിൽ കാനഡ താരം യുജീനയെ 6-3,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 12 സീഡ് അനസ്താസ്ജ സെവറ്റോവയും രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം ബ്രിട്ടീഷ് പ്രതീക്ഷയായ 16 സീഡ് യൊ യൊഹാന കോന്റ ഡാരിയയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-1,4-6,6-2 എന്ന സ്കോറിനാണ് മറികടന്നത്. അതേസമയം 27 സീഡ് കരോളിന ഗാർസിയയെ ഒൻസ് ജബേർ 7-6,6-2 എന്ന സ്കോറിന് അട്ടിമറിച്ചു. അതേസമയം 6-1,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് അലക്സാണ്ടറവയോട് തോറ്റ മുൻ ചാമ്പ്യൻ ഓസ്ട്രേലിയയുടെ സമാന്ത സ്റ്റേസർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പുരുഷന്മാരിൽ അർജന്റീനതാരം പരിക്കേറ്റു പിന്മാറിയതോടെ 7 സീഡ് കെയ് നിഷികോരിയും യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ എത്തി. 27 സീഡ് തുസാൻ ജോവിച്ച് രണ്ടാം റൗണ്ടിൽ കടന്നപ്പോൾ ചെക് താരം തോമസ് ബെർഡിച്ച് അമേരിക്കൻ താരം ജെൻസൻ ബ്രൂക്സ്ബിയോട് 4 സെറ്റ് നീണ്ട പോരാട്ടത്തിൽ തോറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.