എതിരാളി പരിക്കേറ്റു പിന്മാറി, അൽകാരസ് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അർജന്റീനയുടെ സെബാസ്റ്റ്യൻ ബീസ് മൂന്നാം സെറ്റിൽ പരിക്കേറ്റു പിന്മാറിയതോടെയാണ് മൂന്നാം സീഡ് രണ്ടാം റൗണ്ടിൽ എത്തിയത്. മികച്ച പോരാട്ടം കണ്ട ആദ്യ രണ്ടു സെറ്റും 7-5, 7-5 എന്ന സ്കോറിന് സ്പാനിഷ് താരം നേടിയിരുന്നു. മൂന്നാം സെറ്റിൽ അൽകാരസ് 2-0 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് അർജന്റീന താരം മത്സരത്തിൽ നിന്നു പിന്മാറിയത്.

ഫ്രഞ്ച് താരം ബെനോയിറ്റ് പൈരിയെ 6-0, 7-6, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ബ്രിട്ടീഷ് ഒന്നാം നമ്പറും ഏഴാം സീഡും ആയ കാമറൂൺ നോറിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 13 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ നോറി 7 തവണ ബ്രൈക്ക് ചെയ്തു. സ്റ്റീവ് ജോൺസണെ 6-3, 6-2, 6-2 എന്ന സ്കോറിന് തകർത്തു 17 സീഡ് ഗ്രിഗോർ ദിമിത്രോവ്, ജിറി വെസ്ലിയെ 6-4, 6-1, 6-1 എന്ന സ്കോറിന് തകർത്തു 20 സീഡ് ഡാൻ ഇവാൻസ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.