5 മണിക്കൂറിൽ ഏറെ നീണ്ട ത്രില്ലർ! ടെന്നീസ് ചരിത്രത്തിലേക്ക് നടന്നു കയറി അൽകാരസ്, സിന്നർ യു.എസ് ഓപ്പൺ പോരാട്ടം

Wasim Akram

20220908 183349
Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 19 കാരൻ മൂന്നാം സീഡ് കാർലോസ് അൽകാരസ് ഗാർഫിയയും, 21 കാരൻ 11 സീഡ് യാനിക് സിന്നറും തമ്മിലുള്ള പോരാട്ടം ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി സ്ഥാനം പിടിക്കും എന്നുറപ്പാണ്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം മുൻ താരങ്ങളും നിലവിലെ താരങ്ങളും ഈ മത്സരത്തെ സംശയം ഇല്ലാതെ 2022 ലെ ഏറ്റവും മികച്ച മത്സരം എന്നു പ്രകീർത്തിക്കുക ആയിരുന്നു. അഞ്ചു മണിക്കൂറും 15 മിനിറ്റും നീണ്ട 5 സെറ്റ് ഇതിഹാസ മത്സരത്തിന് ഒടുവിൽ സ്പാനിഷ് താരം കാർലോസ് അൽകാരസ് ജയിക്കുക ആയിരുന്നു.

യു.എസ് ഓപ്പൺ

ഇതോടെ 2005 ൽ നദാലിന് ശേഷം ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് മാറി. യു.എസ് ഓപ്പണിൽ 1990 ൽ പീറ്റ് സാമ്പ്രസിന് ശേഷം സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അൽകാരസ് മാറി. അവിശ്വസനീയ ഷോട്ടുകളും നീളൻ റാലികളും കൊണ്ടു സമ്പന്നമായിരുന്നു മത്സരം ഉടനീളം. ആദ്യ സെറ്റ് 6-3 നു നേടിയ അൽകാരസ് പക്ഷെ ഉഗ്രൻ പോരാട്ടം കണ്ട രണ്ടാം സെറ്റിൽ ടൈബ്രേക്കറിൽ സെറ്റ് കൈവിട്ടു. 7-6(9-7) എന്ന സ്കോറിന് ആണ് സിന്നർ ഈ സെറ്റ് നേടിയത്. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ഇത്തവണ ടൈബ്രേക്കറിൽ ഒരവസരവും നൽകിയില്ല അൽകാരസ്. 7-6(7-0) എന്ന സ്കോറിന് ആണ് താരം സെറ്റ് നേടിയത്.

നാലാം സെറ്റിൽ കണ്ടത് സമീപകാലത്തെ ഏറ്റവും മികച്ച പോരാട്ടം ആയിരുന്നു. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് ബ്രേക്ക് വഴങ്ങി. എന്നാൽ മാച്ച് പോയിന്റ് രക്ഷിച്ചു തിരിച്ചു രണ്ടു തവണ ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 7-5 നു നേടി തന്റെ പോരാട്ടവീര്യം എന്താണ് എന്ന് ലോകത്തിനു കാണിച്ചു. അഞ്ചാം സെറ്റിലും തുടക്കത്തിലും അൽകാരസ് ബ്രേക്ക് വഴങ്ങി. എന്നാൽ തൊട്ടടുത്ത സിന്നറുടെ സർവീസിൽ ബ്രേക്ക് തിരിച്ചു പിടിച്ച അൽകാരസ് സെറ്റിൽ തിരിച്ചു വന്നു. തുടർന്നും ബ്രേക്ക് നേടിയ സ്പാനിഷ് താരം സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു.

യു.എസ് ഓപ്പൺ

തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിലും തോൽവി വഴങ്ങിയെങ്കിലും സിന്നർ ടെന്നീസിൽ താൻ വരും കാലത്ത് ഉയരങ്ങൾ കീഴടക്കും എന്ന വ്യക്തമായ സൂചന തന്നെ നൽകി. വിംബിൾഡണിൽ സിന്നറോട് ഏറ്റ പരാജയത്തിന് അൽകാരസിന് പ്രതികാരവും ആയി ഈ ജയം. മത്സരത്തിൽ അൽകാരസിന്റെ സർവീസ് 7 തവണ സിന്നർ ബ്രേക്ക് ചെയ്‌തപ്പോൾ അൽകാരസ് 11 തവണയാണ് ഇറ്റാലിയൻ താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്തത്. തിരിച്ചു വന്നു മത്സരത്തിന് ആയി സിന്നർ സർവീസ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ നിന്നു തിരിച്ചു വന്നു അൽകാരസ് ജയം കാണുക ആയിരുന്നു.

എങ്ങനെയാണ് ഈ മത്സരം ജയിച്ചത് എന്നു തനിക്ക് അറിയില്ല എന്നാണ് മത്സരശേഷം അൽകാരസ് പ്രതികരിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം ആണ് ഇതെന്നും താരം കൂട്ടിച്ചേർത്തു. സിന്നറെയും പ്രകീർത്തിച്ച അൽകാരസ് തീർത്തും അവിശ്വസനീയം ആയിരുന്നു ഈ മത്സരം എന്നും പറഞ്ഞു. രാത്രി അമേരിക്കൻ സമയം 2.50 നു ആണ് മത്സരം അവസാനിച്ചത് എങ്കിലും ആർതർ ആഷെയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മത്സരം വിരുന്ന് തന്നെയായി. ഒപ്പം മത്സരം കണ്ട ലക്ഷക്കണക്കിന് ആരാധകർക്കും.

റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്, ആന്റി മറെ യുഗത്തിന് ശേഷവും പുരുഷ ടെന്നീസിന്റെ ഭാവി സുരക്ഷിതം ആണെന്ന് അൽകാരസും സിന്നറും വിളിച്ചു പറയുക ആയിരുന്നു ഇന്ന്. സെമിയിൽ ഫ്രാൻസസ് ടിയെഫോ ആണ് അൽകാരസിന്റെ എതിരാളി. ലോക ഒന്നാം റാങ്ക് തേടുന്ന അൽകാരസിന് ശാരീരികമായി തിരിച്ചു വന്നു കാണികളുടെ മുഴുവൻ പിന്തുണയും ആയി വരുന്ന ടിയെഫോയെ തോൽപ്പിക്കാൻ ആവുമോ എന്നു കണ്ടറിയാം.