പാരീസിൽ സ്റ്റിസിപാസിനെ തകർത്തു നൊവാക് ജ്യോക്കോവിച്ച് സെമിയിൽ

- Advertisement -

ഷാങ്ഹായിൽ ഏറ്റ പരാജയത്തിന് സ്റ്റിസിപാസിനോട് പാരീസ് മാസ്റ്റേഴ്സ് എ. ടി. പി 1000 ൽ പ്രതികാരം ചെയ്തു നൊവാക് ജ്യോക്കോവിച്ച്. തന്റെ മാരക ടെന്നീസ് മത്സരത്തിൽ പുറത്തെടുത്ത ഒന്നാം സീഡ് 7 സീഡ് ആയ ഗ്രീക്ക് താരത്തിന് ശ്വാസം വിടാനുള്ള അവസരം പോലും നൽകിയില്ല. ആദ്യ സെറ്റിൽ സ്റ്റിസിപാസിന്റെ ആദ്യ രണ്ട് സർവീസുകളും ഭേദിച്ച ജ്യോക്കോവിച്ച് വെറും 28 മിനിറ്റിനുള്ളിൽ 6-1 നു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ സ്റ്റിസിപാസ് പൊരുതും എന്ന പ്രതീക്ഷ വെറുതെയാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

രണ്ടാം സെറ്റിലും ഒരു ദയവും ജ്യോക്കോവിച്ചിൽ നിന്നുണ്ടായില്ല. 58 മിനിറ്റിനുള്ളിൽ മത്സരം സ്വന്തം പേരിലാക്കിയ സെർബിയൻ താരം സെമിഫൈനലിലേക്ക് മുന്നേറി. അതേസമയം ക്രിസ്ത്യൻ ഗാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച ഗ്രിഗോർ ദിമിത്രോവ് ആണ് സെമിയിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. 6-2, 7-5 എന്ന സ്കോറിന് ആയിരുന്നു ദിമിത്രോവിന്റെ ജയം. പാരീസിൽ ദിമിത്രോവിന്റെ ആദ്യസെമിഫൈനൽ ആണിത്. ഇനി നടക്കാനിരിക്കുന്ന മറ്റ് രണ്ട് ക്വാർട്ടർ ഫൈനലുകളിൽ ഒന്നിൽ 13 സീഡ് ഫ്രഞ്ച് താരം മോൽഫിൽസ് ശപോവലോവിനെ നേരിടുമ്പോൾ നാലാം ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് റാഫേൽ നദാലിന്റെ എതിരാളി മുൻ ജേതാവും ഫ്രഞ്ച് താരവുമായ ജോ വിൽഫ്രെയിഡ് സോങയാണ്.

Advertisement