ലേവർ കപ്പിൽ ആദ്യദിനത്തിൽ ആധിപത്യം നേടി ടീം യൂറോപ്പ്

ലോക ടീമിന് എതിരായ ലേവർ കപ്പ് പോരാട്ടത്തിലെ ആദ്യ ദിനത്തിൽ 4 മത്സരങ്ങളിൽ 3 ലും ജയം കണ്ടു ടീം യൂറോപ്പ്. ഇതിഹാസതാരം ബോയിൻ ബോർഗ് നയിക്കുന്ന ടീം യൂറോപ്പിൽ റോജർ ഫെഡറർ, റാഫ നദാൽ തുടങ്ങി സൂപ്പർ സ്റ്റാറുകൾ അണിനിരക്കുമ്പോൾ പൊതുവെ യുവതാരങ്ങൾ ആണ് ലോക ടീമിൽ കൂടുതൽ. കളത്തിലെ ബോർഗിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായ ജോൺ പാട്രിക്‌ മക്കൻറോ ആണ് ലോക ടീമിന്റെ നായകൻ. ആദ്യ മത്സരത്തിൽ യുവതാരവും ലോക ആറാം നമ്പറുമായ ഡൊമനിക് തീമിനെതിരെ വലിയ പോരാട്ടം ആണ് കാനഡയുടെ യുവതാരം ഡാനി ശപോവലോവ് പുറത്ത് എടുത്തത്. ഇരു താരങ്ങളും ഓരോ സെറ്റ് വീതം നേടിയ ശേഷം സൂപ്പർ ടൈബ്രേക്കറിലൂടെ ഫലം നിർണയിച്ച മത്സരത്തിൽ 3 മാച്ച് പോയിന്റുകൾ കനേഡിയൻ താരം നഷ്ടമാക്കി.

6-4,5-7,13-11 എന്ന സ്കോറിന് തീം ആദ്യ സിംഗിൾസ് മത്സരം ടീം യൂറോപ്പിന് സമ്മാനിച്ചു. രണ്ടാം മത്സരത്തിൽ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ 6-1,7-6 എന്ന സ്കോറിന് മറികടന്ന അമേരിക്കൻ താരം ജാക്ക് സോക്ക് ലോക ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ അടുത്ത സിംഗിൾസിൽ 21 വയസ്സുകാരുടെ പോരാട്ടത്തിൽ അമേരിക്കൻ താരം ഫ്രിട്സിനെ മറികടന്ന ഗ്രീക്ക് താരം സ്റ്റിസിപാസ് ലീഡ് തിരിച്ചു പിടിച്ചു. സൂപ്പർ ടൈബ്രേക്ക് കണ്ട വാശിയേറിയ മത്സരത്തിൽ 6-2, 1-6, 10-7 എന്ന സ്കോറിന് ആണ് സ്റ്റിസിപാസ് ജയം കണ്ടത്.

ആദ്യ ദിവസത്തെ അവസാനമത്സരം സ്വന്തം നാട്ടിൽ കളിക്കാൻ ഇറങ്ങിയ റോജർ ഫെഡറർ ഡബിൾസിൽ യുവതാരം അലക്‌സാണ്ടർ സെവർവ്വിനെ കൂട്ടുപിടിച്ച് നിർണായക ജയം ടീം യൂറോപ്പിനു സമ്മാനിക്കുന്നത് ആണ് പിന്നീട്‌ കണ്ടത്. 6-3, 7-5 എന്ന സ്കോറിന് ജാക്ക് സോക്ക്, ശപോവലോവ് സഖ്യത്തെ മറികടന്ന ഫെഡറർ, സെവർവ്വ് സഖ്യം കാണികളെ ആവേശത്തിലാക്കി. ലേവർ കപ്പിൽ ഇന്നത്തെ മത്സരങ്ങളിൽ ഫെഡററും നദാലും സിംഗിൾസ് കളിക്കാൻ ഇറങ്ങും. 4 മത്സരങ്ങൾ തന്നെയാണ് ഇന്നും നടക്കുക. ആദ്യ മത്സരത്തിൽ അലക്‌സാണ്ടർ സെവർവ്വ് ജോൺ ഇസ്‌നറെ നേരിടുമ്പോൾ കാണികൾ കാത്തിരിക്കുന്ന രണ്ടാം മത്സരത്തിൽ അപകടകാരിയായ ഓസ്‌ട്രേലിയൻ യുവതാരം നിക്ക് ക്യൂരിയോസ് ആണ് ജനീവയിൽ റോജർ ഫെഡററിന്റെ എതിരാളി. മൂന്നാം മത്സരത്തിൽ റാഫ നദാൽ കനേഡിയൻ താരം മിലോസ് റയോണികിനെ നേരിടും. അതിനുശേഷം നടക്കുന്ന ഡബിൾസ് മത്സരത്തിൽ നദാൽ സ്റ്റിസിപാസ് സഖ്യം ക്യൂരിയോസ് സോക്ക് സഖ്യത്തെയും നേരിടും. ആധിപത്യം തുടരാൻ ടീം യൂറോപ്പ് ഇറങ്ങുമ്പോൾ ക്യൂരിയോസ് തങ്ങളെ മത്സരത്തിൽ തിരികെ എത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് ലോക ടീം.