ടെന്നീസ് സ്‌കോളർഷിപ്പ് പ്രോഗാമുമായി ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബോപ്പണ്ണ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരേസമയം 60 കുട്ടികളെ സ്പോണ്സർ ചെയ്ത് ഇന്ത്യൻ ടെന്നീസിൽ മികച്ച മാറ്റം ഉണ്ടാക്കാൻ ഒരുങ്ങി ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബോപ്പണ്ണ. ഒരേസമയം ടെന്നീസ് പരിശീലനത്തിന് പുറമെ കുട്ടികളുടെ വിദ്യാഭ്യാസവും ഭക്ഷണവും ആരോഗ്യവും അടക്കം എല്ലാം ഉൾക്കൊള്ളുന്ന സ്പോണ്സർഷിപ്പ് പ്രോഗ്രാം ആണ് ബോപ്പണ്ണ വിഭാവനം ചെയ്യുന്നത്. ഒരു കൊല്ലം ഒരു കുട്ടിക്ക് 10 ലക്ഷം രൂപ ചിലവ് വരുന്ന രീതിയിലുള്ള പ്രോഗ്രാം ആണ് ബോപ്പണ്ണ മുന്നോട്ടു വച്ചിരിക്കുന്നത്. രോഹൻ ബോപ്പണ്ണ ടെന്നീസ് അക്കാദമിയും രോഹൻ ബോപ്പണ്ണ സ്പോർട്സ് സ്‌കൂളും ചേർന്ന് ആവും 60 കുട്ടികളെയും കണ്ടെത്തുക. ഇന്ത്യൻ ടെന്നീസിനെ മാറ്റിമറിക്കുന്ന ഒന്ന് ആവും ഈ സ്‌കോളർഷിപ്പ് പ്രോഗ്രാം എന്നാണ് രോഹൻ ബോപ്പണ്ണ ഇതിനെ വിശേഷിപ്പിച്ചത്. അണ്ടർ 12, 14, 16 എന്നീ മൂന്ന് വിഭാഗങ്ങളിൽ ആയിരിക്കും കുട്ടികളെ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുക. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ആയിരിക്കും കുട്ടികൾക്ക് പരിശീലനം ലഭിക്കുക.

നിലവിൽ ആദ്യ വർഷം എ.ഐ.ടി.എ റാങ്കിങ് ഉള്ള കുട്ടികൾക്ക് മാത്രം ആയിരിക്കും പ്രോഗ്രാമിൽ പേര് നൽകാനുള്ള അവസരം ഉണ്ടാവുക. സ്‌കൂൾ വെബ്‌സൈറ്റ് വഴി കുട്ടികൾക്ക് പ്രോഗ്രാമിലേക്ക് പേരു നൽകാൻ സാധിക്കും. ചെറുപ്പത്തിൽ തനിക്ക് ലഭിക്കാത്തത് നിലവിലെ കുട്ടികൾക്ക് നൽകാൻ ആണ് താൻ ഈ പ്രോഗ്രാം നടത്തുന്നത് എന്നു വ്യക്തമാക്കിയ ബോപ്പണ്ണ ടെന്നീസിനു ഒപ്പം വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കുന്നത് മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കും എന്നും പറഞ്ഞു. തനിക്ക് എല്ലാം നൽകിയ കായികരംഗത്തിന് തന്റെ തിരിച്ചു കൊടുക്കൽ ആണ് ഇത് എന്നു വിശേഷിപ്പിച്ച ബോപ്പണ്ണ കുട്ടികളെ 100 ശതമാനം ഏറ്റെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പ്രോഗ്രാം ആവാം ഇതെന്നും അവകാശപ്പെട്ടു.

ഡബിൾസിൽ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയ രോഹൻ ബോപ്പണ്ണ ഇന്ത്യയിൽ നിന്ന് ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയ നാലാമത്തെ മാത്രം താരമാണ്. അണ്ടർ 12,14,16 എന്നീ ഓരോ വിഭാഗത്തിലും 20 വീതം കുട്ടികളെ ആയിരിക്കും പ്രോഗ്രാമിന് ആയി തിരഞ്ഞെടുക്കുക. നിലവിലെ ഇന്ത്യൻ ഒന്നാം നമ്പർ താരം ആയ പ്രജ്നേഷ് ഗുണേശരന്റെ പരിശീലകൻ ആയ ബാലചന്ദ്രൻ മണികാന്ദ് ആവും പ്രോഗ്രാമിലെ മുഖ്യപരിശീലകൻ. ഇദ്ദേഹത്തിനു പുറമെ 6 പരിശീലകർ കൂടി കുട്ടികളെ പരിശീലിപ്പിക്കും. 7 ഹാർഡ് കോർട്ടുകൾ കുട്ടികൾക്ക് ആയി തയ്യാർ ആണ്, ഫിസിയോ, ന്യൂട്രിഷ്യൻ, ചൈൽഡ് സൈക്കോളജിസ്റ്റ്, ഫിസിയോ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമായിരിക്കും. ബോപ്പണ്ണയുടെ ശ്രമം ഭാവിയിൽ ഇന്ത്യൻ ടെന്നീസിൽ വലിയ മാറ്റം കൊണ്ട് വരട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം.