സ്വവർഗ അനുരാഗി ആണെന്ന് തുറന്നു പറഞ്ഞു റഷ്യൻ ഒന്നാം നമ്പർ ടെന്നീസ് താരം

സ്വവർഗ അനുരാഗി ആണെന്ന് തുറന്നു പറഞ്ഞു റഷ്യൻ ഒന്നാം നമ്പർ ടെന്നീസ് താരം ദാരിയ കസാത്കിന. റഷ്യയിൽ സ്വവർഗ ലൈംഗികത കുറ്റവും സ്വവർഗ അനുരാഗികളെ ജയിലിലും ഇടുന്ന പുടിൻ ഭരണകൂടം നിലവിൽ ഉള്ളപ്പോൾ തന്നെയാണ് അവിശ്വസനീയ ധൈര്യം പ്രകടിപ്പിച്ച താരം തന്റെ ലൈംഗികത തുറന്നു പറഞ്ഞത്. തന്നോട് തന്നെ കള്ളം പറഞ്ഞു ഇനിയും ജീവിക്കാൻ ആവില്ല എന്നു പറഞ്ഞ ലോക പന്ത്രണ്ടാം നമ്പർ താരം റഷ്യയിൽ തനിക്ക് തിരഞ്ഞെടുക്കാൻ ആവും എങ്കിൽ ഒരിക്കലും സ്വവർഗ അനുരാഗി ആവില്ലായിരുന്നു എന്നും താരം പറഞ്ഞു. റഷ്യൻ പാർലമെന്റിൽ സ്വവർഗ ലൈംഗികതക്ക് എതിരെയുള്ള കടുത്ത നിയമം ഒന്നു കൂടി കടുപ്പിച്ച നിയമം പാസാക്കിയ ദിവസം തന്നെയാണ് റഷ്യൻ താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

റഷ്യയുടെ സ്വവർഗ ലൈംഗീകതക്ക് എതിരായ നിയമങ്ങൾക്ക് എതിരെയും താരം പ്രതികരിച്ചു. ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്തിയ തനിക്ക് ഇനി റഷ്യയിലേക്ക് മടങ്ങി പോവാൻ ആവുമോ എന്ന സംശയവും താരം ഉന്നയിച്ചു. തനിക്ക് സന്തോഷവും സമാധാനവും കിട്ടുന്ന വിധം ജീവിക്കുന്നതിൽ ആണ് കാര്യം എന്നു പറഞ്ഞ താരം മറ്റുള്ളവരെ തനിക്ക് പരിഗണിക്കേണ്ട കാര്യം ഇല്ലെന്നും പറഞ്ഞു. പിന്നീട് തന്റെ പങ്കാളിയും ഒളിമ്പിക് മെഡൽ ജേതാവ് സ്‌കേറ്റിങ് താരവുമായ നതാലിയോ സബിയാകോയും ഒരുമിച്ചുള്ള ചിത്രവും ദാരിയ പങ്ക് വച്ചു. ദാരിയയുടെ ധൈര്യത്തെ പ്രകീർത്തിച്ചും താരത്തിന് പിന്തുണ ആർപ്പിച്ചും ഇതിഹാസതാരം ബില്ലി ജീൻ കിങ് അടക്കമുള്ള ടെന്നീസ് താരങ്ങളും ആരാധകരും പിന്നീട് രംഗത്ത് വന്നു.