പാരീസിൽ നിന്ന് പരിക്ക് മൂലം നദാൽ പിന്മാറി, ഫൈനലിൽ ജ്യോക്കോവിച്ചിനു എതിരാളി ശപോവലോവ

- Advertisement -

എ. ടി. പി പാരീസ് മാസ്റ്റേഴ്സ് 1000 ൽ ലോക ഒന്നാം നമ്പറിനായുള്ള റാഫ നദാൽ നൊവാക് ജ്യോക്കോവിച്ച് ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ച ടെന്നീസ് ആരാധകർക്ക് നിരാശ സമ്മാനിച്ചു റാഫ നദാൽ ടൂർണമെന്റിൽ നിന്ന് പിന്മാറി. യുവ കനേഡിയൻ താരം ശപോവലോവിനെതിരെയുള്ള സെമിഫൈനലിന് മുമ്പുള്ള പരിശീലനത്തിനിടെ പരിക്ക് പറ്റിയതോടെയാണ് നദാൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. ഇതോടെ എ. ടി. പി ഫൈനൽസിൽ നദാൽ കളിക്കുമോ എന്ന കാര്യത്തിലും ആശങ്കയായി. എന്നാൽ ചെറിയ പരിക്ക് മാത്രമെ ഉള്ളു എന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം സെമിഫൈനലിൽ ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനെ ആദ്യ സെമിഫൈനലിൽ മറികടന്ന ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് നേരത്തെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. പാരീസിൽ തന്റെ ആറാം ഫൈനലിലേക്ക് ആണ് ജ്യോക്കോവിച്ച് പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജ്യോക്കോവിച്ച് ജയം കണ്ടത്. ആദ്യ സെറ്റിൽ കയ്യിൽ കിട്ടിയ മത്സരം കളഞ്ഞു കുളിച്ച ദിമിത്രോവിനെതിരെ ടൈബ്രേക്കറിൽ സെറ്റ് നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് ദിമിത്രോവിന്റെ സർവീസ് ഭേദിച്ച് 6-4 നു സ്വന്തമാക്കി. 20 കാരൻ ആയ ശപോവലോവിന് നാളത്തെ ഫൈനലിൽ ജ്യോക്കോവിച്ചിനു വലിയ വെല്ലുവിളി ആവാൻ സാധിക്കുമോ എന്നു കണ്ടറിയണം.

Advertisement