തിരിച്ചു വരവിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങി കിം ക്ലേസ്റ്റേഴ്‌സ്

- Advertisement -

വിരമിച്ച ശേഷം ടെന്നീസിലേക്കുള്ള തന്റെ രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ പരാജയം വഴങ്ങി ഇതിഹാസതാരം കിം ക്ലേസ്റ്റേഴ്‌സ്. ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് താരം ഗബ്രീൻ മുഗുരെസയാണ് 36 കാരിയായ ബെൽജിയം താരത്തെ തോൽപ്പിച്ചത്. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തി മികച്ച ഫോമിൽ ഉണ്ടായിരുന്ന മുഗുരെസക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങി എങ്കിലും തന്റെ പ്രധാപകാലം കളത്തിൽ പലപ്പോഴും ഓർമ്മിപ്പിച്ചു ക്ലേസ്റ്റേഴ്‌സ്. ആദ്യ സെറ്റിൽ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്യപ്പെട്ടു എങ്കിലും പൊരുതി നോക്കാൻ ഉറച്ച് തന്നെയായിരുന്നു ക്ലേസ്റ്റേഴ്‌സ്. എന്നാൽ ആദ്യ സെറ്റിൽ വലിയ ചെറുത്ത് നിൽപ്പിന് താരത്തിന് ആവാതെ വന്നപ്പോൾ സെറ്റ് 6-2 സ്പാനിഷ് താരം സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ഏതാണ്ട് സമാനമായ തുടക്കം ലഭിച്ച മുഗുരെസ ക്ലേസ്റ്റേഴ്‌സിന്റെ ആദ്യ രണ്ടു സർവീസുകൾ ബ്രൈക്ക് ചെയ്തു ആധിപത്യം നേടി. എന്നാൽ തിരിച്ചു ബ്രൈക്ക് പിടിച്ച ക്ലേസ്റ്റേഴ്‌സ് 3-0 ത്തിൽ നിന്ന് സെറ്റിലേക്ക് തിരിച്ചു വന്നു. പലപ്പോഴും ഇരട്ടപിഴവുകൾ സർവീസിൽ ക്ലേസ്റ്റേഴ്‌സിന് വിനയായി. 9 തവണയാണ് മത്സരത്തിൽ ക്ലേസ്റ്റേഴ്‌സ് ഇരട്ടപിഴവുകൾ വരുത്തിയത്. എന്നാൽ സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടാൻ ബെൽജിയം താരത്തിന് ആയി. എന്നാൽ ടൈബ്രെക്കറിലൂടെ മത്സരം സ്വന്തമാക്കിയ മുഗുരെസ പക്ഷെ ക്ലേസ്റ്റേഴ്‌സിന്റെ പോരാട്ടത്തിന് അന്ത്യം കുറിച്ചു. തോറ്റു എങ്കിലും ഏതാണ്ട് 8 വർഷത്തിനു ശേഷമുള്ള തിരിച്ച് വരവിൽ തന്നിലെ ടെന്നീസ് ഇനിയും ബാക്കിയുണ്ട് എന്നു ലോകത്തെ കാണിക്കാൻ 3 കുട്ടികളുടെ അമ്മ കൂടിയായ 36 കാരിയായ ക്ലേസ്റ്റേഴ്‌സിന് ആയി. ഇനിയും ക്ലേസ്റ്റേഴ്‌സിന്റെ തുടർന്നുള്ള പ്രകടനങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.

Advertisement