ജ്യോക്കോവിച്ചിനോട് ജയിച്ച് നദാലിന് ഫെഡററിന്റെ വിവാഹസമ്മാനം.

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

38 മത്തെ വയസ്സിലും വിരമിക്കണം എന്നു നിലവിളിക്കുന്ന വിമർശിക്കുന്ന വിമർശകരുടെ വാ അടപ്പിച്ചു റോജർ ഫെഡറർ. 2015 നു ശേഷം ആദ്യമായി നൊവാക് ജ്യോക്കോവിച്ചിനു മേൽ ജയം കണ്ട ഫെഡറർ ഈ വർഷത്തെ ഹൃദയഭേദകമായ വിംബിൾഡൺ ഫൈനലിലെ പരാജയത്തിന് പ്രതികാരവും ചെയ്തു. സർവീസുകളിൽ പൂർണത കൊണ്ടു വന്ന ഫെഡറർ ജ്യോക്കോവിച്ചിനെതിരെ തന്റെ മികച്ച ടെന്നീസ് ആണ് പുറത്ത് എടുത്തത്. ജയത്തോടെ ബോർഗ്ഗ് ഗ്രൂപ്പിൽ നിന്ന് എ. ടി. പി ഫൈനൽസിന്റെ സെമിഫൈനലിൽ പ്രവേശിച്ച ഫെഡറർ ജയം വളരെ അധികം ആഘോഷിക്കുന്നതിനും ലണ്ടൻ സാക്ഷിയായി. ഇതോടെ 17 എ. ടി. പി ഫൈനൽസിൽ 16 ലും ഫെഡറർ സെമിഫൈനൽ കണ്ടു. ഇതോടെ വർഷാവസാനം റാഫേൽ നദാൽ ഒന്നാം റാങ്കിൽ തുടരും എന്നുറപ്പായി. ഇത് അഞ്ചാം തവണയാണ് നദാൽ വർഷാവസാനം ഒന്നാം റാങ്കിൽ എത്തുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായി നദാൽ.

ആദ്യ സെറ്റ് മുതൽക്ക് തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തുന്ന ഫെഡററെ ആണ് മത്സരത്തിൽ കണ്ടത്. ഈ സെറ്റിൽ 12 വിന്നറുകൾ ഉതിർത്ത ഫെഡറർ ജ്യോക്കോവിച്ചിന്റെ സർവ്വീസ് ഭേദിച്ച് സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിലും ടെന്നീസിലെ ഏറ്റവും മികച്ച റിട്ടേൺസറിൽ ഒരാൾ ആയ ജ്യോക്കോവിച്ചിനെതിരെ അപാരമായി സർവ്വ് ചെയ്ത ഫെഡറർ തന്റെ ആധിപത്യം തുടർന്നു. രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയ ഫെഡറർ മത്സരം സ്വന്തം പേരിൽ കുറിച്ചു. 12 ഏസുകൾ മത്സരത്തിൽ ഉടനീളം ഫെഡറർ ഉതിർത്തു. 3 തവണ ജ്യോക്കോവിച്ചിന്റെ സർവീസും ഭേദിച്ച ഫെഡറർ തന്റെ സമയം കഴിഞ്ഞിട്ടില്ല എന്നു ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചു പറഞ്ഞു.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡൊമനിക് തീം ബരേറ്റിനിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു. സ്‌കോർ : 7-6, 6-3. തോറ്റെങ്കിലും എ. ടി. പി ഫൈനൽസിന്റെ ഫൈനലിലേക്ക് ഗ്രൂപ്പിൽ ഒന്നാമത് ആയി തന്നെ തീം യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പിൽ ജ്യോക്കോവിച്ച്, ഫെഡറർ എന്നിവരെ തോൽപ്പിച്ച തീമിന്റെ പരാജയം അപ്രതീക്ഷിതമായി. അതേസമയം സ്റ്റിസ്റ്റിപാസ് സെമിഫൈനലിൽ കടന്ന അഗാസി ഗ്രൂപ്പിൽ മറ്റ് മൂന്ന് താരങ്ങളും സെമിഫൈനൽ പ്രതീക്ഷയുമായി ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ റാഫേൽ നദാൽ സ്റ്റിസ്റ്റിപാസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ നിലവിലെ ജേതാവ് അലക്‌സാണ്ടർ സെവർവ്വും ഡാനിൽ മെദ്വദേവും മുഖാമുഖം വരും.