നാട്ടുകാരിയെ തകർത്തു സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ, മുഗുരുസയും മുന്നോട്ട്

Serena
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരവും ആറാം സീഡും ആയ സെറീന വില്യംസ്. നാട്ടുകാരി ആയ ക്രിസ്റ്റി ആനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന മറികടന്നത്. ആദ്യ സെറ്റിൽ മികച്ച രീതിയിൽ കളിച്ച് തന്നെ 2 തവണ ബ്രൈക്ക് ചെയ്ത ക്രിസ്റ്റിയെ ടൈബ്രേക്കറിലൂടെയാണ് സെറീന കീഴടക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ തന്റെ വിശ്വരൂപം പുറത്ത് എടുത്ത സെറീന എതിരാളിക്ക് സെറ്റിൽ ഒരു പോയിന്റ് പോലും നൽകിയില്ല. 6-0 നു സെറ്റ് സ്വന്തം പേരിൽ കുറിച്ച സെറീന റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടം തേടി ഒരിക്കൽ കൂടി ഒരു ഗ്രാന്റ് സ്‌ലാം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

സീഡ് ചെയ്യാത്ത തമാര സിദാൻസെക് എതിരെ മൂന്നു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആയിരുന്നു 11 സീഡ് ആയ സ്പാനിഷ് താരം ഗബ്രിൻ മുഗുരുസയുടെ ജയം. മത്സരത്തിൽ 8 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ മുഗുരുസ 6 തവണയാണ് ബ്രൈക്ക് വഴങ്ങിയത്. എന്നാൽ 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത സ്പാനിഷ് താരം 7-5, 4-6, 8-6 എന്ന സ്കോറിനു ആണ് മത്സരത്തിൽ ജയം കണ്ടത്. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റീന മാക്ഹലെയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ 22 സീഡ് കരോളിന മുചോവ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. 6-2, 6-4 എന്ന സ്കോറിന് ആണ് മുചോവ തോൽവി വഴങ്ങിയത്.

Advertisement