അൽകാരസിന് മുന്നിൽ പരിക്ക് വില്ലനായി,ജ്യോക്കോവിച് ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

Wasim Akram

Picsart 23 06 09 22 19 47 277
Download the Fanport app now!
Appstore Badge
Google Play Badge 1

കരിയറിലെ 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണും ലക്ഷ്യമിടുന്ന മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയയെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ജ്യോക്കോവിച് ഫൈനലിൽ എത്തിയത്. കരിയറിൽ ആദ്യമായി ആണ് ഇരു താരങ്ങളും ഗ്രാന്റ് സ്ലാം വേദിയിൽ ഏറ്റുമുട്ടിയത്. മൂന്നാം സെറ്റിൽ കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് പരിക്ക് വച്ചാണ് അൽകാരസ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ ആദ്യ സെറ്റിൽ ആദ്യം തന്നെ ബ്രേക്ക് കണ്ടത്തിയ നൊവാക് സെറ്റിൽ ആധിപത്യം നേടി. തുടർന്ന് തിരിച്ചു ബ്രേക്ക് ചെയ്യാനുള്ള അൽകാരസിന്റെ ശ്രമങ്ങൾ നന്നായി സർവീസ് ചെയ്തു രക്ഷിച്ച നൊവാക് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി.

ജ്യോക്കോവിച്

രണ്ടാം സെറ്റിൽ മികച്ച പ്രകടനം തന്നെയാണ് ഇരുവരും പുറത്ത് എടുത്തത്. 10 മത്തെ ശ്രമത്തിൽ നൊവാകിന്റെ സർവീസ് ബ്രേക്ക് ചെയ്യാൻ സാധിച്ച അൽകാരസ് സെറ്റിൽ ആധിപത്യം നേടി. എന്നാൽ തൊട്ടടുത്ത സർവീസിൽ തിരിച്ചു ബ്രേക്ക് ചെയ്ത നൊവാക് മത്സരത്തിൽ തിരിച്ചെത്തി. തുടർന്ന് സ്വന്തം സർവീസിൽ 3 സെറ്റ് പോയിന്റുകൾ രക്ഷിച്ച നൊവാക് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. എന്നാൽ അവിടെ നിന്നു ഒരിക്കൽ കൂടി ബ്രേക്ക് കണ്ടത്തിയ അൽകാരസ് തുടർന്ന് സർവീസ് കൂടി നിലനിർത്തി സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ 1-0 നിൽക്കുമ്പോൾ ആണ് അൽകാരസിനെ തേടി പരിക്ക് എത്തിയത്. കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് ഗെയിമിനു ഇടയിൽ അൽകാരസ് വൈദ്യസഹായം തേടിയതോടെ ഗെയിം റഫറി ജ്യോക്കോവിചിനു നൽകിയത് കാണികളെ ചൊടിപ്പിച്ചു.

ജ്യോക്കോവിച്

പരിക്കിന്‌ ശേഷം തന്റെ മികവിന്റെ നിഴലിൽ ആയിരുന്നു അൽകാരസ്. അനായാസം പോയിന്റുകൾ നേടിയ നൊവാക് മൂന്നാം സെറ്റ് 6-1 എന്ന സ്കോറിനു സ്വന്തമാക്കി. നാലാം സെറ്റിലും സമാനമായ കാഴ്ചയാണ് കാണാൻ ആയത്. 5-0 ൽ നിൽക്കുമ്പോൾ ഒരു ഗെയിം സ്വന്തമാക്കാൻ ആയെങ്കിലും 6-1 നു നാലാം സെറ്റും കൈവിട്ട അൽകാരസ് മത്സരം അടിയറവ് പറഞ്ഞു. പരിക്കിന്‌ ശേഷം ഒരു ഗെയിം മാത്രം ജയിക്കാൻ ആണ് അൽകാരസിന് ആയത്. വലിയ നിരാശ തന്നെയാവും 20 കാരൻ ആയ ലോക ഒന്നാം നമ്പറിന് ഈ പരാജയം സമ്മാനിക്കുക. ഫ്രഞ്ച് ഓപ്പണിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിചിന് ഇത് ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ ആണ്. അതേസമയം റെക്കോർഡ് 34 മത്തെ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് സെർബിയൻ താരം പാരീസിൽ കളിക്കുക. ഫൈനലിൽ കാസ്പർ റൂഡ്, സാഷ സെരവ് മത്സരവിജയിയെ ആണ് ജ്യോക്കോവിച് നേരിടുക.