ചരിത്രനേട്ടത്തിൽ നദാലിന് അഭിനന്ദനങ്ങൾ അറിയിച്ചു റോജർ ഫെഡറർ, നന്ദി പറഞ്ഞു നദാൽ

20 ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിലും 13 മത്തെ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തിലും നദാലിന് അഭിനന്ദനങ്ങളുമായി റോജർ ഫെഡറർ. തന്റെ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടങ്ങൾക്ക് ഒപ്പം എത്തിയ നദാലിന് സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ് ഫെഡറർ അഭിനന്ദനങ്ങൾ അറിയിച്ചത്. തന്റെ സുഹൃത്ത് ആയ നദാലിനോട് ഒരു മനുഷ്യൻ എന്ന നിലക്കും കളിക്കാരൻ എന്ന നിലക്കും വലിയ ബഹുമാനം ആണ് ഉള്ളത് എന്നു പറഞ്ഞ ഫെഡറർ, നദാലുമായുള്ള പരസ്പര പോരാട്ടങ്ങൾ തന്റെയും നദാലിന്റെയും മികവ് കൂട്ടിയത് ആയും കൂട്ടിച്ചേർത്തു. അതിനാൽ തന്നെ നദാലിന്റെ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നത് തന്നെ സംബന്ധിച്ച് അഭിമാനം എന്നാണ് ഫെഡറർ പ്രതികരിച്ചത്.

13 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ എന്നത് സ്പോർട്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ നേട്ടം ആണെന്നും ഫെഡറർ പറഞ്ഞു. നദാലിന് ഒപ്പം അദ്ദേഹത്തിന്റെ ടീമിനും അഭിനന്ദനങ്ങൾ നേരാൻ ഫെഡറർ മറന്നില്ല. 20 ഗ്രാന്റ് സ്‌ലാം എന്നത് രണ്ടു പേർക്കും കരിയറിൽ യാത്രയിൽ മറ്റൊരു ചവിട്ട്പടി ആവട്ടെ എന്നും ഫെഡറർ പ്രത്യാശിച്ചു. തങ്ങൾ രണ്ട് പേർക്കും പരസ്പരം നല്ല ബഹുമാനം ആണെന്ന് മറുപടി പറഞ്ഞ നദാൽ തന്റെ നേട്ടത്തിൽ ഫെഡറർ സന്തോഷവാൻ ആയിരിക്കും എന്നും പ്രതികരിച്ചു. ശത്രുതക്ക് അപ്പുറം എന്നും തങ്ങൾ തമ്മിൽ മികച്ച ബന്ധം ആണെന്ന് കൂട്ടിച്ചേർത്ത നദാൽ ഫെഡററിന്റെ വാക്കുകൾക്ക് നന്ദിയും പറഞ്ഞു.