വെറും ഒരു മണിക്കൂറും 19 മിനിറ്റും മാത്രമെ സ്വിസ് മാന്ത്രികന് ബെൽജിയം താരം 15 സീഡ് ഡേവിഡ് ഗോഫിനെ നാലാം റൗണ്ടിൽ മറികടക്കാൻ വേണ്ടി വന്നുള്ളൂ. കഴിഞ്ഞ മത്സരങ്ങളിൽ നിന്നു വിഭിന്നമായി അക്ഷരാർത്ഥത്തിൽ അവിസ്മരണീയമായ ടെന്നീസ് ആയിരുന്നു മൂന്നാം സീഡ് റോജർ ഫെഡററിൽ നിന്ന് ഇന്നുണ്ടായത്. ആദ്യ സെറ്റിൽ ഫെഡററിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഗോഫിൻ താൻ പൊരുതാൻ ഉറച്ചാണ് എന്ന സൂചന നൽകിയപ്പോൾ മികച്ച മത്സരം ആരാധകർ പ്രതീക്ഷിച്ചു. പക്ഷെ പിന്നീട് ആർതർ ആഷെ സ്റ്റേഡിയം കണ്ടത് ഫെഡററിന്റെ സംഹാരത്താണ്ഡവം ആയിരുന്നു. ആദ്യ സെറ്റിൽ പിന്നീട് ഒരു ഗെയിം പോലും നൽകാതെ 6-2 നു സെറ്റ് സ്വന്തമാക്കിയ താരം മത്സരത്തിൽ തന്റെ ആധിപത്യം തുടങ്ങി.
പിന്നീട് രണ്ടാം സെറ്റിലും ഗോഫിന്റെ സർവീസുകൾ ഒന്നൊന്നായി ഭേദിച്ച ഫെഡറർ ബെൽജിയം താരത്തിന് ശ്വാസം വിടാൻ അവസരം നൽകിയില്ല. 6-2 നു രണ്ടാം സെറ്റും സ്വിസ് മാന്ത്രികനു. മൂന്നാം സെറ്റിൽ കുറച്ചു കൂടി ദയാരഹിതൻ ആയ ഫെഡറർ ഒരു ഗെയിം പോലും വിട്ട് കൊടുക്കാതെ 6-0 ത്തിനു മൂന്നാം സെറ്റും ക്വാട്ടർ ഫൈനലും ഉറപ്പിച്ചു. 9 തവണയാണ് ഫെഡറർ ഗോഫിന്റെ സർവീസ് ബ്രൈക്ക് ചെയ്തത് എന്നു കൂടി അറിയുമ്പോൾ ആണ് മത്സരത്തിലെ ഫെഡറർ ആധിപത്യം എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കാൻ. ഇത് 13 മത്തെ പ്രാവശ്യം ആണ് ഫെഡറർ യു.എസ് ഓപ്പണിന്റെ അവസാന എട്ടിൽ എത്തുന്നത്. ഗ്രാന്റ് സ്‌ലാമിൽ ആകട്ടെ 66 മത്തെ പ്രാവശ്യവും. തനിക്ക് ഇനിയൊരു അങ്കത്തിനു കഴിയുമോ എന്നു ഫെഡറർ തെളിയിക്കുമോ എന്നു കണ്ടറിയണം. മത്സരശേഷം അവതാരകനുമായി ഫലിത സംഭാഷണത്തിൽ ഏർപ്പെട്ട ഫെഡറർ താൻ ഓരോ നിമിഷവും ആസ്വദിക്കുന്നതായും വ്യക്തമാക്കി.