ലോക് ഡോൺ സമയത്ത് ടെന്നീസ് പരിശീലനം നിർത്താതെ ജ്യോക്കോവിച്ച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് മൂലം ടെന്നീസ് നിർത്തി വച്ച് വീട്ടിൽ ഒതുങ്ങേണ്ടി വന്നിട്ടും കഠിനമായ പരിശീലനം താൻ തുടർന്നിരുന്നു എന്നു ജ്യോക്കോവിച്ച്. സ്‌പെയിനിലെ മാർബെല്ലയിലെ വീട്ടിൽ താൻ കുടുംബത്തിനൊപ്പം താമസിക്കുന്ന സമയത്തും ഒരുപാട് സമയം പരിശീലത്തിന് ആയി താൻ മാറ്റി വച്ചിരുന്നു എന്നാണ് ലോക ഒന്നാം നമ്പർ കൂടിയായ നൊവാക് ജ്യോക്കോവിച്ച് പറയുന്നത്. ലോക് ഡോണിൽ ഏതാണ്ട് എല്ലാ ദിവസവും താൻ പരിശീലത്തിൽ ഏർപ്പെട്ടിരുന്നു എന്നു പറഞ്ഞ ജ്യോക്കോവിച്ച് ഹാർഡ് കോർട്ടിലും കളിമണ്ണ് കോർട്ടിലും താൻ പരിശീലനം നടത്തിയിരുന്നു എന്നും വ്യക്തമാക്കി.

എ.ടി.പി ടൂറുകൾ നിർത്തി വച്ചിരിക്കുക ആണെങ്കിലും ബെൽഗ്രെഡിൽ നടക്കുന്ന ബാൽക്കൻസ് ടൂർണമെന്റിലൂടെ കളത്തിൽ തിരിച്ചു വരാൻ ഒരുങ്ങുക ആണ് ജ്യോക്കോവിച്ച്. ജ്യോക്കോവിച്ചിനു പുറമെ ലോക മൂന്നാം നമ്പർ താരം ഡൊമനിക് തീം, ലോക ഏഴാം നമ്പർ അലക്‌സാണ്ടർ സെരവ്, ലോക 19 നമ്പർ ഗ്രിഗോർ ദിമിത്രോവ് എന്നിവരും ജ്യോക്കോവിച്ചിനൊപ്പം ബാൽക്കൻസ് ടൂർണമെന്റിൽ പങ്കാളി ആവും.

ജൂൺ 13 നു ബെൽഗ്രെഡിൽ തുടങ്ങുന്ന ടൂർണമെന്റിൽ കാണികളെ പ്രവേശിപ്പിക്കാൻ ആവുമോ എന്നു നിലവിൽ പറയാൻ ആവില്ല എന്നു വ്യക്തമാക്കിയ ജ്യോക്കോവിച്ച് ടൂർണമെന്റിൽ മികച്ച താരങ്ങളുടെ സാന്നിധ്യം ഗുണകരമാവും എന്നും പറഞ്ഞു. തന്റെ 33 മത്തെ ജന്മദിനത്തിൽ ആണ് ജ്യോക്കോവിച്ച് ബാൽക്കൻസ് ടൂർണമെന്റ് പ്രഖ്യാപിച്ചത്. ജൂൺ 13 മുതൽ ജൂലൈ 5 വരെ തന്റെ രാജ്യമായ സെർബിയ, ക്രൊയേഷ്യ, മോണ്ടനെഗ്രോ, ബോസ്നിയ എന്നീ രാജ്യങ്ങളിലെ കളിമണ്ണ് കോർട്ടിൽ മത്സരങ്ങൾ നടത്തും എന്നാണ് ജ്യോക്കോവിച്ച് പറഞ്ഞത്. ടൂർണമെന്റിൽ നിന്നു ലഭിക്കുന്ന പണം ചാരിറ്റിക്ക് ആയി ഉപയോഗിക്കാൻ ആണ് താരത്തിന്റെ ഉദ്ദേശം. കൊറോണ വൈറസിനെ ഏതാണ്ട് ഫലപ്രദമായി പ്രതിരോധിച്ച ബാൽക്കൻ രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകുമോ എന്നു കണ്ടറിയണം.