ടെന്നീസിൽ ഇനി വരാനിരിക്കുന്നത് ഡാനിൽ മെദ്വദേവ് എന്ന 23 കാരൻ റഷ്യൻ താരത്തിന്റെ ദിനങ്ങൾ ആണോ? ഈ ചോദ്യം വെറുതെ ആവില്ല എന്നു ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഷാങ്ഹായ് മാസ്റ്റേഴ്സിൽ അലക്‌സാണ്ടർ സെവർവ്വിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത മെദ്വദേവ് തന്റെ വീര്യം എന്തെന്ന് കാണിക്കുക തന്നെയായിരുന്നു. 6-4 നു ഒന്നാം സെറ്റ് നേടിയ മെദ്വദേവ് രണ്ടാം സെറ്റിൽ ജർമ്മൻ താരത്തെ നിലം തൊടീച്ചില്ല, 6-1 നായിരുന്നു ഈ സെറ്റിലെ ജയം.
ജയത്തോടെ തന്റെ രണ്ടാം മാസ്റ്റേഴ്സ് കിരീടം ആണ് മെദ്വദേവ് ഉയർത്തിയത്. 2019 ൽ സ്വപ്നതുല്യമായ ഫോമിൽ തുടർന്ന മെദ്വദേവ് വർഷത്തിലെ തന്റെ നാലാം കിരീടം ആണ് ഷാങ്ഹായിൽ ഉയർത്തിയത്. തുടർച്ചയായ ആറാം ഫൈനൽ കളിച്ച മെദ്വദേവിന്റെ ഈ വർഷത്തെ ഒമ്പതാം ഫൈനൽ കൂടിയായിരുന്നു ചൈനയിലേത്. ഈ വർഷം നദാലിന് മുന്നിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം എന്ന സ്വപ്നം പൊലിഞ്ഞു എങ്കിലും വരും വർഷങ്ങളിൽ യുവതാരങ്ങൾക്ക് മാത്രമല്ല ഫെഡറർ, നദാൽ, ജ്യോക്കോവിച്ച് എന്നീ ബിഗ് 3 ക്കും മെദ്വദേവ് തന്നെയാവും ടെന്നീസ് കളത്തിലെ ഏറ്റവും വലിയ കടമ്പ എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ മത്സരഫലങ്ങൾ.