ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസമായി മുന്നേറി ഏഴാം സീഡും ജർമ്മൻ യുവതാരവും ആയ അലക്‌സാണ്ടർ സെവർവ്വ്. ഗ്രാന്റ് സ്‌ലാമുകളിൽ മികവ് തുടരുന്നില്ല എന്ന പഴി ഒഴിവാക്കാൻ ഓസ്‌ട്രേലിയയിൽ ഇറങ്ങിയ സാഷ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ താരം മാർകോക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ആദ്യ സെറ്റ് 6-4 നു നേടിയ സെവർവ്വിനു എതിരെ മികച്ച പോരാട്ടം ആണ് രണ്ടാം സെറ്റിൽ ഇറ്റാലിയൻ താരത്തിൽ നിന്ന് ഉണ്ടായത്. എന്നാൽ ടൈബ്രെക്കറിലൂടെ രണ്ടാം സെറ്റ് നേടിയ സാഷ മത്സരത്തിൽ പൂർണ്ണ ആധിപത്യം നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 6-3 നു മൂന്നാം സെറ്റും തുടർന്ന് ജയിച്ച സെവർവ്വ് മത്സരവും രണ്ടാം റൗണ്ടിലേക്കുള്ള മുന്നേറ്റവും ഉറപ്പാക്കി.
19 സീഡ് ആയ അമേരിക്കൻ താരം ജോൺ ഇസ്‌നർ ബ്രസീൽ താരം തിയോഗയെ ആണ് 4 സെറ്റുകൾ നീണ്ട മത്സരത്തിൽ തോൽപ്പിച്ചത്. 4 ടൈബ്രെക്കറുകൾ കണ്ട ആവേശകരമായ മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഇസ്‌നറിന്റെ തിരിച്ചു വരവ്. എല്ലാ സെറ്റുകളിലും ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ ഇരു താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്. സ്‌കോർ – 6-7, 7-6, 7-6, 7-6. അതേസമയം അമേരിക്കയുടെ തന്നെ 29 സീഡ് ടെയ്‌ലർ ഫ്രിറ്റ്സും രണ്ടാം റൗണ്ട് ഉറപ്പിച്ചു. ടാലോണു എതിരെ 6-3, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഫ്രിറ്റ്സിന്റെ ജയം.