മുഗുരുസയുടെ വെല്ലുവിളി അതിജീവിച്ച് ഒസാക്കയും സബലങ്കയെ വീഴ്ത്തി സെറീനയും ക്വാർട്ടർ ഫൈനലിൽ

Serena Williams Australian Open

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം സീഡ് ജപ്പാൻ താരം നയോമി ഒസാക്ക ക്വാർട്ടർ ഫൈനലിൽ കടന്നു. 14 സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് ഒസാക്ക ജയം കണ്ടത്. മത്സരത്തിൽ മുഗുരുസ മികച്ച പോരാട്ടം ആണ് ഒസാക്കക്ക് നൽകിയത്. ആദ്യ സെറ്റ് 6-4 നു നേടിയ സ്പാനിഷ് താരം മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റ് 6-4 നു നേടിയ ഒസാക്ക മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് നിർണായകമായ മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം പുറത്തെടുത്ത മുഗുരുസയെ അവസാന നിമിഷം വീഴ്‌ത്തിയ ഒസാക്ക 7-5 നു സെറ്റ് നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത ഒസാക്ക 4 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 4 തവണ ബ്രൈക്ക് വഴങ്ങിയ ഒസാക്ക 5 തവണ എതിരാളിയുടെ സർവീസും ബ്രൈക്ക് ചെയ്തു.

ഏഴാം സീഡ് ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് പത്താം സീഡ് സെറീന വില്യംസ് മറികടന്നത്. ഇരുതാരങ്ങളും 4 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ സെറീന 8 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത് ഒപ്പം
9 ഏസുകളും അമേരിക്കൻ താരം ഉതിർത്തു. ആദ്യ സെറ്റ് 6-4 നു ജയിച്ച സെറീനക്ക് എതിരെ രണ്ടാം സെറ്റ് 6-2 നു നേടി സബലങ്ക അതിശക്തമായി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റിൽ മത്സരം തിരിച്ചു പിടിച്ച സെറീന 6-4 നു നിർണായക സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ബിയാങ്ക ആന്ദ്രീസ്കുവിനെ അടക്കം വീഴ്ത്തിയ സു വെയ് തന്റെ അട്ടിമറി പരമ്പര തുടരുകയാണ്. നാലാം റൗണ്ടിൽ 19 സീഡ് ചെക് താരം മാർക്കറ്റ വോണ്ടറോസോവയെ 6-4, 6-2 എന്ന സ്കോറിന് ആണ് സീഡ് ചെയ്യാത്ത ഏഷ്യൻ താരം അട്ടിമറിച്ചത്.

Previous articleവെസ്റ്റിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് വിജയിക്കുവാന്‍ 231 റണ്‍സ്
Next articleഅര്‍ദ്ധ ശതകം നേടി തമീം ഇക്ബാല്‍ പുറത്ത്, ഏഴ് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് നേടേണ്ടത് 141 റണ്‍സ്