ചിരിപടർത്തി ആരാധിക! അനായാസ ജയം കണ്ട് നദാൽ, ജന്മദിനം ആഘോഷിച്ചു മെദ്വദേവ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ അനായാസ ജയം കണ്ടു രണ്ടാം സീഡ് റാഫേൽ നദാൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ യുവതാരം മൈക്കളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നദാൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ എല്ലാ നിലക്കും ആധിപത്യം പുലർത്തിയ നദാൽ മികച്ച സർവീസ് ഗെയിമുകൾക്ക് ഒപ്പം 5 തവണയാണ് അമേരിക്കൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. 6-1, 6-4, 6-2 എന്ന സ്കോറിന് ആണ് നദാൽ ജയം കണ്ടത്. മത്സരത്തിനു ഇടയിൽ രണ്ടാം സെറ്റിൽ നദാൽ സർവീസ് ചെയ്യുമ്പോൾ ശബ്ദമുണ്ടാക്കിയ മധ്യവയസ്സുകാരിയായ ആരാധിക നദാലിലും കാണികളിലും വലിയ ചിരിയാണ് പടർത്തിയത്. റഫറിയുടെ ആവശ്യം നിരാകരിച്ചു തുടർന്നും അപമര്യാദയായി പെരുമാറിയ ആരാധികയെ അധികൃതർ സ്റ്റേഡിയത്തിൽ നിന്നു പുറത്താക്കുക ആയിരുന്നു. തമാശ ആസ്വദിച്ച നദാൽ പക്ഷെ കളത്തിൽ അത് പ്രകടനത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിച്ചു.

തന്റെ ജന്മദിനത്തിൽ സ്പാനിഷ് താരം റോബർട്ടോക്ക് മേൽ സമ്പൂർണ ആധിപത്യം പുലർത്തിയ പ്രകടനം ആണ് റഷ്യൻ താരവും നാലാം സീഡും ആയ ഡാനിൽ മെദ്വദേവ് രണ്ടാം റൗണ്ടിൽ പുറത്തെടുത്തത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും അനായാസം സർവീസ് ചെയ്ത മെദ്വദേവ് 12 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. മത്സരത്തിൽ 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത മെദ്വദേവ് ആദ്യ സെറ്റ് 6-2 നു അനായാസം നേടി. രണ്ടാം സെറ്റിൽ ചെറിയ വെല്ലുവിളി നേരിട്ടു എങ്കിലും 7-5 നു സെറ്റ് നേടിയ മെദ്വദേവ് മൂന്നാം സെറ്റിൽ എതിരാളിയെ നിലം തൊടീച്ചില്ല. 6-1 നു മൂന്നാം സെറ്റ് നേടിയ താരം അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി ജന്മദിനം ആഘോഷമാക്കി.