അനായാസം അവസാന പതിനാറിലേക്ക് മുന്നേറി ബാർട്ടിയും മെർട്ടൻസും

ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 29 സീഡ് ആയ റഷ്യൻ താരം അലക്സാണ്ടറോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബാർട്ടി തകർത്തത്. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ ബ്രൈക്ക് കണ്ടത്തിയ ഓസ്‌ട്രേലിയൻ താരം 6-2, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ബാർട്ടി സ്വന്തം മണ്ണിൽ കിരീടം ഉയർത്തുക എന്ന ലക്ഷ്യവുമായാണ് റാക്കറ്റ് ഏന്തുന്നത്. ബാർട്ടിയുടെ നിലവിലെ ഫോമിൽ അത് സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലും ആണ്.

11 സീഡ് ആയ സ്വിസ് താരം ബെലിന്ത ബെനചിച്ചിനെ അക്ഷരാർത്ഥത്തിൽ തകർത്താണ് 18 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. മികച്ച സർവീസുകളും ആയി കളം നിറഞ്ഞ മെർട്ടൻസ് 7 ഏസുകൾ ആണ് ഉതിർത്തത്. 5 തവണ ബ്രൈക്ക് കണ്ടത്തിയ മെർട്ടൻസ് 6-2, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. എസ്റ്റോണിയൻ താരവും 21 സീഡുമായ അന്നറ്റ് കോന്റവെയിറ്റിനെ 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ചു അമേരിക്കൻ താരം ഷെൽബി റോജേഴ്സും നാലാം റൗണ്ടിലേക്ക് മുന്നേറി. 1 ബ്രൈക്ക് വഴങ്ങിയെങ്കിലും 4 ബ്രൈക്കുകൾ കണ്ടത്തിയാണ് ഷെൽബി മൂന്നാം റൗണ്ട് ജയം ആഘോഷിച്ചത്.