അവിശ്വസനീയം, അത്ഭുതകരം, 7 തവണ മാച്ച് പോയിന്റുകൾ രക്ഷിച്ച് ഫെഡറർ വീണ്ടുമൊരു സെമിഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് റോജർ ഫെഡറർ മറ്റൊരു ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറി. തോൽവി ഉറപ്പിച്ച മത്സരത്തിൽ 7 തവണ മാച്ച് പോയിന്റുകൾ രക്ഷിച്ച് ആണ് ടെന്നീസ് മാന്ത്രികൻ അത്ഭുതപ്രവർത്തി നടത്തിയത്. സീഡ് ചെയ്യാത്ത അമേരിക്കക്കാരൻ ടെന്നിസ് സാന്ദ്രനു എതിരെ ആദ്യ സെറ്റ് 6-3 നു നേടിയ ഫെഡറർ മത്സരം എളുപ്പത്തിൽ സ്വന്തമാക്കും എന്നു തോന്നി. എന്നാൽ വിട്ട് കൊടുക്കാൻ ഒരുക്കമല്ലായിരുന്ന അമേരിക്കൻ താരം തന്റെ മികവും കരുത്തും അടുത്ത സെറ്റിൽ ഫെഡറർക്കും കാണികൾക്കും കാണിച്ചു കൊടുത്തു. ഫെഡററിന്റെ സർവീസുകൾ തുടർച്ചയായി ബ്രൈക്ക് ചെയ്ത താരം രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി.

മൂന്നാം സെറ്റിലും സമാനമായ കാഴ്ചയാണ് കണ്ടത്. ഏസുകൾ അടിച്ചും ഫെഡററിന്റെ സർവീസുകളിൽ പ്രശ്നം സൃഷ്ടിച്ചും അമേരിക്കൻ താരം കളം വാണു. സെറ്റിൽ ഇടക്ക് പരിക്ക് കാരണം മെഡിക്കൽ ടൈം ഔട്ട് എടുത്ത ഫെഡറർക്ക് എതിരെ സെറ്റ് 6-2 നു നേടിയ താരം ഒരു അട്ടിമറിയുടെ വലിയ സൂചനകൾ നൽകി. കാണികളെ ഭ്രാന്ത് പിടിപ്പിച്ച നാലാം സെറ്റിൽ ലോകം കണ്ടത് ടെന്നീസിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവുകളിൽ ഒന്നിന് ആയിരുന്നു. ഇരു താരങ്ങളും വിട്ട് കൊടുക്കാതെ പൊരുതിയപ്പോൾ മത്സരം കടുത്തു. ഇതിന്റെ ഇടയിൽ സാന്ദ്രനു ഫെഡററിന്റെ സർവീസിൽ ലഭിച്ച രണ്ട് മാച്ച് പോയിന്റുകൾ രക്ഷിച്ച് എടുത്ത ഫെഡറർ മത്സരം ടൈബ്രെക്കറിലേക്ക് നീട്ടി. ടൈബ്രെക്കറിൽ നന്നായി തുടങ്ങിയ അമേരിക്കൻ താരം ഫെഡററെ വലിയ സമ്മർദ്ദതത്തിലാക്കി.

അതിന്റെ ഫലമായി 5 മാച്ച് പോയിന്റുകൾ ആണ് അമേരിക്കൻ താരത്തിന് ടൈബ്രെക്കറിൽ ലഭിച്ചത്. എന്നാൽ കടുത്ത ഫെഡറർ ആരാധകർ പോലും തോൽവി ഉറപ്പിച്ച മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ തിരിച്ചു വരുന്ന ഫെഡററെ അവിശ്വസനീയമായി ആണ് ആരാധകർ നോക്കിയിരുന്നത്. തിരിച്ചു വന്ന് ടൈബ്രെക്കറിലൂടെ ഫെഡറർ നാലാം സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തിയപ്പോൾ റോഡ് ലേവർ അറീനയിലെ ആരാധകർ റോഡ് ലേവർ അറീന ഇന്നേവരെ കേട്ട ഏറ്റവും വലിയ ആരവത്തോടെയാണ് അതിനെ സ്വീകരിച്ചത്. നാലാം സെറ്റിൽ തുടക്കത്തിൽ തന്നെ അമേരിക്കൻ താരത്തിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരം തന്റെ വരുതിയിൽ ആക്കി. പിന്നീടും പൊരുതാൻ നോക്കിയ അമേരിക്കൻ താരത്തെ മറികടന്ന് 6-3 നു അഞ്ചാം സെറ്റ് സ്വന്തം പേരിൽ കുറിച്ച ഫെഡറർ അത്ഭുതകരമായ തിരിച്ചു വരവ് പൂർത്തിയാക്കി.

മത്സരത്തിൽ അപാരമായി കളിച്ച സീഡ് ചെയ്യാത്ത അമേരിക്കൻ താരം 27 ഏസുകളും 73 വിന്നറുകളും ആണ് നേടിയത്. മത്സരശേഷം മത്സരത്തെ അത്ഭുതം എന്നു വിളിച്ച ഫെഡറർ, തന്നെ കുറച്ച് ഭാഗ്യവും തുണച്ചു എന്നും കൂട്ടിച്ചേർത്തു. എതിരാളിയെ അഭിനന്ദിക്കാനും ഫെഡറർ മറന്നില്ല. അക്ഷരാർത്ഥത്തിൽ അത്ഭുതകരമായി തന്നെയാണ് ഈ മത്സരത്തിൽ ഫെഡറർ തിരിച്ചു വന്ന് ജയം കണ്ടത്. ടൂർണമെന്റിൽ ജോൺ മിൽമാന് എതിരെയും സമാനമായ ജയം ആണ് ഫെഡറർ മൂന്നാം റൗണ്ടിൽ സ്വന്തമാക്കിയത്. ഇതോടെ തന്റെ 15 മത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് ആണ് ഫെഡറർ മുന്നേറിയത്, ഗ്രാന്റ് സ്‌ലാമുകളിൽ ആവട്ടെ 46 മത്തെയും. മൂന്നരമണിക്കൂറിൽ ഏറെ നീണ്ടു നിന്ന മത്സരത്തിൽ പലപ്പോഴും ഫെഡററിന്റെ കായികക്ഷമത ചോദ്യം ചെയ്യപ്പെട്ടു. സെമിഫൈനലിൽ നൊവാക് ജ്യോക്കോവിച്ച് മിലോസ് റയോണിക് മത്സരവിജയി ആവും ഫെഡററിന്റെ എതിരാളി.