തന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രാന്റ് സ്‌ലാമിൽ ഒരിക്കൽ കൂടി സെമിഫൈനലിലേക്ക് മുന്നേറി 7 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ നൊവാക് ജ്യോക്കോവിച്ച്. രണ്ടാം നമ്പർ സീഡ് ആയ സെർബിയൻ താരം 32 സീഡും കനേഡിയൻ താരവുമായ മിലോസ് റയോണികിനെ ആണ് ജ്യോക്കോവിച്ച് ക്വാർട്ടറിൽ മറികടന്നത്. മുമ്പ് പരസ്പരം കളിച്ച 9 കളികളിലും ജയം കണ്ട നൊവാക് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു കനേഡിയൻ താരത്തെ തകർത്തത്. ആദ്യ സെറ്റിൽ പൊരുതാൻ ശ്രമിച്ച കനേഡിയൻ താരത്തിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് 6-4 നു സെറ്റ് എടുത്തതോട് കൂടെ മത്സരത്തിന്റെ ഗതി ഏതാണ്ട് മനസ്സിലായിരുന്നു.
രണ്ടാം സെറ്റിൽ തന്റെ മികവ് തുടർന്ന ജ്യോക്കോവിച്ച് ഒരിക്കൽ കൂടി കനേഡിയൻ താരത്തിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്തു രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരം ഒരു സെറ്റ് അകലെയാക്കി. മൂന്നാം സെറ്റിൽ കണ്ണിലെ കോണ്ടാക്റ്റ് കണ്ണടകൾക്ക് പ്രശ്നം നേരിട്ട ജ്യോക്കോവിച്ചിനു ഇടക്ക് മത്സരം നിർത്തേണ്ടി വന്നു. മൂന്നാം സെറ്റിൽ കൂടുതൽ പൊരുതാൻ ആയ റയോണിക് സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രെക്കറിലൂടെ മത്സരം സ്വന്തമാക്കിയ ജ്യോക്കോവിച്ച് സെമിഫൈനലിലേക്ക് മുന്നേറി. ഗ്രാന്റ് സ്‌ലാമുകളിലെ 37 മത്തെ സെമിഫൈനൽ ആണ് ജ്യോക്കോവിച്ചിനു ഇത് കൂടാതെ 7 മത്തെ തവണയാണ് ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്, ഈ 7 തവണയും ഫൈനലിൽ എത്തിയ സെർബിയൻ താരം കിരീടവും ആർക്കും കൈവിട്ടിട്ടില്ല. സെമിഫൈനലിൽ ഇതിഹാസതാരം റോജർ ഫെഡറർ ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. ഇത് 50 മത്തെ തവണയാണ് ഇരു താരങ്ങളും പരസ്പരം കണ്ടുമുട്ടാൻ പോകുന്നത്.