ഓസ്‌ട്രേലിയൻ ഓപ്പണിൽ വരാനിരിക്കുന്ന പുതുതലമുറയുടെ ദിനങ്ങൾ അടയാളപ്പെടുത്തി ഡൊമനിക് തീം. ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനെ 4 സെറ്റും 4 മണിക്കൂറും 10 മിനിറ്റും നീണ്ട മത്സരത്തിൽ ആണ് അഞ്ചാം സീഡായ ഓസ്ട്രിയൻ താരം ജയം കണ്ടത്. അസാധ്യമായ ടെന്നീസ് അനായാസം കളിച്ച തീം മത്സരത്തിൽ നദാലിനെ നിരന്തരം സമ്മർദ്ദത്തിൽ ആക്കി. മികച്ച സർവീസുകളും ഫോർ ഹാന്റ് വിന്നറുകളും പാഴിച്ച തീമിന്റെ ബാക്ക് ഹാന്റ് ഷോട്ടുകൾ കാഴ്ച്ചക്ക് വിരുന്നായി. ആദ്യ സെറ്റിൽ ആദ്യമെ തന്നെ തന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത നദാൽക്ക് എതിരെ 5-3 ൽ നിന്ന് തിരിച്ചു വന്ന തീം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി. ഒരു മണിക്കൂറിൽ അധികം നീണ്ട ഈ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ തീം വരാനിരിക്കുന്നത് എന്ത് എന്ന വ്യക്തമായ സൂചന നൽകി.
രണ്ടാം സെറ്റിലും ബ്രൈക്ക് വഴങ്ങിയ ശേഷം ഏതാണ്ട് ആദ്യ സെറ്റിൽ എന്ന പോലെ തിരിച്ചു വന്ന തീം സെറ്റ് ഒരിക്കൽ കൂടി ടൈബ്രെക്കറിലേക്ക് നീട്ടി. ഈ സെറ്റും ടൈബ്രെക്കറിലൂടെ നേടിയ തീം മത്സരം ഒരു സെറ്റ് അകലെയാക്കി. പലപ്പോഴും അമ്പയറുടെ തീരുമാനങ്ങളോട് കയർക്കുന്ന നദാലിനെയും മത്സരത്തിൽ കണ്ടു. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വരവിന്റെ സൂചനകൾ നൽകിയ നദാൽ തീമിന്റെ സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. ഇത്തവണ നാലാം സെറ്റിൽ നദാലിന്റെ സർവീസ് ആദ്യം ബ്രൈക്ക് ചെയ്ത തീം മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ മത്സരം ജയിക്കാനുള്ള അവസരം തീമിനു ലഭിച്ചു എങ്കിലും സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്ത നദാൽ മത്സരം ഒരിക്കൽ കൂടി ടൈബ്രെക്കറിലേക്ക് നീട്ടി. പലപ്പോഴും ഭാഗ്യവും തീമിനെ തുണച്ചു.
മത്സരത്തിലെ മൂന്നാമത്തെ ടൈബ്രെക്കറിൽ രണ്ട് മാച്ച് പോയിന്റുകൾ രക്ഷിച്ച നദാൽ മത്സരത്തിൽ അവസാനം വരെ പൊരുതി. എന്നാൽ മത്സരത്തിലെ മൂന്നാം ടൈബ്രെക്കറും ജയിച്ച നദാൽ മത്സരം സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി. തോറ്റു എങ്കിലും തല ഉയർത്തി തന്നെയാണ് നദാൽ കളം വിട്ടത്. കളിമണ്ണ് കോർട്ട് സ്‌പെഷ്യലിസ്റ്റ് എന്നു വിളിപ്പേരുള്ള തീമിന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ ആണ് ഇത്, ഫ്രഞ്ച് ഓപ്പണിൽ അല്ലാതെ ഇത് ആദ്യമായാണ് തീം ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്നത്. ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കുന്ന ജർമ്മനിയുടെ 7 സീഡ് അലക്‌സാണ്ടർ സെവർവ്വ് ആണ് തീമിന്റെ സെമിഫൈനൽ എതിരാളി. പുതുതലമുറയിലെ ഈ രണ്ട് സൂപ്പർ താരങ്ങളുടെ മത്സരം ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഫൈനലിൽ ഫെഡറർ ജ്യോക്കോവിച്ച് മത്സരവിജയി ആവും ഇവരെ നേരിടുക എന്നതും ആവേശമുണർത്തുന്ന വസ്തുത ആണ്. ഓസ്‌ട്രേലിയയിൽ പുതിയ തലമുറക്ക് കിരീടം ഉയർത്താൻ ആവുമോ എന്നു കാത്തിരുന്നു കാണാം.