ഓസ്ട്രേലിയൻ ഓപ്പണിൽ ഓസ്ട്രേലിയൻ പ്രതീക്ഷ കാത്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി. അമേരിക്കയുടെ 18 സീഡ് ആലിസൻ റിസ്കിന്റെ കടുത്ത പോരാട്ടം അതിജീവിച്ചാണ് തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ലക്ഷ്യമിടുന്ന ആഷ്ലി ബാർട്ടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യസെറ്റിൽ റിസ്ക്കിന്റെ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്ത് തുടങ്ങിയ ബാർട്ടിക്ക് മികച്ച തുടക്കം ആണ് ലഭിച്ചത്. 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കിയ ബാർട്ടി മത്സരം അനായാസം സ്വന്തമാക്കും എന്നു തോന്നി. എന്നാൽ രണ്ടാം സെറ്റിൽ ബാർട്ടിയുടെ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്തു തുടങ്ങിയ റിസ്ക് ഓസ്ട്രേലിയൻ താരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തന്റെ മികച്ച തുടക്കം തുടർന്ന അമേരിക്കൻ താരം രണ്ടാം സെറ്റ് 6-1 നു നേടി മത്സരത്തിൽ ഒപ്പമെത്തി. കാണികളുടെ മുഴുവൻ പിന്തുണയുമായി ഇറങ്ങിയ ബാർട്ടി മൂന്നാം സെറ്റിൽ റിസ്കിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്തു ആദ്യമെ ആധിപത്യം പിടിച്ചു.
എന്നാൽ ബാർട്ടിയുടെ സർവ്വീസ് ബ്രൈക്ക് ചെയ്തു തിരികെ വന്നു റിസ്ക് അത്ര എളുപ്പം കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു. എന്നാൽ നിർണായക സർവീസിൽ ഇരട്ട പിഴവുകൾ വരുത്തിയ അമേരിക്കൻ താരം 6-4 നു മൂന്നാം സെറ്റും മത്സരവും ഓസ്ട്രേലിയൻ താരത്തിന് സമ്മാനിച്ചു. ഇതോടെ 1978 നു ശേഷം ഓസ്ട്രേലിയൻ ഓപ്പൺ ജയിക്കാൻ ലക്ഷ്യമിടുന്ന ആദ്യ ഓസ്ട്രേലിയൻ താരമായ ബാർട്ടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അതേസമയം പുരുഷന്മാരിൽ 12 സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗിനിനിയെ അട്ടിമറിച്ച് അമേരിക്കൻ താരം ടെന്നിസ് സാന്ദ്രനും ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തന്റെ രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തിയ അമേരിക്കൻ താരം 4 സെറ്റ് പോരാട്ടത്തിൽ ആണ് ഇറ്റാലിയൻ താരത്തെ തോൽപ്പിച്ചത്. രണ്ടു ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ 21 ഏസുകൾ അടിച്ച അമേരിക്കൻ താരം ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളും ജയിക്കുകയും ചെയ്തു. സ്കോർ – 7-6, 7-5, 6-7, 6-4. ഇതോടെ ക്വാർട്ടർ ഫൈനലിൽ ഫെഡറർ, ഫുസ്കോവിക്സ് മത്സരവിജയിയെ ആവും അമേരിക്കൻ താരം നേരിടുക.