സെമിയിൽ എത്താതെ ബാർട്ടി വീണു, സെമിയിൽ മുചോവയും ബ്രാഡിയും നേർക്കുനേർ വരും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വന്തം മണ്ണിൽ കിരീടം നേടുക എന്ന ഒന്നാം സീഡ് ആഷ്‌ലി ബാർട്ടിയുടെ സ്വപ്നത്തിനു ക്വാർട്ടർ ഫൈനലിൽ അന്ത്യം. ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 25 സീഡ് ആയ ചെക് റിപ്പബ്ലിക് താരം കരോളിന മുചോവയാണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. ആദ്യ സെറ്റിൽ അട്ടിമറിക്ക് ഒരു സൂചനയും ലഭിക്കാത്ത മത്സരത്തിൽ 6-1 നു സെറ്റ് നേടിയ ബാർട്ടി മത്സരത്തിൽ മുൻതൂക്കം നേടി. സെറ്റിൽ 2 തവണ ബ്രൈക്ക് കണ്ടത്തിയ ബാർട്ടി വലിയ പ്രയാസമില്ലാതെയാണ് സെറ്റ് കയ്യിലാക്കിയത്.

Karolinamuchova

എന്നാൽ രണ്ടാം സെറ്റിന് മുമ്പ് വൈദ്യ സഹായത്തിനു ആയി ഇടവേള എടുത്ത മുചോവ അതിനു ശേഷം മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. രണ്ടാം സെറ്റിൽ ബ്രൈക്ക് പിറകിൽ നിന്ന ശേഷം ബ്രൈക്കുകൾ കണ്ടത്തിയ മുചോവ 6-3 നു രണ്ടാം സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിന് മുമ്പും ഒരിക്കൽ കൂടി വൈദ്യസഹായത്തിനു ആയി ഇടവേള എടുത്ത മുചോവ നിർത്തിയ ഇടത്ത് നിന്നു തന്നെയാണ് തുടങ്ങിയത്. മൂന്നാം സെറ്റിലും ബ്രൈക്കുകൾ കണ്ടത്തിയ താരം 6-2 നു സെറ്റ് ജയിച്ച് സെമിഫൈനലിലേക്ക് മുന്നേറി. 42 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരു ഓസ്‌ട്രേലിയൻ ജേതാവ് എന്ന സ്വപ്നം ഇതോടെ വീണ്ടും അവസാനിച്ചു. സ്വന്തം മണ്ണിൽ വലിയ നിരാശയാണ് ഈ പരാജയം ബാർട്ടിക്ക് നൽകിയത്.

Ashbarty

അമേരിക്കൻ താരങ്ങൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സീഡ് ചെയ്യാത്ത ജെസിക്ക പെഗുലയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ചാണ് 22 സീഡ് ആയ ജെന്നിഫർ ബ്രാഡിയും സെമിഫൈനലിൽ എത്തിയത്. ആദ്യ സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് വഴങ്ങിയ ബ്രാഡി ബ്രൈക്ക് തിരിച്ചു പിടിച്ചു എങ്കിലും സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയതോടെ മറ്റൊരു ബ്രൈക്ക് കൂടി വഴങ്ങി. ഇതോടെ സെറ്റ് 6-4 നു നേടിയ ജെസിക്ക മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന ബ്രാഡി ആദ്യം തന്നെ മത്സരത്തിൽ ബ്രൈക്ക് നേടി മുന്നിലെത്തി. തുടർന്നു ബ്രൈക്ക് വഴങ്ങിയെങ്കിലും അത് തിരിച്ചു പിടിച്ച ബ്രാഡി സെറ്റ് 6-2 നു സ്വന്തം പേരിൽ കുറിച്ചു മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ഒരിക്കൽ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ സമ്പൂർണ ആധിപത്യം നേടിയ ബ്രാഡി സെറ്റ് 6-1 നു നേടി സെമിഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. ഇതോടെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കുന്ന ഒരു താരം ഉണ്ടാവും എന്നുറപ്പായി. സെമിയിൽ ബ്രാഡി മുചോവയെ നേരിടുമ്പോൾ മറ്റെ സെമിഫൈനലിൽ സെറീന വില്യംസ് നയോമി ഒസാക്ക ക്ലാസിക് പോരാട്ടം ആണ്.