ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച്. രണ്ടാം സീഡ് ആയ സെർബിയൻ താരം ജർമ്മനിയുടെ സീഡ് ചെയ്യാത്ത യാൻ ലനാർഡ് സ്ട്രഫിനെ നാല് സെറ്റ് നീണ്ട മത്സരത്തിൽ മറികടന്ന് ആണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ജയത്തോടെ തന്റെ കരിയറിലെ 900 മത്തെ ജയം ആണ് ജ്യോക്കോവിച്ച് സ്വന്തമാക്കിയത്. രണ്ടാം സീഡ് ആണെങ്കിലും ഹാർഡ് കോർട്ടിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന ജ്യോക്കോവിച്ചിനു തന്നെയാണ് ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ ഒരു സെറ്റ് കൈവിട്ടു എങ്കിലും മികച്ച പ്രകടനം ആണ് ജ്യോക്കോവിച്ചിൽ നിന്നുണ്ടായത്. ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-2 നു അനായാസം നേടി. എന്നാൽ തിരിച്ചു വന്ന ജർമ്മൻ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ നാലാം സെറ്റിൽ തന്റെ വിശ്വരൂപം പുറത്തെടുത്ത ജ്യോക്കോവിച്ച് 6-1 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കി.
ഓസ്‌ട്രേലിയയിൽ തന്റെ 17 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയയിൽ കിരീടം നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജ്യോക്കോവിച്ച് ആ റെക്കോർഡ് മെച്ചപ്പെടുത്താൻ കൂടിയാണ് ശ്രമിക്കുന്നത്. ഒന്നാം റൗണ്ട് ജയത്തോടെ കരിയറിലെ 900 മത്തെ ജയം കുറിച്ച ജ്യോക്കോവിച്ച് ചരിത്രനേട്ടം ആണ് സ്വന്തമാക്കിയത്. ഇതിഹാസതാരങ്ങൾ ആയ കോണോർസ്, ലെന്റിൽ, വിലാസ് എന്നിവർക്ക് പുറമെ തന്റെ സമകാലികർ ആയ ഫെഡറർ, നദാൽ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയിരിക്കുകയാണ് ജ്യോക്കോവിച്ച് ഇതോടെ. ഫെഡറർക്ക് പുൽ കോർട്ട് എന്ന പോലെ നദാൽക്ക് കളിമണ്ണ് കോർട്ട് എന്ന പോലെ ഹാർഡ് കോർട്ടിൽ ആണ് ജ്യോക്കോവിച്ചിന്റെ ജയങ്ങളിൽ അധികവും.
കരിയറിലെ 78 മത്തെ കിരീടം ഈ ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിലെ ഹാർഡ് കോർട്ടിൽ കളിച്ച 77 മത്സരങ്ങളിൽ 69 ലും ജയം കണ്ടിട്ടുണ്ട്. കൂടാതെ കരിയറിലെ 64% ജയങ്ങളും ഹാർഡ് കോർട്ടിൽ ആണ് എന്നത് ജ്യോക്കോവിച്ചിന്റെ ഓസ്‌ട്രേലിയയിലെ കിരീടസാധ്യത കൂട്ടുന്നുണ്ട്. ഗ്രാന്റ് സ്‌ലാമിലെ 281 മത്തെ ജയം ആയിരുന്നു ജ്യോക്കോവിച്ചിനു ഇത്, കൂടാതെ തുടർച്ചയായ 10 ജയം ആണ് ജ്യോക്കോവിച്ച് ഓസ്‌ട്രേലിയയിൽ കുറിച്ചത്. തൊട്ട് മുമ്പ് നടന്ന എ. ടി. പി കപ്പിൽ സെർബിയയെ കിരീടം അണിയിച്ച ജ്യോക്കോവിച്ചിനെ തടയാൻ ഓസ്‌ട്രേലിയയിൽ ആർക്കെങ്കിലും ആവുമോ എന്ന് കണ്ടറിയണം. ചരിത്രനേട്ടത്തിൽ അഭിമാനം ഉണ്ടെന്ന് എന്നായിരുന്നു ജ്യോക്കോവിച്ച് മത്സരശേഷം പ്രതികരിച്ചത്. കൂടാതെ ഈ നേട്ടം തന്റെ മുന്നോട്ടുള്ള കുതിപ്പിന് വലിയ പ്രചോദനം ആവും എന്നും ലോക രണ്ടാം നമ്പർ താരം കൂട്ടിച്ചേർത്തു. 2003 ൽ കരിയർ തുടങ്ങിയ ജ്യോക്കോവിച്ചിനു ഈ നിലക്ക് 3,4 കൊല്ലം കൂടി തുടരാൻ ആയാൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ റോജർ ഫെഡററിന്റെ റെക്കോർഡ് പഴയ കഥയാവും എന്നുറപ്പാണ്.