ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരത്തിന് ഒടുവിൽ ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസിനെ വീഴ്ത്തി എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടം ഉയർത്തി നൊവാക് ജ്യോക്കോവിച്. മൂന്നു മണിക്കൂർ 50 മിനിറ്റു നീണ്ട 3 സെറ്റ് മത്സരം 3 സെറ്റ് മത്സരങ്ങളിൽ ഏറ്റവും നീളം കൂടിയ മത്സരവും ആയി. നിസംശയം ചരിത്രത്തിലെ ഏറ്റവും മികച്ച മാസ്റ്റേഴ്സ് ഫൈനൽ ആയി ലോക ഒന്നും രണ്ടും റാങ്കിൽ ഉള്ള താരങ്ങൾ തമ്മിലുള്ള പോരാട്ടം. ഇരു താരങ്ങളും വിട്ട് കൊടുക്കാതെ പൊരുതുന്നത് കണ്ട മത്സരം 36 കാരനായ ജ്യോക്കോവിച് 20 കാരനായ അൽകാസിനെ തിരിച്ചു വന്നാണ് തോൽപ്പിച്ചത്.
ആദ്യ സെറ്റിൽ ബ്രേക്ക് കണ്ടത്തി ജ്യോക്കോവിച് മുന്നിൽ എത്തിയെങ്കിലും തിരിച്ചു രണ്ടു ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 7-5 നു നേടി മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം സെറ്റിൽ ആദ്യം ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റിൽ 4-2 നു മുന്നിലെത്തി. എന്നാൽ തിരിച്ചു ബ്രേക്ക് കണ്ടത്തിയ നൊവാക് സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടു പോയി. ടൈബ്രേക്കറിൽ മാച്ച് പോയിന്റ് രക്ഷിച്ച നൊവാക് 7-6(9-7) നു സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. തീർത്തും അവിശ്വസനീയം ആയ മൂന്നാം സെറ്റ് ആണ് മത്സരത്തിൽ കാണാൻ ആയത്. ആദ്യം സെറ്റിൽ ബ്രേക്ക് കണ്ടത്തിയ നൊവാക് മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. എന്നാൽ ഒരിക്കൽ കൂടി ബ്രേക്ക് തിരിച്ചു പിടിച്ച അൽകാരസ് വിട്ട് കൊടുക്കാൻ ഒരുക്കം അല്ലായിരുന്നു.
നിരവധി മാച്ച് പോയിന്റുകൾ ആണ് അൽകാരസ് രക്ഷിച്ചത്. തുടർന്ന് ടൈബ്രേക്കറിലേക്ക് നീണ്ട മത്സരം 7-6(7-4) എന്ന സ്കോറിന് നൊവാക് ജയിക്കുക ആയിരുന്നു. കരിയറിലെ 95 മത്തെ കിരീടവും 39 മത്തെ മാസ്റ്റേഴ്സ് കിരീടവും ആണ് ജ്യോക്കോവിചിന് ഇത്. അതേസമയം കരിയറിൽ ആദ്യമായാണ് മാസ്റ്റേഴ്സ് ഫൈനലിൽ അൽകാരസ് തോൽക്കുന്നത്. മത്സര ശേഷം അൽകാരസ് കരയുന്നതും കാണാൻ ആയി. മത്സര ശേഷം അൽകാരസിന്റെ വിട്ട് കൊടുക്കാത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ച ജ്യോക്കോവിച് താൻ കരിയറിൽ ഇന്നേവരെ കളിച്ച ഏറ്റവും കഠിനമായ മത്സരം ആണ് ഇതെന്നും പറഞ്ഞു. വരാനിരിക്കുന്ന യു.എസ് ഓപ്പൺ ഫൈനലിലും ഇരു താരങ്ങളും തമ്മിലുള്ള ഇത്തരം ഒരു പോരാട്ടം തന്നെയാണ് ടെന്നീസ് ആരാധകർ കാത്തിരിക്കുന്നത്.