എ. ടി. പി ഫൈനൽസ് ഗ്രൂപ്പുകൾ ആയി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി ഫൈനൽസിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പുറത്ത് വന്നു. ഇരു ഗ്രൂപ്യകളിൽ ആയി ലോകത്തിലെ ഏറ്റവും മികച്ച 8 ടെന്നീസ് താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റ് ലോക ഒന്നാം നമ്പർ താരത്തെ കൂടി നിർണയിക്കും. നിലവിൽ ഒന്നാം നമ്പർകാരനായ റാഫേൽ നദാൽ തന്റെ പ്രഥമ എ. ടി. പി ടൂർ ഫൈനൽസ് കിരീടം ആണ് ലണ്ടനിൽ ലക്ഷ്യം വക്കുക. പരിക്ക് അലട്ടുന്നു എങ്കിലും പരിശീലനം തുടങ്ങിയ നദാൽ ലണ്ടനിൽ ഇറങ്ങും എന്നു തന്നെയാണ് സൂചന. 4 താരങ്ങൾ അടങ്ങുന്ന ഇരു ഗ്രൂപ്പുകളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. മികച്ച 2 താരങ്ങൾ ഇരു ഗ്രൂപ്പിലും ആയി സെമിഫൈനലിലേക്ക് മുന്നേറും.

8 രാജ്യങ്ങളും 8 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു, 4 താരങ്ങൾ 23 വയസ്സിന് താഴെയുള്ളവർ ആണ് തുടങ്ങിയ പ്രത്യേകതകൾ ഇത്തവണത്തെ ടൂർണമെന്റിനു ഉണ്ട്. ഇതിഹാസതാരങ്ങൾ ആയ ബോർഗ്ഗ്, ആന്ദ്ര അഗാസി എന്നിവരുടെ പേരിൽ ആണ് ഗ്രൂപ്പുകൾ. സ്പാനിഷ് ഇതിഹാസം നദാൽ, റഷ്യയുടെ പുതിയ ടെന്നീസ് സൂപ്പർ സ്റ്റാർ ആയ ലോക നാലാം നമ്പർ താരം ഡാനിൽ മെദ്വദേവ്, ഗ്രീസിന്റെ സ്റ്റെഫാനോസ് സ്റ്റിസിപാസ്, കഴിഞ്ഞ വർഷത്തെ ജേതാവ് ജർമ്മനിയുടെ അലക്‌സാണ്ടർ സെവർവ്വ് എന്നിവർ അഗാസി ഗ്രൂപ്പിൽ ഉൾപ്പെടുമ്പോൾ മുൻ ജേതാക്കൾ ആയ സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ച് സ്വിസ് മാന്ത്രികൻ റോജർ ഫെഡറർ എന്നിവർക്ക് ഒപ്പം ഓസ്ട്രിയയുടെ ഡൊമനിക് തീം ഇറ്റലിയുടെ മറ്റെയോ ബരേറ്റിനി എന്നിവർ ബോർഗ്ഗ് ഗ്രൂപ്പിൽ അണിനിരക്കും. സീസൺ അവസാനം മികച്ച പോരാട്ടങ്ങൾക്ക് ആവും ലണ്ടൻ വേദിയാവുക. വരുന്ന ഞായറാഴ്ച ജ്യോക്കോവിച്ച് ബരേറ്റിനിയെ നേരിടുമ്പോൾ ഫെഡറർ തീമിനെ അന്ന് തന്നെ നേരിടും. തിങ്കളാഴ്ച സ്റ്റിസിപാസും മെദ്വദേവും മുഖാമുഖം വരുമ്പോൾ നദാൽ സെവർവ്വിനെ നേരിടും.