മരിയ ഷറപ്പോവ ടെന്നീസിനോട് വിട പറഞ്ഞു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു കാലഘട്ടത്തിൽ ടെന്നീസ് എന്നാൽ മരിയ ഷറപ്പോവ മാത്രം എന്നു അറിഞ്ഞിരുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ടെന്നീസിനപ്പുറം അസാധ്യമായ ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു അതിനു ഒരു വലിയ കാരണം. അതിനാൽ തന്നെ കളിക്കളത്തിൽ എന്ന പോലെ ലോകത്തിലെ ഏറ്റവും വില കൂടിയ മോഡൽമാരിൽ ഒരാൾ ആയും ഷറപ്പോവ തിളങ്ങി. എന്നാൽ ഒരിക്കലും ഒരു അന്ന കൂർണികോവ അല്ലായിരുന്നു ഷറപ്പോവ, സൗന്ദര്യത്തിന് ഒപ്പം കളിമികവും അവർക്ക് എന്നും കൂട്ടായി ഉണ്ടായിരുന്നു. 5 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ഷറപ്പോവ ലോക ഒന്നാം നമ്പർ പദവിയിലും എത്തി. കൂടാതെ ഏറ്റവും പ്രതിഫലം പറ്റുന്ന കായിക താരം ആയും ഷറപ്പോവ ഏറെ കാലം തുടർന്നു. നിലവിൽ പരിക്കുകൾ വലക്കുന്ന ലോക 373 റാങ്ക്കാരിയായ ഷറപ്പോവ 32 വയസ്സിൽ ആണ് ടെന്നീസ് കളി അവസാനിപ്പിക്കുന്നത്.

വാനിറ്റി ഫെയറിൽ എഴുതിയ വികാരപരമായ ലേഖനത്തിൽ എന്നോട് മാപ്പ് നൽകുക, ഞാൻ ടെന്നീസിനോട് വിട പറയുകയാണ് എന്നു കുറിച്ചാണ് തന്റെ വിടവാങ്ങൽ ഷറപ്പോവ ലോകത്തെ അറിയിച്ചത്. 2006 മുതൽ 2012 വരെ 4 ഗ്രാന്റ് സ്‌ലാം കിരീടങ്ങളിലും റഷ്യൻ താരം മുത്തമിട്ടിരുന്നു. 2006 ൽ വെറും 17 മത്തെ വയസ്സിൽ സെറീന വില്യംസിനെ തോൽപ്പിച്ചു വിംബിൾഡൺ കിരീടം ഉയർത്തിയ ഷറപ്പോവ 2014 ൽ രണ്ടാം വിംബിൾഡൺ കിരീടവും ഉയർത്തിയിരുന്നു. കരിയറിൽ 5 ഗ്രാന്റ് സ്‌ലാമുകൾക്ക് ഒപ്പം 36 കിരീടങ്ങൾ ആണ് ഷറപ്പോവയുടെ നേട്ടങ്ങൾ. കൂടാതെ 2005, 2007, 2008, 2012 വർഷങ്ങളിൽ വർഷാവസാനം ലോക ഒന്നാം റാങ്കിൽ അവസാനിപ്പിക്കാനും ഷറപ്പോവക്ക് ആയി.

എന്നാൽ 2016 മാർച്ചിൽ ഉദ്ധേജക മരുന്ന് ഉപയോഗിച്ചതിൽ പിടിക്കപ്പെട്ട ഷറപ്പോവക്ക് 15 മാസത്തോളം ആണ് വിലക്ക് നേരിടേണ്ടി വന്നത്. തന്റെ കരിയറിൽ വലിയ കളങ്കമായ ഈ സംഭവത്തിനു ശേഷം കളത്തിൽ തിരിച്ചു വന്നു ആദ്യ 30 റാങ്കിൽ എത്തുന്ന ഷറപ്പോവയെയും പിന്നീട് കണ്ടു. എന്നാൽ തുടർന്ന് തുടർച്ചയായ പരിക്കുകൾ ഷറപ്പോവയെ വിടാതെ പിന്തുടർന്നു. കഴിഞ്ഞ വർഷം തോളിനു ഏറ്റ പരിക്കിന്‌ ശസ്ത്രക്രിയക്ക് വിധേയമാവേണ്ടിയും വന്നു ഷറപ്പോവക്ക്. ഈ കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിൽ അടക്കം കളത്തിൽ ഇറങ്ങിയെങ്കിലും പഴയ ഷറപ്പോവയുടെ നിഴൽ മാത്രമെ ടെന്നീസ് കളത്തിൽ കാണാൻ സാധിച്ചിട്ടുള്ളൂ. കരിയറിനോട് പൂർണമായും നീതി പുലത്തിയോ എന്ന ചോദ്യം അവശേഷിക്കുമ്പോഴും മരിയ ഷറപ്പോവ ലോകത്തിനു സമ്മാനിച്ചത് ആരാധിക്കാൻ ഒരു വിഗ്രഹത്തെ തന്നെയായിരുന്നു. കളി മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ലോകത്തെ കീഴടക്കിയ ഷറപ്പോവ വിരമിക്കൽ ജീവിതത്തിലും തിളങ്ങി നിൽക്കട്ടെ എന്നാശംസിക്കുന്നു.