ഫൗൾ കളിക്കുന്ന സ്പോർട്സ് അധികാരികൾ

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ തണുപ്പത്ത്, ഒരു കൂട്ടം അത്‌ലറ്റുകൾ സമരത്തിലാണ്. ഇന്ത്യക്ക് വേണ്ടി ലോക കായിക മേളകളിൽ ഒട്ടനവധി തവണ മെഡൽ വാങ്ങിയവരും, ദേശീയ ടീമിൽ വളർന്നു വരുന്നവരുമായ ഗുസ്തി താരങ്ങളാണ് തങ്ങൾക്ക് നേരെ അധികാരികളിൽ നിന്നും കോച്ചിങ് സ്റ്റാഫിൽ നിന്നും ഉണ്ടായ ലൈംഗിക ആക്രമണ ഉൾപ്പടെയുള്ള പരാതികൾ ഉയർത്തി ജന്ദർ മന്ദറിൽ നാല് ദിവസമായി സമരത്തിൽ പങ്കെടുക്കുന്നത്.

സർക്കാരിന്റെ മൂക്കിന് താഴെ നടക്കുന്ന ഈ സമരത്തെ ആദ്യ ദിവസങ്ങളിൽ അവർ കണ്ടില്ലെന്നു നടിച്ചില്ലെങ്കിലും, പിന്നീട് പ്രസ്താവനകൾ വന്നു. പക്ഷെ നടപടികൾ മാത്രം ഉണ്ടായില്ല. കാരണം, ഗുസ്തി ഫെഡറേഷന്റെ തലപ്പത്തു ഒരു ഭരണകക്ഷി എംപിയാണുള്ളത്. അയാൾ ഇതിന് മുൻപ് പരസ്യമായി ഒരു ഗുസ്തി താരത്തെ ആക്രമിച്ചിട്ടും നടപടിയുണ്ടായിട്ടില്ല എന്ന് ഓർക്കണം.

ഇന്ത്യൻ സ്പോർട്സ് നടത്തിപ്പിന്റെ ഒരു നേർക്കാഴ്ചയാണ് കഴിഞ്ഞ നാല് ദിവസത്തെ സംഭവങ്ങൾ. ഈ വാർത്തകൾ കണ്ടിട്ട് സാധാരണ ജനങ്ങൾക്ക് ഒരു അത്ഭുതവും തോന്നുന്നില്ല എന്ന ഒരൊറ്റ കാര്യം മതി നമ്മുടെ രാജ്യത്ത് എന്ത് കൊണ്ട് സ്പോർട്സ് രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കാൻ. പീഡന പരാതികൾ, ജീവഹാനി ഉയർത്തിയുള്ള ഭീഷണികൾ ഒക്കെ മാധ്യമങ്ങളിൽ വാർത്തയായിട്ടും, അധികാരികൾ ഒരാളെ പോലും അന്വേഷണവിധേയമായി പോലും മാറ്റി നിറുത്താൻ മെനക്കെട്ടിട്ടില്ല. ഈ സമരം താനേ അടങ്ങിക്കോളും എന്ന ചിന്തയിലാണ് സർക്കാർ. എന്നാൽ നാലാം നാൾ തങ്ങളെ കണ്ട പത്രക്കാരോട് അത്‌ലറ്റുകൾ പറഞ്ഞത്, തങ്ങൾ ഒരടി പോലും പിന്നോട്ടില്ല എന്നാണ്.

എന്ത് കൊണ്ടാണ് സ്പോർട്സ് രംഗത്തെ ഭരണാധികാരികൾ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന ഈ ചെറുപ്പക്കാരോട് കാലാകാലങ്ങളായി ഇത്തരത്തിൽ പെരുമാറുന്നത്? അത്‌ലറ്റുകളെ അടിമകളെ പോലെ കണ്ടു, തങ്ങളുടെ ഔദാര്യത്തിൽ കഴിയുന്നവരായി കണക്കാക്കി, മനുഷ്യാവകാശങ്ങൾ ലംഘിച്ചു നടത്തുന്ന ഈ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മേഖലയിൽ ഭരണ സംവിധാനത്തിന് ശക്തമായ ചട്ടക്കൂടുകൾ ഉണ്ടാക്കി, പരാതി പരിഹാര സെല്ലുകൾ എല്ലാ കായിക മേഖലയിലും കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. ഇതിനു വേണ്ടി വന്നാൽ റിട്ടയേർഡ് ജഡ്ജിമാരെ തന്നെ നിയമിക്കണം. സ്പോർട്സ് മേഖലയിൽ സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ നിശ്ചിത കാലത്തേക്ക് മാത്രമായി അധികാരികളെ നിയമിക്കുക. നമ്മുടെ യുവതലമുറ ലോക നിലവാരത്തിൽ പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ളവരാണ്, പക്ഷെ അതിനു അവരെ അതിൽ നിന്നും തടയുന്നത് അധികാര വർഗ്ഗം മാത്രമാണ്. ഇത് മാറേണ്ടിയിരിക്കുന്നു. ഗുസ്തി താരങ്ങളുടെ ഈ സമരം അവരുടെ മാത്രമല്ല, രാജ്യത്തെ എല്ലാ സ്പോർട്സ് മേഖലയിലും ഒരു പൊളിച്ചെഴുത്തിന് തുടക്കമിടട്ടെ എന്ന് നമുക്ക് ആശിക്കാം.

ഗുസ്തിയിലെ സ്വര്‍ണ്ണ നേട്ടം ആറായി, ഇന്ത്യ – പാക് പോരാട്ടത്തിൽ വിജയം കുറിച്ച് നവീന്‍

ഗുസ്തിയിൽ നിന്ന് ആറാം സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ നവീന്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഷരീഫ് താഹിറിനെ 9-0 എന്ന സ്കോറിനാണ് പാക് താരത്തെ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ സ്വര്‍ണ്ണ മെഡൽ മത്സരത്തിൽ പരാജയപ്പെട്ടത്.

ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം പന്ത്രണ്ടായി ഉയര്‍ന്നുോ. ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 34 ആയി ഉയര്‍ന്നു. ഇന്നലെ ഗുസ്തിയിൽ നിന്ന് ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ ഇന്നും സ്വര്‍ണ്ണ നേട്ടം മൂന്നായിരുന്നു.

ഗുസ്തിയിൽ മൂന്നാം സ്വര്‍ണ്ണം, പാക്കിസ്ഥാന്‍ താരത്തെ വീഴ്ത്തി ദീപക് പൂനിയ

86 കിലോ പുരുഷന്മാരുടെ ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് സ്വര്‍ണ്ണ മെഡൽ. 3-0 എന്ന സ്കോറിനാണ് ദീപക് പൂനിയയുടെ വിജയം. പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെതിരെ ആയിരുന്നു ദീപക് പൂനിയ ഇന്ന് മത്സരിക്കാനിറങ്ങിയത്.

ഇന്ന് ഗുസ്തിയിൽ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണ്ണ മെഡലാണ് ഇത്. സാക്ഷി മാലികും ബജ്രംഗ് പൂനിയയുമാണ് മറ്റു താരങ്ങള്‍.

നാല് പോയിന്റ് പിന്നിൽ നിന്ന ശേഷം സ്വര്‍ണ്ണവുമായി സാക്ഷി, താരത്തിന്റെ ആദ്യ കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി മാലികിന് ആദ്യ പകുതിയിൽ കാലിടറിയെന്ന് ഏവരും കരുതിയ നിമിഷത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി സ്വര്‍ണ്ണം നേടി ഇന്ത്യന്‍ താരം. പോയിന്റ് നിലയിൽ ഇരു താരങ്ങളും നാല് പോയിന്റാണ് നേടിയതെങ്കിലും വിക്ടറി ബൈ ഫോള്‍ സാക്ഷിയ്ക്കായിരുന്നു. 2014ൽ വെള്ളിയും 2018ൽ വെങ്കലവും നേടിയ സാക്ഷിയുടെ ഇത് ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണമാണ്.

ഇന്ന് 62 കിലോ വിഭാഗം മത്സരത്തിൽ കാനഡയുടെ ഗോഡിനെസ് ഗോൺസാലസിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 0-4ന് സാക്ഷി പിന്നിലായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സാക്ഷി എതിരാളിയെ പിന്‍ ചെയ്ത് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഗുസ്തിയിൽ നിന്ന് ഇന്ത്യ രണ്ടാം സ്വര്‍ണ്ണമാണ് ഇന്ന് നേടിയത്.

സ്വര്‍ണ്ണ പ്രതീക്ഷകളുമായി നാല് ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങളായ ദീപക് പൂനിയ(86 കിലോ), ബജ്രംഗ് പൂനിയ(65 കിലോ), സാക്ഷി മാലിക്(62 കിലോ), അന്‍ഷു മാലിക്(57കിലോ) എന്നിവര്‍ കോമൺവെൽത്ത് ഗെയിംസ് ഗുസ്തി മത്സരങ്ങളുടെ ഫൈനലില്‍ കടന്നു.

അതേ സമയം മോഹിത് ഗ്രേവാൽ സെമി ഫൈനലില്‍ പരാജയപ്പെട്ടു. ഇന്ന് അദ്ദേഹം വെങ്കല മെഡൽ പോരാട്ടത്തിനായി അല്പ സമയം കഴിഞ്ഞ് ഇറങ്ങും.

വെങ്കല നേട്ടവുമായി ബജ്രംഗ് പൂനിയ, ആധികാരിക വിജയത്തോടെ ഇന്ത്യയുടെ ആറാം മെഡൽ

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ബജ്രംഗ് പൂനിയ. ഇന്ന് നടന്ന വെങ്കല മെഡൽ മത്സരത്തിൽ പൂനിയ 8-0ന് ആണ് വിജയം നേടിയത്. ഗുസ്തിയിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്.

രണ്ടും മൂന്നും സീഡുകളുടെ പോരാട്ടമായിരുന്നു ഇന്ന് വെങ്കല മെഡൽ മത്സരങ്ങളിൽ രണ്ടാമത്തേതിൽ കണ്ടത്. ഇന്ത്യയുടെ ബജ്രംഗ് പൂനിയ രണ്ടാം സീഡായിരുന്നു. കസാക്കിസ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ആണ് ബജ്രംഗ് പൂനിയ മത്സരിക്കുവാനിറങ്ങിയത്.

ആദ്യ പിരീഡിൽ ഇന്ത്യന്‍ താരം 2-0ന് മുന്നിലായിരുന്നു. രണ്ടാം പിരീഡിൽ കൂടുതൽ ആധിപത്യത്തോടെ ബജ്രംഗ് കളത്തിലിറങ്ങിയപ്പോള്‍ ആറ് പോയിന്റും കൂടി നേടി 8-0ന്റെ വിജയം ആണ് ഇന്ത്യന്‍ താരം കരസ്ഥമാക്കിയത്.

ഹംഗറിയെ പരാജയപ്പെടുത്തി റഷ്യയുടെ റാഷിദോവ് ഗാദ്സിമുറാദ് ആയിരുന്നു മറ്റൊരു വെങ്കല മെഡൽ ജേതാവ്.

വിനേഷിന് നിരാശ, ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ച് ബെലാറസ് താരം സെമിയിൽ

ബെലാറസിന്റെ വനേസ കാലാഡ്സിന്‍സകായയ്ക്കെതിരെയുള്ള 53 കിലോ വിഭാഗം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യന്‍ താരത്തെ പിന്‍ ചെയ്താണ് ബെലാറസ് താരം വിജയം നേടിയത്. 3-9 എന്ന നിലയിൽ ഇന്ത്യ പിന്നിൽ നില്‍ക്കുമ്പോള്‍ ആണ് ബെലാറസ് താരം ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ചത്. ഒന്നാം സീഡായിരുന്നു ഇന്ത്യയുടെ വിനേഷ് ഫോഗട്ട്.

ആദ്യ പിരീഡിൽ വിനേഷ് 2-5ന് പിന്നിലായിരുന്നു. രണ്ടാം പിരീഡിൽ മികച്ച പ്രതിരോധം കാഴ്ചവെച്ച ബെലാറസ് താരത്തിനെതിരെ പോയിന്റ് നേടുവാന്‍ ഇന്ത്യ പാടുപെട്ടപ്പോള്‍ 7-2ന് ലീഡ് ബെലാറസ് നേടി. എന്നാൽ അത് ചലഞ്ചിലൂടെ 3-5ന് ഇന്ത്യയ്ക്ക് അനുകൂലമാക്കുവാന്‍ സാധിച്ചുവെങ്കിലും വിനേഷിനെക്കാള്‍ മേല്‍ക്കൈ നേടിയ ബെലാറസ് താരം വീണ്ടും 7-3ന്റെ ലീഡ് നേടി.

തിരിച്ചുവരവിനൊരുങ്ങിയ ഇന്ത്യന്‍ താരത്തെ പിന്‍ ചെയ്ത് ബെലാറസ് താരം വിജയം കുറിച്ചു. ബെലാറസ് താരം ഇനി ഫൈനലിലെത്തിയാൽ വിനേഷിന് റെപ്പാഷെ റൗണ്ടിലേക്ക് യോഗ്യത നേടാനാകും.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 20 മെഡലുമായി ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിച്ചപ്പോള്‍ 20 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. 5 സ്വര്‍ണ്ണവും 6 വെള്ളിയും 9 വെങ്കലവും അടക്കമാണ് ഇന്ത്യയുടെ 20 മെഡലുകള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യ എട്ടാം സ്ഥാനത്താണ് എത്തിയത്. അന്ന് 16 മെ‍ഡലുകളായിരുന്നു ഇന്ത്യയുടെ സംഭാവന.

ആ സീസണില്‍ ഒരു സ്വര്‍ണ്ണം മാത്രമാണ് ഇന്ത്യ നേടിയത്. വെള്ളി മെഡലും വെങ്കല മെഡലും ഇത്തവണത്തേതിന് തുല്യമായിരുന്നു.

വിനേഷ് പോഗട്ടിനു സ്വര്‍ണ്ണം

50 കിലോ വനിത ഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ വിനേഷ് പോഗട്ട്. ജപ്പാന്‍ താരത്തിനെതിരെ 4-2 എന്ന സ്കോറിനു ഫൈനലില്‍ ജയിച്ചാണ് വിനേഷിന്റെ സ്വര്‍ണ്ണ നേട്ടം. ഇത് ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണമാണ്. ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത താരവും വിനേഷ് ആണ്.

ജപ്പാന്റെ യൂക്കി ഇറിയായിരുന്നു ഫൈനലിലെ എതിരാളി. ഇന്ത്യയ്ക്ക് 2 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് നിലവിലുള്ളത്.

Exit mobile version