വനിത ഐപിഎൽ ലേലം നീട്ടി വയ്ക്കുമെന്ന് സൂചന

ഫെബ്രുവരി ആദ്യ വാരം നടക്കാനിരുന്ന വനിത പ്രീമിയര്‍ ലീഗ് (WPL) ലേലം നീട്ടി വയ്ക്കും. ഫെബ്രുവരി 11 അല്ലെങ്കിൽ ഫെബ്രുവരി 13ന് ആവും നടക്കുക എന്നാണ് അറിയുന്നത്. ദുബായിയിലെ ഐഎൽടി20 ലീഗ് കഴിഞ്ഞ ശേഷം നടത്തുവാനാണ് ഇപ്പോളത്തെ തീരുമാനം.

ഐഎൽടി20യിൽ ഐപിഎൽ ഉടമസ്ഥരായ 4 ടീമുകളുണ്ട്. അതിനാൽ തന്നെ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കിയ ശേഷം ലേലം നടത്തണമെന്നാണ് ഫ്രാഞ്ചൈസികുളുടെ ആവശ്യം. ഫെബ്രുവരി 12ന് ആണ് ഫൈനൽ മത്സരം.

“WPL വരുന്നതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് നിരവധി ടാലന്റുകളെ കണ്ടെത്തും”

യുവാക്കളും കഴിവുറ്റവരുമായ നിരവധി ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിന് വനിതാ പ്രീമിയർ ലീഗ് ഇന്ത്യയെ സഹായിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. WPL ന്റെ ഉദ്ഘാടന സീസൺ മാർച്ചിൽ ആരംഭിക്കാാൻ ഇരിക്കുകയാണ്. പുരുഷ ക്രിക്കറ്റിലും ഐപിഎല്ലിലും നമ്മൾ മുമ്പ് കണ്ടതുപോലെ, ഡബ്ല്യുപിഎൽ കാരണം യുവ പ്രതിഭകളുടെ വരവ് വർദ്ധിപ്പിക്കുമെന്ന് ഹർമൻപ്രീത് പറഞ്ഞു.

ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റുകൾ തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഇതുകൊണ്ടാകും. ഒരു യുവതാരത്തിന് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് നേരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക എളുപ്പമല്ല. WPL വരുന്നതോടെ യുവ പ്രതിഭകൾക്ക് വലിയ വേദിയിൽ പരിചയസമ്പത്ത് കിട്ടും. മികച്ച താരങ്ങൾക്ക് ഒപ്പം കളിക്കാനും പറ്റും. WPLൽ കളിച്ചാൽ കളിക്കാർക്ക് രാജ്യാന്തര ക്രിക്കറ്റിന് തയ്യാറാണെന്ന് തോന്നിത്തുടങ്ങും എന്നും ഹർമൻപ്രീത് കൂട്ടിച്ചേർത്തു.

മിതാലി രാജ് ഗുജറാത്ത് ജയന്റ്സിനൊപ്പം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് പുതിയ വനിതാ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ഗുജറാത്ത് ജയന്റ്സിനൊപ്പം ചേർന്നു. വരാനിരിക്കുന്ന വിമൺസ് പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ മെന്റർ ആയാണ് മിതാലി രാജ് ചേർന്നത്. നേരത്തെ മിതാലി വിരമിക്കൽ പിൻവലിച്ച് WPL കളിക്കാൻ വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു‌. ഈ പുതിയ വാർത്ത അത്തരം അഭ്യൂഹങ്ങൾ അവസാനിപ്പിക്കും.

മിതാലി രാജിനെ നിയമിച്ചതിൽ സന്തോഷം ഉണ്ടെന്ന് ഫ്രാഞ്ചൈസി ഉടമകളായ അദാനി സ്‌പോർട്‌സ് അറിയിച്ചു. ഇന്ത്യക്കായി 89 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള മിതാലി 37.52 ശരാശരിയിൽ 2,364 റൺസ് നേടിയിട്ടുണ്ട്. 2019ൽ ഇംഗ്ലണ്ടിനെതിരെ ആണ് അവസാനമായി മിതാലി രാജ് ടി20യിൽ കളിച്ചത്. 2022 ജൂണിൽ ആയിരുന്നു ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

വിമൻസ് പ്രീമിയർ ലീഗ് (WPL) മാർച്ച് 4 മുതൽ, ഐ പി എല്ലിന് മുമ്പ് അവസാനിക്കും

വിമൻസ് പ്രീമിയർ ലീഗിന്റെ (WPL) ഉദ്ഘാടന സീസൺ മാർച്ച് 4 മുതൽ നടക്കുമെന്ന് ESPNcriinfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഐ പി എൽ സീസൺ ആരംഭിക്കും മുമ്പ് WPL അവസാനിക്കേണ്ടതുണ്ട് എന്നതാണ് അധികൃതർ ലീഗ് ഇങ്ങനെ പ്ലാൻ ചെയ്യുന്നത്. ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനു പിന്നാലെ ആകും WPL ആരംഭിക്കുക.

IPL നടക്കുന്ന ചില ഗ്രൗണ്ടുകൾ WPL മത്സരങ്ങൾക്കും വേദിയാകുന്നുണ്ട്. ഇതാണ് ഐ പി എല്ലിന് ഒരാഴ്ച മുമ്പ് എങ്കിലും WPL പൂർത്തിയാക്കാൻ ബി സി സി ഐ ശ്രമിക്കുന്നത്. WPLനായുള്ള കളിക്കാരുടെ ലേലം മിക്കവാറും ഫെബ്രുവരി ആദ്യവാരം നടക്കും. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവയുടെ ഉടമകളും അദാനി ഗ്രൂപ്പും കാപ്രി ഹോൾഡിംഗ്‌സും WPL ടീമുകളെ സ്വന്തമാക്കിയിരുന്നു.

വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ്, ഫ്രാഞ്ചൈസികൾ വിറ്റു പോയത് 4669 കോടിക്ക്!!

2008-ൽ പുരുഷ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) വന്നപ്പോൾ വന്നതിനേക്കാൾ വലിയ തുകയ്ക്ക് ആണ് വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകൾക്ക് ആയുള്ള ആദ്യ ബിഡ് പൂർത്തിയാക്കിയത് എന്ന് ബി സി സി ഐ അറിയിച്ചു. അഞ്ച് ടീമുകൾക്ക് ആയി മൊത്തം ബിഡ് മൂല്യം 4,669 കോടി രൂപ ആണെന്നും ബി സി സി ഐ ഇന്ന് വ്യക്തമാക്കി. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡൽഹി, ലഖ്‌നൗ എന്നീ ഫ്രാഞ്ചൈസികൾ ആണ് ഉദ്ഘാടന വനിതാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങൾ.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് 1289 കോടി രൂപയായിരുന്നു ഏറ്റവും ഉയർന്ന ലേലം ലഭിച്ചത്. ഇന്ത്യവിൻ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 912.99 കോടി രൂപയ്ക്കാണ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ബംഗളൂരുവിലെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയൽ ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പിൽ 901 കോടി രൂപ ചെലവഴിച്ച് നഗരത്തിനായുള്ള ബിഡ് നേടി. പുരുഷ ടൂർണമെന്റിലെ ക്യാപിറ്റൽസ് ടീമിന്റെ ഉടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഡൽഹി ഫ്രാഞ്ചൈസിക്കായി 810 കോടി രൂപയ്ക്ക് ബിഡ് ചെയ്തു, ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ 757 കോടി രൂപ ചെലവഴിച്ച് കാപ്രി ഗ്ലോബലും ലീഗിന്റെ ഭാഗമായി. .

Exit mobile version