ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള താരങ്ങളെയും വലിയൊരു സംഘം റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ച് വിന്‍ഡീസ്

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് വിന്‍ഡീസ് സ്ക്വാഡ്. കൊറോണയുടെ വിപത്തിനെ മുന്നില്‍ കണ്ട് പത്തിലധികം വരുന്ന റിസര്‍വ് താരങ്ങളുടെ പട്ടികയും ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി എത്തുന്ന ഷാനണ്‍ ഗബ്രിയേലിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്ളത്. ജൂലൈ എട്ടിന് ആദ്യ ടെസ്റ്റ് ആരംഭിക്കുമെന്നാണ് ഇപ്പോളത്തെ തീരുമാനം.

14 അംഗ പ്രധാന സ്ക്വാഡിനെയും 11 അംഗ റിസര്‍വ് സ്ക്വാഡിനെയും ആണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കീമോ പോള്‍ എന്നിവര്‍ പരമ്പരയില്‍ പങ്കെടുക്കുവാനില്ലെന്ന് അറിയിച്ചിരുന്നു. ഇവരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നാണ് ബോര്‍ഡ് അറിയിച്ചത്. യുവ താരം ചെമര്‍ ഹോള്‍ഡറിനെ വിന്‍ഡീസ് പ്രധാന സ്ക്വാഡല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയ്മന്‍ റീഫര്‍, ക്രുമാഹ ബോണര്‍, ജെര്‍മൈന്‍ ബ്ലാക്ക്വുഡ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റുള്ളവര്‍.

പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരങ്ങള്‍ക്കെതിരെ ഭാവി തിരഞ്ഞെടുപ്പുകളില്‍ യാതൊരുവിധ എതിര്‍പ്പുകളും ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ചെമര്‍ ഹോള്‍ഡര്‍ ആഭ്യന്ത്ര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ്. റീഫര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം 2017ല്‍ ന്യൂസിലാണ്ടിനെതിരെ നടത്തിയ ശേഷം ഇപ്പോളാണ് മടങ്ങിയെത്തുന്നത്.

ടെസ്റ്റ് സ്ക്വാഡ്: Jason Holder (c), Jermaine Blackwood, Nkrumah Bonner, Kraigg Brathwaite, Shamarh Brooks, John Campbell, Roston Chase, Rakheem Cornwall, Shane Dowrich, Chemar Holder, Shai Hope, Alzarri Joseph, Raymon Reifer and Kemar Roach

റിസര്‍വ് താരങ്ങള്‍: Sunil Ambris, Joshua da Silva, Shannon Gabriel, Keon Harding, Kyle Mayers, Preston McSween, Marquino Mindley, Shane Moseley, Anderson Phillip, Oshane Thomas, Jomel Warrican

ഈ പരമ്പര ക്രിസ്തുമസ് പോലെ ഉറ്റുനോക്കുന്ന ഒന്ന് – ജോ റൂട്ട്

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ക്രിസ്തുമസിനെ ഉറ്റുനോക്കുന്ന പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണെന്ന് പറഞ്ഞ് ജോ റൂട്ട്. വളരെ പ്രയാസമേറിയ കാലത്തിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റിനായുള്ള ആകാംക്ഷ ഏറെയാണെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ഞങ്ങള്‍ ക്രിസ്തുമസ് കാലത്തെ കാത്തിരിക്കുന്ന അതേ ആകാംക്ഷയിലാണിപ്പോളുള്ളതെന്നും ജോ റൂട്ട് വ്യക്തമാക്കി.

ഒട്ടേറെ മാറ്റങ്ങളുണ്ടാകാം അതിന്റെ അമ്പരപ്പുണ്ട്, എന്നാല്‍ വീണ്ടും കളത്തിലിറങ്ങാമെന്ന് ആവേശവും ഒപ്പമുണ്ടെന്ന് റൂട്ട് വ്യക്തമാക്കി. കുറെ നാള്‍ക്ക് ശേഷം കളിക്കുന്നതിന്റെ പ്രശ്നങ്ങളുണ്ടാകും എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് വീണ്ടും വേദിയൊരുങ്ങുന്നു എന്നത് ആവേശഭരിതമായ കാര്യം തന്നെയാണെന്നും ലോകോത്തര താരങ്ങള്‍ക്കെതിരെ കളിക്കുവാനുള്ള അവസരമാണിതെന്നും ജോ റൂട്ട് വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നല്‍കി വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ്

ഇംഗ്ലണ്ടിലേക്കുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ജൂലൈയിലെ പര്യടനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ്. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ടെലികോണ്‍ഫറന്‍സില്‍ ആണ് തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.

ഇംഗ്ലണ്ട് ബോര്‍ഡുമായുള്ള ചര്‍ച്ചകളില്‍ മത്സരാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുന്നതായുള്ള ബോധ്യം വന്നതോടെയാണ് വിന്‍ഡീസ് ബോര്‍ഡിന്റെ ഈ നീക്കം. പര്യടനത്തില്‍ താരങ്ങള്‍ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.

എല്ലാ മത്സരങ്ങളും അടച്ചിട്ട് സ്റ്റേഡിയത്തിലാവും നടക്കുകയെന്നും ഇനി വേണ്ടത് യാത്ര സൗകര്യങ്ങള്‍ക്കായി കരീബിയന്‍ സര്‍ക്കാരുകളുടെ അനുമതി തേടുകയെന്നതാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടന്നാല്‍ ജൂണ്‍ 9ന് ഇംഗ്ലണ്ടില്‍ വിന്‍ഡീസ് ടീം എത്തി ജൂലൈയില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനവും തയ്യാറെടുപ്പുകളും ആരംഭിക്കുമെന്നാണ് അറിയുന്നത്.

മേയ് 28ന് ചേരുന്ന ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇംഗ്ലണ്ട് പരമ്പരയുടെ കൂടുതല്‍ വിവരങ്ങള്‍

ഇംഗ്ലണ്ട് സന്ദര്‍ശിക്കുവാന്‍ വിന്‍ഡീസ് ടീം തയ്യാറെടുക്കുന്നതിനിടെ പരമ്പര ജൂലൈയില്‍ തന്നെ നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് വിന്‍ഡീസ് ബോര്‍ഡ്. ഈ വരുന്ന മേയ് 28് നടക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ടെലി കോണ്‍ഫറന്‍സില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് വിന്‍ഡീസ് ബോര്‍ഡ് സിഇഒ ജോണി ഗ്രേവ് വ്യക്തമാക്കി.

ജൂണ്‍ ആദ്യമാകുമ്പോള്‍ തന്നെ പരമ്പരയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. താരങ്ങളുടെ തിരഞ്ഞെടുക്കലും ഫ്ലൈറ്റുകളുടെ ചാര്‍ട്ടിംഗ് പോലുള്ള കാര്യങ്ങളില്‍ തീരുമാനിക്കുവാന്‍ ഈ മീറ്റിംഗിന് ശേഷം ബോര്‍ഡിന് വേഗത്തില്‍ സാധിക്കുമെന്നും ജോണി വ്യക്തമാക്കി.

താരങ്ങള്‍ക്ക് പരിശീലനം ആരംഭിക്കുവാനായി എന്നത് തന്നെ വലിയ ഒരു വാര്‍ത്തയാണ്. ഇത്രയും നാള്‍ വീട്ടില്‍ ഫിറ്റ്നെസ്സ് കാര്യങ്ങളില്‍ മാത്രമാണ് അവര്‍ക്ക് ശ്രദ്ധിക്കാനായത്. ഇപ്പോള്‍ ചെറിയ തോതിലെങ്കിലും പൂര്‍ണ്ണമായ പരിശീലനത്തിലേര്‍പ്പെടുവാന്‍ താരങ്ങള്‍ക്കായിട്ടുണ്ടെന്നത് വളരെ മികച്ച കാര്യമാണെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.

ബയോ സുരക്ഷിതമായ അന്തരീക്ഷവും മറ്റും തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ഇംഗ്ലണ്ട് ബോര്‍ഡും സര്‍ക്കാരും വരുത്തിയ പുരോഗതി ബോര്‍ഡില്‍ നിന്ന് അറിയുവാന്‍ സാധിക്കുന്നുണ്ടെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.

ഗബ്രിയേലിന്റെ മടങ്ങി വരവ് വിന്‍ഡീസ് ബൗളിംഗ് നിരയെ കരുത്തരാക്കും

പരിക്കിന് ശേഷം റീഹാബ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എത്തുന്ന ഷാനണ്‍ ഗബ്രിയേലിന്റെ മടങ്ങി വരവ് ടീമിന്റെ ബൗളിംഗിന് കരുത്തേകുമെന്ന് പറഞ്ഞ് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന താരം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്ന്.

താരം തിരികെ എത്തുന്നു എന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി. ആരോഗ്യവാനായി താരം തിരികെ എത്തുന്നു എന്ന വാര്‍ത്ത ആഹ്ലാദകരമാണ്. ബൗളിംഗ് ചെയ്യുമ്പോള്‍ അത്ര കണ്ട് അതില്‍ മുഴുകുന്ന താരമാണ് ഗബ്രിയേല്‍ എന്നും ഹോള്‍ഡര്‍ വ്യക്തമാക്കി. വളരെ അധികം വേദന കടിച്ചമര്‍ത്തി താരം ടീമിന് വേണ്ടി പലപ്പോഴും പന്തെറിയുന്നത് താന്‍ കണ്ടിട്ടുണ്ട്, ഇനി അതുണ്ടാവില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് സന്ദര്‍ശിക്കുവാന്‍ വിന്‍ഡീസ് താരങ്ങളെ നിര്‍ബന്ധിക്കില്ല

ഇംഗ്ലണ്ട് പര്യടനത്തിനായി വിന്‍ഡീസ് താരങ്ങളെ നിര്‍ബന്ധിക്കില്ല എന്ന് വ്യക്തമക്കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് സിഇഒ ജോണി ഗ്രേവ്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 4നാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര അരങ്ങേറേണ്ടിയിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ ജൂലൈ 1 വരെ മാറ്റി വെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ജൂലൈ 1 വരെ യാതൊരുവിധത്തിലുള്ള ക്രിക്കറ്റും വേണ്ട എന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

പരമ്പരയുമായി മുന്നോട്ട് പോകാനാകുമെന്നാണ് താന്‍ കരുതുന്നതെന്നാണ് ജോണി ഗ്രേവ് പറഞ്ഞത്. അതില്‍ ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ ചില താരങ്ങള്‍ക്ക് ഇത്തരം സാഹചര്യത്തില്‍ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുവാനുള്ള വൈമനസ്യം ഉണ്ടെന്നും ആരെയും അതിനാല്‍ തന്നെ ഇതിനായി നിര്‍ബന്ധിക്കില്ലെന്നും ഗ്രേവ് വ്യക്തമാക്കി.

ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള സ്ഥലത്ത് താമസിച്ചിട്ട് മുപ്പതിനായിരം മരണങ്ങള്‍ നടന്ന രാജ്യത്തേക്ക് ക്രിക്കറ്റിനായി പോകുമ്പോള്‍ ഒരു ഭീതി എല്ലാവരിലും ഉണ്ടാകുമെന്നും ഗ്രേവ് പറഞ്ഞു. അതിന് മുമ്പ് ജൈവ-സുരക്ഷിതമായ സാഹചര്യത്തില്‍ കളി നടത്താനാകുമെന്ന് യുകെ സര്‍ക്കാരിന് ഇംഗ്ലണ്ട് ബോര്‍ഡ് ഉറപ്പ് നല്‍കേണ്ടതുണ്ടെന്നും തങ്ങളുടെ കളിക്കാരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് മുഖ്യമെന്നും ഗ്രേവ് വ്യക്തമാക്കി.

രണ്ടാം ടി20യില്‍ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തിന്റെ ബലത്തില്‍ ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്. 39 റണ്‍സ് നേടിയ ബ്രിട്നീ കൂപ്പറിനും 21 റണ്‍സ് നേടി പുറത്താകാതെ ചിനെല്ലേ ഹെന്‍റിയും മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. മൂന്ന് താരങ്ങള്‍ റണ്ണൗട്ടായതും വിന്‍ഡീസിന്റെ ബാറ്റിംഗിനെ സാരമായി ബാധിച്ചു. ജെസ്സ് ജോനാസ്സെന്‍ ഓസീസ് വനിതകളില്‍ രണ്ട് വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ബെത്ത് മൂണിയെ നേരത്തെ നഷ്ടമായെങ്കിലും അലൈസ ഹീലി അര്‍ദ്ധ ശതകവുമായി നിലയുറപ്പിച്ചപ്പോള്‍ 14.3 ഓവറില്‍ 9 വിക്കറ്റ് വിജയം ഓസ്ട്രേലിയ കരസ്ഥമാക്കി. 58 റണ്‍സ് നേടിയ ഹീലിയ്ക്കൊപ്പം 22 റണ്‍സുമായി മെഗ് ലാന്നിംഗും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

നരൈനെയും പൊള്ളാർഡിനെയും ഉൾപ്പെടുത്തി ഇന്ത്യക്കെതിരെയുള്ള വെസ്റ്റിൻഡീസിന്റെ ടി20 ടീം

സുനിൽ നരൈനെയും കിറോൺ പൊള്ളാർഡിനെയും ഉൾപ്പെടുത്തി ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. 2016ന് ശേഷം ആദ്യമായിട്ടാണ് നരൈൻ ടി20 ടീമിൽ ഇടം നേടുന്നത്. ഇന്ന് പ്രഖ്യാപിച്ച 14 അംഗ ടീമിൽ പരിക്കിന്റെ പിടിയിലുള ആന്ദ്രേ റസ്സലിനെയും ഉൾപെടുത്തിയിട്ടുണ്ട്. അതെ സമയം ടി20 മത്സരം നടക്കുന്നതിന് മുൻപ് നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ റസ്സൽ ടീമിൽ ഇടം പിടിക്കു.

കാർലോസ് ബ്രത്വെയിറ്റ് ആണ് വെസ്റ്റിൻഡീസ് ടീമിന്റെ ക്യാപ്റ്റൻ. അതെ സമയം കാനഡ ഗ്ലോബൽ ടി20 ലീഗിൽ പങ്കെടുക്കുന്നത്കൊണ്ട് സൂപ്പർ താരം ക്രിസ് ഗെയ്ൽ ടീമിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ട്. അടുത്തിടെ കഴിഞ്ഞ ലോകകപ്പിൽ വെറും 2 മത്സരങ്ങൾ ജയിച്ച വെസ്റ്റിൻഡീസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ആയിരുന്നു.

പരമ്പരയിൽ 3 ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും വെസ്റ്റിൻഡീസ് ഇന്ത്യക്കെതിരെ കളിക്കും.

T20 Squad: Carlos Brathwaite (C), John Campbell, Evin Lewis, Shimron Hetmyer, Nicolas Pooran, Kieron Pollard, Rovman Powell, Keemo Paul, Sunil Narine, Sheldon Cottrell, Oshane Thomas, Anthony Bramble, Andre Russell, Khary Pierre.

വിന്‍ഡീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ശേഷം തങ്ങളുടെ രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ന് ന്യൂസിലാണ്ട് വിന്‍ഡീസിനെ നേരിടും. ഇന്ത്യയ്ക്കെതിരെ ആറ് വിക്കറ്റ് വിജയമാണ് ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ട് നേടിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം വിന്‍ഡീസിന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

അന്ന് ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് വിക്കറ്റ് നഷ്ടമില്ലാതെ 95/0 എന്ന നിലയിലേക്ക് 12.4 ഓവറില്‍ എത്തിയപ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

റിച്ചാര്‍ഡ് പൈബസ് തന്റെ പഴയ പദവിയിലേക്ക്

2016 വരെ താന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ വഹിച്ചിരുന്നു പദവിയിലേക്ക് തിരികെ മടങ്ങി റിച്ചാര്‍ഡ് പൈബസ്. 2016ല്‍ കരാര്‍ പുതുക്കേണ്ടതില്ല എന്ന് പൈബസ് തന്നെ തീരുമാനിക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആയാണ് റിച്ചാര്‍ഡ് പൈബസിനെ നിയമിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് അറിയുന്നത്.

പുതിയ യുവ താരങ്ങളെ കണ്ടെത്തി ദേശീയ ടീമില്‍ കളിക്കുവാന്‍ പരുവപ്പെടുത്തുക എന്നതാണ് പൈബസിന്റെ ചുമതല. മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള പൈബസ് ഇന്ത്യന്‍ കോച്ചാവാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരീബിയന്‍ മണ്ണിലും ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് വരുന്നു

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ കരീബിയന്‍ മണ്ണിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറും. ശ്രീലങ്കയ്ക്കെതിരെ ജൂണ്‍ 23നു വെസ്റ്റിന്റഡീസിന്റെ മത്സരമാണ് ഡേ നൈറ്റ് ടെസ്റ്റായി പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്ക ക്രിക്കറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരീബിയന്‍ മണ്ണിലേക്ക് ശ്രീലങ്ക ടെസ്റ്റ് കളിക്കാനായി എത്തുന്നത്.

ജൂണ്‍ 6നാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റാണ് കെന്‍സിംഗ്ടണില്‍ അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2018 വനിത ടി20 ലോകകപ്പ് വെസ്റ്റിന്‍ഡീസില്‍

2018 ഐസിസി വനിത വേള്‍ഡ് ടി20 മത്സരങ്ങള്‍ വെസ്റ്റിന്‍ഡീസിലെ മൂന്ന് വേദികളിലായി നടക്കും. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഗയാന, സെയിന്റ് ലൂസിയ എന്നിവയായിരിക്കും വേദികള്‍ എന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസ് 2016ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്വന്തമാക്കിയ ജയം നിലനിര്‍ത്തുവാന്‍ നാട്ടില്‍ തന്നെ അവസരം കിട്ടിയ മുന്‍തൂക്കവുമായാവും മത്സരത്തിനു ഇറങ്ങുക.

വെസ്റ്റിന്‍ഡീസിനു പുറമേ ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ഒഴിവുകളിലേക്ക് യോഗ്യത മത്സരങ്ങള്‍ നെതര്‍ലാണ്ട്സില്‍ ജൂലായ് 3-14 വരെ നടക്കും.

ലോകകപ്പ് പ്രാഥമിക റൗണ്ടുകള്‍ ഗയാന നാഷണല്‍ സ്റ്റേഡിയത്തിലും സെയിന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തിലും നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറും. നവംബര്‍ 2 മുതല്‍ 24 വരെയാവും ലോകകപ്പ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version