ഗലാറ്റസറേ വിക്ടർ ഒസിമനെ 75 ദശലക്ഷം യൂറോയ്ക്ക് സ്വന്തമാക്കി


നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഓസിമനെ നാപ്പോളിയിൽ നിന്ന് സ്ഥിരമായ കരാറിൽ ഗലാറ്റസറേ ടീമിൽ എത്തിച്ചു. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തുർക്കി വമ്പൻമാർ ഈ നീക്കം പൂർത്തിയാക്കിയത്. 2024-25 സീസണിൽ ഇസ്താംബൂളിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചപ്പോൾ 41 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളും 8 അസിസ്റ്റുകളും നേടി ഓസിമൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.


ജൂലൈ ആദ്യം 75 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് നൽകാൻ ഗലാറ്റസറേ സമ്മതിച്ചിരുന്നുവെങ്കിലും, പണമടയ്ക്കുന്ന രീതിയെക്കുറിച്ചും സാമ്പത്തിക ഗ്യാരന്റികളെക്കുറിച്ചുമുള്ള തർക്കങ്ങൾ കാരണം ചർച്ചകൾ നീണ്ടുപോയിരുന്നു. എന്നാൽ, 2026 അവസാനത്തോടെ മുഴുവൻ തുകയും ഗലാറ്റസറേ നൽകുന്ന ഒരു അന്തിമ കരാറിൽ ഇരു ക്ലബ്ബുകളും ഇപ്പോൾ എത്തിച്ചേർന്നു.

നാപ്പോളിക്ക് 40 ദശലക്ഷം യൂറോ മുൻകൂറായി ലഭിക്കും, ബാക്കിയുള്ള 35 ദശലക്ഷം യൂറോ അടുത്ത ഒന്നര വർഷത്തിനുള്ളിൽ തവണകളായി നൽകും. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള 5 ദശലക്ഷം യൂറോ വരെ ബോണസും കരാറിൽ ഉൾപ്പെടുന്നുണ്ട്.


ഓസിമനെ വീണ്ടും വിൽക്കുകയാണെങ്കിൽ ഭാവിയിലെ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ 10% സെൽ-ഓൺ ക്ലോസും നാപ്പോളി കരാറിൽ ചേർത്തിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തേക്ക് സീരി എയിലെ എതിരാളികളുമായി ഓസിംഹൻ ചേരുന്നത് തടയുന്ന ഒരു ‘ആന്റി-സീരി എ ക്ലോസും’ ഈ കരാറിന്റെ ഒരു പ്രത്യേകതയാണ്.

ഒസിമെനെ സ്വന്തമാാക്കാൻ ഡെഡ്ലൈൻ ഇട്ട് നാപോളി, ഗാലറ്റസറേയ്ക്ക് തിങ്കളാഴ്ച വരെ മാത്രം സമയം


വിക്ടർ ഒസിമെനെ സ്ഥിരമായി ടീമിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ഗാലറ്റസറേയ്ക്ക് നാപോളി തിങ്കളാഴ്ച വരെ സമയം അനുവദിച്ചു. നീണ്ട ചർച്ചകൾക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംസാരങ്ങൾക്കും ശേഷമാണ് നാപോളി ഈ തീരുമാനം അറിയിച്ചത്. തുർക്കിയിലെ ഇസ്താംബൂളിൽ ലോൺ വ്യവസ്ഥയിൽ കളിച്ച നൈജീരിയൻ സ്ട്രൈക്കർ 41 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

വ്യക്തിഗത നിബന്ധനകൾക്ക് ഒസിമെൻ ഇതിനോടകം സമ്മതം മൂളിയിട്ടുണ്ട്.
75 മില്യൺ യൂറോയുടെ (40 മില്യൺ യൂറോ മുൻകൂറായും 35 മില്യൺ യൂറോ 2026 ജൂണോടെ തവണകളായും) കരാറിന് ഇറ്റാലിയൻ ക്ലബ്ബ് ധാരണയിൽ എത്തിയിട്ടുമുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒസിമെനെ സീരി എയിലെ ഒരു എതിരാളിക്ക് വിൽക്കുന്നതിൽ നിന്ന് വിലക്കുന്ന കർശനമായ വ്യവസ്ഥ ഗാലറ്റസറേ അംഗീകരിച്ചു. ഇത് ലംഘിച്ചാൽ വലിയ സാമ്പത്തിക പിഴ ഒടുക്കേണ്ടി വരും.


തിങ്കളാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഗാലറ്റസറേ പരാജയപ്പെട്ടാൽ, ഇറ്റാലിയൻ ക്ലബ്ബ് കരാറിൽ നിന്ന് പിന്മാറിയേക്കാം. ഇത് മറ്റ് ക്ലബ്ബുകൾക്ക് ഒസിമെനെ സ്വന്തമാക്കാൻ അവസരം നൽകിയേക്കും.


വിക്ടർ ഒസിമെനും ഗലാറ്റസറേയുമായി ധാരണയായി, എന്നാൽ ട്രാൻസ്ഫർ ഫീ ഇപ്പോഴും തർക്കത്തിൽ


നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമനെ സ്വന്തമാക്കാനുള്ള ഗലാറ്റസറയുടെ ശ്രമം തുടരുകയാണ്. താരം ടർക്കിഷ് ക്ലബ്ബുമായി വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചതായി തിങ്കളാഴ്ച നിരവധി റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ട്രാൻസ്ഫർ ഫീ ഇതുവരെ അംഗീകരിക്കാത്തതിനാൽ നാപോളിയുടെ അനുമതി ഇപ്പോഴും ഒരു തടസ്സമായി തുടരുന്നു.


2024-25 സീസണിൽ ഗലാറ്റസറേയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചപ്പോൾ 37 ഗോളുകളും 8 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ച ഒസിമെൻ, മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെക്കാൻ തയ്യാറാണ്. ടർക്കിഷ് ചാമ്പ്യന്മാർ €50 മില്യൺ ഫീസും €5 മില്യൺ ആഡ്-ഓണുകളും നാപോളില്ല് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാൽ ഇറ്റാലിയൻ ഇതര ക്ലബ്ബുകൾക്ക് ബാധകമായ ഒസിമന്റെ €75 മില്യൺ റിലീസ് ക്ലോസിന് അടുത്തുള്ള തുകയ്ക്കായി നാപോളി കാത്തിരിക്കുകയാണ്.


മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് വിക്ടർ ഓസിമെൻ


നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഓസിമെൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേരാൻ അതിയായി ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ. താരത്തെ സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ യുണൈറ്റഡ് മെനയുന്നതിനിടെ, 75 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് മുഴുവനായി ലഭിക്കണമെന്ന നിലപാടിലാണ് നാപോളി സി.ഇ.ഒ. ഔറേലിയോ ഡി ലോറന്റീസ്. ഈ നീക്കത്തിൽ ജോസ്വാ സിർക്സിയെ ഒരു കൈമാറ്റത്തിന്റെ ഭാഗമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.


അടുത്തിടെ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ വൻ ഓഫർ ഓസിമെൻ നിരസിച്ചിരുന്നു. യൂറോപ്പിൽ തന്നെ തുടരാനുള്ള താരത്തിന്റെ ആഗ്രഹം മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഗലാറ്റസറേയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ഓസിമെൻ 30 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടി മികച്ച ഫോം നിലനിർത്തിയിരുന്നു. പ്രീമിയർ ലീഗിൽ കളിക്കുക എന്നത് തന്റെ ഒരു സ്വപ്നമാണെന്ന് ഓസിമെൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.


റിലീസ് ക്ലോസ് തുക ഒരു വെല്ലുവിളിയാണെങ്കിലും, ഓസിമെനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് താൽപ്പര്യം കാണിക്കുന്നത് ആക്രമണനിര ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ഫോമിൽ ഇല്ലാത്ത ഹൊയ്ലുണ്ടിന് പകരം ഒരു സ്ട്രൈക്കറെ യുണൈറ്റഡ് അന്വേഷിക്കുന്നുണ്ട്.

അൽ-ഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച് വിക്ടർ ഒസിമെൻ


സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലിൽ നിന്ന് ലഭിച്ച പ്രതിവർഷം 30 ദശലക്ഷം യൂറോയുടെ വലിയ കരാർ വാഗ്ദാനം വിക്ടർ ഒസിമെൻ നിരസിച്ചതായി ഫുട്ബോൾ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. നപ്പോളിയുമായി അദ്ദേഹത്തിന്റെ 75 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് നൽകാൻ അൽ-ഹിലാൽ സമ്മതിച്ചിരുന്നുവെങ്കിലും ഒസിമെൻ യൂറോപ്പിൽ തന്നെ തുടരാൻ താൽപ്പര്യപ്പെടുന്നു.


കഴിഞ്ഞ സീസണിൽ ഗലാറ്റസറേയിൽ ലോണിൽ കളിച്ച 26 വയസ്സുകാരനായ ഈ സ്ട്രൈക്കർ 41 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ ഇന്റർ പരിശീലകൻ സിമോൺ ഇൻസാഗി പരിശീലിപ്പിക്കുന്ന അൽ-ഹിലാൽ, ജൂൺ 14-ന് ഫിഫ ക്ലബ്ബ് ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഈ നീക്കം പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്നു.

നപ്പോളി ഇപ്പോഴും ഈ വേനൽക്കാലത്ത് തന്നെ അദ്ദേഹത്തെ വിൽക്കാൻ ആണ് ശ്രമിക്കുന്നത്.

അൽ ഹിലാൽ 75 മില്യൺ നൽകി വിക്ടർ ഓസിമനെ സ്വന്തമാക്കുന്നു


സൗദി പ്രോ ലീഗ് വമ്പൻമാരായ അൽ ഹിലാൽ, വിക്ടർ ഓസിമെൻ്റെ 75 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് സജീവമാക്കാൻ നാപോളിയുമായി പൂർണ്ണ ധാരണയിലെത്തിയതായി റിപ്പോർട്ട്.
2024-25 സീസണിൽ ഗലാറ്റസറേയിൽ ലോണിൽ കളിച്ച നൈജീരിയൻ സ്ട്രൈക്കർ, ഇപ്പോൾ സൗദി അറേബ്യയിലേക്കുള്ള ഒരു വലിയ മാറ്റത്തിന് അടുത്തിരിക്കുകയാണ്.


75 മില്യൺ യൂറോയായി കുറച്ച പുതിയ റിലീസ് ക്ലോസിന് താഴെ ഒരു ചർച്ചയ്ക്കും നാപോളി തയ്യാറായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നുള്ള താൽപ്പര്യം കുറഞ്ഞതോടെ, അൽ ഹിലാലുമായി തന്നെ നാപോളി കരാറിൽ എത്തുക ആയിരുന്നു.


ഓസിമെൻ്റെ കരാറിൽ അൽ ഹിലാൽ സീസണിൽ 30-40 മില്യൺ യൂറോയുടെ ശമ്പളം വാഗ്ദാനം ചെയ്യുന്നു, ബോണസുകൾ ഉൾപ്പെടെ ഇത് 45 മില്യൺ യൂറോ വരെ ഉയരാൻ സാധ്യതയുണ്ട്. പ്രീമിയർ ലീഗ് നീക്കത്തിനായി പ്രതീക്ഷയർപ്പിച്ചിരുന്ന ഓസിമെനെ ഈ വേതനം ആണ് സ്വാധീനിച്ചതെന്നാണ് കരുതപ്പെടുന്നത്.


ചെൽസിക്ക് ഒസ്മിനെ നൽകി ലുകാകുവിനെ സ്വന്തമാക്കാൻ നാപോളി ശ്രമം

ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാകുവിനെ സ്വന്തമാക്കാൻ നാപോളി ശ്രമം. താരത്തെ സ്ഥിരമായി ടീമിൽ എത്തിക്കാൻ ആണ് നിലവിൽ ഇറ്റാലിയൻ സീരി എ ടീം ശ്രമം. നിലവിൽ നേരത്തെ തന്നെ താരവും ആയി നാപോളി ധാരണയിൽ എത്തിയിരുന്നു. കഴിഞ്ഞ 2 സീസണിലും ലോണിൽ കളിച്ച ലുകാകുവിനെ ഇത്തവണ വിൽക്കാൻ തന്നെയാണ് ചെൽസി ശ്രമം.

ഇതിനു പകരമായി തങ്ങളുടെ നൈജീരിയൻ മുന്നേറ്റനിര താരം വിക്ടർ ഒസിമനെ ചെൽസിക്ക് മാറി നൽകാൻ ആണ് നാപോളി ശ്രമം. താരത്തെ നിലവിൽ ഒരു വർഷത്തെ ലോണിലും അടുത്ത വർഷം സ്ഥിരമായി സ്വന്തമാക്കണം എന്ന വ്യവസ്ഥയിലും കൈമാറാൻ ആണ് നാപോളി ശ്രമം. ചെൽസിയും ഇതിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ നേരത്തെ പി.എസ്.ജിയും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ഒസ്മന്റെ തീരുമാനം ഇതിൽ നിർണായകമാണ്. ഏതായാലും ഒസിമൻ ഈ സീസണിൽ നാപോളി വിടും എന്നു ഏതാണ്ട് ഉറപ്പാണ്.

ഒസിമൻ നാപോളിയിൽ കരാർ പുതുക്കും, 130 മില്യൺ റിലീസ് ക്ലോസ്

ഒസിമെൻ നാപോളിയിൽ കരാർ പുതുക്കും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. സ്‌ട്രൈക്കറുടെ നിലവിലെ കരാർ അടുത്ത സീസണിന്റെ അവസാനത്തോടെ അവസാനിക്കാൻ ഇരിക്കെ ആണ് പുതിയ കരാർ ഒപ്പുവെക്കുന്നു. 2026-ലേക്ക് നീട്ടുന്ന കരാർ ആകും ഒസിമൻ ഒപ്പുവെക്കുക. കൂടാതെ 130 മില്യന്റെ ഒരു റിലീസ് ക്ലോസ് ഉൾപ്പെടുത്താനും നാപോളി തീരുമാനിച്ചു.

ഈ സീസണിൽ 11 സീരി എ ഗെയിമുകളിൽ നിന്ന് ഒസിമെൻ ആറ് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ പല ടീമുകളും ഒസിമനായി രംഗത്ത് വന്നു എങ്കിൽ നാപോളി വലിയ തുക ചോദിച്ചത് കൊണ്ട് ട്രാൻസ്ഫറുകൾ നടന്നിരുന്നില്ല. ഈ ജനുവരിയിൽ ടീമുകൾ ഒസിമനായി രംഗത്ത് വരാൻ സാധ്യത കാണുന്നു.

ലില്ലെയിൽ നിന്ന് 2020ൽ ആണ് ഒസിമെൻ നാപ്പോളിയിൽ എത്തിയത്. അന്ന് €70 മില്യണോളം താരത്തിനായി നാപോളി ചിലവഴിച്ചിരുന്നു.

ഇരട്ട ഗോളുമായി വിക്ടർ ഒസിമെൻ തുടങ്ങി, തിരിച്ചു വന്നു ജയിച്ചു നാപോളി

പുതിയ സീസണിൽ ഗോൾ വേട്ട ആരംഭിച്ചു വിക്ടർ ഒസിമെൻ. തിരിച്ചു വന്നു ജയം കണ്ടാണ് പുതിയ സീസണിന് ഇറ്റാലിയൻ ചാമ്പ്യന്മാർ തുടക്കം കുറിച്ചത്. പുതുതായി സ്ഥാനക്കയറ്റം നേടി വന്ന ഫ്രോസിനോനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് നാപോളി ജയം കണ്ടത്. ഏഴാം മിനിറ്റിൽ കജുസ്റ്റെ വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹരോയി സീരി ബി ജേതാക്കളെ മുന്നിൽ എത്തിച്ചു. എന്നാൽ തുടക്കത്തിലെ ഞെട്ടലിൽ നിന്നു നാപോളി അനായാസം പുറത്ത് വന്നു.

24 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഷോട്ടിൽ നിന്നു ലഭിച്ച റീബോണ്ടിൽ നിന്നു മറ്റെയോ പൊളിറ്റാനോ നാപോളിക്ക് സമനില ഗോൾ സമ്മാനിച്ചു. 36 മത്തെ മിനിറ്റിൽ റാസ്‌പഡോറി ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടെത്തി. 42 മത്തെ മിനിറ്റിൽ ലോറൻസോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒസിമെൻ നാപോളിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 79 മത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറൻസോയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഒസിമെൻ നാപോളി ജയം പൂർത്തിയാക്കി. മത്സരത്തിൽ 19 ഷോട്ടുകൾ ഉതിർത്ത നാപോളി അർഹിച്ച ജയം തന്നെയായി ഇത്.

150 മില്യൺ ഒരു താരത്തിനായി നൽകാൻ ആവില്ല എന്ന് ബയേൺ

SportBILD-ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ബയേൺ മ്യൂണിക്കിന്റെ സിഇഒ ഒലിവർ കാൻ, നൈജീരിയൻ ഫോർവേഡ് വിക്ടർ ഒസിമെനായി നാപോളി ആവശ്യപ്പെടുന്ന തുക അന്യായം ആണെന്ന് അഭിപ്രായപ്പെട്ടു. 150 മില്യൺ യൂറോ ആണ് നാപോളി ഒസിമെനെ വിട്ടു നൽകാൻ ആയി ക്ലബുകളോട് ആവശ്യപ്പെടുന്നത്. അത്തരം വലിയ നിക്ഷേപത്തിന് എന്ത് ഗ്യാരന്റി ആണ് താരങ്ങൾ നൽകുന്നത് എന്ന് ഒളിവെർ ഖാൻ ചോദിച്ചു.

നൈജീരിയൻ ദേശീയ ടീമിലും ഒപ്പം നാപോളിക്ക് ആയും തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധ ആകർഷിച്ച പ്രതിഭാധനനായ ഒസിമെനെ സ്വന്തമാക്കാൻ ബയേൺ ശ്രമിച്ചിരുന്നു. എന്നാൽ വലിയ തുക ആയതു കൊണ്ട് ബയേൺ ചർച്ചകൾക്ക് തയ്യാറായില്ല.

“അത്തരമൊരു ഫീസിനെക്കുറിച്ച് പറയുമ്പോൾ, ഞങ്ങൾ ചോദ്യം ചോദിക്കണം: ഈ പണത്തിന് കളിക്കാരൻ നിങ്ങൾക്ക് ഒരു ഗ്യാരണ്ടി നൽകുന്നുണ്ടോ?” ഖാൻ ചോദിച്ചു. ആധുനിക ഫുട്ബോളിൽ ട്രാൻസ്ഫർ ഫീസ് അഭൂതപൂർവമായ ഉയരത്തിൽ എത്തുമ്പോൾ, “അത്ര വലിയ തുക ഒരു താരത്തിനായി ചിലവഴിക്കുന്നത് തീർച്ചയായും ഒരു വലിയ അപകടമായിരിക്കും,” അദ്ദേഹം സമ്മതിച്ചു. നേരത്തെ ഹാളണ്ടിനെ സ്വന്തമാക്കാൻ ബയേൺ ശ്രമിച്ചിരുന്നു എന്നും വലിയ വേതനം നൽകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് ബയേൺ ആ ട്രാൻസ്ഫറിൽ നിന്ന് പിന്മാറിയത് എന്നും ഖാൻ പറഞ്ഞു.

വിക്ടർ ഒസിമെൻ ഒരു ക്ലബുമായി ധാരണയിൽ എത്തിയിട്ടില്ല

നാപോളിയുടെ സ്ട്രൈക്കർ ആയ വിക്ടർ ഒസെമെൻ ഇതുവരെ ഒരു ക്ലബുമായി കരാർ ധാരണയിൽ എത്തിയിട്ടില്ല എന്ന് ഒസിമെന്റെ ക്യാമ്പ് അറിയിച്ചു. ഒസിമെനും പി എസ് ജിയും തമ്മിൽ കരാർ ധാരണയായെന്ന അഭ്യൂഹങ്ങൾ വന്നതിനാൽ ആണ് ഒസിമെന്റെ ക്യാമ്പിൽ നിന്നുള്ള പ്രതികരണം. ബയേൺ, പി എസ് ജി എന്നീ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇതുവരെ ആർക്കും നാപോളിയുമായോ താരമായോ ചർച്ചകൾ നടത്താൻ ആയിട്ടില്ല.

ഒസിമെനെ എത്ര തുക നൽകിയാൽ വിൽക്കാം എന്ന് പോലും നാപോളി തീരുമാനിച്ചിട്ടില്ല എന്നാണ് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ നാപോളിയുടെയും സീരി എയിലെയും ടോപ് സ്കോറർ ആണ് യുവ സ്ട്രൈക്കർ. നാപോളി 150 മില്യൺ എങ്കിലും ഒസിമെനായി ആവശ്യപ്പെടാം‌. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ഒസിമെനായി രംഗത്ത് ഉണ്ട്.

നൈജീരിയൻ താരം 2020ൽ ആയിരുന്നു നാപോളിയിലേക്ക് എത്തിയത്. ഫ്രഞ്ച് ക്ലബായ ലില്ലെയിൽ ആയിരുന്നു അതിനു മുമ്പ് അദ്ദേഹം കളിച്ചത്. നടത്തിയ ഗംഭീര പ്രകടനമാണ് ഇപ്പോൾ ഇറ്റലിയിൽ 2025വരെ നീളുന്ന കരാർ ഒസിമെന് നാപോളിക്ക് ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒസിമനെ സൈൻ ചെയ്യണം എന്ന് ബെർബ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിമനെ സൈൻ ചെയ്യണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ദിമിതർ ബെർബറ്റോവ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതു മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ അന്വേഷിക്കുകയാണ്. തൽക്കാലം യുണൈറ്റഡ് വെർഗോസ്റ്റിനെ സൈൻ ചെയ്തു എങ്കിലും ഗോൾ സ്കോറ് ചെയ്യുന്ന കാര്യത്തിൽ ഇതുവരെ വെഗോറ്സ്റ്റിന് തിളങ്ങാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ലോക നിലവാരത്തിലുള്ള സ്ട്രൈക്കറെ തന്നെ സ്വന്തമാക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

ഒസിമനും ഹാരി കെയ്നും ആണ് യുണൈറ്റഡ് ലിസ്റ്റിൽ ഉള്ള പ്രധാന സ്ട്രൈക്കേഴ്സ്‌. നൈജീരിയൻ ഇന്റർനാഷണൽ ആയ ഒസിമനെ ആണ് യുണൈറ്റഡ് സൈൻ ചെയ്യേണ്ടത് എന്ന് ബെർബ പറയുന്നു. ഒസിമൻ സ്കോർ ചെയ്യുന്ന ഗോൾ എല്ലാം അത്ഭുതകരമാണെന്ന് ബെർബ പറയുന്നു. ഒസിമന്റെ സ്പീഡ് പ്രീമിയർ ലീഗിന് അനുയോജ്യമാണെന്നും ബെർബ പറഞ്ഞു.

24കാരനായ ഒസിമൻ ഈ സീസണിൽ സീരി എ കിരീടത്തിലേക്ക് കുതിക്കുന്ന നാപോളിക്കായി മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. സീസണിൽ ഇതുവരെ 25 ഗോളുകൾ താരം നേടിയിട്ടുണ്ട്. 2020 ജൂലൈയിൽ ഫ്രഞ്ച് ടീമായ ലില്ലിൽ നിന്ന് ആയിരുന്നു ഒസിമൻ നാപ്പോളിയിൽ ചേർന്നത്.

Exit mobile version