Picsart 23 10 18 07 30 28 606

ലോകകപ്പ് യോഗ്യത, ബ്രസീലിനെ തകർത്തെറിഞ്ഞ് ഉറുഗ്വേ

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ബ്രസീലിനെ തോൽപ്പിച്ച് ഉറുഗ്വേ. ഇന്ന് ഉറുഗ്വേയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബ്രസീൽ പരാജയപ്പെട്ടത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ബ്രസീൽ വിജയിക്കാൻ ആകാതെ നിൽക്കുന്നത്‌. കഴിഞ്ഞ മത്സരത്തിൽ അവർ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി ലിവർപൂൾ താരം ഡാർവിൻ നൂനിയസ് ഇന്ന് ഉറുഗ്വേയുടെ വിജയശില്പിയായി.

ഇന്ന് വിരസമായ രീതിയിലാണ് മത്സരം ആരംഭിച്ചത്. ആദ്യ 35 മിനുട്ടിൽ ഇരു ടീമുകൾക്കും ഒരു ഷോട്ട് ടാർഗറ്റിൽ എത്തിക്കാൻ പോലും ആയില്ല‌. 42ആം മിനുട്ടിൽ ആയിരുന്നു ഡാർവിൻ നൂനിയസിന്റെ ഫിനിഷ്‌. കഴിഞ്ഞ മത്സരത്തിൽ കൊളംബിയക്ക് എതിരെ ഇഞ്ച്വറി ടൈമിൽ സമനില ഗോൾ നേടി രക്ഷിച്ച നൂനിയസ് ഇന്ന് ആ ഫോം തുടരുക ആയിരുന്നു.

ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഷോട്ട് പോലും ടാർഗറ്റിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ഡെ ല ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. നൂനിയസിന്റെ ഒരു ഗംഭീര അസിസ്റ്റ് ആണ് ഈ ഗോളിന് പിറകിൽ പ്രവർത്തിച്ചത്. ഇന്ന് പരാജയത്തോടൊപ്പം നെയ്മർ പരിക്കേറ്റ് കളം വിട്ടതും ബ്രസീലിന് നിരാശ നൽകും.

ഈ വിജയത്തോടെ ഉറുഗ്വേ 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി‌. 7 പോയിന്റ് തന്നെയുള്ള ബ്രസീൽ മൂന്നാം സ്ഥാനത്ത് ആണ്. 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള അർജന്റീന ആണ് ഒന്നാമത്.

Exit mobile version