Picsart 24 07 11 07 20 34 818

10 പേരുമായി പൊരുതി കൊളംബിയ കോപ അമേരിക്ക ഫൈനലിൽ, ഉറുഗ്വേ പുറത്ത്

കോപ അമേരിക്ക ടൂർണമെന്റിൽ കൊളംബിയ ഫൈനലിൽ. ആവേശകരമായ സെമി ഫൈനലിൽ ഉറുഗ്വേയെ തോൽപ്പിച്ച് ആണ് കൊളംബിയ ഫൈനലിൽ എത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. പകുതിയിൽ അധികം സമയം 10 പേരുമായി കളിച്ചാണ് കൊളംബിയ വിജയം നേടിയത്.

ഇന്ന് ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു കൊളംബിയയുടെ ഗോൾ വന്നത്. ഹാമസ് റോഡ്രിഗസിന്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് ജെഫേഴ്സൺ ലേർമ ആണ് ഗോൾ നേടിയത്. റോഡ്രിഗസിന്റെ ഈ കോപ അമേരിക്ക ടൂർണമെന്റിലെ ആറാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്.

ഈ ഗോൾ വന്ന് മിനുട്ടുകൾക്ക് അകം കൊളംബിയൻ താരം മുനോസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. ഉറുഗ്വേക്ക് രണ്ടാം പകുതി മുഴുവൻ ഒരാൾ അധികം കളത്തിൽ ഉണ്ടായിട്ടും കൊളംബിയൻ ഡിഫൻസ് ഭേദിക്കാൻ ആയില്ല. അവസാന രണ്ട് വർഷമായി ഒരു മത്സരം പോലും കൊളംബിയ പരാജയപ്പെട്ടിട്ടില്ല. അവർ ഫൈനൽ വിസിൽ വരെ ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിച്ചു.

ഇനി ഫൈനലിൽ അർജന്റീനയെ ആകും കൊളംബിയ നേരിടുക.

Exit mobile version