ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞ് ട്രെവര്‍ ഹോന്‍സ്, പകരം ജോര്‍ജ്ജ് ബെയിലി

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ മുഖ്യ സെലക്ടറെന്ന പദവി ഒഴിഞ്ഞ് ട്രെവര്‍ ഹോന്‍സ്. ജോര്‍ജ്ജ് ബെയിലി പുതുതായി ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. 1993-2021 വരെ ഹോന്‍സ് രണ്ട് ഘട്ടത്തിലായാണ് ഓസ്ട്രേലിയയുടെ ഈ പദവി അലങ്കരിച്ചു. ടി20 ലോകകപ്പിന് തൊട്ടുമുമ്പാണ് ഹോന്‍സിന്റെ ഈ തീരുമാനം.

Trevorhohns

ഈ കാലയളവിൽ ഓസ്ട്രേലിയ ലോകകപ്പ് ഉള്‍പ്പെടെ പല വലിയ വിജയങ്ങളും നേടിയിട്ടുണ്ട്. റോഡ് മാര്‍ഷ് 2016ൽ പദവി ഒഴിഞ്ഞത് മുതൽ ആണ് ഹോന്‍സിന്റെ രണ്ടാം വരവ്. ആദ്യമായി 1993ൽ ആണ് ഹോന്‍സ് ഈ പദവി അലങ്കരിക്കുന്നത്.

 

വാര്‍ണറോട് തന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ ആരാവണമെന്ന് ചോദിക്കുന്നത് അതിശയകരം – റിക്കി പോണ്ടിംഗ്

വില്‍ പുകോവസ്കി ആകണോ ജോ ബേണ്‍സ് വേണോ തന്റെ ടെസ്റ്റിലെ ബാറ്റിംഗ് പാര്‍ട്ണര്‍ എന്ന അഭിപ്രായം ഡേവിഡ് വാര്‍ണറോട് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ആരായുന്നത് അതിശയകരമായ കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

മികച്ച ഫോമിലുള്ള താരമാണ് വില്‍ പുകോവസ്കിയെങ്കിലും അവസരം പരിചയ സമ്പത്തുള്ള ജോ ബേണ്‍സിന് ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ ഡേവിഡ് വാര്‍ണറോട് അഭിപ്രായം ആരായുന്നത് തന്നെ അതിശയിപ്പിക്കുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു.

അടുത്തിടെ മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വാര്‍ണറുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാവും തീരുമാനം എന്നാണ് ഹോന്‍സ് വ്യക്തമാക്കിയത്.

ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും സെലക്ടര്‍മാര്‍ തൃപ്തര്‍

ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും തങ്ങള്‍ അതില്‍ സംതൃപ്തരാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തില്‍ സംതൃപ്തരാണെന്നും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മികച്ച ഓപ്പണിംഗ് ജോഡിയായി ബേണ്‍സ് പരിഗണിക്കപ്പെടുകയാണെന്നും ഹോന്‍സ് പറഞ്ഞു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ടൂറുകളില്‍ താരമാകണം പരിഗണനയിലെന്ന് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ പരമ്പര ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട സാഹചര്യമാണെങ്കിലും ഇപ്പോളത്തെ നിലയില്‍ ജോ ബേണ്‍സ് തന്നെയാവും ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണറെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് ഓസ്ട്രേലിയ മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ആരോണ്‍ ഫിഞ്ച് എന്നിവരെ വാര്‍ണര്‍ക്കൊപ്പം പരീക്ഷിച്ചുവെങ്കിലും ജോ ബേണ്‍സ് ആണ് ഒന്നാം നമ്പര്‍ ചോയിസ് എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഉസ്മാന്‍ ഖവാജയ്ക്ക് വേണമെങ്കില്‍ ബേണ്‍സിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്നും ഹോന്‍സ് സൂചിപ്പിച്ചു.

ഉസ്മാന്‍ ഈ ദൗത്യം ഏറ്റെടുക്കാനാകുമെന്ന് ഉറപ്പായും നമുക്ക് നിശ്ചയമുണ്ട്. എന്നാല്‍ അതിന് മുമ്പ് ആഭ്യന്തര തലത്തില്‍ എത്തരത്തിലുള്ള തിരിച്ചുവരവാണ് ഉസ്മാന്‍ ഖവാജ നടത്തുന്നതെന്നതിനെ ആശ്രയിച്ചായിരിക്കും ഈ തീരുമാനമെന്നും ഹോന്‍സ് വ്യക്തമാക്കി. ഉസ്മാന്‍ ഭാവിയില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യില്ല എന്ന് പറയുവാന്‍ യാതൊരുവിധത്തിലുമുള്ള കാരണങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖവാജയെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തിരുത്തുകയായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് ട്രെവര്‍ ഹോന്‍സ്

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തായ ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയ തീരുമാനമായിരുന്നു ഏറ്റവും പ്രയാസമേറിയതെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട സമയത്ത് ഓസ്ട്രേലിയ ഏറ്റവും ആശ്രയിച്ച താരം ഖവാജയായിരുന്നു. എന്നാല്‍ ഇരുവരുടെയും മടങ്ങി വരവിനൊപ്പം മാര്‍നസ് ലാബൂഷാനെയുടെ മികവും കൂടിയായപ്പോള്‍ ഉസ്മാന്‍ ഖവാജയ്ക്ക് ടീമില്‍ സ്ഥിരം സാന്നിദ്ധ്യമാകുന്നത് ബുദ്ധിമുട്ടായി.

ഓസ്ട്രേലിയ കരാര്‍ നല്‍കാതിരുന്ന താരങ്ങളില്‍ ഏറ്റവും ദൗര്‍ഭാഗ്യം ഉസ്മാന്‍ ഖവാജയ്ക്കാണെന്ന് ട്രെവര്‍ വെളിപ്പെടുത്തി. ആഷസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരത്തിന് പിന്നീട് ഓസ്ട്രേലിയയ്ക്കായി കളിക്കാനായിരുന്നില്ല. ഖവാജയുടെ ഷെഫീല്‍ഡ് ഷീല്‍ഡ് പ്രകടനവും അത്ര മികച്ചതല്ലായിരുന്നുവെങ്കിലും താരത്തിന്റെ പ്രതിഭ ഏവര്‍ക്കും അറിയാവുന്നതാണെന്ന് ഹോന്‍സ് പറഞ്ഞു.

ഏകദിനത്തില്‍ മാര്‍ഷ് കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിന്റെ നിലവിലെ ഫോം താരത്തിന് ഓസ്ട്രേലിയന്‍ ടീമിലും അവസരം നിഷേധിക്കപ്പെടുവാന്‍ കാരണമായി എന്ന് ഹോന്‍സ് പറഞ്ഞു. ഇപ്പോള്‍ ഈ കടുത്ത തീരുമാനം എടുത്തുവെങ്കിലും ഖവാജയുടെ നിലവാര പ്രകാരം താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിലേക്ക് എത്തുമെന്ന് ഹോന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.

ഒഴിവാക്കപ്പെട്ട താരങ്ങളില്‍ ഏറ്റവും പ്രയാസമേറിയ തീരുമാനം ഉസ്മാന്‍ ഖവാജയുടെതാണെന്നും താരം മികച്ച കളിക്കാരനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അത്ര മികച്ച പ്രകടനമല്ലായിരുന്നു താരത്തിന്റേതെന്ന് ഹോന്‍സ് വെളിപ്പെടുത്തി.

ഓസ്ട്രേലിയന്‍ സെലക്ഷന്‍ പാനലിലേക്ക് ജോര്‍ജ്ജ് ബെയിലി

ഓസ്ട്രേലിയയുടെ ദേശീയ സെലക്ഷന്‍ പാനലിലേക്ക് മുന്‍ താരം ജോര്‍ജ്ജ് ബെയിലി എത്തുമെന്ന് സൂചന. ട്രെവര്‍ ഹോന്‍സും ജസ്റ്റിന്‍ ലാംഗറും ഉള്‍പ്പെടുന്ന പാനലിലേക്ക് മൂന്നാമത്തെ അംഗമായാണ് ജോര്‍ജ്ജ് ബെയിലി എത്തുന്നത്.

താരത്തിന്റെ നിയമനത്തെ ഓസ്ട്രേലിയയില്‍ വലിയ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ബെയിലി ഇപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നു എന്നത് രസകരമായ കാര്യമാണ്. നിലവില്‍ ടാസ്മാനിയയ്ക്ക് വേണ്ടി ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്ന താരമാണ് ബെയിലി.

വെറ്ററന്‍ താരം ഗ്രെഗ് ചാപ്പല്‍ വിരമിച്ചപ്പോള്‍ സെലക്ഷന്‍ പാനലില്‍ വന്ന ഒഴിവിലേക്കാണ് 37 വയസ്സുകാരന്‍ ബെയിലിയെ പരിഗണിക്കുന്നത്.

സ്മിത്തും വാര്‍ണറും ലോകോത്തര താരങ്ങള്‍

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ലോകോത്തര താരങ്ങളുെന്നും ഇരുവരും തിരികെ ടീമിലെത്തിയത് നല്ല വാര്‍ത്തയാണെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാനായ ട്രെവര്‍ ഹോണ്‍സ്. ഇരുവരും ഐപിഎലില്‍ ഫോം കണ്ടെത്താനായി എന്നത് ടീമിനു ഗുണകരമാകുമെന്നും ട്രെവര്‍ പറഞ്ഞു. എന്നാല്‍ വാര്‍ണറുടെ കാര്യത്തില്‍ ഫോം സത്യമാണെങ്കിലും സ്മിത്ത് ഇതുവരെ തന്റെ പഴയ ഫോം കണ്ടെത്താനാകാതെ ഐപിഎലില്‍ ബുദ്ധിമുട്ടുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഏറ്റവും മോശം ഫോമിലുള്ള താരവും പന്ത് നേരെ സ്ട്രൈക്ക് പോലും ചെയ്യുവാന്‍ പലപ്പോഴും സ്മിത്ത് ബുദ്ധിമുട്ടുന്നതുമാണ് കാണുവാനായത്.

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് മികച്ച ഫോമിലാണെങ്കിലും ദൗര്‍ഭാഗ്യകരമായി ടീമിലിടം ലഭിയ്ക്കാതെ പോകുകയായിരുന്നുവെന്നും ഹോണ്‍സ് പറഞ്ഞു. സെലക്ടര്‍മാര്‍ക്ക് ഓസ്ട്രേലിയന്‍ ടീമിലെ വൈവിധ്യം കാരണം ടീം സെലക്ഷന്‍ ഏറെ ശ്രമകരമായ ദൗത്യമായിരുന്നുവെന്നും ഹോണ്‍സ് പറഞ്ഞു. പരിക്കേറ്റ് ഏറെ കാലമായി കളിക്കാത്തതിനാലാണ് ഹാസല്‍വുഡിനെ ലോകകപ്പിലേക്ക് പരിഗണിക്കാത്തതെന്നും മുഖ്യ സെലക്ടര്‍ പറഞ്ഞു.

ആഷസിന്റെ സമയത്ത് ജോഷ് ഹാസല്‍വുഡിനെ തിരികെ എത്തിക്കുവാന്‍ തയ്യാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ ട്രെവര്‍ താത്തെ ഓസ്ട്രേലിയ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇംഗ്ലണ്ട് പരമ്പരയിലേക്കുള്ള ഓസ്ട്രേലിയ എ ടീമിലേക്ക് ഹാന്‍ഡ്സ്കോമ്പ്, ആഷ്ടണ്‍ ടര്‍ണര്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്മിത്ത്-വാര്‍ണര്‍ എന്നിവരോട് ചോദിച്ച ശേഷം മാത്രമുള്ള തീരുമാനം

ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലേക്ക് പരിഗണിക്കാതിരുന്നത് താരങ്ങളോടു കൂടി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് അറിയിച്ച് ദേശീയ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ്. ഗ്രെഗ് ചാപ്പല്‍, ജസ്റ്റിന്‍ ലാംഗര്‍, ബെലിന്‍ഡ കാര്‍ക്ക്, മെഡിക്കല്‍ സംഘം എന്നിവരും താരങ്ങളും കൂടി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനമെന്ന് ഹോണ്‍സ് അറിയിച്ചു.

പരിക്കേറ്റ് റീഹാബ് നടത്തുകയായിരുന്നു താരങ്ങള്‍ ഐപിഎലില്‍ വേണ്ടത്ര മത്സര പരിചയം ലഭിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നതാണ് മികച്ചതെന്ന് ഇരുവരും സമ്മതിയ്ക്കുകയായിരുന്നുവെന്നും ഹോണ്‍സ് പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇവരുടെ ഐപിഎല്‍ ക്ലബ്ബുകളുമായി ചേര്‍ന്ന് ഇവരുടെ പുരോഗതി വിലയിരുത്തിയ ശേമാവും ഐസിസി ലോകകപ്പ്, ആഷസ് പോലുള്ള മത്സരങ്ങള്‍ക്കായി ഇവരെ സജ്ജരാക്കുന്നതെന്നും ഹോണ്‍സ് വ്യക്തമാക്കി.

ഐപിഎല്‍ പോലുള്ള ലോക താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുന്നതാവും വെറും രണ്ട് മത്സരങ്ങള്‍ക്കായി ദേശീയ ടീമിലേക്ക് വരുന്നതിലും താരങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് എല്ലാവരുടെയും വിലയിരുത്തലെന്നും ട്രെവര്‍ പറഞ്ഞു.

“ഞാന്‍ മാത്രമല്ല, പല താരങ്ങളും സെലക്ടര്‍മാരില്‍ നിന്ന് അവഗണന നേരിടുന്നു”

മികച്ച ഫോമില്‍ കളിക്കുന്ന പല താരങ്ങളും തന്നെപോലെ തന്നെ സെലക്ടര്‍മാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മാത്യൂ വെയിഡ്. ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന വെയിഡ് 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹോബാര്‍ട്ടിനു വേണ്ടി തിളങ്ങിയ ശേഷമാണ് തന്റെ മനസ്സ് തുറന്നത്.

സത്യത്തില്‍ ഇത് വളരെ നിരാശാജനകമായ സ്ഥിതിയാണ്, ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല സംസാരിക്കുന്നത്, രാജ്യത്തെ എല്ലാ താരങ്ങള്‍ക്ക് വേണ്ടിയും കൂടിയാണ്. ടീമിലേക്ക് തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം എന്താണെന്ന് സെലക്ടര്‍മാര്‍ താരങ്ങളോട് കൃത്യമായി സൂചിപ്പിക്കണം. ശതകങ്ങള്‍ നേടുകയും റണ്‍സ് നേടുകയുമാണ് അടിസ്ഥാനമെങ്കില്‍, അത് ചെയ്യുന്ന താരങ്ങളെ തിരഞ്ഞെടുക്കുക. ഇനി അതല്ല മാനദണ്ഡമെങ്കില്‍, അത് ഞങ്ങളെ അറിയിക്കേണ്ട മര്യാദ കൂടി സെലക്ടര്‍മാര്‍ക്കുണ്ടെന്ന് മാത്യൂ വെയിഡ് പറഞ്ഞു.

റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടാസ്മാനിയയ്ക്ക് വേണ്ടി താഴെ ബാറ്റ് ചെയ്യുന്നതിനാലാണ് തനിക്ക് ടെസ്റ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതെന്നാണ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ തന്നോട് പറഞ്ഞതെന്ന് പറഞ്ഞ മാത്യൂ വെയിഡ് പക്ഷേ സെലക്ടര്‍മാര്‍ ചില താരങ്ങള്‍ക്ക് ഈ സമീപനത്തില്‍ വിട്ട് വീഴ്ച ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

താന്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുക എന്നത് മാത്രം ലക്ഷ്യമാക്കി ക്രിക്കറ്റിലെത്തിയതല്ലെന്നും അതിനാല്‍ തന്നെ കളിയ്ക്കുന്ന മറ്റു ടീമുകളുടെ ജയത്തിനായി തീവ്രമായി പരിശ്രമിച്ച് കളത്തില്‍ തുടരുക തന്നെ ചെയ്യുമെന്നും വെയിഡ് പറഞ്ഞു.

Exit mobile version