“ഞാന്‍ മാത്രമല്ല, പല താരങ്ങളും സെലക്ടര്‍മാരില്‍ നിന്ന് അവഗണന നേരിടുന്നു”

മികച്ച ഫോമില്‍ കളിക്കുന്ന പല താരങ്ങളും തന്നെപോലെ തന്നെ സെലക്ടര്‍മാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മാത്യൂ വെയിഡ്. ബിഗ് ബാഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന വെയിഡ് 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹോബാര്‍ട്ടിനു വേണ്ടി തിളങ്ങിയ ശേഷമാണ് തന്റെ മനസ്സ് തുറന്നത്.

സത്യത്തില്‍ ഇത് വളരെ നിരാശാജനകമായ സ്ഥിതിയാണ്, ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല സംസാരിക്കുന്നത്, രാജ്യത്തെ എല്ലാ താരങ്ങള്‍ക്ക് വേണ്ടിയും കൂടിയാണ്. ടീമിലേക്ക് തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം എന്താണെന്ന് സെലക്ടര്‍മാര്‍ താരങ്ങളോട് കൃത്യമായി സൂചിപ്പിക്കണം. ശതകങ്ങള്‍ നേടുകയും റണ്‍സ് നേടുകയുമാണ് അടിസ്ഥാനമെങ്കില്‍, അത് ചെയ്യുന്ന താരങ്ങളെ തിരഞ്ഞെടുക്കുക. ഇനി അതല്ല മാനദണ്ഡമെങ്കില്‍, അത് ഞങ്ങളെ അറിയിക്കേണ്ട മര്യാദ കൂടി സെലക്ടര്‍മാര്‍ക്കുണ്ടെന്ന് മാത്യൂ വെയിഡ് പറഞ്ഞു.

റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടാസ്മാനിയയ്ക്ക് വേണ്ടി താഴെ ബാറ്റ് ചെയ്യുന്നതിനാലാണ് തനിക്ക് ടെസ്റ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതെന്നാണ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ തന്നോട് പറഞ്ഞതെന്ന് പറഞ്ഞ മാത്യൂ വെയിഡ് പക്ഷേ സെലക്ടര്‍മാര്‍ ചില താരങ്ങള്‍ക്ക് ഈ സമീപനത്തില്‍ വിട്ട് വീഴ്ച ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

താന്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുക എന്നത് മാത്രം ലക്ഷ്യമാക്കി ക്രിക്കറ്റിലെത്തിയതല്ലെന്നും അതിനാല്‍ തന്നെ കളിയ്ക്കുന്ന മറ്റു ടീമുകളുടെ ജയത്തിനായി തീവ്രമായി പരിശ്രമിച്ച് കളത്തില്‍ തുടരുക തന്നെ ചെയ്യുമെന്നും വെയിഡ് പറഞ്ഞു.

Exit mobile version