മികച്ച തുടക്കത്തിന് ശേഷം താളം തെറ്റിയെങ്കിലും മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കി സൂര്യുകുമാര്‍ യാദവ്

ഐപിഎലിലെ ഈ സീസണിലെ തന്റെ ആദ്യത്തെ അര്‍ദ്ധ ശതക പ്രകടനവുമായി മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ട് നയിച്ച് സൂര്യകുമാര്‍ യാദവ്. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 88/1 എന്ന നിലയിലായിരുന്ന ടീം പൊടുന്നനെ 117/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

എന്നാല്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ മികച്ച റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീം 193/4 എന്ന മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 38 പന്തില്‍ നിന്ന് 75 റണ്‍സാണ് പുറത്താകാതെ നേടിയത്.

വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാര്‍ത്തിക് ത്യാഗിയാണ് പുറത്താക്കിയത്. 15 പന്തില്‍ 23 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിയാണ്. 4.5 ഓവറില്‍ 49 റണ്‍സാണ് മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.

Rajasthankartiktyagi

പവര്‍ പ്ലേയില്‍ 57 റണ്‍സ് നേടിയ മുംബൈ പവര്‍പ്ലേയ്ക്ക് ശേഷവും റണ്‍സ് യഥേഷ്ടം കണ്ടെത്തി മുന്നേറുന്നതിനിടയിലാണ് 10ാം ഓവറിന്റെ ആദ്യ പന്തില്‍ ശ്രേയസ്സ് ഗോപാല്‍ രോഹിത്തിനെ തെവാത്തിയയുടെ കൈകളിലെത്തിച്ചത്. 23 പന്തില്‍ നിന്ന് 35 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.

3 സിക്സും മുംബൈ നായകന്‍ നേടി. രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 39 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനെയും ശ്രേയസ്സ് പുറത്താക്കിയപ്പോള്‍ 88/1 എന്ന നിലയില്‍ നിന്ന് 88/3 എന്ന നിലയിലേക്ക് മുംബൈ വീണു. പത്തോവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സാണ് മുംബൈ നേടിയത്.

ഇഷാന്‍ പുറത്തായ ശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യയ്ക്കും മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 29 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 12 റണ്‍സ് നേടിയ ക്രുണാല്‍ മടങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്.

14 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 117/4 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഇതിനിടെ തന്റെ ഈ സീസണിലെ ആദ്യ അര്‍ദ്ധ ശതകം നേടി സൂര്യകുമാര്‍ യാദവ് മുംബൈയെ മുന്നോട്ട് നയിച്ചു. 33 പന്തില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്.

അവസാന മൂന്നോവറില്‍ സൂര്യകുമാര്‍-ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് 50 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 47 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 30 റണ്‍സ് നേടുകയായിരുന്നു.

ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ – സൂര്യകുമാര്‍ യാദവ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യ മത്സരത്തില്‍ മികവ് പുലര്‍ത്താനായില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ ടീം തകര്‍ത്തപ്പോള്‍ ബൗളിംഗില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത് ജസ്പ്രീത് ബുംറയായിരുന്നു. കൊല്‍ക്കത്തയ്ക്കെതിരെ മൂന്നോവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം രണ്ട് വിക്കറ്റ് നേടിയത്. അവസാന ഓവറില്‍ ബുംറയെ പാറ്റ് കമ്മിന്‍സ് അടിച്ചകയറ്റിയപ്പോള്‍ താരം 27 റണ്‍സ് വഴങ്ങിയെങ്കിലും അതിന് മുമ്പ് തന്നെ കൊല്‍ക്കത്തയുടെ കഥ ബുംറ കഴിച്ചിരുന്നു.

49 റണ്‍സ് തോല്‍വിയിലേക്ക വീണ കൊല്‍ക്കത്തയുടെ തകര്‍ച്ച ഉറപ്പാക്കിയത് ജസ്പ്രീത് ബുംറയുടെ പ്രകടനമാണെന്നും താന്‍ ബുംറയെ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായാണ് കരുതുന്നതെന്നും സഹ താരം സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. നെറ്റ്സില്‍ താരത്തിന്റെ വര്‍ക്ക് എത്തിക്സും അച്ചടക്കുവുമെല്ലാം അവിശ്വസനീയമാണെന്നാണ് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്.

ആദ്യ മത്സരത്തിലെ തിരിച്ചടിയ്ക്ക് ശേഷം താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നും ടൂര്‍ണ്ണമെന്റ് പുരോഗമിക്കുമ്പോള്‍ ഇനിയും ശക്തമായ പ്രകടനങ്ങള്‍ താരത്തില്‍ നിന്നുണ്ടാകുമെന്നും സൂര്യകുമാര്‍ യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് മുംബൈയുടെ ഓള്‍റഔണ്ട് വിജയം -സൂര്യകുമാര്‍ യാദവ്

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ വിജയം മുംബൈയുടെ ഓള്‍റൗണ്ട് മികവ് ചൂണ്ടിക്കാണിക്കുന്നതാണെന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്. ഇന്നലെ 49 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്തയ്ക്കെതിരെ നിലവിലെ ചാമ്പ്യന്മാര്‍ നേടിയത്. ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും തിളങ്ങുകയായിരുന്നു.

180-185 വരെയുള്ള റണ്‍സ് നേടണമെന്നായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും അത് സാധിച്ച ശേഷം ബൗളര്‍മാരെ ഫീല്‍ഡിംഗിലും മികച്ച പ്രകടനം നടത്തി മുംബൈ താരങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഫീല്‍ഡില്‍ മികച്ച ഊര്‍ജ്ജം താരങ്ങളില്‍ കണ്ടുവെന്നും ടീം മീറ്റിംഗില്‍ പോസിറ്റീവായി കാര്യങ്ങളെ സമീപിക്കണമെന്നായിരുന്നു തീരുമാനമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ആദ്യ പന്ത് മുതല്‍ അവസാന പന്ത് എറിയുന്നത് വരെ ആ ഊര്‍ജ്ജം നിലനിര്‍ത്തുവാന്‍ മുംബൈയ്ക്ക് സാധിച്ചുവെന്നും സൂര്യകുമാര്‍ അഭിപ്രായപ്പെട്ടു.

അബു ദാബിയില്‍ ഹിറ്റ്മാന്‍ ഷോ, രോഹിത്തിന്റെ മികവാര്‍ന്ന ഇന്നിംഗ്സില്‍ മുംബൈയ്ക്ക് 195 റണ്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ഐപിഎലിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 195 റണ്‍സ്. രോഹിത് ശര്‍മ്മ – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് നേടിയ 90 റണ്‍സ് കൂട്ടുകെട്ടിന് ശേഷം സൗരഭ് തിവാരി, ഹാര്‍ദ്ദിക് പാണ്ഡ്യ(18) എന്നിവരുടെ പിന്തുണയോടു കൂടിയാണ് രോഹിത് മുംബൈയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

54 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ശിവം മാവിയാണ് പുറത്താക്കിയത്. 3 ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.

പത്തോവറില്‍ 94/1 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്പിന്നര്‍മാരായ സുനില്‍ നരൈനും കുല്‍ദീപ് യാദവും ഏതാനും ഓവറുകള്‍ റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞുവെങ്കിലും വിക്കറ്റ് നേടുവാന്‍ ഇരുവര്‍ക്കുമായില്ല. നരൈന്‍ എറിഞ്ഞ 11ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ മുംബൈയ്ക്ക് തങ്ങളുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 28 പന്തില്‍ നിന്ന് 47 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

എട്ടോവറില്‍ 83/1 എന്ന നിലയിലായിരുന്ന കൊല്‍ക്കത്തയ്ക്ക് എന്നാല്‍ പിന്നീടുള്ള നാലോവറില്‍ 22 റണ്‍സ് മാത്രമാണ് നേടാനായത്. സ്പിന്നര്‍മാരുടെ വരവോട് കൂടി റണ്‍സ് കണ്ടെത്തുവാന്‍ രോഹിത്തും ബുദ്ധിമുട്ടിയെങ്കിലും താരം 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

പിന്നീടുള്ള ഓവറുകളില്‍ മുംബൈ സ്കോറിംഗ് വേഗത്തിലാകുന്നതാണ് കണ്ടത്. കുല്‍ദീപ് യാദവ് എറിഞ്ഞ 14ാം ഓവറില്‍ രോഹിത് രണ്ട് സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് മുംബൈ 17 റണ്‍സാണ് നേടിയത്. തന്റെ ആദ്യ ഓവറില്‍ കണക്കറ്റ് തല്ലുമേടിച്ച പാറ്റ് കമ്മിന്‍സ് രണ്ടാം ഓവര്‍ എറിയുവാനെത്തിയപ്പോള്‍ സൗരവ് തിവാരി സിക്സും ഫോറും നേടുന്നതാണ് കണ്ടത്. ഓവറില്‍ നിന്ന് 15 റണ്‍സ് മുംബൈ നേടി.

അടുത്ത ഓവറില്‍ 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ സൗരഭ് തിവാരിയെ സുനില്‍ നരൈന്‍ പുറത്താക്കി. നരൈന്‍ 4 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റാണ് നേടിയത്. രോഹിത് ശര്‍മ്മ പുറത്തായ ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ ഹിറ്റ് വിക്കറ്റ് ആയി ആന്‍ഡ്രേ റസ്സലിന് വിക്കറ്റ് നല്‍കി മടങ്ങി.

കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ നിന്ന് ശിവം മാവി 13 റണ്‍സ് വിട്ട് കൊടുത്തതോടെ താരത്തിന്റെ സ്പെല്‍ 4 ഓറില്‍ 32 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ അവസാനിച്ചു.

 

ഡി കോക്കിനെ നഷ്ടമായ ശേഷം മുംബൈയെ മുന്നോട്ട് നയിച്ച് രോഹിത് – സൂര്യകുമാര്‍ കൂട്ടുകെട്ട്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യന്‍സിന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റണ്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ഒരു റണ്‍സ് നേടിയ താരത്തെ ശിവം മാവിയാണ് പുറത്താക്കിയത്. എന്നാല്‍ പിന്നീട് മികച്ച ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുറത്തെടുത്തത്.

ഇരുവരും ചേര്‍ന്ന് ഇതുവരെ രണ്ടാം വിക്കറ്റില്‍ 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് 29 റണ്‍സും രോഹിത് ശര്‍മ്മ 27 റണ്‍സും നേടിയാണ് ടീം സ്കോര്‍ മുന്നോട്ട് നയിച്ചത്.

ടോപ് ഓര്‍ഡറില്‍ ആരെങ്കിലും അവസാനം വരെ കളിയ്ക്കണമെന്നത് പ്രധാനമായിരുന്നു

മുംബൈയെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ച് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവ് പറയുന്നത് ടോപ് ഓര്‍ഡറില്‍ ആരെങ്കിലും അവസാനം വരെ ക്രീസില്‍ നില്‍ക്കേണ്ടത് മുംബൈയുടെ ഇന്നത്തെ വിജയത്തിനു ഏറെ പ്രാധാന്യം നിറഞ്ഞ കാര്യമായിരുന്നുവെന്നാണ്. വിക്കറ്റില്‍ ബാറ്റഇംഗ് അത്ര എളുപ്പമായിരുന്നില്ല. ഈ വിക്കറ്റില്‍ ഉയര്‍ത്തി അടിച്ച് റണ്‍സ് കണ്ടെത്തുക ശ്രമകരമായതായി തനിക്ക് തോന്നിയെന്ന് പറഞ്ഞ സൂര്യകുമാര്‍ അതിനാല്‍ തന്നെ താന്‍ കൂടുതലും ഗ്രൗണ്ട് ഷോട്ടുകളാണ് കളിച്ചതെന്നും പറഞ്ഞു. ഡബിളുകളും സിംഗിളുകളും നേടുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും സൂര്യകുമാര്‍ പറഞ്ഞു.

ബൗളിംഗ് കഴിഞ്ഞ് ടീം മീറ്റിംഗില്‍ ആരെങ്കിലും ഒരാളഅ‍ അവസാനം വരെ കളിയ്ക്കണം എന്ന് തീരുമാനിച്ചിരുന്നു. പിന്നീട് വരുന്ന താരങ്ങള്‍ക്ക് യഥേഷ്ടം റണ്‍സ് കണ്ടെത്തുക പ്രയാസമാകും എന്ന തിരിച്ചറിവു ടീമിനുണ്ടായിരുന്നു എന്നതായിരുന്നു ഇതിനു കാരണമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. 54 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ സൂര്യകുമാര്‍ 10 ബൗണ്ടറി മാത്രമാണ് നേടിയത്. ഒരു സിക്സ് പോലും ഇന്ന് താരം നേടിയിരുന്നില്ല.

മുംബൈയെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ച് സൂര്യകുമാര്‍ യാദവ്

ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ മുംബൈയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയെ 131 റണ്‍സില്‍ ഒതുക്കിയ മുംബൈ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ മറികടക്കുകയായിരുന്നു. തുടക്കം മോശമായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍ 80 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പുറത്തെടുത്ത സൂര്യകുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടാണ് മുംബൈയുടെ വിജയത്തിനു അടിത്തറ പാകിയത്.

28 റണ്‍സ് നേടിയ ഇഷാന്‍ കിഷനെയും ക്രുണാല്‍ പാണ്ഡ്യയെയും അടുത്തടുത്ത പന്തുകളില്‍ ഇമ്രാന്‍ താഹിര്‍ പുറത്താക്കിയെങ്കിലും ലക്ഷ്യം വളരെ ചെറുതായിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടില്ലാതെ മുംബൈ നേടുകയായിരുന്നു. ഇമ്രാന്‍ താഹിറിനാണ് ഈ രണ്ട് വിക്കറ്റുകളും ലഭിച്ചത്. വിജയ സമയത്ത് 71 റണ്‍സ് നേടിയ സൂര്യകുമാറും 13 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍.

54 പന്തില്‍ നിന്ന് 10 ബൗണ്ടറിയുടെ സഹായത്തോടെയാണ് സൂര്യകുമാര്‍ യാദവിന്റെ 71 റണ്‍സ്. ചെന്നൈയ്ക്ക് വേണ്ടി താഹിറിന്റെ രണ്ട് വിക്കറ്റിനു പുറമെ ദീപക് ചഹാറും ഹര്‍ഭജന്‍ സിംഗും ഓരോ വിക്കറ്റ് വീതം നേടി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും രവീന്ദ്ര ജഡേജ തന്റെ നാലോവറില്‍ വെറും 18 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

കൊല്‍ക്കത്തയെ പുറത്താക്കി മുംബൈ, സണ്‍റൈസേഴ്സ് പ്ലേ ഓഫിലേക്ക്

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന ബാറ്റിംഗ് നിരയ്ക്ക് ശേഷം ബൗളിംഗ് നിരയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ഐപിഎലില്‍ നിന്ന് പുറത്തായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതോടെ മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. 134 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 23 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 9 വിക്കറ്റ് ജയം സ്വന്തമാക്കുവാനായത്.

23 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് നേടിയ ശേഷമാണ് ഡി കോക്കിന്റെ വിക്കറ്റ് ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ മുംബൈയ്ക്ക നഷ്ടമായി. താരം 3 സിക്സ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു.

88 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 55 റണ്‍സുമായി രോഹിത് ശര്‍മ്മ ടോപ് സ്കോറര്‍ ആയപ്പോള്‍ 46 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും നിര്‍ണ്ണായക പ്രകടനം നടത്തി. വെറും 27 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് തന്റെ 46 റണ്‍സ് നേടിയത്. 16.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആന്‍ഡ്രേ റസ്സലിനെ സിക്സര്‍ പറത്തിയാണ് സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്. കൊല്‍ക്കത്തയ്ക്ക് ലഭിച്ച ഏക വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയാണ് നേടിയത്.

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം170 റണ്‍സിലേക്ക് എത്തി മുംബൈ ഇന്ത്യന്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 170 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. വാങ്കഡേയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ നൂറ് കടത്തിയത്. തുടര്‍ന്ന് അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

50/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് മുംബൈയുടെ തിരിച്ചുവരവ്. ക്വിന്റണ്‍ ഡി കോക്ക്(4), രോഹിത് ശര്‍മ്മ(13), യുവരാജ് സിംഗ്(4) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്.

മോഹിത് ശര്‍മ്മ എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറുകള്‍ നേടിയ ശേഷം ക്രുണാല്‍ പാണ്ഡ്യ അടുത്ത പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ താരം 32 പന്തില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. അടുത്ത ഓവറില്‍ ഡ്വെയിന്‍ ബ്രാവോ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റും വീഴ്ത്തി. 43 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് 59 റണ്‍സ് നേടിയത്.

16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 103/3 എന്ന നിലയിലായിരുന്നു മുംബൈയ്ക്ക് അവസാന നാലോവറില്‍ നിന്ന് 67 റണ്‍സാണ് നേടാനായത്. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 29 റണ്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് നേടിയത്.

അവസാന രണ്ടോവറില്‍ നിന്ന് 45 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 13 പന്തില്‍ നിന്ന് 45 റണ്‍സാണ് പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യും ചേര്‍ന്ന് നേടിയത്. പാണ്ഡ്യ 8 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ 17 റണ്‍സ് നേടി. ഹാര്‍ദ്ദിക് മൂന്നും പൊള്ളാര്‍ഡ് രണ്ടും സിക്സാണ് മത്സരത്തില്‍ നിന്ന് നേടിയത്.

കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155 റണ്‍സിലേക്ക് നയിച്ചുവെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം താരങ്ങള്‍ പൂജ്യത്തിനു പുറത്താകുക എന്ന നാണംകെട്ട റെക്കോര്‍ഡിനാണ് മുംബൈയ്ക്ക് ഇന്ന് പഞ്ചാബിനെതിരെ നേടേണ്ടി വന്നത്.

150/5 എന്ന നിലയില്‍ നിന്ന് 155 ടീം ഓള്‍ഔട്ട് ആയപ്പോള്‍ അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, ശര്‍ദ്ധുല്‍ താക്കൂര്‍, മുലാനി, ധവാല്‍ കുല്‍ക്കര്‍ണ്ണി, തുഷാര്‍ ദേശ്പാണ്ടേ എന്നിവരാണ് പൂജ്യത്തിനു പുറത്തായ താരങ്ങള്‍. 49 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരും മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

പഞ്ചാബിനായി ബല്‍തേജ് സിംഗും ബരീന്ദര്‍ സ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ 2 വിക്കറ്റ് നേടി. ഇന്നലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ അയ്യരുടെ(147) റെക്കോര്‍ഡ് ശതകത്തിന്റെ ബലത്തില്‍ 258 റണ്‍സ് നേടിയ മുംബൈ സിക്കിമിനെ 104 റണ്‍സില്‍ നിര്‍ത്തി 154 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.

Exit mobile version