അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവ് അറിയിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പന്തില്‍ തന്നെ ജോഫ്രയെ സിക്സര്‍ പായിച്ച് തുടക്കം

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ രണ്ടാം മത്സരത്തില്‍ ലഭിച്ച ആദ്യ അവസരം മുതലാക്കി സൂര്യകുമാര്‍ യാദവ്. തന്റെ ആദ്യ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിയ്ക്കാതെ വന്നപ്പോള്‍ അതിന് തൊട്ടടുത്ത മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് ടീമില്‍ അവസരം ലഭിച്ചില്ല. ഇന്ന് പരമ്പരയിലെ നാലാം മത്സരത്തില്‍ താരത്തിന് ഇന്ത്യ വീണ്ടും അവസരം നല്‍കിയപ്പോള്‍ അത് രണ്ട് കൈയ്യും നീട്ടി താരം സ്വീകരിക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയെ(12) പുറത്താക്കി ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ നേടിയപ്പോള്‍ ആ ഓവറിലെ അവസാന പന്ത് നേരിടേണ്ടി വന്നത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. ആദ്യ പന്തില്‍ തന്നെ ജോഫ്രയെ സിക്സര്‍ പറത്തി തുടങ്ങിയ താരം പിന്നെ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്കോറിംഗ് നടത്തുന്ന അതേ രീതിയിലാണ് ബാറ്റ് വീശിയത്.

ബൗണ്ടറികളും സിക്സറുകളും താരം യഥേഷ്ടം നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 18 പന്തില്‍ നിന്ന് 35 റണ്‍സാണ് നേടിയത്. ഇന്ത്യ 9 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് നേടിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അരങ്ങേറ്റം, രണ്ടാം ടി20 ടോസും ടീമും അറിയാം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ഏതാനും മാറ്റം. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തങ്ങളുടെ ഇന്ത്യന്‍ ടി20 അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇന്നത്തെ മത്സരത്തില്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാനും അക്സര്‍ പട്ടേലുമാണ് ടീമിന് പുറത്ത് പോകുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമാണുള്ളത്. മാര്‍ക്ക് വുഡിന് പകരം ടോം കറന്‍ ടീമിലേക്ക് എത്തുന്നു.

ഇംഗ്ലണ്ട് Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Jofra Archer, Tom Curran, Chris Jordan, Adil Rashid

ഇന്ത്യ: KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

31 ഫോറുകള്‍ 5 സിക്സ്, പുതുച്ചേരിയ്ക്കെതിരെ ഇരട്ട ശതകം നേടി പൃഥ്വി ഷാ

പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 457/4 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.

152 പന്തില്‍ നിന്ന് 227 റണ്‍സാണ് പുറത്താകാതെ പൃഥ്വി ഷാ നേടിയത്. സൂര്യകുമാര്‍ യാദവ് 58 പന്തില്‍ നിന്ന് 133 റണ്‍സ് നേടിയപ്പോള്‍ ആദിത്യ താരെ അര്‍ദ്ധ ശതകം നേടി. പൃഥ്വി 31 ഫോറും അഞ്ച് സിക്സും നേടിയപ്പോള്‍ സൂര്യകുമാര്‍ 22 ഫോറും നാല് സിക്സും നേടി.

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇന്ന് പൃഥ്വി ഷാ നേടിയത്.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 19 അംഗ സ്ക്വാഡിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് ജാര്‍ഖണ്ഡിന് വേണ്ടി 173 റണ്‍സ് വെറും 94 പന്തില്‍ നേടി മിന്നും പ്രകടനം പുറത്തെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇഷാന്തിനെ തേടി ഈ വാര്‍ത്തയെത്തുന്നത്.

പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. മനീഷ് പാണ്ടേ, സഞ്ജു സാംസണ്‍, മയാംഗ് അഗര്‍വാള്‍ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുന്നു. പരിക്ക് മാറി ഭുവനേശ്വര്‍ കുമാറും ടീമിലേക്ക് എത്തുന്നു. സൂര്യകുമാര്‍ യാദവിനും രാഹുല്‍ തെവാത്തിയയ്ക്കും ആദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിയ്ക്കുന്നുണ്ട്.

ടി20 സ്ക്വാഡ് : Virat Kohli (c), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik Pandya, Rishabh Pant (wk), Ishan Kishan (wk), Yuzvendra Chahal, Varun Chakravarthy, Axar Patel, Washington Sundar, Rahul Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep Saini, Shardul Thakur.

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

യശസ്വി ജൈസ്വാലും ആദിത്യ താരെയും ചേര്‍ന്ന് 88 റണ്‍സാണ് 9.5 ഓവറില്‍ മുംബൈയ്ക്കായി നേടിയത്. 42 റണ്‍സ് നേടിയ ആദിത്യ താരെയെ ജലജ് സക്സേന പുറത്താക്കിയപ്പോളാണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചത്. അധികം വൈകുന്നതിന് മുമ്പ് 40 റണ്‍സ് നേടിയ ജൈസ്വാലിനെ മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 101 റണ്‍സാണ് നേടിയത്. നിധീഷിനായിരുന്നു വിക്കറ്റ്.

അതിന് ശേഷം സൂര്യകുമാര്‍ യാദവും സിദ്ധേഷ് ലാഡും ചേര്‍ന്ന് 49 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 21 റണ്‍സ് നേടിയ ലാഡിനെ പുറത്താക്കി ജലജ് സക്സേന തന്റെ രണ്ടാം വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവിനെയും(38) പുറത്താക്കി ജലജ് സക്സേന മുംബൈയുടെ കുതിപ്പിന് തടയിട്ടു.

അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും ശിവം ഡുബേയും കേരള ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ മുംബൈ ഇരുനൂറും കടന്ന് മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെഎം ആസിഫ് മുംബൈയെ 196 റണ്‍സില്‍ ഒതുക്കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് നേടിയത്.

ശിവം ഡുബേ 13 പന്തില്‍ 26 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 9 പന്തില്‍ 17 റണ്‍സുമാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സര്‍ഫ്രാസിനെയും ശിവം ഡുബേയെയും ആസിഫ് പുറത്താക്കിയെങ്കിലും താരത്തിന് ഹാട്രിക് നേടാനായില്ല. അവസാന പന്തില്‍ അഥര്‍വ്വയുടെ വിക്കറ്റ് വീഴ്ത്തി താരം തന്റെ മൂന്ന് വിക്കറ്റ് നേട്ടം തികച്ചു.

മികച്ച തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ പതറിയ മുംബൈയെ മുന്നോട്ട് നയിച്ച് ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും

ഐപിഎലിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സ്. ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ നല്‍കിയ തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ മുംബൈ പതറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 60 റണ്‍സ് കൂട്ടുകെട്ടുമായി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്ക് മുംബൈയ്ക്ക് നല്‍കിയത്. ഡി കോക്ക് ഒരു വശത്ത് തകര്‍ത്തടിച്ചപ്പോള്‍ രോഹിത്തിനെ മുംബൈയ്ക്ക് വേഗത്തില്‍ നഷ്ടമാകുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ രോഹിത് കുടുങ്ങി. അശ്വിനായിരുന്നു വിക്കറ്റ്.

Ashwin

അതിന് ശേഷം സൂര്യകുമാര്‍ യാദവും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സ് മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഡി കോക്കിനെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്. പത്തോവറില്‍ 92 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

അധികം വൈകാതെ സ്കോര്‍ നൂറിലെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ മുംബൈയ്ക്ക് നഷ്ടമായി. 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ യാദവിന്റെ വിക്കറ്റ് ആന്‍റിക് നോര്‍ക്കിയ ആണ് പുറത്താക്കിയത്. അടുത്ത ഓവറില്‍ കൈറണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കി അശ്വിന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ മത്സരത്തില്‍ മുംബൈ 101/4 എന്ന നിലയിലേക്ക് വീണു. 78/1 എന്ന നിലയില്‍ അതി ശക്തമായ നിലയില്‍ നിന്നായിരുന്നു മുംബൈയുടെ തകര്‍ച്ച.

39 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ 13 റണ്‍സ് നേടിയ ക്രുണാലിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. മാര്‍ക്കസ് സ്റ്റോയിനിസ് തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ താരത്തെ പുറത്താക്കുകയായിരുന്നു.

23 പന്തില്‍ നിന്ന് 60 റണ്‍സ് കൂട്ടുകെട്ടുമായി ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് മുംബൈയെ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. 30 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ കിഷനൊപ്പം 5 സിക്സ് അടക്കം 14 പന്തില്‍ നിന്ന് 37 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും അടിച്ച് തകര്‍ത്തപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും തല്ല് വാങ്ങിക്കൂട്ടുകയായിരുന്നു.

 

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ സ്കോര്‍

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ആര്‍ക്കും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുവാന്‍ സാധിച്ചില്ല. പൊള്ളാര്‍ഡ് 25 പന്തില്‍ നിന്ന് 41 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള ഡികോക്കിനെ നഷ്ടമായത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 13 പന്തില്‍ നിന്ന് 25 റണ്‍സാണ് ഡി കോക്ക് നേടിയത്. പിന്നീട് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് 42 റണ്‍സ് നേടി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മികച്ച തിരിച്ചുവരവ് ടീമിനായി നടത്തി.

ഷഹ്ബാസ് നദീം ഒരേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സൗരഭ് തിവാരിയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ 81/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് മുംബൈ വീണു.

റഷീദ് ഖാന്‍ തന്റെ അവസാന ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും താരം തന്നെ കിഷന്റെ ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 19 റണ്‍‍സായിരുന്നു അപ്പോള്‍ ഇഷാന്‍ കിഷന്റെ സ്കോര്‍. 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മ പുറത്താക്കി.

നടരാജന്റെ ഓവറില്‍ ഔട്ട് വിധിക്കപ്പെട്ട കൈറണ്‍ പൊള്ളാര്‍ഡ് റിവ്യൂവിലൂടെ തീരുമാനം അതിജീവിച്ച ശേഷം മൂന്ന് സിക്സുകളാണ് ഓവറില്‍ നിന്ന് നേടിയത്. ജേസണ്‍ ഹോള്‍ഡറെയും സിക്സര്‍ പറത്തിയ പൊള്ളാര്‍ഡ് എന്നാല്‍ താരത്തിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും ഷഹ്ബാസ് നദീമും രണ്ട് വീതം വിക്കറ്റ് നേടി.

 

സെലക്ടര്‍മാര്‍ക്കുള്ള തന്റെ മറുപടി ബാറ്റിലൂടെയെന്ന് തെളിയിച്ച് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ

മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കി സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നേടിയ 5 വിക്കറ്റ് വിജയത്തോടെയാണ് മുംബൈ 16 പോയിന്റിലേക്ക് എത്തിയത്. 19.1 ഓവറിലാണ് മുംബൈയുടെ മികച്ച വിജയം. 43 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ യാദവ് 10 ഫോറും 3 സിക്സും നേടി.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ന് മുംബൈയുടെ വിജയം. വലിയ സ്കോര്‍ നേടുമെന്ന് തോന്നിപ്പിച്ച ബാംഗ്ലൂരിനെ 164 റണ്‍സില്‍ പിടിച്ച് കെട്ടിയെങ്കിലും ചേസിംഗ് അത്ര എളുപ്പമായിരുന്നില്ല മുംബൈയ്ക്ക്. 5.3 ഓവറില്‍ 37 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ഡി കോക്കും(18) ഇഷാന്‍ കിഷനും(52) പുറത്തായ ശേഷം സൂര്യകുമാര്‍ യാദവ് ആണ് മുംബൈയെ മുന്നോട്ട് നയിച്ചത്.

ഒരു വശത്ത് സൗരഭ് തിവാരിയയെയും ക്രുണാല്‍ പാണ്ഡ്യയെയും ബാംഗ്ലൂര്‍ വീഴ്ത്തിയെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി സൂര്യകുമാര്‍ യാദവ് റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുകയായിരുന്നു. 29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരം മുംബൈയ്ക്ക് അവസാന മൂന്നോവറിലെ ലക്ഷ്യം 27 റണ്‍സാക്കി കുറച്ചു കൊണ്ടു വന്നു.

ക്രിസ് മോറിസ് എറിഞ്ഞ 19ാം ഓവറില്‍ 17 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ മുംബൈയ്ക്ക് 7 പന്തില്‍ ഏഴ് റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി  നേടി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയം ഉറപ്പാക്കി.

ബാംഗ്ലൂര്‍ നിരയില്‍ ചഹാലും സിറാജും രണ്ട് വീതം വിക്കറ്റ് നേടി.

സൂര്യകുമാർ യാദവിന് അവസരം നൽകിയില്ല, വിമർശനവുമായി ഹർഭജൻ സിംഗ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന് അവസരം നൽകാതിരുന്നതിൽ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഹർഭജൻ വിമർശനം ഉന്നയിച്ചത്. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപെടാൻ സൂര്യകുമാർ യാദവ് ഇതിൽ കൂടുതൽ എന്ത് ചെയ്യണമെന്ന് ഹർഭജൻ സിംഗ് ചോദിച്ചു.

ആഭ്യന്തര സീസണിലും എല്ലാ ഐ.പി.എല്ലിലും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഹർഭജൻ സിംഗ് പറഞ്ഞു. വ്യത്യസ്‌ത ആളുകൾക്ക് വ്യത്യസ്‌ത നിയമമാണോ എന്നും സൂര്യകുമാർ യാദവിന്റെ റെക്കോർഡുകൾ ബി.സി.സി.ഐ സെലെക്ടർമാർ പരിശോധിക്കണമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

ഈ വർഷത്തെ ഐ.പി.എല്ലിൽ 11 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 2 അർദ്ധ സെഞ്ച്വറികൾ അടക്കം 283 റൺസ് നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ മൊത്തം 96 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 1831 റൺസും സ്വന്തമാക്കിയിട്ടുണ്ട്.

തുടക്കം ഡി കോക്ക്, പിന്നെ സൂര്യകുമാര്‍, മുംബൈയ്ക്ക് അഞ്ചാം വിജയം

ഒരു ഘട്ടത്തില്‍ ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ യാദവും തങ്ങളുടെ അര്‍ദ്ധ ശതകങ്ങളുമായി മുംബൈയെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചുവെങ്കിലും അഞ്ചാം ജയം സ്വന്തമാക്കുവാന്‍ മുംബൈയ്ക്കായി. 2 പന്ത് അവശേഷിക്കെയാണ് മുംബൈയുടെ 5 വിക്കറ്റ് വിജയം. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയെ പിന്തള്ളി ഒന്നാമതെത്തി.

രോഹിത് ശര്‍മ്മയെ(5) അഞ്ചാം ഓവറില്‍ നഷ്ടമാകുമ്പോള്‍ 31 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. രോഹിത് മടങ്ങിയെങ്കിലും ക്വിന്റണ്‍ ഡി കോക്കിന് നിര്‍ത്തുവാന്‍ ഉദ്ദേശമില്ലായിരുന്നു. ഡല്‍ഹി ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ച് തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം 33 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

എന്നാല്‍ അധികം വൈകാതെ രവിചന്ദ്രന്‍ അശ്വിന്‍ താരത്തെ പുറത്താക്കിയപ്പോള്‍ 53 റണ്‍സായിരുന്നു ഡി കോക്കിന്റെ സംഭാവന. സൂര്യകുമാര്‍ യാദവിനൊപ്പം 46 റണ്‍സാണ് ഡി കോക്ക് രണ്ടാം വിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി നേടിയത്. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവ് നിര്‍ത്തുവാനുള്ള തീരുമാനത്തിലായിരുന്നില്ല.

ഡല്‍ഹി ബൗളര്‍മാരെ അടിച്ച് തകര്‍ത്ത മുംബൈ താരം 30 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും അതിന് ശേഷം സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മടങ്ങിയതോടെ അനായാസമായിരുന്ന ചേസില്‍ മുംബൈ ക്യാമ്പില്‍ ആദ്യമായി പരിഭ്രാന്തി പടര്‍ന്നു. മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു പാണ്ഡ്യയുടെ വിക്കറ്റ്.

എന്നാല്‍ ഇഷാന്‍ കിഷനും കൈറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് സംയമനത്തോടെ ബാറ്റ് വീശിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം അവസാന മൂന്നോവറില്‍ 18 റണ്‍സായി മാറി. റബാഡ എറിഞ്ഞ 18ാം ഓവറില്‍ ഇഷാന്‍ കിഷന്‍ രണ്ടാം പന്തില്‍ സിക്സര്‍ നേടുകയായിരുന്നു. പൃഥ്വിയുടെ കൈകളില്‍ തട്ടിയാണ് പന്ത് സിക്സര്‍ പോയത്. അടുത്ത പന്തില്‍ വീണ്ടുമൊരു വലിയ ഷോട്ടിന് ശ്രമിച്ച കിഷന്റെ വിക്കറ്റ് റബാഡ നേടി. 15 പന്തില്‍ 28 റണ്‍സ് നേടിയ താരത്തിനെ അക്സര്‍ പട്ടേല്‍ മികച്ച ക്യാച്ചിലൂടെയാണ് പവലിയനിലേക്ക് മടക്കിയത്.

റബാഡയുടെ ഓവറില്‍ നിന്ന് കിഷനെ നഷ്ടമായെങ്കിലും മുംബൈ 8 റണ്‍സ് നേടിയിരുന്നു. ഇതോടെ 12 പന്തില്‍ 10 റണ്‍സ് നേടേണ്ടിയിരുന്ന മുംബൈയ്ക്ക് ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് നേടാനായത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 7 റണ്‍സായി.

പൊള്ളാര്‍ഡ് 14 പന്തില്‍ 11 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 7 പന്തില്‍ 12 റണ്‍സും നേടിയാണ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്. 14 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

അവസാന നാല് ഓവറുകളില്‍ മുംബൈയുടെ താണ്ഡവും തുടരുന്നു, രാജസ്ഥാനെതിരെ നേടിയത് 68 റണ്‍സ്

ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ഏതെന്ന ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയുക മുംബൈ ഇന്ത്യന്‍സ് എന്നാവും. ആദ്യ മത്സരത്തില്‍ ചെന്നെയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും മുംബൈയുടെ ബാറ്റിംഗ് നിര പിന്നീട് എല്ലാ മത്സരങ്ങളിലും കരുത്തുറ്റ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്.

ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടാലും കൈറണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്മാരും അടങ്ങിയ ബാറ്റിംഗ് നിര അടിച്ച് തകര്‍ക്കുന്നത് പതിവാണ്. കഴിഞ്ഞ നാല് മത്സരങ്ങളിലും മുംബൈയുടെ മധ്യ നിര എതിരാളികളെ തച്ച് തകര്‍ത്ത് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകായയിരുന്നു.

ഇന്നലെ രാജസ്ഥാനെതിരെ 14 ഓവറില്‍ 117/4 എന്ന നിലയിലേക്ക് വീണ ടീം ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 193 റണ്‍സാണ് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ എത്തിയത്. അവസാന നാലോവറുകളില്‍ 68 റണ്‍സാണ് ടീം ഇന്നലെ നേടിയത്. ടീമിന്റെ കഴിഞ്ഞ നാല് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ അവസാന നാലോവര്‍ സ്കോര്‍ കൂടിയാണ് ഇത്.

ആര്‍സിബിയ്ക്കെതിരെ ദുബായിയിലും സണ്‍റൈസേഴ്സിനെതിരെ അബു ദാബിയിലും ടീം അവസാന നാലോവറില്‍ നിന്ന് 89 റണ്‍സ് വീതമാണ് നേടിയത്. അതേ സമയം സണ്‍റൈസേഴ്സിനെതിരെ നേടിയ 61 റണ്‍സാണ് കഴിഞ്ഞ നാല് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ ടീമിന്റെ അവസാന നാലോവര്‍ സ്കോര്‍.

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സൂര്യകുമാര്‍ യാദവ്

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ഇന്നല രാജസ്ഥാന്‍ റോയല്‍സിനെതിരെ 47 പന്തില്‍ നിന്ന് താരം പുറത്താകാതെ നേടിയ 79 റണ്‍സാണ് ഇപ്പോളത്തെ താരത്തിന്റെ വ്യക്തിഗതമായ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

രാജസ്ഥാനെതിരെ 2018ല്‍ ജയ്പുരില്‍ നേടിയ 72 റണ്‍സായിരുന്നു ഇതിനു മുമ്പുള്ള താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. 2019ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 71 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍.

Exit mobile version