കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മലബാര്‍ ഡെര്‍ബി

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ വടക്കന്‍ വീരഗാഥ. മലബാറിലെ ശക്തരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫി.സി.യും കാലിക്കറ്റ് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ 29 ബുധനാഴ്ച രാത്രി 7.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കണക്കുകള്‍ നോക്കുമ്പോള്‍ കാലിക്കറ്റിനാണ് മുന്‍തൂക്കം. സൂപ്പര്‍ ലീഗില്‍ ആദ്യ സീസണില്‍ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒരു മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സി വിജയിച്ചു.


സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ തോല്‍വി അറിയാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കുതിപ്പ്. മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് സംമ്പാദ്യം. പോയിന്റ് പട്ടികയില്‍ മുന്നിലുമാണ്. പരിചയസമ്പന്നനായ ഗോള്‍കീപ്പറര്‍ ഉബൈദ് സി.കെ.യും അച്ചടക്കത്തോടെ കളിക്കുന്ന നിക്കോയും വികാസും നയിക്കുന്ന പ്രതിരോധവുമാണ് ടീമിന്റെ കരുത്ത്. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് മത്സരം സ്വന്തം വരുതിയിലാക്കും. മധ്യനിരയില്‍ കരുത്തുമായി ഏണസ്റ്റീന്‍ ലവ്‌സാംബയുണ്ട്. മത്സരത്തില്‍ ഉടനീളം ധാരളം ഗോളവസരം ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായി ലക്ഷ്യം കാണാന്‍ ടീമിന് സാധിക്കുന്നില്ല. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഗോളടി വീരന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോ പരിക്ക് മാറി തിരിച്ചെത്തിയത് ടീമില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫോഴ്‌സ കൊച്ചികെതിരെ രണ്ടാം പകുതിയില്‍ പകരകാരനായി എത്തി അഡ്രിയാന്‍ വിജയ ഗോളും നേടി.


മുങ്ങിപോകുമെന്ന് പ്രതീക്ഷിച്ചിരുന്ന കപ്പല്‍ തീരത്തോട് അടുക്കുന്ന പ്രതീക്ഷയിലാണ് കാലിക്കറ്റ് എഫ്‌സിക്കുള്ളത്. ആദ്യ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിലെ തോല്‍വി ടീമിന്റെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ മലപ്പുറം എഫ്‌സിക്കെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും മൂന്ന് ഗോള്‍ നേടാന്‍ സാധിച്ചത് ടീമിന് ഗുണം ചെയ്യും. ഗോള്‍ കീപ്പറും മനോജും റിച്ചാര്‍ഡും നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. മധ്യനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധ താരം റിച്ചാര്‍ഡ് പരിക്ക് പറ്റി പുറത്തുപോയിയിരുന്നു. അറ്റാക്കിംങില്‍ കരുത്തുമായി മലയാളി താരം മൂഹമ്മദ് അജ്‌സലുമുണ്ട്. മലപ്പുറത്തിന് എതിരെ രണ്ട് ഗോളാണ് താരം നേടിയത്. ആദ്യ സീസണിലെ ചാമ്പ്യന്‍മാരും ഇത്തവണത്തെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിന് വീരും വാശിയും ഏറും.

ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ താഴെ ചൊവ്വ സെക്യൂറ മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ്, എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ടീം ക്യാപ്റ്റന്‍മാരായ , ഏണസ്റ്റീന്‍ ലവ്‌സാംബ, ഉബൈദ് സി.കെ., മധ്യനിരതാരം അസിയര്‍ ഗോമസ് എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കോട്ട് അവതരിപ്പിച്ചത്. വീരന്‍ എന്ന പേര് നല്‍കിയ കടുവയാണ് മാസ്‌ക്കോട്ട്.


കണ്ണൂരിന്റെ പോരാളികളെ അനുസ്മരിച്ചാണ് വീരന്‍ എന്ന പേര് മാസ്‌ക്കോട്ടിന് നല്‍കിയത്. പുരാതന യുദ്ധകാലത്ത് വിവിധ ആധിപത്യശക്തികള്‍ക്കെതിരെ അനേകം സമരങ്ങളും വിപ്ലവങ്ങളും നടന്ന നാടാണ് കണ്ണൂര്‍. കൂടാതെ കണ്ണൂരും വടക്കന്‍ മലബാറും ലോകത്തിലെ ഏറ്റവും പുരാധന യുദ്ധകലകളിലൊന്നായ കളരിപ്പയറ്റിന്റെ ജന്മഭൂമിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. അവരുടെ വീരകഥകള്‍ ഇന്നും വടക്കന്‍ പാട്ടുകള്‍ മുഖേന ജനകീയ പരമ്പരാഗതത്തിന്റെ ഭാഗമാകുന്നു.

സ്വാതന്ത്രസമരത്തിലും കണ്ണൂര്‍ സജീവമായ പങ്കുവഹിച്ചു. തുടര്‍ന്ന് നിരവധി കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും കടുത്ത ഏറ്റുമുട്ടലുകളും രക്തസാക്ഷിത്വങ്ങളും ഇവിടെ നടന്നത് ഈ മണ്ണിന്റെ പോരാട്ടചൈതന്യത്തെ കൂടുതല്‍ ശക്തമാക്കി.കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സര ദിവസവും മറ്റുപരിപാടികള്‍ക്കും ആരാധകര്‍ക്ക് ആവേശമായി വീരന്‍ ഉണ്ടാകും.


കണ്ണൂരിന്റെ ശക്തി, ധൈര്യം, ദൃഢനിശ്ചയം, ആധിപത്യം എന്നിവയുടെ പ്രതീകമായിയാണ് വീരന്‍ എന്ന മാസ്‌ക്കോട്ടിനെ അവതരിപ്പിച്ചെതെന്നും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ കളിക്കുന്ന എല്ലാ താരങ്ങളില്‍ നിന്നും കണ്ണൂരിനായി പോരാടാനുള്ള ധൈര്യവും ദൃഢനിശ്ചയവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് ക്ലബ് അറിയിച്ചു. ആരാധകര്‍ക്ക് വേണ്ടി എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ 6 മണിവരെ പയ്യാമ്പലം ബീച്ചില്‍ വെച്ചും, 6 മണി മുതല്‍ 8 മണിവരെ സെക്യൂറ മാളിലും വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിജയക്കുന്നവര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് പ്രത്യേകം സമ്മാനവും നല്‍ക്കും.


6 ഗോൾ ത്രില്ലർ! എന്നിട്ടും സമനില തെറ്റാതെ മലപ്പുറവും കാലിക്കറ്റും

മഞ്ചേരി: കനത്ത മഴയിലും ആവേശം ചോരാത്ത കാണികളെയും കളിക്കാരെയും കണ്ട മത്സരത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ്‌ എഫ്സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയ സമനില സ്വന്തമാക്കിയത്. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി
മുഹമ്മദ്‌ അജ്സൽ രണ്ടും
പ്രശാന്ത് ഒരു ഗോളും നേടി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കോഴിക്കോട്ടുകാർ ഗോൾ നേടി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ്‌ അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ചത് മുഹമ്മദ്‌ അജ്സ്‍ലിന്. അണ്ടർ 23 താരത്തിന്റെ കാലിൽ നിന്ന് പറന്ന വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (1-0). പതിനഞ്ചാം മിനിറ്റിൽ അജ്സലിന് വീണ്ടും അവസരം. പക്ഷെ, മലപ്പുറം ഗോളി നെഞ്ചുകൊണ്ട് തടുത്തു. ഇരുപതാം മിനിറ്റിൽ കോഴിക്കോട് ക്യാപ്റ്റൻ പ്രശാന്തിന്റെ മിസ്പാസ് പിടിച്ചെടുത്ത മലപ്പുറത്തിന്റെ ഗനി നിഗം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഫക്കുണ്ടോ ഡാനിയലിനെതിരെ പരുക്കൻ അടവ് പുറത്തെടുത്ത കാലിക്കറ്റിന്റെ ജോനാഥൻ പരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ അക്ബർ സിദ്ധീഖിന് പകരം മലപ്പുറം അഖിലിനെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന് വീണ്ടും ഗോളവസരം. പക്ഷെ, പ്രശാന്തിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ്‌ പോസ്റ്റിൽ കയറി (1-1).

കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ്‌ ലീഡെടുത്തു. ഇടതുവീങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പോസ്റ്റിലെത്തിച്ചത് പ്രശാന്ത് (2-1). ആക്രമണം ശക്തമാക്കാൻ മലപ്പുറം റിഷാദ് ഗഫൂർ, ജോൺ കെന്നഡി എന്നിവരെ കൊണ്ടുവന്നു. പ്രശാന്തിന് പകരം കാലിക്കറ്റ്‌ അനികേത് യാദവിനും അവസരം നൽകി. എഴുപത്തിരണ്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്ന് പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ്‌ അജ്സൽ. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും നനഞ്ഞുകുതിർന്ന പിച്ചിൽ സ്കോറിങ് ദുഷ്കരമായി. ഗോളിയില്ലാത്ത പോസ്റ്റിൽ പോലും ഗോളടിക്കാനാവാതെ കളിക്കാർ കുഴഞ്ഞു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3). 22956 കാണികൾ മത്സരം കാണാനെത്തി

മൂന്നാം റൗണ്ടിലെ അവസാന മത്സരം ഒക്ടോബർ 24 ന് നടക്കും. ഫോഴ്‌സ കൊച്ചി എഫ്സിക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സിയാണ് എതിരാളികൾ. പുതുതായി സജ്ജമാക്കിയ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗിൽ നാളെ ക്ലാസിക് പോരാട്ടം, മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ മലപ്പുറവും കാലിക്കറ്റും നാളെ (19-10-2025) കച്ചകെട്ടിയിറങ്ങുന്നു. വൈകീട്ട് 7.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാരിയേർസുമായി മലപ്പുറം എഫ്സി സമനിലയിൽ പിരിഞ്ഞിരുന്നു. അതേ സമയം കാലിക്കറ്റ് ആണെങ്കിൽ തൃശ്ശൂർ മാജിക് എഫ്സിയുമായി സ്വന്തം തട്ടകത്തിൽ ഒരു ഗോളിന് തോൽക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.

മലപ്പുറം തൃശ്ശൂരിനെയും കാലിക്കറ്റ് എഫ്‌സി ഫോഴ്‌സ കൊച്ചിയെയും ആദ്യ മത്സരത്തിൽ പരാജയപെടുത്തിയിരുന്നു. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം .കാലിക്കറ്റിന് രണ്ട് മത്സരത്തിൽ നിന്നും മൂന്ന് പോയിന്റുമാണുള്ളത് .

കഴിഞ്ഞ രണ്ടു കളിയിലും ക്ലീൻഷീറ്റ് നേടിയാണ് മലപ്പുറം വരുന്നത്. കാലിക്കറ്റാകട്ടെ രണ്ടു കളികളിലും ഗോൾ വഴങ്ങിയിരുന്നു. ഗോൾകീപ്പർ അസ്ഹറും പ്രതിരോധ നിരയിൽ ഐറ്റർ, ഹക്കു, ജിതിൻ, നിധിൻ മധു തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നുള്ളത് മലപ്പുറത്തിന് പോസിറ്റീവ് ഘടകമാണ്. മുന്നേറ്റത്തിൽ ബദ്ർ, ഫാകുണ്ടോ, റോയ് കൃഷണ ,ഗനി ,അഭിജിത്ത് തുടങ്ങിയ താരങ്ങളും താളം കണ്ടെത്തിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. കഴിഞ്ഞ മൽസരത്തിനിറങ്ങിയ ആദ്യ ഇലവനിൽ കോച്ച് മിഗ്വേൽ കോറൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്.

ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്ക് നയിച്ച അബ്ദുൽ ഹക്കു,ഗനി നിഗം, ജോൺ കെന്നഡി എന്നീ പ്രധാന താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ തട്ടകത്തിലാണ്. തീർച്ചയായും പയ്യനാട് ഒരു ക്ലാസിക് പോരാട്ടത്തിനാകും നാളെ വേദിയാകാൻ പോകുന്നത്. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റിനെ എന്ത് വിലകൊടുത്തും പയ്യനാട് സ്റ്റേഡിയത്തിൽ തോൽപിച്ച് വിടണമെന്നാണ് ഓരോ മലപ്പുറം ആരാധകനും ആഗ്രഹിക്കുന്നതും. അത്കൊണ്ട് തന്നെ മലപ്പുറത്തിൻറെ കഴിഞ്ഞ ഓരോ കളികൾക്കും ഗാലറി നിറഞ്ഞത് പോലെ ഈ പ്രാവശ്യവും ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞൊഴുകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും അവർ മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ തോൽവികൾക്ക് പകരം വീട്ടാൻ മലപ്പുറത്തിൻറെ ചുണകുട്ടികൾക്കാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തൃശൂർ മാജിക് തുടരുന്നു! തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ അനന്തപുരിയിലും തൃശൂരുകാരുടെ മാജിക് പ്രകടനം. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസിനെ 1-0 ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ നായകൻ
മെയിൽസൺ ആൽവീസ് ആണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും എവെ ഗ്രൗണ്ടിൽ വിജയം നേടിയ തൃശൂർ മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ ആദ്യ അഞ്ച് മിനിറ്റിനിടെ മൂന്ന് കോർണറുകൾ നേടിയെടുത്ത് ആക്രമണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ്
കൊമ്പൻസ് കളി തുടങ്ങിയത്. എട്ടാം മിനിറ്റിൽ അവരുടെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ്‌ കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. പന്ത്രണ്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ. കോർണറിൽ നിന്ന് വന്ന പന്ത് തേജസ്‌ കൃഷ്ണ
ഫ്രാൻസിസ് അഡോക്ക് നൽകി. ഘാനക്കാരൻ കൃത്യമായി ഹെഡ് ചെയ്ത് നൽകിയ പന്ത് ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് പ്രയാസകരമായ ആങ്കിളിൽ നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി (1-0). ഇരുപത്തിമൂന്നാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ്‌ അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത് കടന്ന ശേഷം തൊടുത്ത ഷോട്ട് തേജസ്‌ കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് ബോക്സിന് പുറത്ത് നിന്ന് പായിച്ച കനത്ത ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഖാലിദ് റോഷനെയും തൃശൂർ അലൻ ജോണിനെയും കളത്തിലിറക്കി. ഇറങ്ങിയ ഉടനെ ഓട്ടിമർ ബിസ്‌പൊയെ ഫൗൾ ചെയ്ത അലന് മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ തൃശൂരിന്റെ മുഹമ്മദ്‌ ജിയാദിന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി. കെവിൻ ജാവിയർ, ഫൈസൽ അലി, മുഹമ്മദ്‌ അഫ്സൽ, ഉമശങ്കർ (തൃശൂർ), പൗലോ വിക്ടർ, അഫിൻ, വിഘ്‌നേഷ്, യൂരി കർവാലോ (കൊമ്പൻസ്) എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി.

ബ്രസീലിയൻ താരങ്ങളായ റൊണാൾഡ്, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ
കൊമ്പൻസ് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി വഴങ്ങി. 6941 പേർ ഇന്നലെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.

ഇനി മലബാർ ഡെർബി

നാളെ (ഒക്ടോബർ 18) കളിയില്ല. മറ്റന്നാൾ (ഒക്ടോബർ 19) മലബാർ ഡെർബി. മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സിക്ക് കാലിക്കറ്റ്‌ എഫ്സിയാണ് എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. രണ്ട് കളികളിൽ നിന്ന് നാല് പോയന്റുള്ള മലപ്പുറം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയന്റുള്ള കാലിക്കറ്റ്‌ എഫ്സി കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ മലപ്പുറവും പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ കാലിക്കറ്റും ആരാധകരുടെ പിന്തുണയോടെ കളത്തിലിറങ്ങുമ്പോൾ പയ്യനാട് സ്റ്റേഡിയം ആവേശജ്ജ്വല മത്സരത്തിനാവും സാക്ഷിയാവുക.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പര്‍ ലീഗ്: കണ്ണൂര്‍ വാരിയേഴ്‌സ് മലപ്പുറം എഫ്‌സി മത്സരം സമനിലയില്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സി മത്സരം ഗോള്‍ രഹിത സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ കരുതലോടെ കളിച്ച ഇരുടീമുകളും രണ്ടാം പകുതിയില്‍ അറ്റാക്കിംങിന് ശ്രമിച്ചു. സൂപ്പര്‍ ലീഗില്‍ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.

കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഗോളെന്ന് ഉറപ്പിച്ച അവസരങ്ങള്‍ തട്ടി അകറ്റിയ മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ മുഹമ്മദ് അസഹര്‍ ആണ് മത്സരത്തിലെ താരം.
4-3-3 ശൈലിയില്‍ കണ്ണൂര്‍ വാരിയേഴ്‌സും 3-5-2 ശൈലിയില്‍ മലപ്പുറം എഫ്‌സിയും ആദ്യ മത്സരത്തിലിറങ്ങിയ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സില്‍ വിങ്ങര്‍ ഗോകുലിന് പകരം ഇടത് ബാക്ക് മനോജിനെ വിങ്ങറായി കളിപ്പിച്ച് സന്ദീപിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

During the match played between Malappuram FC and Kannur Warriors FC in the Super League Kerala 2025, held at Payyanad Stadium, Malappuram on 12th October , 2025 Photos: Vivek V P / S3 Media / Super League Kerala

ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്ത് പോയ ഫസലുറഹ്‌മാന് പകരക്കാരനായി അക്ബര്‍ സിദ്ധീകിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മലപ്പുറം ഇറങ്ങിയത്.
കണ്ണൂരിനായി സികെ ഉബൈദായിരുന്നു ഗോള്‍വലകാത്തത്. നിക്കോളാസ് ഡെല്‍മോണ്ടോ, സന്ദീപ്, വികാസ് സൈനി, സച്ചിന്‍ സുനില്‍ ഡിഫന്‍സിലും. ലവ്‌സാംബ, എബിന്‍ ദാസ്, അസിയര്‍ ഗോമസ് എന്നിവര്‍ മധ്യനിരയിലും മനോജ്, ഷിജിന്‍ ടി, അബ്ദു കരീം സാംബ എന്നിവര്‍ അറ്റാക്കിംങിലും ഇറങ്ങി.


മലപ്പറത്തിനായി മുഹമ്മദ് അസറുദ്ദീനായിരുന്നു ഗോള്‍ കീപ്പര്‍. അബ്ദുല്‍ഹക്കു, നിദിന്‍ മുധു, ജിതിന്‍ പ്രകാശ് എന്നിവരായിരുന്നു ഡിഫന്‍സില്‍. ഫാകുണ്ടോ ബല്ലാക്കോ, ബദര്‍, ഗനി അഹമ്മദ്, പി.എ അഭിജിത്ത്, ക്യാപറ്റന്‍ അല്‍ദാലുര്‍ എന്നിവരായിരുന്നു മധ്യനിരയില്‍. റോയ് കൃഷ്ണ, അക്ബര്‍ സിദ്ധീഖ് എന്നിവര്‍ക്കായിരുന്നു ആക്രമണ ചുമതല.


ആദ്യ നിമിശങ്ങളില്‍ ശ്രദ്ധയോടെ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് മിനുട്ടുകള്‍ക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചു വന്നു. പന്ത് കൈവശം വെച്ച് അറ്റാക്കിംങിന് ശ്രമിച്ച കണ്ണൂര്‍ വാരിയേഴ്‌സിന് അവസരങ്ങളും ലഭിച്ചു. വലത് വിങ്ങ് കേന്ദ്രീകരിച്ചായിരുന്നു അറ്റാക്കിംങുകള്‍. 31 ാം മിനുട്ടില്‍ കണ്ണൂരിന് അവസരം ലഭിച്ചു. വലത് ബാക്ക് സച്ചിന്‍ സുനില്‍ ബോക്‌സിലേക്ക് നല്‍കിയ ഉഗ്രന്‍ ക്രോസ് മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ അസ്ഹര്‍ പഞ്ച് ചെയ്ത് അകറ്റി. 33 ാം മിനുട്ടില്‍ കണ്ണൂരിന് വിണ്ടും അവസരം. ബോക്‌സിന് പുറത്തു നിന്ന് മധ്യനിരതാരം എബിന്‍ ദാസ് തുടുത്ത ഷോട്ട് മലപ്പുറത്തിന്റെ ഗോള്‍പോസ്റ്റിനെ ചാരി പുറത്തേക്ക്. പിന്നീട് മത്സരത്തിലേക്ക് തിരിക്കെയെത്തിയ മലപ്പുറത്തിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.


രണ്ടാം പകുതിയില്‍ 49 ാം മിനുട്ടില്‍ മലപ്പുറം എഫ്‌സിയുടെ ഗനി അഹമ്മദ് മഞ്ഞകാര്‍ഡ് കണ്ടു. 50 മിനുട്ടില്‍ മലപ്പുറത്തിന് രണ്ടാം മഞ്ഞകാര്‍ഡ്. വലത് വിങ്ങില്‍ ഷിജിനെ ഫൗള്‍ ചെയ്തതിന് ജിതിന്‍ പ്രകാശിന് മഞ്ഞകാര്‍ഡ്. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് എബിന്‍ ദാസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി. ബോള്‍ പിന്തുടര്‍ന്ന് എത്തിയ ഷിജിന്‍ പറന്ന് ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് ലഭിച്ച ബോള്‍ കരീം സാംബ ബൈസിക്കിള്‍ കിക്ക് എടുത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്ക്. 55 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ്സ് ഗോള്‍വലലക്ഷ്യമാക്കി ഷിജിന്‍ ഹെഡ് ചെയ്തിങ്കിലും മലപ്പുറം ഗോള്‍കീപ്പര്‍ അസ്ഹര്‍ തട്ടിഅകറ്റി. 56 ാം മിനുട്ടില്‍ മലപ്പുറം എഫ്‌സിക്ക് സുവര്‍ണാവസരം. മധ്യനിരയില്‍ നിന്ന് ബോള്‍ സ്വീകരിച്ച റോയ് കൃഷ്ണ കണ്ണൂര്‍ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയെങ്കിലും ബോക്‌സിന് അടുത്ത് വച്ച് കണ്ണൂരിന്റെ പ്രതിരോധ താരം സന്ദീപിന്റെ ഉഗ്രന്‍ ടാകിള്‍. 60 ാം മിനുട്ടില്‍ വലത് വിങ്ങിലൂടെ ഒറ്റയ്ക്ക് മുന്നേറിയ അഭിജിത്ത് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിലെത്തിയെങ്കലും ബോള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 63 ാം മിനുട്ടില്‍ കണ്ണൂരിന്റെ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടേക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. മലപ്പുറം എഫ്‌സിയുടെ താരത്തെ പിന്നില്‍ നിന്ന് വലിച്ചതിനാണ് മഞ്ഞകാര്‍ഡ് ലഭിച്ചത്.
81 ാം മിനുട്ടില്‍ വീണ്ടും കണ്ണൂരിന് അവസരം. എബിന്‍ എടുത്ത് കോര്‍ണര്‍കിക്കില്‍ നിന്ന് ലഭിച്ച അവസരം വികാസ് സെകന്റ് പോസ്റ്റ് ലക്ഷ്യമാക്കി ചിപ്പ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ അസര്‍ പഞ്ച് ചെയ്തു അകറ്റി. 82 ാം മിനുട്ടില്‍ വീണ്ടും അവസരം. എബിന്‍ എടുത്ത കോര്‍ണര്‍ കിക്ക് ഉയര്‍ന്നു ചാടി ഗോള്‍ ലക്ഷ്യമാക്കി നിക്കോളാസ് ഡെല്‍മേണ്ടേ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ അസ്ഹര്‍ വീണ്ടും രക്ഷകനായി. പകരക്കാരനായി എത്തി കെനഡി മലപ്പുറത്തിന് വേണ്ടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

മലപ്പുറത്തെ പിടിച്ചു കെട്ടാന്‍ കണ്ണൂര്‍ വാരിയേഴ്‌സ്

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ വിജയം ആവര്‍ത്തിക്കാന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും ഇന്ന് (12-10-2025) ഇറങ്ങും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഇരുടീമുകളും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. മലപ്പുറം തൃശൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കണക്കുകള്‍ നോക്കുമ്പോള്‍ കണ്ണൂരിനാണ് മുന്‍തൂക്കം.

ആദ്യ സീസണില്‍ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം കണ്ണൂര്‍ വാരിയേഴ്‌സിനായിരുന്നു. കൂടാതെ ആദ്യ സീസണില്‍ കണ്ണൂര്‍ അവേ മത്സരത്തില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡുമുണ്ട്. പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറത്തിനെതിരെയും തൃശൂരിനെതിരെയും മത്സരിച്ച കണ്ണൂര്‍ രണ്ട് മത്സരവും വിജയിക്കുകയും ചെയ്തു.


അടിക്ക് തിരിച്ചടി എന്ന നിലപാടിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ ആദ്യ മത്സരത്തില്‍ കണ്ടത്. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും മധ്യനിരയിലും പന്ത് കൈവശം വെച്ച് മത്സരം സ്വന്തം വരുതിയിലാക്കുന്നതാണ് ടീമിന്റെ ശൈലി. ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ് മിന്നും ഫോമിലാണ്. ആദ്യ മത്സരത്തില്‍ നിര്‍ണായകമായ നാല് സേവുകളാണ് താരം നടത്തിയത്. പ്രതിരോധത്തില്‍ അര്‍ജന്റീനിയന്‍ താരം നിക്കോളാസ് ഡെല്‍മോണ്ടേയും വികാസും മധ്യനിരയില്‍ ലവ്‌സാംബയും എബിന്‍ ദാസും ഒത്തിണക്കത്തോടെ കളിച്ചിരുന്നു.

അറ്റാക്കിംങില്‍ ടീമിന് ആശ്വസിക്കാം ആദ്യ മത്സരത്തില്‍ തന്നെ വിങ്ങര്‍ ടി ഷിജിനും സ്‌ട്രൈക്കര്‍ അബ്ദു കരീം സാംബക്കും ഗോള്‍ കണ്ടെത്താനായത് ടീമിന് ആശ്വാസമാണ്. പകരകാരനായി എത്തി രണ്ട് ഗോളിന് വഴിഒരുക്കിയ അണ്ടര്‍ 23 താരം മുഹമ്മദ് സിനാന്‍ ടീമിന്റെ തുറുപ്പുചീട്ടാണ്. ആദ്യ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്.


മലപ്പുറം എഫ്‌സിയെ നോക്കുമ്പോള്‍ സ്വന്തം ആരാധക കൂട്ടത്തിന് മുന്നില്‍ കളിക്കാം എന്നത് തന്നെയാണ് മലപ്പുറത്തിന് മുന്‍തൂക്കം നല്‍കുന്നത്. ആദ്യ മത്സരത്തില്‍ പകരക്കാരനായി എത്തി മികച്ച പ്രകടനം കാഴ്ച വെച്ച ജോണ്‍ കെന്നഡിയും അഖിലും ആദ്യ ഇലവനില്‍ വന്നേക്കാം. പേരുക്കേട്ട ഒരു പിടിതാരങ്ങള്‍ ടീമിലുണ്ടെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിരുന്നില്ല. റോയ് കൃഷ്ണ എന്ന ലോകനിലവാരമുള്ള അറ്റാക്കറാണ് ടീമിന്റെ പ്രധാന ശക്തി കേന്ദ്രം. എങ്കിലും ആദ്യ മത്സരത്തില്‍ ടീം നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചില്ല. ആദ്യ മത്സരത്തില്‍ ടീമിന് വെറും രണ്ട് തവണമായമാണ് എതിര്‍ഗോള്‍മുഖത്തേക്ക് ലക്ഷ്യം കാണാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ കാലിക്കറ്റിന് വേണ്ടി മിന്നും പ്രകടനം നടത്തിയ ഹക്കു നയിക്കുന്ന പ്രതിരോധ നിര ശക്തരാണ്. ക്യാപ്റ്റന്‍ ഫസലു റഹ്‌മാന് പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാണ്. കാലവസ്ഥയില്‍ മഴമാറിയതോടെ പയ്യനാട് സ്റ്റേഡിയത്തില്‍ ഹ്യുമിഡിറ്റി അധികമായതിനാല്‍ മത്സരത്തിന്റെ രണ്ടാം പകുതി കടുപ്പമേറും.

മലപ്പുറം എഫ്സിയുടെ പുതിയ ജേഴ്സി പുറത്തിറക്കി

മെസ്സിയുടെ സന്ദർശനം എംഎഫ്സി മാധ്യമപ്രവർത്തകരുടെ സംസ്ഥാന തല ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.

മലപ്പുറം:സൂപ്പർ ലീഗ് കേരള സീസൺ 2ലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറംഎഫ്സി
ആരാധകരുടെ പ്രതീക്ഷകൾക്ക് കൊത്തുയരുമെന്ന്
ടീം പ്രമോട്ടർമാർ പറഞ്ഞു.
ഇതിനായി വിദേശ താരങ്ങൾ ഉൾപ്പെടെ ഇനിയും കളിക്കാർ ടീമിലെത്തും.
മെസ്സിയുടെയും അർജൻ്റിന ടീമിൻ്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് തിരൂരിൽ വെച്ച് ജില്ലാ പ്രസ്സ് ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം സംഘടിപ്പിക്കും മലപ്പുറത്ത് ടീം മാനേജ്മെൻ്റും മാധ്യമപ്രവർത്തകരും
ചേർന്ന് നടത്തിയ സ്നേഹ സംഗമത്തിലാണ്
ഇക്കാര്യമറിയിച്ചത്.


ചടങ്ങിൽ സീസൺ 2 ലെ ടീമിൻ്റെ പുതിയ ജഴ്സി പുറത്തിറക്കി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകിക്കൊണ്ട് മലപ്പുറം എംഎസ്പി കമാൻഡൻ്റ് കെ.സലീം ഐപിഎസ് ആണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.

ചിഫ് പ്രമോട്ടർ ആഷിഖ് കൈനിക്കര അധ്യക്ഷത വഹിച്ചു. പ്രമോട്ടർമാരായ
അജ്മൽ ബിസ്മി ജംഷീദ് പി ലില്ലി
സിഇഒ അരുൺ മനു മീഡിയ കോഡിനേറ്റർ
മുജീബ് താനാളൂർ മാനേജർ ഡാനിഷ് ഹൈദ്രോസ് ക്ലബ്ബ് നിർവഹണ സമിതി
അംഗം ഷാഹിർ മണ്ണിങ്ങൽ മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് എസ് മഹേഷ് കുമാർ, സെക്രട്ടറി വി പി നിസാർ , പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നിർവഹണ സമിതി അംഗം വി.അജയകുമാർ എന്നിവർ സംസാരിച്ചു

മലപ്പുറം എഫ്സി നടത്തിയ സ്നേഹ സംഗമത്തിൽ ടീമിൻ്റെ പുതിയ ജഴ്സി പത്രപ്രവർത്ത യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകി മലപ്പുറം എംഎസ്പി കമാൻഡൻ്റ്
കെ സലീം ഐപിഎസ് പ്രകാശനം ചെയ്യുന്നു

സൂപ്പര്‍ ലീഗ് കേരള കൂടുതല്‍ മികച്ചതായി മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ വാരിയേഴ്‌സ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ്

കണ്ണൂര്‍: പ്രസ്സ് ക്ലബില്‍ അതിഥിയായി എത്തി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ പ്രസ്സ് ക്ലബ് ഒരുക്കിയ ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ്, ക്യാപ്റ്റന്‍മാരായ ഉബൈദ് സി.കെ., ഏണസ്റ്റീന്‍ ലവ്‌സാംബ, ആദ്യ മത്സരത്തില്‍ രണ്ട് ഗോളിന് അവസരം ഒരുക്കിയ അറ്റാക്കിംങ് താരം മുഹമ്മദ് സിനാന്‍ എന്നിവരാണ് അതിഥിയായി എത്തിയത്.
കണ്ണൂരിലേക്ക് ഫുട്‌ബോള്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ രണ്ടാം സീസണില്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമായി കാണുന്നു എന്ന് കണ്ണൂര്‍ വാരിയേഴ്‌സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് പറഞ്ഞു. മികച്ച ടീമിനെ തന്നെയാണ് മത്സരത്തിനൊരുക്കുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് സൂപ്പര്‍ ലീഗ് കൂടുതല്‍ മികച്ചതായി മാറിയിരിക്കുകയാണെന്ന് മാനുവല്‍ സാഞ്ചസ് പറഞ്ഞു.
ഇന്ത്യന്‍ താരങ്ങളുടെ നിലവാരം മികച്ചതാണ്. കഴിഞ്ഞ സീസണില്‍ അപേക്ഷിച്ച് അവരുടെ മെന്റാലിറ്റിയില്‍ വളരെ അധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓരോ ദിവസവും അവരുടെ കളി മെച്ചപ്പെടുന്നു. പക്ഷെ അവരെ ആരും ശ്രദ്ധിക്കപ്പെടുന്നില്ല. വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്ന വിദേശ താരങ്ങളും വളരെ അധികം പരിശ്രമിക്കേണ്ടിവരും. ഇന്ത്യ താരങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് പലകാര്യങ്ങളും പഠിക്കാന്‍ സാധിച്ചെുവെന്ന് ക്യാപ്റ്റനും കാമറൂണ്‍ താരവുമായ ഏണസ്റ്റിന്‍ ലവ്‌സാംബ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഇത്തവണ ഇറങ്ങുന്നത്. ടീമിലെ എല്ലാവരും കഠിനപരിശ്രമത്തിലാണെന്ന് ഉബൈദ് കൂട്ടിചേര്‍ത്തു.
കണ്ണൂര്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍ ്അധ്യക്ഷതവഹിച്ച ചടങ്ങില്‍ സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി നന്ദിയും അറിയിച്ചു.

രണ്ടാം മത്സരത്തില്‍ എതിരാളി മലപ്പുറം എഫ്‌സി

സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്‌സിയെ നേരിടും. ഞായറാഴ്ച രാത്രി 7.30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഇറങ്ങുന്നത്. ടീം ഇന്ന് (11-10-2025) രാവിലെ മലപ്പുറത്തേക്ക് പുറപ്പെടും. വൈകീട്ട് കോട്ടപ്പടി സ്റ്റേഡിയത്തില്‍ ടീം പരിശീലിക്കും.

സൂപ്പര്‍ ലീഗ് കേരള: ആദ്യ മത്സരത്തില്‍ ടീമില്‍ അഞ്ച് കണ്ണൂര്‍ക്കാര്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ടീമില്‍ ഇടപിടിച്ചത് അഞ്ച് കണ്ണൂര്‍ക്കാര്‍. ഗോള്‍ കീപ്പറായി ഉബൈദ് സി.കെ. പ്രതിരോധനിരയില്‍ സച്ചിന്‍ സുനി, അശ്വിന്‍ കുമാര്‍ ഷിബിന്‍ സാദ്, അറ്റാക്കിംങില്‍ മുഹമ്മദ് സിനാന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയത്. ഇതില്‍ രണ്ട് താരങ്ങള്‍ ആദ്യ ഇലവനില്‍ തന്നെ ഇടം നേടിയപ്പോള്‍ ഒരാള്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി.
ഉബൈദ് സികെ. ഗോള്‍വലക്കുമുന്നില്‍ കാവല്‍ക്കാരനെപോലെ നിന്നു.

നിര്‍ണായകമായ നാല് സേവുകളാണ് താരം മത്സരത്തില്‍ നടത്തിയത്. വലത് ബാക്കായി കളിച്ച സച്ചിന്‍ സുനി സൂപ്പര്‍ ലീഗിന്റെ ഈ ആഴ്ചയിലെ മികച്ച ഇലവനില്‍ ഇടംപിടിച്ചു. മുഹമ്മദ് സിനാന്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി ഒരു അസിസ്റ്റ് നേടി. കൊമ്പന്‍സ് നേടിയ സെല്‍ഫ് ഗോളിന് വഴിഒരുക്കിയതും സിനാന്‍ ആയിരുന്നു. മത്സരത്തിന് ഉടനീളം അറ്റാക്കിംങിലും പ്രതിരോധത്തിലും മിന്നും പ്രകടനം നടത്തി ശ്രദ്ധനേടി. ഈ ആഴ്ചയിലെ മികച്ച ഇലവനില്‍ ഇടംവും പിടിച്ചു.


കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഒമ്പത് താരങ്ങളാണ് സൂപ്പര്‍ ലീഗ് സ്‌ക്വാഡിലുള്ളത്. ആദ്യ മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ചവര്‍ക്ക് പുറമെ ഗോള്‍കീപ്പര്‍ വി.മിഥുന്‍, പ്രതിരോധ താരം ബാസിത്ത് പിപി, മധ്യനിരതാരം മുഹമ്മദ് നാസിഫ്, അറ്റാക്കര്‍ മുഹമ്മദ് സനാദ് എന്നിവരാണ് ടീമിലെ മറ്റു അംഗങ്ങള്‍.

സൂപ്പര്‍ ലീഗ് കേരള: ആഴ്ചയിലെ ഇലവനില്‍ മൂന്ന് കണ്ണൂര്‍ വാരിയേഴ്‌സുകാർ

സൂപ്പര്‍ ലീഗ് കേരളയിലെ ആഴ്ചയിലെ ഇലവനില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബില്‍ നിന്ന് മൂന്ന് പേര്. പ്രതിരോധനിരയില്‍ വലത് ബാക്ക് സച്ചിന്‍ സുനി, മധ്യനിരയില്‍ ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബ അറ്റാക്കിംങില്‍ മുഹമ്മദ് സിനാന്‍ എന്നിവരാണ് ഇടംപിടിച്ചത്. മൂന്ന് താരങ്ങളും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.


മുഹമ്മദ് സിനാന്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയുള്ള മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി ഒരു അസിസ്റ്റ് നേടിയിരുന്നു. കൊമ്പന്‍സ് നേടിയ സെല്‍ഫ് ഗോളിന് വഴിഒരുക്കിയതും സിനാന്‍ ആയിരുന്നു. മത്സരത്തിന് ഉടനീളം അറ്റാക്കിംങിലും പ്രതിരോധത്തിലും മിന്നും പ്രകടനം നടത്തി ശ്രദ്ധനേടി.


ലവ്‌സാംബ മത്സരത്തിന്റെ താളം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രതിരോധനിരക്കും അറ്റാക്കിംങിനും ഇടയില്‍ ഒരു പാലം പോലെ നില്‍ക്കാന്‍ ലവ്‌സാംബക്കായി. സച്ചിനും മികച്ച പ്രകടനം നടത്തി. നിരവധി ഗോള്‍ അവസരങ്ങളും സൃഷ്ടിച്ചു. മലപ്പുറം എഫ്‌സിക്കെതിരെ ഒക്ടോബര്‍ 12 ന് ആണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ രണ്ടാം മത്സരം

സൂപ്പര്‍ ലീഗ് കേരള; ആദ്യ മത്സരത്തിനായി കണ്ണൂര്‍ വാരിയേഴ്‌സും തിരുവനന്തപുരം കൊമ്പന്‍സും ഇറങ്ങും

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണിലെ സെമി ഫൈനലിസ്റ്റുകളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി.യും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി ഇന്ന് (05-10-2025) ഇറങ്ങും. രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം.


ആദ്യ സീസണിലെ കണക്കുകള്‍ നോക്കുമ്പോള്‍ തിരുവനന്തപുരത്തിനാണ് മുന്‍തൂക്കമെങ്കിലും ഇരുടീമുകളും ശക്തമായ ടീമിനെയാണ് സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലൊരുക്കിയിരിക്കുന്നത്. ആദ്യ സീസണില്‍ തിരുവനന്തുപുരത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ലീഗ് മത്സരത്തിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സിനായിരുന്നു ജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് മത്സരം കളിച്ച കണ്ണൂര്‍വാരിയേഴ്‌സ് നാല് ജയവും നാല് സമനിലയും രണ്ട് വിജയവുമായി 16 പോയിന്റ് നേടിയായിരുന്നു സെമി പ്രവേശം. സെമിയില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം കൊമ്പന്‍സ് പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി 13 പോയിന്റ് നേടിയായിരുന്നു കൊമ്പന്‍സ് സെമി ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ കാലിക്കറ്റ് എഫ്‌സിയോട് തോറ്റ് പുറത്തായി.


പരിചയസമ്പന്നതാരയ താരങ്ങളെയും യുതാരങ്ങളെയും കോര്‍ത്തിണക്കിയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗിന് തയ്യാറെടുത്തത്. ആദ്യ സീസണില്‍ സെമി ഫൈനലിലെത്തിച്ച സ്പാനിഷ് പരിശീലകന്‍ മാനുവല്‍് സാഞ്ച് സഹപരിശീലകന്‍ ഷഫീഖ് ഹസ്സനെയും ക്ലബ് നിലനിര്‍ത്തി. സൂപ്പര്‍ ലീഗില്‍ നിലനിര്‍ത്തിയ ഏക പരിശീലകനും മാനുവല്‍ സാഞ്ചസാണ്. ഗോള്‍വലകാക്കാന്‍ പരിചയസമ്പന്നനായ സി.കെ. ഉബൈദും വി മിഥുനും അല്‍കേഷ് രാജും മൂന്ന് പേരും ഒന്നിനൊന്ന് മികച്ചവര്‍ തന്നെ. പ്രതിരോധത്തില്‍ കഴിഞ്ഞ സീസണില്‍ കളിച്ച അശ്വിനും വികാസും കൂട്ടിനായി അര്‍ജന്റീനിയന്‍ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടെ. മധ്യനിരയാണ് ടീമിന്റെ അടിതറ കഴിഞ്ഞ സീസണില്‍ മധ്യനിരയെ നിയന്ത്രിച്ച ലവ്‌സാംബ, ഫോഴ്‌സ കൊച്ചിയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ നിദാല്‍ സൈദ്, കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് എബിന്‍ ദാസ്, സ്പാനിഷ് അണ്ടര്‍ 16 താരം അസിയര്‍ ഗോമസ് ഇങ്ങനെ നീളുന്നു മധ്യനിരയുടെ കരുത്ത്. അറ്റാക്കിംങില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ. കഴിഞ്ഞ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍. കൂടെ റിയല്‍ കാശ്മീര്‍ എഫ്‌സിയില്‍ നിന്ന് അബ്ദു കരീം സാംബ്. വിങ്ങില്‍ ഷിജിനും ഗോകുലും അര്‍ജുനും ഇങ്ങിനെ നീളുന്നു പേരുകള്‍.
തിരുവനന്തപുരത്തിന് ഇംഗ്ലണ്ടുകാരന്‍ ജെയിംസ് പാട്രിക്കാണ് പരിശീലകന്‍. സഹപരിശീലകനായി തമിഴ്‌നാട്ടുകാരന്‍ അലാവുദ്ദീന്‍. വിദേശ താരങ്ങളാണ് ടീമിന്റെ പ്രധാന കരുത്ത് ബ്രസീലില്‍ നിന്നുള്ള ആറ് താരങ്ങളെയാണ് ഇത്തവണയും കൊമ്പന്‍സ് കളത്തിലിറക്കുന്നത്.

മധ്യനിരയില്‍ കഴിഞ്ഞ സീസണിലെ കൊമ്പന്‍സിന്റെ മികച്ച താരം പാട്രിത്ത് മോത. പ്രതിരോധത്തില്‍ ഫിലിപ്പ് ആല്‍വെസും ലൂറി കര്‍വാല്‍ഹോ. അറ്റാക്കിംങില്‍ ഓട്‌മെര്‍ ബിസ്‌പോ, പൗലോ വിക്ടര്‍, റെണാല്‍ഡ് മകാലിസ്റ്റര്‍. വിദേശ താരങ്ങള്‍ കരുത്തര്‍ തന്നെ. കൂടെ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം സലാം രഞ്ജന്‍ സിംങ്, ഐ ലീഗ് താരം ഷാനിദ് വാളന്‍, ബിപിന്‍ ബോബന്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ഇരുടീമുകളും ശക്തരായതിനാല്‍ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Exit mobile version