മുൻ ഐ ലീഗ് ഗോൾഡ് ബൂട്ട് വിന്നർ പെഡ്രോ മാൻസി മലപ്പുറം എഫ് സിയിൽ

മുൻ ചെന്നൈ സിറ്റി സ്ട്രൈക്കർ ആയ പെഡ്രോ
മാൻസിയെ സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി സ്വന്തമാക്കി. ഇന്ന് ഈ സൈനിംഗ് പൂർത്തിയാക്കിയതായി മലപ്പുറം എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാനമായി രാജസ്ഥാൻ യുണൈറ്റഡിൽ ആയിരുന്നു താരം കളിച്ചിരുന്നത്. മൊഹമ്മദൻസ്, ബെംഗളൂരു യുണൈറ്റഡ് എന്നിവർക്കായും മുൻ സീസണുകളിൽ കളിച്ചിട്ടുണ്ട്.

ചെന്നൈ സിറ്റിക്കായി മുമ്പ് ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ ആണ് പെട്രോ മാൻസി. ചെന്നൈ സിറ്റി ഐ ലീഗ് കിരീടം നേടിയ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. 35കാരനായ താരം 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി അന്ന് അടിച്ചു കൂട്ടിയത്. ആ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു.

റിസ്വാൻ അലിയെ മലപ്പുറം എഫ് സി സ്വന്തമാക്കി

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്വാൻ അലി ഇനി സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സിയിൽ. വിംഗറെ സ്വന്തമാക്കിയതായി മലപ്പുറം എഫ് സി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. അവസാന സീസണിൽ കേരള യുണൈറ്റഡിനായാണ് 27കാരനായ താരം കളിച്ചത്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിരുന്നു.

മിഡ്‌ഫീൽഡറായ താരം ഗോകുലം കേരള, ചെന്നൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് , സൗത്ത് യുണൈറ്റഡ് ബാംഗ്ലൂർ, സിറ്റി അത്ലറ്റികോ കൊൽക്കത്ത എന്നീ പ്രമുഖ ടീമുകൾക്ക് വേണ്ടി മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്.

കണ്ണൂർ യൂണിവേഴ്സിറ്റി ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച് 2018 ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ മോംഗിലും സൂപ്പർ ലീഗ് കേരള കളിക്കാൻ എത്തുന്നു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ മോംഗിലും സൂപ്പർ ലീഗ് കേരളയിലേക്ക് എന്ന് റിപ്പോർട്ട്. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി വിക്ടർ മോംഗിലിനെ സ്വന്തമാക്കുന്നതിന് അടുത്താണ്‌.
30കാരനായ താരം രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ്. വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിനായി 2022-23 സീസണിൽ 19 മത്സരങ്ങൾ കളിച്ചിരുന്നു.

വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കവെ

സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് മോംഗിൽ തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം കളിച്ചു കൊണ്ട് ഇന്ത്യയിലേക്ക് തിരികെ വന്നു. അതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

മലപ്പുറം എഫ് സി ഇതിനകം അനസ് എടത്തൊടിക, ഫസലു റഹ്മാൻ, മിഥുൻ എന്നിവരുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലകനായി അവർ ജോൺ ഗ്രിഗറിയെയും എത്തിച്ചിട്ടുണ്ട്.

ഫസലു റഹ്മാൻ ഇനി മലപ്പുറം എഫ് സിയിൽ

മലപ്പുറം സ്വദേശിയും മുമ്പ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടത്തിൽ പ്രധാനിയുമായിരുന്ന ഫസലു റഹ്മാൻ ഇനി മലപ്പുറം എഫ് സിയിൽ. ഫലസു റഹ്മാന്റെ ട്രാൻസ്ഫർ മലപ്പുറം എഫ് സി ഔദ്യോഗികമായി പൂർത്തിയാക്കി. അവസാനം ഡെൽഹി എഫ് സിക്ക് ആയാണ് കളിച്ചത്. അതിനു മുമ്പ് മൊഹമ്മദൻസിന്റെ താരമായിരുന്നു.

ഫസലു റഹ്മാൻ സന്തോഷ് ട്രോഫി കിരീടവുമായി

താരം മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്. 29കാരനായ ഫസലു സാറ്റ് തിരൂരിനായും കളിച്ചിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു സാറ്റ് തീരൂരിനു വേണ്ടി ബൂട്ടുകെട്ടി തന്നെ ആയിരിന്നു കളി തുടങ്ങിയത്. മലപ്പുറം താനൂർ സ്വദേശിയാണ് ഫസ്‌ലു.

സാറ്റ് തീരൂരിനു വേണ്ടി താരം മൂന്ന് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. മുമ്പ് ത്രിപുര ലീഗിൽ എഗിയോ ചാലോക് ആയി കളിക്കുകയും അവിടെ ലീഗിലെ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഫസലുവിനു മുമ്പ് ത്രിപുര സന്തോഷ് ട്രോഫി ടീമിലും കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടുകയും ചെയ്തു.

സന്തോഷ് ട്രോഫി താരം മിഥുൻ മലപ്പുറം എഫ് സിയിൽ

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള ഗോൾ കീപ്പർ മിഥുൻ ഇനി മലപ്പുറം എഫ് സിയിൽ. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി താരത്തെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. എസ് ബി ഐ താരവുമായി ഒരു വർഷത്തെ കരാർ മലപ്പുറം എഫ് സി ഒപ്പുവെച്ചു‌.

മിഥുൻ കേരള ടീമിന്റെ ജേഴ്സിയിൽ

31 വയസ്സുകാരനായ, കണ്ണൂർ സ്വദേശി മുമ്പ് കേരള യുണൈറ്റഡിലും കളിച്ചിട്ടുണ്ട്. മിഥുൻ ദീർഘകാലമായി സന്തോഷ് ട്രോഫി ടീമിൽ അംഗമാണ്. 2018 സന്തോഷ് ട്രോഫി വിജയിക്കുകയും ചെയ്തു. ബിനോ ജോർജ് നയിച്ച കഴിഞ്ഞ സന്തോഷ് ട്രോഫി കേരളത്തിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്നു മിഥുൻ.

സൂപ്പർ ലീഗ് കേരള കളറാകുന്നു!! അനസ് എടത്തൊടികയെ മലപ്പുറം എഫ് സി സ്വന്തമാക്കി

മുൻ ഇന്ത്യൻ സെന്റർ ബാക്ക് താരം അനസ് എടത്തൊടികയും സൂപ്പർ ലീഗ് കേരളയിലേക്ക്. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി ആണ് അനസ് എടത്തൊടികയെ സ്വന്തമാക്കുന്നത്. താരം ഈ സീസണിൽ മലപ്പുറം എഫ് സിക്ക് ഒപ്പം ഉണ്ടാകും എന്ന് ഉറപ്പാവുകയാണ്‌. അവസാനമായി കഴിഞ്ഞ സീസണ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടിയാണ് അനസ് കളിച്ചത്.

അനസ് എടത്തൊടിക മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയമായ ഓൾഡ്ട്രാഫോർഡിൽ

2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി ഫുട്‌ബോൾ കളിച്ച 36 കാരനായ അനസ്, 2 വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരികെയെത്തിയത്.

.

2021-22 സീസണിൽ ജംഷഡ്പൂർ എഫ്‌സി ഐഎസ്‌എൽ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും സീസണിൽ മൂന്ന് തവണ മാത്രമാണ് അനസിനെ ഫീൽഡ് ചെയ്തത്. അനസിന്റെ അനുഭവസമ്പത്ത് ടീമിനും യുവതാരങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് മലപ്പുറത്തിന്റെ പ്രതീക്ഷ. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന സെന്റർ ബാക്കും ആയിരുന്നു.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട് വീണ്ടും കേരളത്തിൽ! കാലിക്കറ്റ് എഫ് സിക്കായി കളിക്കും

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റർനാഷണലുമായ കെവർവൻസ് ബെൽഫോർട് കേരളത്തിലേക്ക് തിരികെയെത്തി. സൂപ്പർ ലീഗ് കേരളയിൽ ബെൽഫോർട്ട് കളിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. സൂപ്പർ ലീഗ് കേരള ക്ലബായ കാലിക്കറ്റ് എഫ് സി ആകും ബെൽഫോർട്ടിനെ സ്വന്തമാക്കുന്നത്. 32കാരനായ താരത്തിന്റെ സൈനിംഗ് ക്ലബ് ഉടൻ പ്രഖ്യാപിക്കും എന്ന് സൂചനകൾ നൽകിയിട്ടുണ്ട്.

ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ

ഇപ്പോൾ ബെൽഫോർട്ട് ഇന്തോനേഷ്യൻ ക്ലബായ പെരിസിജപ് ജപരയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. അവസാനമായി ഇന്ത്യയിൽ ഐ എസ് എല്ലിൽ ജംഷദ്പൂർ എഫ് സിക്കായായിരുന്നു ബെൽഫോർട്ട് കളിച്ചിരുന്നത്. മുമ്പ് അസർബൈജാൻ ഒന്നാം ഡിവിഷൻ ക്ലബായ സീറ എഫ് സിയിലും ബെൽഫോർട്ട് കളിച്ചിട്ടുണ്ട്.

26കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി 2016-17 സീസണിൽ നിർണായകമായ പ്രകടനം നടത്തിയിരുന്നു. മൂന്നു ഗോൾ ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തിട്ടുള്ള താരം അന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു.

നിപ്പ പ്രോട്ടോക്കോൾ കാരണം മലപ്പുറം എഫ് സി ഉദ്ഘാടനം മാറ്റിവെച്ചു

നിപ്പ കാരണം മലപ്പുറം എഫ് സി ഉദ്ഘാടനം മാറ്റിവെച്ചു. നിപ്പ പ്രോട്ടോകോൾ മാനിച്ച് മറ്റൊരു ദിവസത്തേക്ക് ഉദ്ഘാടനം മാറ്റിവെച്ചതായി ക്ലബ് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ ബഹുമാനപ്പെട്ട എം എ യൂസഫലി ഉദ്ഘാടനം നിർവഹിക്കേണ്ട പരിപാടി ആഗസ്റ്റിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

യൂസഫലി തന്നെയായിരിക്കും ഉദ്ഘാടകൻ എന്ന് ക്ലബ്ബ് അറിയിച്ചു. പരിപാടിക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു എങ്കിലും നിപ്പ പ്രോട്ടോകോൾ അനുസരിക്കേണ്ടത് നാടിൻറെ ആവശ്യമായിരുന്നതിനാലാണ് പരിപാടി മാറ്റിവെക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ് എന്നും ക്ലബ്ബ് പറഞ്ഞു.

മലപ്പുറം എഫ് സി ഒരുങ്ങി തന്നെ!! ചെന്നൈയിനെ ISL ചാമ്പ്യന്മാരാക്കിയ പരിശീലകനെ സ്വന്തമാക്കി

സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി ഇന്ന് വലിയ പ്രഖ്യാപനം തന്നെ നടത്തിയിരിക്കുകയാണ്‌. അവർ അവരുടെ പരിശീലകനായി ജോൺ ഗ്രിഗറിയെ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. അവസാനമായി ചെന്നൈയിൻ എഫ് സിയെ ആണ് ഗ്രിഗറി പരിശീലിപ്പിച്ചത്.

2017-18 സീസൺ തുടക്കത്തിൽ മറ്റരെസിക്ക് പകരക്കാരനായാണ് ഗ്രിഗറി ചെന്നൈയിനിൽ എത്തിയത്. മുമ്പ് ആസ്റ്റൺ വില്ല പോലെ വലിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം. ഗ്രിഗറിയുടെ ആദ്യ സീസണിൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഐ എസ് എൽ കിരീടം നേടാൻ ചെന്നൈയിന് ആയിരുന്നു.

മുമ്പ് ആസ്റ്റൺ വില്ല, ഡെർബി കൗണ്ടി, പോർസ്മൗത്ത് തുടങ്ങി പ്രമുഖ ഇംഗ്ലീഷ് ക്ലബുകളെയും ഗ്രിഗറി പരിശീലിപ്പിച്ചിട്ടുണ്ട്‌. ഒരു കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം ഇംഗ്ലണ്ട് ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.

ഫോഴ്സാ കൊച്ചി!! പൃഥ്വിരാജ് ഉടമയായ സൂപ്പർ ലീഗ് കേരള ടീമിന് പുതിയ പേരായി!!

സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് തീരുമാനം ആയി. ഫോഴ്സാ കൊച്ചി എന്നാകും ടീം അറിയപ്പെടുക. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് ആണ് ഈ ടീമുന്റെ ഉടമ. പൃഥ്വിരാജ് തന്നെയാണ് ഇന്ന് ഔദ്യോഗികമായി ഇന്ന് പുതിയ പേര് പ്രഖ്യാപിച്ചത്. പേരിനായി നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് അഭ്യർത്ഥിച്ചിരുന്നു.

കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ടീമിന്റെ ആദ്യ പേര്. പൃഥ്വിരാജ് സഹ ഉടമയായി എത്തിയതോടെയാണ് ടീമിന്റെ റീബ്രാൻഡിംഗ് നടന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ടീമിന്റെ ഉടമകളായി ഉണ്ട്.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറിൽ ആകും ലീഗിന്റെ ആദ്യ സീസൺ നടക്കുക.ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.

ഈ വർഷം സെപ്റ്റംബറിൽ SLK ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും KFA സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.

സൂപ്പർ ലീഗ് കേരളക്ക് ഊർജ്ജമായി പൃഥ്വിരാജ്!! കൊച്ചി പൈപ്പേഴ്സിൽ സഹ ഉടമയാകും

സൂപ്പർ ലീഗ് കേരള ആദ്യ സീസൺ ആരംഭിക്കും മുമ്പ് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് സൂപ്പർ ലീഗ് കേരളയിലെ (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ സഹ ഉടമയാകും എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ഓഹരി വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

നേരത്തെ തൃശൂർ റോർസ് ടീമുമായി പൃഥ്വിരാജ് ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ആ ചർച്ചകൾ വിജയിച്ചിരുന്നില്ല.മുൻ രാജ്യാന്തര ടെന്നിസ് താരം മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണു നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ. ഇവർക്ക് ഒപ്പം ഇനി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കൂടെ ടീമിന്റെ ഉടമകളായി ഉണ്ടാകും.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറിൽ ആകും ലീഗിന്റെ ആദ്യ സീസൺ നടക്കുക.ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.

File Pic

മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോൾ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുൽത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂരിൽ നിന്ന് തൃശ്ശൂർ റോർ ഫുട്ബോൾ ക്ലബ്, കണ്ണൂരിൽ നിന്ന് കണ്ണൂർ സ്ക്വാഡ് ഫുട്ബോൾ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകൾ.

ഈ വർഷം സെപ്റ്റംബറിൽ SLK ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും KFA സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.

Exit mobile version