സൂപ്പർ ലീഗ് കേരള; തൃശൂർ മാജിക് എഫ്സി സെമിയിൽ

തൃശൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്കും സെമി ഫൈനൽ ടിക്കറ്റ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കാലിക്കറ്റ്‌ എഫ്സിക്ക് പിന്നാലെ തൃശൂർ മാജിക് എഫ്സിയും സെമിയിൽ കടന്നത്. ആദ്യപകുതിയിൽ
കെവിൻ ജാവിയറാണ് നിർണായക ഗോൾ നേടിയത്.

ഒൻപത് കളികളിൽ അഞ്ച് ജയവും രണ്ട് സമനിലയുമായി 17 പോയന്റാണ് തൃശൂരിനുള്ളത്. നേരത്തെ പുറത്തായി കഴിഞ്ഞ കൊച്ചിക്ക് ഒൻപത് കളികളിൽ മൂന്ന് പോയന്റ് മാത്രം.

ഇരുപതാം മിനിറ്റിൽ തൃശൂരിന്റെ ഫ്രാൻസിസ് അഡോ തൊടുത്തുവിട്ട ഇടങ്കാൽ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ഇരുപത്തിയേഴാം മിനിറ്റിൽ തൃശൂർ ഗോൾ നേടി. ഇവാൻ മാർക്കോവിച്ചിന്റെ പാസ് ഗോളാക്കി മാറ്റിയത് കൊളമ്പിയക്കാരൻ കെവിൻ ജാവിയർ (1-0). ഏഴ് മിനിറ്റിനകം കൊച്ചിയുടെ എൻറിക് ലോപ്പാസിനെ ഫൗൾ ചെയ്ത കെവിൻ ജാവിയർ മഞ്ഞക്കാർഡ് കണ്ടു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിജോ ഗിൽബർട്ടിനെ ചവിട്ടി വീഴ്ത്തിയ തൃശൂരിന്റെ ബിബിൻ അജയന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി ക്യാപ്റ്റൻ അറ്റ്മാനേ നൽകിയ ലോങ് പാസ് സ്വീകരിച്ച് ശ്രീരാജ് നടത്തിയ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. അൻപത്തിയേഴാം മിനിറ്റിൽ തൃശൂർ അഫ്സൽ, എസ് കെ ഫയാസ് എന്നിവർക്ക് അവസരം നൽകി.

അറുപതാം മിനിറ്റിൽ കൊച്ചിക്ക് സുവർണാവസരം. അമോസ് നൽകിയ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ നിജോ ഗിൽബർട്ട് നഷ്ടമാക്കി. എഴുപത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാൻ ലഭിച്ച അവസരം അഫ്സലിന് മുതലാക്കാനായില്ല. തൊട്ടു പിന്നാലെ കൊച്ചി നായകൻ അറ്റ്മാനേയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 5572 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

വെള്ളിയാഴ്ച (നവംബർ 28) ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കണ്ണൂരിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. കാലിക്കറ്റ്‌ നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പര്‍ ലീഗ് കേരളയില്‍ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പോയിന്റ് പട്ടികയിലെ കൊമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടു. ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശുര്‍ മാജിക് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. നവംബര്‍ 7 ന് വെള്ളിയാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി രണ്ട് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെ എട്ട് പോയിന്റ് നേടിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്‌സി മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് സ്വന്താമക്കി.


നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരികെയെത്തുന്ന ആവേശത്തിലാണ് കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍. ഫ്‌ളഡ് ലൈറ്റ് ഉള്‍പ്പടെ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ സീസണില്‍ നിന്ന് സ്വന്തം ആരാധകരടെ മുന്നില്‍ കളിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് കണ്ണൂര്‍ വാരിയേഴ്‌സ്. ഒമ്പത് കണ്ണൂര്‍ താരങ്ങളാണ് ടീമിലുള്ളത്. പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ ഉബൈദാണ് ഗോള്‍പോസ്റ്റിലുള്ളത്. നിക്കോളാസ് ഡെല്‍മോണ്ടേയും വികാസും നയിക്കുന്ന പ്രതിരോധ നിരയ്ക്ക് ശക്തിയുമായി ഇടത് മനോജും വലത് സന്ദീപുമുണ്ട്. ഇരുവരും പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. മധ്യനിരയുടെ നിയന്ത്രണം ലവ്‌സാംബയ്ക്കാണ്. കരുത്തുമായി എബിനും അസിയര്‍ ഗോമസും. അവസാനം കഴിഞ്ഞ മത്സരത്തില്‍ അസിയര്‍ ഗോള്‍ നേടിയത് ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ഛകൂട്ടും.

അറ്റാക്കിംങില്‍ ടീമിന് ചില പോരായ്്മകളുണ്ട്. എല്ലാ മത്സരങ്ങളിലും ടീമിന് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഗോളൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. പരിക്ക് മാറി ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. രണ്ടാം പകുതിയില്‍ വിങ്ങര്‍ മുഹമ്മദ് സിനാന്‍ പകരക്കാരനായി എത്തി മത്സരത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്നില്ല.
ഐ.എസ്.എല്‍, ഐ ലീഗ് താരങ്ങളുടെ പരിചയസമ്പത്തിനൊപ്പം ചാമ്പ്യന്‍ പരിശീലകന്‍ ആന്ദ്രേ ചാര്‍ണിഷാവിന്റെ ശിഷ്യണത്തില്‍ സൂപ്പര്‍ ലീഗിലെ തന്നെ മികച്ചൊരു ടീമായി തൃശൂര്‍ മാജിക് എഫ്‌സി മാറിയിട്ടുണ്ട്. ഒരു ഗോളടിക്ക് പ്രതിരോധിക്കുന്നതാണ് ടീമിന്റെ ശൈലി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് തൃശൂര്‍ ഒരു ഗോള് പോലും വഴങ്ങിയിട്ടില്ല. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തു. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മികച്ചതാണ്. അറ്റാക്കിംങില്‍ ഐ ലീഗിലെ ഗോളടി വീരനായിരുന്നു ജോസഫ് മികച്ച നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നത് ടീമിനെ അലട്ടുന്ന വിഷയമാണ്.

തൃശൂർ മാജിക് തുടരുന്നു! തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ അനന്തപുരിയിലും തൃശൂരുകാരുടെ മാജിക് പ്രകടനം. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസിനെ 1-0 ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ നായകൻ
മെയിൽസൺ ആൽവീസ് ആണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും എവെ ഗ്രൗണ്ടിൽ വിജയം നേടിയ തൃശൂർ മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ ആദ്യ അഞ്ച് മിനിറ്റിനിടെ മൂന്ന് കോർണറുകൾ നേടിയെടുത്ത് ആക്രമണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ്
കൊമ്പൻസ് കളി തുടങ്ങിയത്. എട്ടാം മിനിറ്റിൽ അവരുടെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ്‌ കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. പന്ത്രണ്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ. കോർണറിൽ നിന്ന് വന്ന പന്ത് തേജസ്‌ കൃഷ്ണ
ഫ്രാൻസിസ് അഡോക്ക് നൽകി. ഘാനക്കാരൻ കൃത്യമായി ഹെഡ് ചെയ്ത് നൽകിയ പന്ത് ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് പ്രയാസകരമായ ആങ്കിളിൽ നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി (1-0). ഇരുപത്തിമൂന്നാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ്‌ അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത് കടന്ന ശേഷം തൊടുത്ത ഷോട്ട് തേജസ്‌ കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് ബോക്സിന് പുറത്ത് നിന്ന് പായിച്ച കനത്ത ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഖാലിദ് റോഷനെയും തൃശൂർ അലൻ ജോണിനെയും കളത്തിലിറക്കി. ഇറങ്ങിയ ഉടനെ ഓട്ടിമർ ബിസ്‌പൊയെ ഫൗൾ ചെയ്ത അലന് മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ തൃശൂരിന്റെ മുഹമ്മദ്‌ ജിയാദിന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി. കെവിൻ ജാവിയർ, ഫൈസൽ അലി, മുഹമ്മദ്‌ അഫ്സൽ, ഉമശങ്കർ (തൃശൂർ), പൗലോ വിക്ടർ, അഫിൻ, വിഘ്‌നേഷ്, യൂരി കർവാലോ (കൊമ്പൻസ്) എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി.

ബ്രസീലിയൻ താരങ്ങളായ റൊണാൾഡ്, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ
കൊമ്പൻസ് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി വഴങ്ങി. 6941 പേർ ഇന്നലെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.

ഇനി മലബാർ ഡെർബി

നാളെ (ഒക്ടോബർ 18) കളിയില്ല. മറ്റന്നാൾ (ഒക്ടോബർ 19) മലബാർ ഡെർബി. മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സിക്ക് കാലിക്കറ്റ്‌ എഫ്സിയാണ് എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. രണ്ട് കളികളിൽ നിന്ന് നാല് പോയന്റുള്ള മലപ്പുറം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയന്റുള്ള കാലിക്കറ്റ്‌ എഫ്സി കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ മലപ്പുറവും പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ കാലിക്കറ്റും ആരാധകരുടെ പിന്തുണയോടെ കളത്തിലിറങ്ങുമ്പോൾ പയ്യനാട് സ്റ്റേഡിയം ആവേശജ്ജ്വല മത്സരത്തിനാവും സാക്ഷിയാവുക.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

ക്യാപ്റ്റന്റെ ഗോളിൽ തൃശൂർ മാജിക് എഫ് സിക്ക് ജയം

കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഗോളാണ് ആതിഥേയരായ കാലിക്കറ്റ്‌ എഫ് സിക്കെതിരെ തൃശൂർ മാജിക് എഫ് സിക്ക് ജയമൊരുക്കിയത്. രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്.

ഇ എം എസ് സ്റ്റേഡിയത്തിൽ
തുടക്കം മുതൽ അർജന്റീനക്കാരൻ
ഹെർനാൻ ബോസോ മധ്യനിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ഇരുപത് മിനിറ്റിനിടെ ഗോൾ മണമുള്ള ഒരു നീക്കം പോലും കാലിക്കറ്റ്‌ എഫ് സിക്ക് നടത്താൻ കഴിഞ്ഞില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് അപകടകരമാംവിധം തൃശൂരിന്റെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ സന്ദർശക ടീമിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ പന്ത് തട്ടിത്തെറിപ്പിച്ചു. മത്സരത്തിൽ ഗോളിന് അടുത്തെത്തിയ ആദ്യ നീക്കവും ഇതായിരുന്നു.

ഇരുപത്തിയെട്ടാം മിനിറ്റിൽ വലതു വിങിലൂടെ എത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ തൃശൂരിന്റെ പരിചയസമ്പന്നനായ മാർക്കസ് ജോസഫ് അടിച്ചത് ലക്ഷ്യം കണ്ടില്ല. മുപ്പത്തിയാറാം മിനിറ്റിൽ തൃശൂരിന്റെ ഗോൾ. എസ് കെ ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ക്യാപ്റ്റൻ ബ്രസീലുകാരൻ മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ കാലിക്കറ്റ്‌ പോസ്റ്റിൽ എത്തിച്ചു (1-0). പന്ത് ജഴ്സിക്കുള്ളിൽ വെച്ചാണ് പ്രതിരോധഭടൻ ഗോൾ ആഘോഷിച്ചത്. തൊട്ടുപിന്നാലെ ഘാനക്കാരൻ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൽ കിക്ക് കാലിക്കറ്റ്‌ പോസ്റ്റിലേക്ക് വന്നെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ആദ്യപകുതി അവസാനിക്കാനിരി ക്കെ തൃശൂരിന്റെ എസ് കെ ഫയാസിന് പരുക്കൻ അടവിന് മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ്‌ ആക്രമണത്തിൽ സഹായിക്കാൻ അനികേത് യാദവിനെ കൊണ്ടുവന്നു. നാൽപ്പത്തിയേഴാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ കൊളംബിയക്കാരൻ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇവാൻ മാർക്കോവിച്ചിന് പകരം ഉമാശങ്കറിനും ഫയാസിന് പകരം ഫൈസൽ അലിക്കും തൃശൂർ അവസരം നൽകി. സച്ചു, അജ്സൽ, അരുൺ കുമാർ എന്നിവരെയിറക്കി കാലിക്കറ്റ്‌ സമനിലക്ക് പൊരുതി നോക്കി. എന്നാൽ തൃശൂർ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി സമയത്ത് തൃശൂരിന് ഫ്രാൻസിസ് അഡോയിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് (ഒക്ടോബർ 12) മലപ്പുറം എഫ് സി, കണ്ണൂർ വാരിയേഴ്‌സ് എഫ് സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയം നേടിയിരുന്നു. മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ് സിയെയും കണ്ണൂർ വാരിയേഴ്‌സ്, തിരുവനന്തപുരം കൊമ്പൻസിനെയുമാണ് തോൽപ്പിച്ചിരുന്നത്. ഇന്ന് ജയിക്കുന്നവർക്ക് ടേബിളിൽ ഒന്നാം സ്ഥാനം നേടാം.

ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; തൃശ്ശൂരിനെ തോൽപ്പിച്ച് മലപ്പുറം എഫ് സി തുടങ്ങി

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ് സിക്ക് വിജയ തുടക്കം. ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ് സിയെ ആണ് മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

വിരസമായ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 71ആം മിനുറ്റിൽ ഒരു പെനാൽറ്റി ആണ് സമനിലപ്പൂട്ട് തകരാൻ കാരണം. മുൻ ഐ എസ് എൽ ഗോൾഡൻ ബൂട്ട് വിന്നർ ആയ റോയ് കൃഷ്ണ ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. അവസാന നിമിഷങ്ങളിൽ നന്നായി പ്രതിരോധിച്ച് വിജയം ഉറപ്പിക്കാൻ മലപ്പുറത്തിനായി.

ത്രിശ്ശൂർ മാജിക് എഫ്‌സി ബ്രസീലിയൻ താരം മൈൽസൺ ആൽവെസുമായി കരാർ ഒപ്പിട്ടു


പരിചയസമ്പന്നനായ ബ്രസീലിയൻ പ്രതിരോധ താരം മൈൽസൺ ആൽവെസുമായി കരാറിലെത്തി ത്രിശ്ശൂർ മാജിക് എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ആൽവെസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് പരിചിതനാണ്. ചെന്നൈയിനൊപ്പം രണ്ട് ഐ എസ് എൽ കിരീടങ്ങൾ അദ്ദേഹം നേടി.

2015ലും 2018ലും ആണ് അദ്ദേഹം ഐ എസ് എൽ ചാമ്പ്യൻ ആയത്. ഒരു സീസണ നോർത്ത് ഈസ്റ്റിനായും താരം കളിച്ചു. അവസാനമായി ബ്രസീലിയൻ ലീഗിലാണ് കളിച്ചത്. 37കാരനാണ് എന്നത് മാത്രമാണ് ആൽവസിന്റെ സൈനിംഗിലെ ആശങ്ക.


തൃശൂർ മാജിക് എഫ്‌സി കമാലുദ്ദീനെ സ്വന്തമാക്കി


തൃശൂർ മാജിക് എഫ്‌സി സൂപ്പർ ലീഗ് കേരള സീസണിനായി യുവ ഗോൾകീപ്പർ കമൽദീൻ എ.കെ-യെ സ്വന്തമാക്കി. ഈ നീക്കം തൃശൂർ മാജിക് എഫ്‌സിയുടെ പ്രതിരോധനിരയ്ക്ക് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ. ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ റിസർവ് ടീമിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരള ടീമിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനാണ് കമൽദീൻ.


പെരുമ്പിലാവ് സ്വദേശിയും കേരള വർമ്മ കോളേജ് വിദ്യാർത്ഥിയുമായ കമൽദീൻ, ഇന്ത്യൻ ഫുട്ബോളിൽ അതിവേഗം വളർന്നുവരുന്ന താരമാണ്. പ്രാദേശിക അക്കാദമികളിൽ പരിശീലനം നേടി, സംസ്ഥാന തല മത്സരങ്ങളിൽ തിളങ്ങി, പിന്നീട് പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് ഉയർന്നുവന്ന അദ്ദേഹത്തിന്റെ യാത്ര വളരെയധികം പ്രചോദനമേകുന്ന ഒന്നാണ്.

കൊൽക്കത്തൻ താരം ഫൈസൽ അലി തൃശൂർ മാജിക് എഫ്‌സിയിൽ


സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾക്കിടയിൽ മിഡ്‌ഫീൽഡർ ഫൈസൽ അലിയെ ടീമിൽ എത്തിച്ച് തൃശൂർ മാജിക് എഫ്‌സി. ക്ലബ്ബിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആക്രമണത്തിൽ തന്ത്രശാലിയും വേഗതയുമുള്ള താരമാണ് ഫൈസൽ അലി. ബെംഗളൂരു എഫ്സി, മുഹമ്മദൻ എസ്സി, പോലീസ് അത്‌ലറ്റിക് ക്ലബ്ബ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ഫൈസൽ കളിച്ചിട്ടുണ്ട്.


കഴിഞ്ഞ സീസണിൽ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പോലീസ് എസിക്ക് വേണ്ടി 5 ഗോളുകളും 4 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് ഫൈസൽ കാഴ്ചവെച്ചത്. ഇതോടെ തൃശൂർ മാജിക് എഫ്‌സിയുടെ ആക്രമണം കൂടുതൽ ശക്തമാകും. അവർ കഴിഞ്ഞ ദിവസം സുമിത് റതിയെയും സൈൻ ചെയ്തിരുന്നു.

മുൻ ISL എമേർജിംഗ് പ്ലയർ സുമിത് റതിയെ സൂപ്പർ ലീഗ് കേരള ടീമായ തൃശൂർ മാജിക് സ്വന്തമാക്കി

ഇന്ത്യൻ ഫുട്ബോളർ സുമിത് രാതിയെ സ്വന്തമാക്കി സൂപ്പർ ലീഗ് കേരള ടീമായ തൃശൂർ മാജിക് എഫ്സി. പ്രതിരോധത്തിലെ കരുത്തും ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) അനുഭവപരിചയവുമാണ് സുമിത്തിനെ ടീമിലെത്തിക്കാൻ പ്രധാന കാരണം. ക്ലബ്ബ് ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.


രണ്ട് തവണ ഐഎസ്എൽ ചാമ്പ്യനായ സുമിത് റതി, 2019-20 സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി തുടങ്ങിയ മുൻനിര ക്ലബ്ബുകളിൽ കളിച്ച പരിചയസമ്പത്തും സുമിത്തിനുണ്ട്.

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ തൃശ്ശൂർ മാജിക് എഫ്.സി.യുടെ പരിശീലകനായി ആന്ദ്രെ ചെർണിഷോവ്


സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി റഷ്യൻ പരിശീലകൻ ആന്ദ്രെ ചെർണിഷോവിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി തൃശ്ശൂർ മാജിക് എഫ്.സി. ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യ, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചുള്ള വലിയ അനുഭവസമ്പത്താണ് ചെർണിഷോവിനുള്ളത്.

അടുത്തിടെ ഇന്ത്യൻ ഫുട്ബോളിൽ മുഹമ്മദൻസ് ക്ലബ്ബിനെ വിജയങ്ങളിലേക്ക് നയിക്കുകയും, അവർക്ക് പ്രൊമോഷൻ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
തന്ത്രപരമായ കഴിവുകൾക്കും, ചാമ്പ്യൻഷിപ്പ് നേടാൻ കഴിയുന്ന ശക്തമായ ടീമുകളെ കെട്ടിപ്പടുക്കുന്നതിനും പേരുകേട്ട വ്യക്തിയാണ് ചെർണിഷോവ്. ചെർണിഷോവിന്റെ വരവ് ക്ലബ്ബിനും ആരാധകർക്കും വലിയ ആവേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം തൃശ്ശൂർ മാജിക് എഫ്.സി.ക്ക് ഒരു പുതിയ വിജയഗാഥ രചിക്കാനും, പ്രാദേശിക കളിക്കാരെ മുൻനിരയിലേക്ക് ഉയർത്താനും സഹായിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

സൂപ്പർ ലീഗ് കേരള; തൃശൂരിന് തോൽവിയോടെ മടക്കം

പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക്ക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡോറിയൽട്ടനാണ് കൊച്ചിയുടെ വിജയഗോൾ നേടിയത്.

പത്ത് കളികളിൽ ഒരു ജയം, രണ്ട് സമനില, ഏഴ് തോൽവി എന്നിങ്ങനെയാണ് തൃശൂരിന്റെ പ്രകടനം. പത്ത് കളികളിൽ 16 പോയന്റ് സ്വന്തമാക്കിയ ഫോഴ്‌സ കൊച്ചി സെമി ഫൈനൽ ഉറപ്പിച്ച ടീമാണ്.

ആദ്യപകുതിയുടെ തുടക്കത്തിൽ
ഷംനാദ് – അനുരാഗ് – അലക്സ് ത്രയത്തിന്റെ മികവിൽ തൃശൂർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല. ഇരുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി നായകൻ അർജുൻ ജയരാജിന് റിബൗണ്ട് ബോളിൽ മികച്ചൊരു അവസരം ലഭിച്ചു. എന്നാൽ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ഇരുപത്തിയാറാം മിനിറ്റിൽ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിയാണ്ടക്ക് പകരം കൊച്ചി രാഹുൽ കെ പിയെ കളത്തിലിറക്കി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ തൃശൂരിന്റെ ലൂക്കാസ്, ഹഖ്, കൊച്ചിയുടെ കമൽപ്രീത് എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊച്ചിക്ക് ഗോളവസരം. ഡോറിയൽട്ടൻ – രാഹുൽ സഖ്യത്തിന്റെ ധാരണപ്പിശക് വിനയായി. അൻപത്തിയഞ്ചാം മിനിറ്റിൽ തൃശൂരിന്റെ അനുരാഗ് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് അർജുൻ എം എം.

അറുപത്തിയേഴാം മിനിറ്റിൽ അഭിജിത് സർക്കാർ നടത്തിയ ശ്രമം കൊച്ചി ഗോൾ കീപ്പർ ഹജ്മൽ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

എൻപത്തിരണ്ടാം മിനിറ്റിൽ ഡോറിയൽട്ടൻ കൊച്ചിക്കായി ഗോൾ നേടി. പകരക്കാരനായി വന്ന ആസിഫിന്റെ മുന്നേറ്റത്തിനൊടുവിലായിരുന്നു സ്കോറിങ്. ലീഗിൽ
ഡോറിയൽട്ടന്റെ അഞ്ചാം ഗോൾ. നിലവിൽ ടോപ് സ്കോറർ സ്ഥാനത്താണ് ബ്രസീലുകാരൻ. ഇഞ്ചുറി സമയത്ത് കൊച്ചിയുടെ ആസിഫിന് ചുവപ്പ് കാർഡ് ലഭിച്ചു. മഞ്ചേരിയിൽ നടന്ന ആദ്യ ലഗ്ഗിൽ കൊച്ചി ഒരു ഗോളിന് തൃശൂരിനെ തോൽപ്പിച്ചിരുന്നു.

ഒക്ടോബർ 31ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് കാലിക്കറ്റ് എഫ്സിയെ നേരിടും. കിക്കോഫ് വൈകീട്ട് 7.30 ന്. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാവും. സമനിലയാണ് ഫലമെങ്കിൽ ഗോൾ ശരാശരിയിൽ കാലിക്കറ്റ് ഒന്നാമതെത്തും.

സൂപ്പർ ലീഗ് കേരള; ഇന്ന് ഫോഴ്സ കൊച്ചി vs തൃശ്ശൂർ മാജിക്

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്ന് (ഒക്ടോബർ 29) ഫോഴ്‌സ കൊച്ചി എഫ്സി – തൃശൂർ മാജിക് എഫ്സി മത്സരം. അവസാന (പത്താം) റൗണ്ടിലെ ആദ്യ മത്സരത്തിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി. കിക്കോഫ് വൈകീട്ട് 7.30 ന്.

ഒൻപത് കളികളിൽ 13 പോയന്റ് നേടിയ
കൊച്ചി ഇതിനോടകം സെമി ഫൈനൽ ഉറപ്പാക്കിയ ടീമാണ്. എങ്കിലും മികച്ച മാർജിനിൽ ജയിച്ച് ടേബിളിൽ ഉയർന്ന സ്ഥാനം നേടുകയാവും ആതിഥേയരുടെ ലക്ഷ്യം.

സെമി കാണാതെ പുറത്തായ തൃശൂർ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എട്ട് കളികളിൽ ഒരു ജയം പോലും നേടാൻ കഴിയാതിരുന്ന പൂരത്തിന്റെ നാട്ടുകാർ ഒൻപതാം റൗണ്ടിൽ തോൽവിയറിയാതെ വന്ന കാലിക്കറ്റ് എഫ്സിയെ അട്ടിമറിച്ചിരുന്നു.

കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾ പ്രഥമ സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്. നവംബർ ഒന്നിന് നടക്കുന്ന മലപ്പുറം എഫ്സി – തിരുവനന്തപുരം കൊമ്പൻസ് മത്സരത്തോടെ സെമി ഫൈനൽ പോരാട്ടങ്ങളുടെ അന്തിമചിത്രം തെളിയും. കൊമ്പൻസിന് സെമിയിൽ കയറാൻ സമനില മതിയെങ്കിൽ മലപ്പുറത്തിന് വിജയം നിർബന്ധം.

ഒക്ടോബർ 31ന് പോയന്റ് നിലയിലെ ഒന്നാം സ്ഥാനത്തിനായി കണ്ണൂർ വാരിയേഴ്‌സ് കാലിക്കറ്റ് എഫ്സിയുമായി പോരാടും. മത്സരം കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ.

ലൈവ്

മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് കാണാം.

Exit mobile version