ആവേശം അവസാന റൗണ്ടിലേക്ക്, തിരുവനന്തപുരം മലപ്പുറം പോരാട്ടാം സമനിലയിൽ

തിരുവനന്തപുരം: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിനുള്ള അവസാന രണ്ട് ടീമുകളെ അറിയാൻ ഇനിയും കാത്തിരിക്കണം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയും മലപ്പുറം എഫ്സിയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ആവേശം അവസാന റൗണ്ടിലേക്ക് നീണ്ടത്. മലപ്പുറത്തിനായി എൽഫോർസിയും തിരുവനന്തപുരത്തിനായി പൗളോ വിക്ടറും സ്കോർ ചെയ്തു.

ഒൻപത് റൗണ്ട് മത്സരം അവസാനിക്കുമ്പോൾ 12 പോയന്റുള്ള തിരുവനന്തപുരം മൂന്നാം സ്ഥാനത്തും 11 പോയന്റുള്ള മലപ്പുറം നാലാം സ്ഥാനത്തുമാണ്. 10 പോയന്റുമായി കണ്ണൂർ അഞ്ചാമതും നിൽക്കുന്നു. അവസാന റൗണ്ടിലെ തൃശൂർ – കണ്ണൂർ, തിരുവനന്തപുരം – കാലിക്കറ്റ്‌, മലപ്പുറം – കൊച്ചി മത്സരഫലങ്ങളാവും സെമി ഫൈനലിലേക്കുള്ള അവസാന രണ്ട് ടീമുകളെ നിശ്ചയിക്കുക. കാലിക്കറ്റ്‌ എഫ്സി, തൃശൂർ മാജിക് എഫ്സി ടീമുകൾ ഇതിനോടകം സെമി ഫൈനലിൽ ഇടം ഉറപ്പിച്ചിട്ടുണ്ട്.

പന്ത്രണ്ടാം മിനിറ്റിൽ മലപ്പുറത്തിന്റെ റിഷാദ് ഗഫൂർ വലതുവിങിലൂടെ മുന്നേറി രണ്ട് പ്രതിരോധക്കാരെ മറികടന്ന് നടത്തിയ ഗോൾ ശ്രമം പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റിൽ മലപ്പുറം ലീഡ് നേടി. ബോക്സിന് പുറത്തു നിന്ന് ലഭിച്ച പന്ത് ലോങ്റേഞ്ച് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് മൊറോക്കോ താരം എൽഫോർസി (1-0). ഇരുപത്തിയെട്ടാം മിനിറ്റിൽ ബദർ നൽകിയ പാസ് ജോൺ കെന്നഡി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തിരുവനന്തപുരം ഗോളി സത്യജിത് രക്ഷകനായി. ആദ്യപകുതിയിൽ ആതിഥേയരുടെ റോച്ചെ, ജാസിം, തുഫൈൽ എന്നിവർക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ തുഫൈലിന് പകരം അസ്ഹർ കളത്തിലെത്തി.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തിരുവനന്തപുരം സമനില നേടി. മധ്യനിരയിൽ നിന്ന് ലഭിച്ച ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പൗളോ വിക്ടർ പ്രതിരോധനിരയെയും ഗോൾകീപ്പറെയും മറികടന്ന് ഇടതുകാൽ കൊണ്ട് ഫിനിഷ് ചെയ്തു (1-1). ലീഗിൽ
ബ്രസീലുകാരന്റെ മൂന്നാം ഗോൾ. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരവും മലപ്പുറവും ഓരോഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. 6221 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ചൊവ്വാഴ്ച (ഡിസംബർ 2) നിർണായകമായ പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും. സെമി ഫൈനൽ സാധ്യത നിലനിർത്താൻ കണ്ണൂരിന് വിജയം അനിവാര്യമാണ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

നിർണ്ണായക പോരാട്ടത്തിൽ കൊമ്പൻസിനെ നേരിടാനൊരുങ്ങി മലപ്പുറം എഫ് സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ സെമി-ഫൈനൽ സ്ഥാനം ഉറപ്പിക്കാനായി മലപ്പുറവും തിരുവനന്തപുരവും ഏറ്റുമുട്ടുന്നു. ഈ കളിയിൽ വിജയിക്കുന്ന ടീമിനായിരിക്കും കൂടുതൽ മുൻതൂക്കം. അത് കൊണ്ട് തന്നെ ഇരു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടമായിരിക്കും തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. നവംബർ 30 ഞായറാഴ്ച വൈകീട്ട് 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലാണ് മത്സരം.

കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയപ്പോഴെല്ലാം സമനിലയായിരുന്നു മത്സരം അവസാനിച്ചത്.
ആദ്യ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു. തിരുവനന്തപുരത്ത് നടന്ന കളി 1-1, പയ്യനാട് നടന്ന കളി 2-2 എന്നിങ്ങനെയായിരുന്നു ഫലം. ഈ സീസണിലെ ആദ്യ പാദവും 1-1 സമനിലയിലാണ് അവസാനിച്ചത്. പക്ഷെ ഇത്തവണ സെമിയിലേക്ക് മുന്നേറണമെങ്കിൽ ഒരു സമനിലയ്ക്കപ്പുറം മലപ്പുറത്തിന് ജയം നിർബന്ധമാണ്.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊമ്പൻസുള്ളത്, മലപ്പുറമാണെങ്കിൽ എട്ട് മത്സരങ്ങളിൽ 10 പോയിന്റോടെ തൊട്ട് പിന്നിൽ നാലാം സ്ഥാനത്താണ്. കാലിക്കറ്റ് എഫ്‌സിയും തൃശൂർ മാജിക്കും ഇതിനകം സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായാണ് മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ എന്നീ ടീമുകൾ പോരാടുന്നത്.

കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ബിസ്‌പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. കണ്ണൂരിന് വേണ്ടി അസിയര്‍ ഗോമസ് ആശ്വാസ ഗോള്‍ നേടി. നാല് ഗോളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ തോല്‍പ്പിച്ച കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ ഇത് മധുര പ്രതികാരമായിരുന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കണ്ണൂര്‍ രണ്ടാം പകുതിയില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് ഇരട്ടമാറ്റങ്ങളുമായി 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറുകയായിരുന്നു. സീസണിലെ കണ്ണൂരിന്റെ ആദ്യ തോല്‍വിയാണിത്. അതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടരും. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കൊമ്പന്‍സ് അഞ്ചാമതാണ്.

വിജയത്തോടെ തിരുവനന്തപുരം കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.
തൃശൂര്‍ മാജിക് എഫിസിക്കെതിരെ ഇറങ്ങിയ 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3 എന്ന ഫോര്‍മേഷനിലേക്ക് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മാറി. അഞ്ച് മാറ്റങ്ങളാണ് കണ്ണൂര്‍ വരുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മുഹമ്മദ് സിനാന്‍, അവസരം ഒരുക്കിയ അഡ്രിയാന്‍ സര്‍ഡിനേറോ, അസിയര്‍ ഗോമസ്, സന്ദീപ്, ഷിബിന്‍ ഷാദ് എന്നിവര്‍ക്ക് പകരമായി സൈദ് മുഹമ്മദ് നിദാല്‍, സച്ചിന്‍ സുനില്‍, ആസിഫ് ഒ.എം, ഷിജിന്‍ ടി, അബ്ദുല്‍ കരീം സാംബ എന്നിവരെത്തി.

തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും മാറ്റങ്ങളുമായി ആണ് എത്തിയത്. 4-3-3 എന്ന ഫോര്‍മേഷനില്‍ ഏഴ് മാറ്റങ്ങളാണ് ഇലവനില്‍ വരുത്തിയത്. ഗോള്‍കീപ്പര്‍ ആര്യന്‍ ആഞ്ജനേയ, പ്രതിരോധ താരങ്ങളായ ഷാനിദ് വാളന്‍, കര്‍വാലോ ലിമ, മധ്യനിരതാരങ്ങളായ റോഹന്‍ സിംങ്, അറ്റാക്കിംങ് താരങ്ങളായ മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഷാഫി, പൗലോ വിക്ടര്‍ എന്നിവര്‍ക്ക് പകരമായി ഗോള്‍ കീപ്പര്‍ സത്യജിത്ത്, പ്രതിരോധ താരങ്ങളായ റോച്ച ഡി അറുജോ, അബ്ദുല്‍ ബാജിഷ്, മുഹമ്മദ് ഷരിഫ് ഖാന്‍ മധ്യനിരതാരങ്ങളായ രാഘവ് ഗുപ്ത, മുഹമ്മദ് ജാസിം, അറ്റാക്കിംങ് താരങ്ങളായ ഖാലിദ് റോഷന്‍, ഔറ്റമര്‍ ബിസ്‌പോ എന്നിവര്‍ ഇറങ്ങി.


മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്ക് അകം കണ്ണൂര്‍ വാരിയേഴ്‌സിന് അലസരം ലഭിച്ചു. .. മിനുട്ടില്‍ എബിന്‍ എടുത്ത കോര്‍ണര്‍ സെറ്റ് പീസ് മനോജിന് നല്‍കി. മനോജ് ഇടത് കാലുകൊണ്ട് ബോക്‌സിലേക്ക് കൃത്യമായി നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ലാവ്‌സാംബ ചാടി ഹെഡ് ചെയ്‌തെങ്കിലും പോസിറ്റിനെ ചാരി പുറത്തേക്ക്. 5 ാം മിനുട്ടില്‍ അടുത്ത അവസരം.

തിരുവനന്തപുരം കൊമ്പന്‍സ് മധ്യനിരയില്‍ നിന്ന് തട്ടി എടുത്ത പന്ത് നിദാല്‍ ബോക്‌സിലേക്ക് കരീമിന് നല്‍കി. കരീം സ്വീകരിച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 10 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ആദ്യ അവസരം. ഷരീഫ് എറിഞ്ഞ ലോങ് ത്രോ കണ്ണൂര്‍ ബോക്‌സില്‍ കൂട്ടപൊരിച്ചില്‍ നടന്നെങ്കിലും പന്ത് ക്ലിയര്‍ ചെയ്തു. 13 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ബോക്‌സിന് തൊട്ട് മുന്നില്‍ വെച്ച് ഫ്രീകിക്ക് ലഭിച്ചു. ബിസ്‌പോ അടിച്ചെങ്കിലും ബ്ലോക്കിന്റെ ദേഹത്ത് തട്ടി പുറത്തേക്ക്. 15 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണാവസരം. മനോജ് ബോക്‌സിലേക്ക് നല്‍കിയ ലോ ക്രോസ് ഷിജിന്‍ ഇടത് കാലുകൊണ്ട് പോസ്്റ്റിലേക്ക് അടിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. അതോ മിനുട്ടില്‍ എബിന്‍ ദാസിന്റെ വക ബോക്‌സിന് പുറത്ത് നിന്ന് ഒരു ഉഗ്രന്‍ ലോങ് റൈഞ്ചര്‍. തിരുവനന്തപുരം കീപ്പര്‍ സത്യജിത്തിന്റെ ഉഗ്രന്‍ സേവ്. 35 ാം മിനുട്ടില്‍ റൊണാള്‍ഡിനെ ഫൗള്‍ ചെയ്തതിന് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മനോജിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 41 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കൗണ്ടര്‍ അറ്റാക്കിംങിലൂടെ ലഭിച്ച അവസരം മനോജ് ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം ഗോള്‍കീപ്പര്‍ വേഗത്തില്‍ കിക്ക് എടുക്കവേ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ നിദാലിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 45 ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച് കണ്ണൂരിന്റെ ആസിഫ് എതിര്‍മുഖത്തേക്ക് ഓടി കയറി ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ് റൈഞ്ച് ഷോട്ട് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. അധിക സമയത്തിന്റെ 48 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ ബിസ്‌പോയെ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ ലവ്‌സാംബക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.


രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ നടത്തി. സച്ചിനും ഷിജിനും പകരം മുഹമ്മദ് സിനാനും ഷിബിന്‍ ഷാദുമെത്തി. 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് കണ്ണൂര്‍ 3-4-3 യിലേക്ക് മാറി. 47 ാം മിനുട്ടില്‍ തിരുവനന്തപുരം ലീഡ് നേടി. ബോക്‌സിലേക്ക് ഓടി കയറിയ ബിസ്‌പോ ആദ്യ അടിച്ച പന്ത് കണ്ണൂര്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്‌തെങ്കിലും റിട്ടേര്‍ണ്‍ പന്ത് മുഹമ്മദ് ജാസിം ഗോളാക്കി മാറ്റി. 52 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ മുഹമ്മദ് ജാസിം കോര്‍ണറില്‍ നിന്ന് വീണു കിട്ടിയ അവസരം ഉഗ്രന്‍ ഒരു ലോങ് റൈഞ്ചറിന് ശ്രമിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് കൃത്യമായി തടഞ്ഞിട്ടു. 57 ാം മിനുട്ടില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍കൂടെ നടത്തി. അബ്ദു കരീമിനും നിദാലിനും പകരമായി അസിയര്‍ ഗോമസും അഡ്രിയാന്‍ സര്‍ഡിനേറോയും എത്തി. 62 ാം മിനുട്ടില്‍ എബിന്‍ ദാസ് ബോക്‌സിന് അകത്തേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ എടുക്കവേ തിരുവനന്തപുരം ഗോള്‍കീപ്പറിന്റെ ശരീരത്തില്‍ തട്ടി അഡ്രിയാന്‍ ബോക്‌സില്‍ വീണെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. 66 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ട് മാറ്റങ്ങള്‍ നടത്തി. ഗോള്‍ നേടിയ മുഹമ്മദ് ജാസിമിനും ഖാലിദിനും പകരമായി അഷ്ഹറും മുഹമ്മദ് ഷാഫിയും എത്തി. 69 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിലൂടെ ബോക്‌സിലേക്ക് സോളോ റണ്‍ നടത്തിയ റോണാള്‍ഡ് പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്തു. തുടര്‍ന്ന് ലഭിച്ച അവസരം ഔട്ടമാര്‍ ബിസ്‌പോ ഗോളാക്കി മാറ്റി. 74 ാം മിനുട്ടില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ മുഹമ്മദ് ഷാഫിക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. കണ്ണൂരിന്റെ മുഹമ്മദ് സിനാനെ ഫൗള്‍ ചെയ്തതിനാണ് കാര്‍ഡ് ലഭിച്ചത്. 77 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറച്ച രണ്ട് അവസരം ലഭിച്ചു. അസിയര്‍ എടുത്ത് ഫ്രീകിക്ക് അഡ്രിയാന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും കൊമ്പന്‍സ് കീപ്പര്‍ മനോഹരമായി തട്ടി അകറ്റി. തുടര്‍ന്ന് സാംബ് ബോക്‌സിലേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ ചെസ്റ്റില്‍ ഇറക്കി പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. തിരുവനന്തപുരം വിക്ടറിനെയും റോഹന്‍ സിംങിനേയും പകരക്കാരനായി ഇറക്കി. സമയം നഷ്ടപ്പെടുത്തിയതിന് തിരുവനന്തപുരത്തിന്റെ ബാദിഷിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 83 ാം മിനുട്ടില്‍ കൊമ്പന്‍സ് ബാദിഷിനെ പിന്‍വലിച്ച് ഷാനിദ് വാളനെ ഇറക്കി. 85 ാം മിനുട്ടില്‍ ബിസ്‌പോയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷാഫി നല്‍കിയ പന്ത് സെകന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ബിസ്‌പോ അനായാസം ഗോളാക്കി മാറ്റി.

ബിസ്‌പോയുടെ രണ്ടാം ഗോള്‍. 86 ാം മിനുട്ടില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്. 98 ാം മിനുട്ടില്‍ അസിയര്‍ ഗോമസ് കണ്ണൂരിന് ആശ്വാസ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

തൃശൂർ മാജിക് തുടരുന്നു! തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി

തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ അനന്തപുരിയിലും തൃശൂരുകാരുടെ മാജിക് പ്രകടനം. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസിനെ 1-0 ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ നായകൻ
മെയിൽസൺ ആൽവീസ് ആണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും എവെ ഗ്രൗണ്ടിൽ വിജയം നേടിയ തൃശൂർ മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ ആദ്യ അഞ്ച് മിനിറ്റിനിടെ മൂന്ന് കോർണറുകൾ നേടിയെടുത്ത് ആക്രമണമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ്
കൊമ്പൻസ് കളി തുടങ്ങിയത്. എട്ടാം മിനിറ്റിൽ അവരുടെ ബ്രസീൽ താരം റൊണാൾഡ് കോസ്റ്റയെ തൃശൂരിന്റെ തേജസ്‌ കൃഷ്ണ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. പന്ത്രണ്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി തൃശൂരിന്റെ ഗോൾ. കോർണറിൽ നിന്ന് വന്ന പന്ത് തേജസ്‌ കൃഷ്ണ
ഫ്രാൻസിസ് അഡോക്ക് നൽകി. ഘാനക്കാരൻ കൃത്യമായി ഹെഡ് ചെയ്ത് നൽകിയ പന്ത് ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് പ്രയാസകരമായ ആങ്കിളിൽ നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി (1-0). ഇരുപത്തിമൂന്നാം മിനിറ്റിൽ കൊമ്പൻസിന്റെ അണ്ടർ 23 താരം മുഹമ്മദ്‌ അസ്‌ഹർ ഇടതു വിങിലൂടെ മുന്നേറി രണ്ട് എതിരാളികളെ ഡ്രിബിൾ ചെയ്ത് കടന്ന ശേഷം തൊടുത്ത ഷോട്ട് തേജസ്‌ കൃഷ്ണയുടെ മുഖത്ത് തട്ടി പുറത്ത് പോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ കൊമ്പൻസിന് വീണ്ടും അവസരം. റൊണാൾഡ് ബോക്സിന് പുറത്ത് നിന്ന് പായിച്ച കനത്ത ഷോട്ട് തൃശൂരിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഖാലിദ് റോഷനെയും തൃശൂർ അലൻ ജോണിനെയും കളത്തിലിറക്കി. ഇറങ്ങിയ ഉടനെ ഓട്ടിമർ ബിസ്‌പൊയെ ഫൗൾ ചെയ്ത അലന് മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ തൃശൂരിന്റെ മുഹമ്മദ്‌ ജിയാദിന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി. കെവിൻ ജാവിയർ, ഫൈസൽ അലി, മുഹമ്മദ്‌ അഫ്സൽ, ഉമശങ്കർ (തൃശൂർ), പൗലോ വിക്ടർ, അഫിൻ, വിഘ്‌നേഷ്, യൂരി കർവാലോ (കൊമ്പൻസ്) എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി.

ബ്രസീലിയൻ താരങ്ങളായ റൊണാൾഡ്, പൗലോ വിക്ടർ എന്നിവരെ മുൻനിർത്തി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയപ്പോൾ
കൊമ്പൻസ് ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം തോൽവി വഴങ്ങി. 6941 പേർ ഇന്നലെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.

ഇനി മലബാർ ഡെർബി

നാളെ (ഒക്ടോബർ 18) കളിയില്ല. മറ്റന്നാൾ (ഒക്ടോബർ 19) മലബാർ ഡെർബി. മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മലപ്പുറം എഫ്സിക്ക് കാലിക്കറ്റ്‌ എഫ്സിയാണ് എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. രണ്ട് കളികളിൽ നിന്ന് നാല് പോയന്റുള്ള മലപ്പുറം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയന്റുള്ള കാലിക്കറ്റ്‌ എഫ്സി കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ തൃശൂർ മാജിക് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ മലപ്പുറവും പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ കാലിക്കറ്റും ആരാധകരുടെ പിന്തുണയോടെ കളത്തിലിറങ്ങുമ്പോൾ പയ്യനാട് സ്റ്റേഡിയം ആവേശജ്ജ്വല മത്സരത്തിനാവും സാക്ഷിയാവുക.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

മുഹമ്മദ് സനൂത്ത് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയിൽ


തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, പ്രതിരോധ താരം മോഹമദ് സനൂത്തിനെ വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിനായി ശ്രീനിധി ഡെക്കാൻ എഫ്‌സിയിൽ നിന്ന് ലോണിൽ സ്വന്തമാക്കി എന്ന് 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഗോകുലം കേരള എഫ്‌സി, ഡയമണ്ട് ഹാർബർ എഫ്‌സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരമാണ് സനൂത്ത്ം


2024-ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമുമായി വഴിപിരിഞ്ഞതിന് ശേഷം ശ്രീനിധി ഡെക്കാൻ എഫ്‌സിയിലേക്ക് മാറിയ സനൂത്തിന്റ കരിയറിലെ ഒരു പുതിയ അധ്യായമാണിത്.

തിരിച്ചുവരവ്!! കാലിക്കറ്റ് എഫ് സി സൂപ്പർ ലീഗ് കേരള ഫൈനലിൽ

സൂപ്പർ ലീഗ് കേരളയിലെ ആദ്യ ഫൈനലിസ്റ്റ് ആയി കാലിക്കറ്റ് എഫ് സി. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ കാലിക്കറ്റ് എഫ് സി തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിൽ എത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമായിരുന്നു കാലിക്കറ്റിന്റെ വിജയം.

ഇന്ന് കാലികറ്റിന്റെ ഹോം ഗ്രൗണ്ട് ആണെങ്കിൽ തിരുവനന്തപുരം ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 40ആം മിനുട്ടിൽ ഒരു പെനാൾറ്റിയിൽ നിന്നായിരുന്നു ഗോൾ വന്നത്. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾറ്റി ഓട്ടോമർ വലയിൽ എത്തിച്ചു. ആദ്യ പകുതിയിൽ തിരുവനന്തപുരത്തിന് ലീഡ് നിലനിർത്താാൻ ആയി.

രണ്ടാം പകുതിയിൽ കാലിക്കറ്റ് എഫ് സി ചില അറ്റാക്കിംഗ് മാറ്റങ്ങൾ നടത്തി. 60ആം മിനുട്ടിൽ സബ്ബായി എത്തിയ കെന്നഡിയുടെ ആദ്യ ടച്ച് തന്നെ ഗോൾ. സ്കോർ 1-1. സബ്ബായി എത്തിയ ബ്രിട്ടോ ഒരുക്കിയ പന്തായിരുന്നു കെന്നഡി വലയിൽ എത്തിച്ചത്.

73ആം മിനുട്ടിൽ ക്യാപ്റ്റൻ ഗനി നിഗം അഹമ്മദിലൂടെ കാലിക്കറ്റ് ലീഡ് എടുത്തു. കെന്നഡിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഗനി റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഗനിയുടെ സീസണിലെ നാലാം ഗോളാണിത്. ഇത് കൂടാതെ മൂന്ന് അസിസ്റ്റും ഗനിക്ക് ഈ സീസണിൽ ഉണ്ട്.

ഈ ഗോൾ കാലിക്കറ്റ് എഫ് സിയുടെ വിജയം ഉറപ്പാക്കി. ഇനി രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചിയും നാളെ കോഴിക്കോട് വെച്ച് ഏറ്റുമുട്ടും.

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ആദ്യ സെമി ഫൈനൽ

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമിനെ ഇന്നറിയാം (നവംബർ 5). ഒന്നാം സെമിയിൽ കാലിക്കറ്റ് എഫ്സിക്ക് തിരുവനന്തപുരം കൊമ്പൻസാണ് എതിരാളികൾ. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പോരാട്ടത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്.

10 കളികളിൽ അഞ്ച് ജയവും നാല് സമനിലയുമായി ഒന്നാം സ്ഥാനക്കാർ എന്ന പകിട്ടോടെയാണ് കാലിക്കറ്റ് സെമി ബെർത്ത്‌ നേടിയത്. മൂന്ന് ജയവും നാല് സമനിലയുമുള്ള കൊമ്പൻസിന് അവസാന നിമിഷമാണ് നാലാം സ്ഥാനക്കാരായി സെമി ടിക്കറ്റ് കൺഫേമായത്.

ടീം എന്ന നിലയിലും കളിക്കാരുടെ വ്യക്തിഗത മികവിലും ഏറെ മുന്നിലാണ് കാലിക്കറ്റ്. കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ കളിക്കാരെ മാറ്റിപ്പരീക്ഷപ്പോഴൊന്നും ടീമിന്റെ കെട്ടുറപ്പ് നഷ്ടമായിരുന്നില്ല. അത് കാലിക്കറ്റിന്റെ ബെഞ്ച് സ്‌ട്രെങ്ത്ത് വെളിവാക്കുന്നു.

ലീഗിൽ വ്യക്തിഗത മികവിൽ മുന്നിൽ നിൽക്കുന്നവരിലും കാലിക്കറ്റ് താരങ്ങൾ ഏറെയുണ്ട്. മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗം, നാല് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെൽഫോർട്ട്, ഗോൾ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുൽ ഹക്കു തുടങ്ങിയവരെല്ലാം അവരുടെ കരുത്താണ്.

മുഹമ്മദ്‌ റിയാസിനെ പോലുള്ള യുവതാരങ്ങളും ജിജോ ജോസഫ്, ബ്രിട്ടോ ഉൾപ്പടെയുള്ള പരിചയസമ്പന്നരും കാലിക്കറ്റ് ടീമിനെ തോൽപ്പിക്കാൻ പ്രയാസമുള്ള ടീമാക്കി മാറ്റുന്നു.

ബ്രസീലിയൻ കോച്ചും കളിക്കാരുമാണ് കൊമ്പൻസിന്റെ കാമ്പ്. നീളക്കാരൻ ഗോളി മിഖായേൽ സാന്റോസ്, കളംമുഴുവൻ പറന്നു കളിക്കുകയും ഗോൾ സഹായത്തിൽ മുന്നിൽ (നാല്) നിൽക്കുകയും ചെയ്യുന്ന പാട്രിക് മോട്ട, ഇതിനോടകം മൂന്ന് ഗോൾ സ്കോർ ചെയ്ത ഓട്ടിമർ ബിസ്‌പൊ എന്നിവരെല്ലാം സെർജിയോ അലക്സാണ്ടർ പരിശീലിപ്പിക്കുന്ന കൊമ്പൻസിനെ പ്രവചനങ്ങൾക്ക് വഴങ്ങാത്ത ടീമാക്കുന്നു.

അബ്ദുൽ ബാദിശ്, ഗണേശൻ തുടങ്ങിയ സീസണൽ കളിക്കാരും ടീമിന്റെ മികവാണ്. ലീഗിൽ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരത്ത് വെച്ച് കാലിക്കറ്റ് 4-1ന് വിജയിച്ചു. കോഴിക്കോട്ടെ കളി 1-1 സമനിലയിൽ അവസാനിക്കുകയായിരുന്നു.

‘ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ ഞങ്ങൾ മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലാണ് ഇനി മുൻപിൽ. അവിടെ പഴയ മത്സരങ്ങൾക്ക് പ്രസക്തിയില്ല. ജയിച്ചാൽ മാത്രം മുന്നോട്ട് പോകാം. ടീമിന്റെ തന്ത്രങ്ങൾ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കുകയാണ് ഇനി ലക്ഷ്യം. ആരാധകരുടെ പിന്തുണയോടെ ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ ‘ – കാലിക്കറ്റ് എഫ്സി കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ പറഞ്ഞു.

‘ കാലിക്കറ്റ് എഫ്സി മികച്ച ടീമാണ്, അവരുടെ ഇതുവരെയുള്ള പ്രകടനത്തെ ഏറെ ബഹുമാനത്തോടെ കാണുന്നു. ഞങ്ങളുടെ കളിക്കാരുടെ കഴിവിലും സമർപ്പണത്തിലും ഏറെ പ്രതീക്ഷയുണ്ട്. നിർണായക ഘട്ടങ്ങളിൽ എത്രത്തോളം മികവിലേക്ക് ഉയരാൻ പറ്റും എന്നതാണ് ഇനി പ്രധാനം. ഫൈനൽ കളിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് ഞങ്ങൾ ഇറങ്ങുന്നത് ‘ – തിരുവനന്തപുരം കൊമ്പൻസ് കോച്ച് സെർജിയോ അലക്സാണ്ടറും നിലപാട് വ്യക്തമാക്കുന്നു.

ഇനി സമനിലകൾ ഇല്ലാത്ത പോരാട്ടങ്ങളാണ്. നിശ്ചിതസമയം തുല്യതയിൽ അവസാനിച്ചാൽ എക്സ്ട്രാ ടൈമിലേക്കും അവിടെയും ഓപ്പമാണെങ്കിൽ ഷൂട്ടൗട്ടിലേക്കും കളി നീളും. പ്രവചനങ്ങൾക്ക് സ്ഥാനമില്ല. ഇനി വിജയങ്ങളാണ് ജേതാക്കളെ നിശ്ചയിക്കുക.

ലൈവ്

മത്സരം സ്റ്റാർ സ്പോർട്സിലും (ഫസ്റ്റ്) ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഗൾഫ് മേഖലയിൽ മനോരമ മാക്സിൽ ലൈവ് സ്ട്രീമിങ് ആസ്വദിക്കാം.

സൂപ്പർ ലീഗ് കേരള; മലപ്പുറത്തെ തളച്ച് തിരുവനന്തപുരം കൊമ്പൻസ് സെമിയിൽ

ആർത്തലച്ചുവന്ന മലപ്പുറം എഫ്സിയുടെ ആക്രമണങ്ങളെ പോസ്റ്റിനു മുന്നിൽ മലപോലുയർന്നു തടഞ്ഞ ഗോളി മിഖായേൽ സാന്റോസിന്റെ മികവിൽ തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ സെമിയിൽ.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി കൊമ്പൻസ് മലപ്പുറത്തെ (2-2) സമനിലയിൽ തളച്ചു. കൊമ്പൻസിനായി ഓട്ടിമർ ബിസ്‌പൊ, പോൾ ഹമർ എന്നിവരും മലപ്പുറത്തിനായി അലക്സിസ് സാഞ്ചസ് രണ്ട് ഗോളും നേടി. പത്ത് കളികളിൽ കൊമ്പൻസ് 13 പോയന്റ് നേടിയപ്പോൾ മലപ്പുറത്തിന് 10 മാത്രം.

അഞ്ചാം തീയ്യതി നടക്കുന്ന ഒന്നാം സെമിയിൽ കൊമ്പൻസിന് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‍സിയാണ് എതിരാളികൾ.

ആറാം തീയ്യതിയിലെ രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. രണ്ട് സെമി പോരാട്ടങ്ങൾക്കും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമാണ് വേദി.
പത്താം തീയ്യതിയാണ് കിരീടപ്പോരാട്ടം.

നീണ്ട ഇടവേളക്ക് ശേഷം ഗോൾ പോസ്റ്റിന്റെ ചുമതല പരിചയസമ്പന്നനായ വി മിഥുനെ ഏൽപ്പിച്ചാണ് മലപ്പുറം കളത്തിലിറങ്ങിയത്.

മൂന്നാം മിനിറ്റിൽ മലപ്പുറം നടത്തിയ മുന്നേറ്റം കൊമ്പൻസ് ഗോളി സാന്റോസും ഡിഫണ്ടർ അഖിൽ ചന്ദ്രനും ചേർന്ന് ഗോൾലൈൻ സേവിലൂടെ രക്ഷിച്ചു.

ഇടതു വിങിലൂടെ ബാർബോസ വേഗതയേറിയ നിക്കങ്ങളുമായി കൊമ്പൻസ് കോട്ടയിലേക്ക് നിരന്തരം ആക്രമണം നയിച്ചു. പക്ഷെ ബ്രസീലിയൻ താരത്തിന്റെ ക്രോസുകൾ ഫിനിഷ് ചെയ്യാൻ മലപ്പുറം മുന്നേറ്റ നിരയ്ക്ക് കഴിയാതെ വന്നു.

മുപ്പത്തിയെട്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി കൊമ്പൻസ് ഗോൾ നേടി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഓട്ടിമർ ബിസ്‌പൊയെ നന്ദു കൃഷ്ണ കാൽവെച്ചു വീഴ്ത്തി. റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഓട്ടിമർ ബിസ്‌പൊക്ക്‌ പിഴച്ചില്ല (1-0). ലീഗിൽ ബ്രസീലുകാരന്റെ നാലാം ഗോൾ.

രണ്ടാം പകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ കൊമ്പൻസ് രണ്ടാം ഗോളും നേടി. മുഹമ്മദ്‌ അസ്ഹർ നീക്കി നൽകിയ പന്തിൽ ചിപ്പ് ചെയ്ത് ഗോൾ നേടിയത് പോൾ ഹമർ (2-0).

അറുപത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഒരുഗോൾ മടക്കി. ബാർബോസയുടെ ക്രോസിൽ പകരക്കാരനായി വന്ന അലക്സിസ് സാഞ്ചസിന്റെ ഹെഡ്ഡർ (2-1). ഇഞ്ചുറി സമയത്ത് സാഞ്ചസ് വീണ്ടും ഗോൾ നേടി കളി സമനിലയിൽ എത്തിച്ചെങ്കിലും സെമി ടിക്കറ്റിന് അത് പോരായിരുന്നു.

സൂപ്പർ ലീഗ് കേരള, തൃശ്ശൂരിനെ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ്

പെരും മഴയിൽ നടന്ന കളിയിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്.

ഏഴ് കളികളിൽ കൊമ്പൻസിന് ഒൻപത് പോയൻ്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയൻ്റ് മാത്രം നേടി അവസാന സ്ഥാനത്ത്. മൂന്ന് കളി മാത്രം ശേഷിക്കെ തൃശൂരിൻ്റെ സെമി ഫൈനൽ സാധ്യത തുലാസിലായി.

സി കെ വിനീതിൻ്റെ അഭാവത്തിൽ ബ്രസീൽ താരം മെയിൽസണിൻ്റെ നായകത്വത്തിൽ ഇറങ്ങിയ തൃശൂർ ആദ്യപകുതിയിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു. മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ കൊമ്പൻസിൻ്റെ ബ്രസീലിയൻ ഗോൾ കീപ്പർ അമേരിക്കോ സാൻ്റോസ് നടത്തിയ അത്യുഗ്രൻ സേവുകൾ മത്സരത്തിൻ്റെ തുടക്കത്തിൽ നിരവധി തവണ സന്ദർശക ടീമിൻ്റെ രക്ഷക്കെത്തി. മുപ്പത്തിയൊൻപതാം മിനിറ്റിൽ അപ്രതീക്ഷിതമായി കൊമ്പൻസ് ലീഡ് നേടി. ഇടതു വിംഗിലൂടെ മുന്നേറിവന്ന ഗണേശനെ തൃശൂരിൻ്റെ പകരക്കാരൻ ഗോളി പ്രതീഷ് നേരിട്ടതിന് റഫറി സെന്തിൽ നാഥൻ പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത ബ്രസീലുകാരൻ ബിപ്സോ ഓട്ടിമറിന് പിഴച്ചില്ല1-0. നാല്പത്തിമൂന്നാം മിനിറ്റിൽ തൃശൂരിന് അനുകൂലമായും പെനാൽറ്റി വിസിൽ മുഴങ്ങി. എന്നാൽ അലക്സ് സാൻ്റോസ് എടുത്ത കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ
അമേരിക്കോ സാൻ്റോസ് ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ആൻ്റണി മനോഹരമായി എതിർ ഗോൾ പോസ്റ്റിന് മുന്നിൽ എത്തിച്ചുവെങ്കിലും ഫിനിഷ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. അൻപത്തിയഞ്ചാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ തൃശൂരിൻ്റെ ഫിലോക്ക് പകരം അനുരാഗ് കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഷിഹാദ് കൂടി സ്കോർ ചെയ്തതോടെ കൊമ്പൻസ് വിജയം പൂർത്തിയാക്കി 2-0. മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ ഒരു ഗോൾ എങ്കിലും മടക്കാൻ അവസാന നിമിഷം വരെ തൃശൂർ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല.

ഇന്ന് (ഒക്ടോബർ 12) കാലിക്കറ്റ് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.

സൂപ്പർ ലീഗ് കേരള; കൊമ്പൻസിന് എതിരെ ഫോഴ്സ കൊച്ചിക്ക് വിജയം

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് ജയം. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയിൽ കൊമ്പൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. കൊച്ചിക്കായി രാഹുലും
ഡോറിയൽട്ടനും സ്കോർ ചെയ്തപ്പോൾ കൊമ്പൻസിൻ്റെ ഗോൾ
മാർക്കോസ് വിൽഡറിൻ്റെ ബൂട്ടിൽ നിന്നായിരുന്നു. ലീഗിൽ കൊച്ചിയുടെ ആദ്യ വിജയമാണിത്.

ഗോൾകീപ്പർ സാൻ്റോസ് അമേരിക്കോസ് അടക്കം നാല് ബ്രസീൽ കരുത്തരെ അണിനിരത്തിയാണ് കൊമ്പൻസ് ഇന്നലെ കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി താരം അർജുൻ ജയരാജ് നയിച്ച കൊച്ചി ടീമിൽ ഇന്ത്യൻ താരങ്ങൾക്കായിരുന്നു പ്രാമുഖ്യം.

ഗോൾ ലക്ഷ്യമാക്കിയുള്ള ഒരു നീക്കം പോലും കളിയുടെ ആദ്യ കാൽ മണിക്കൂറിൽ കാണാൻ കഴിഞ്ഞില്ല. കൊച്ചി താരം ആസിഫിന് ലഭിച്ച മഞ്ഞക്കാർഡ് മാത്രമായിരുന്നു പരാമർശിക്കാവുന്ന സംഭവം. പന്തിന്മേലുള്ള നിയന്ത്രണത്തിനായി ഇരു ടീമുകളും ശ്രമിച്ചപ്പോൾ അദ്യ അരമണിക്കൂറിൽ കളി മധ്യനിരയിൽ കെട്ടിക്കിടന്നു. ഇരുപത്തിനാലാം മിനിറ്റിൽ വലത് വിംഗിലൂടെ മുന്നേറി കൊമ്പൻസ് താരം മുഹമ്മദ് അസ്ഹർ തൊടുത്ത ഇടതുകാലൻ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. മുപ്പത്തിയെട്ടാം മിനിറ്റിൽ ബ്രസീലുകാരൻ മാർക്കോസ് വിൽഡർ നടത്തിയ ഗോൾ ശ്രമം കൊച്ചി ഗോളി ഹജ്മൽ രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനകം കോർണറിൽ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡർ വഴി പോസ്റ്റിലേക്ക് തിരിച്ചുവിട്ട് മാർക്കോസ് കൊമ്പൻസിന് ലീഡ് നൽകി 1-0. തുടർന്നും കൊമ്പൻസ് ആക്രമണത്തിന് തുനിഞ്ഞതോടെ കൊച്ചി പ്രതിരോധം ആടിയുലഞ്ഞു. അര ഡസണിലേറെ കോർണർ കിക്കുകൾ കണ്ടെങ്കിലും ആദ്യപകുതി 1-0 ന് അവസാനിച്ചു.

രണ്ടാം പകുതിയിലും ഫോഴ്സ കൊച്ചി ലക്ഷ്യ ബോധമില്ലാതെയാണ് കളി തുടങ്ങിയത്. ഗോൾ കീപ്പർ ഹജ്മലാണ് അവർക്ക് പലപ്പോഴും രക്ഷകനായത്. അൻപത്തിനാലാം മിനിറ്റിൽ ആസിഫിനെ പിൻവലിച്ച് കൊച്ചി സിരി ഒമ്രാനെ കളത്തിലിറക്കി. അതോടെ കളി മാറി. അറുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി സമനില പിടിച്ചു. ബ്രസീലുകാരൻ ഡോറിയൽ ഗോമസ് നൽകിയ പാസ് കൃത്യമായി പോസ്റ്റിൽ എത്തിച്ച് പകരക്കാരൻ രാഹുലാണ് കൊച്ചിയുടെ രക്ഷകനായത് 1-1. പതിയെ കളിയിൽ മേധാവിത്വം നേടിയ കൊച്ചിക്കായി എഴുപത്തിയാറാം മിനിറ്റിൽ ബ്രസീൽ താരം
ഡോറിയൽട്ടൻ ലീഡ് നൽകി 1-2. വലതു ഭാഗത്ത് നിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചിൽ ബ്രസീൽ താരം പോസ്റ്റിൽ കയറ്റി. കളിയുടെ അവസാന നിമിഷങ്ങളിൽ ലീഡ് ഉയർത്താൻ കൊച്ചിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. നാല് കളിയിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും അഞ്ച് പോയൻ്റ് വീതമായി.

നോർത്തേൺ ഡെർബി ഇന്ന് ( സെപ്റ്റംബർ 28)

സൂപ്പർ ലീഗ് കേരളയുടെ അഞ്ചാം റൗണ്ട് മത്സരങ്ങൾക്ക് നോർത്തേൺ ഡെർബിയോടെ ഇന്ന് (സെപ്റ്റംബർ 28) തുടക്കം. വടക്കൻ കേരളത്തിലെ രണ്ട് ടീമുകളായ കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും തമ്മിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.

ലീഗ് പാതിയിലേക്ക് എത്തുമ്പോൾ നാല് കളികളിൽ എട്ട് പോയൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും ഇത്രയും കളികളിൽ ആറ് പോയൻ്റുമായി കാലിക്കറ്റ് രണ്ടാമതുമാണ്. ഇന്ന് ജയിക്കുന്ന ടീമിന് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം.

ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമുകൾ എന്ന നിലയിൽ ഇന്നത്തെ കാലിക്കറ്റ് – കണ്ണൂർ മത്സരം പൊടിപാറും. ആക്രമണ ഫുട്ബോളിൻ്റെ മനോഹാരിത മൈതാനത്ത് കാണാം. നാല് കളിയിൽ ആറ് ഗോൾ സ്കോർ ചെയ്യാൻ കണ്ണൂരിനും ഏഴ് ഗോൾ എതിർ വലയിൽ എത്തിക്കാൻ കാലിക്കറ്റ് ടീമിനും കഴിഞ്ഞിട്ടുണ്ട്. ലീഗ് ടോപ് സ്കോറർ പട്ടികയിൽ ഇരു സംഘങ്ങളുടെയും കളിക്കാർ ആണ് ഉള്ളത്. കാലിക്കറ്റ് എഫ്സിക്കായി ഗനി നിഗം മൂന്ന് ഗോളും സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡെ കണ്ണൂർ ടീമിനായി രണ്ട് ഗോളും നേടിയിട്ടുണ്ട്.

ലൈവ്

മത്സരം സ്റ്റാർ സ്പോർട്സ് വൺ ചാനിലിൽ കാണാം. ഡിസ്നി ഹോട്ട് സ്റ്റാറിലും മനോരമ മക്സിലും (മിഡിൽ ഈസ്റ്റ്) ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

സൂപ്പർ ലീഗ് കേരള: തൃശൂർ മാജിക്കിനെ തോൽപ്പിച്ച് ട്രിവാൻഡ്രം കൊമ്പൻസ്

തിരുവനന്തപുരം: തൃശൂർ മാജിക് എഫ് സിയെ 2-0ന് തകർത്ത് ട്രിവാൻഡ്രം കൊമ്പൻസ് സൂപ്പർ ലീഗ് കേരള സീസണിലെ ആദ്യ ജയം ഉറപ്പിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഹോം ടീം ആധിപത്യം പുലർത്തി, കളിയിലുടനീളം മികച്ച നിയന്ത്രണവും ടീം വർക്കും അവർ പ്രദർശിപ്പിച്ചു.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഹോം ഫാൻസിന് ആഹ്ലാദം പകരുന്ന വഴിത്തിരിവ് ഉണ്ടായി. 16-ാം മിനിറ്റിൽ ക്യാപ്റ്റൻ മോട്ട ഉജ്ജ്വലമായ ക്രോസിലൂടെ വിഷ്ണു ടിഎമ്മിനെ കണ്ടെത്തി, അത് വിഷ്ണു ഹെഡറിലൂടെ വലയിലെത്തിച്ചു. 1-0 ന് മുന്നിൽ.

തൃശൂർ ഒരു മറുപടി ഗോൾ കണ്ടെത്താൻ പാടുപെട്ടു, ഫൈനൽ തേർഡിൽ അവരുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, അവർ സൃഷ്ടിച്ച കുറച്ച് അവസരങ്ങൾ മുതലാക്കുന്നതിൽ അവർ പരാജയപ്പെട്ടു.

69-ാം മിനിറ്റിൽ ട്രിവാൻഡ്രം ലീഡ് ഇരട്ടിയാക്കി. മോട്ട തൻ്റെ പ്ലേമേക്കിംഗ് കഴിവുകൾ ഒരിക്കൽ കൂടി കാണിച്ചു തന്നു, മറ്റൊരു പിൻപോയിൻ്റ് അസിസ്റ്റ് അദ്ദേഹം നൽകി, ഇത്തവണ ലാൽമംഗൈഹ്‌സങ്ക പന്ത് അനായാസം ഗോൾകീപ്പറെ കീഴ്പ്പെടുത്തി വലയിൽ എത്തിച്ചു.

ഈ വിജയം ട്രിവാൻഡ്രം കൊമ്പൻസിൻ്റെ ഈ സീസണിലെ ആദ്യത്തെ ജയമാണ്. തൃശൂർ മാജിക്ക് ഇപ്പോഴും ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്‌.

Exit mobile version