മലപ്പുറം എഫ് സി നാളെ തൃശൂർ മാജികിനെതിരെ

മലപ്പുറം: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മലപ്പുറത്തിൻറെ അടുത്ത എവേ പോരാട്ടം പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ. 14-ാം തീയ്യതി വെള്ളിയായ്ച തൃശ്ശൂർ മാജിക് എഫ്സിയുടെ തട്ടകമായ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് ആണ് മത്സരം. എസ്എൽകെയിൽ ഇതാദ്യമായാണ് തൃശ്ശൂർ മാജിക് തങ്ങളുടെ സ്വന്തം കാണികൾക്ക് മുമ്പിൽ പന്ത് തട്ടാനൊരുങ്ങുന്നത്.

എംഎഫ്സിയുടെ രണ്ടാം എവേ മത്സരമാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഒരു ഗോളിന് മലപ്പുറം തൃശ്ശൂരിനെ പരാജയപ്പടുത്തിയിരുന്നു. റോയ് കൃഷ്ണയാണ് അന്ന് പെനാൽട്ടിയിലൂടെ മലപ്പുറത്തിന് വേണ്ടി വിജയഗോൾ നേടിയത്.നിലവിൽ ലീഗിൽ തോൽവിയറിയാത്ത ഏക ടീമാണ് മലപ്പുറം എഫ്സി.

അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി തൃശൂർ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. മലപ്പുറമാണെങ്കിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 9 പോയിൻറോടെ തൊട്ട് പിന്നിൽ മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്. ആറ് മത്സരങ്ങളിൽ നിന്നും 11 പോയിൻറുള്ള കാലിക്കറ്റ് എഫ്സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ കളി ജയിച്ച് ടേബിളിൽ വീണ്ടും ഒന്നാമതെത്തുകയാണ് മലപ്പുറത്തിന്റെ ലക്ഷ്യം.

കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ബിസ്‌പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. കണ്ണൂരിന് വേണ്ടി അസിയര്‍ ഗോമസ് ആശ്വാസ ഗോള്‍ നേടി. നാല് ഗോളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ തോല്‍പ്പിച്ച കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ ഇത് മധുര പ്രതികാരമായിരുന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കണ്ണൂര്‍ രണ്ടാം പകുതിയില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് ഇരട്ടമാറ്റങ്ങളുമായി 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറുകയായിരുന്നു. സീസണിലെ കണ്ണൂരിന്റെ ആദ്യ തോല്‍വിയാണിത്. അതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടരും. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കൊമ്പന്‍സ് അഞ്ചാമതാണ്.

വിജയത്തോടെ തിരുവനന്തപുരം കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.
തൃശൂര്‍ മാജിക് എഫിസിക്കെതിരെ ഇറങ്ങിയ 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3 എന്ന ഫോര്‍മേഷനിലേക്ക് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മാറി. അഞ്ച് മാറ്റങ്ങളാണ് കണ്ണൂര്‍ വരുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മുഹമ്മദ് സിനാന്‍, അവസരം ഒരുക്കിയ അഡ്രിയാന്‍ സര്‍ഡിനേറോ, അസിയര്‍ ഗോമസ്, സന്ദീപ്, ഷിബിന്‍ ഷാദ് എന്നിവര്‍ക്ക് പകരമായി സൈദ് മുഹമ്മദ് നിദാല്‍, സച്ചിന്‍ സുനില്‍, ആസിഫ് ഒ.എം, ഷിജിന്‍ ടി, അബ്ദുല്‍ കരീം സാംബ എന്നിവരെത്തി.

തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും മാറ്റങ്ങളുമായി ആണ് എത്തിയത്. 4-3-3 എന്ന ഫോര്‍മേഷനില്‍ ഏഴ് മാറ്റങ്ങളാണ് ഇലവനില്‍ വരുത്തിയത്. ഗോള്‍കീപ്പര്‍ ആര്യന്‍ ആഞ്ജനേയ, പ്രതിരോധ താരങ്ങളായ ഷാനിദ് വാളന്‍, കര്‍വാലോ ലിമ, മധ്യനിരതാരങ്ങളായ റോഹന്‍ സിംങ്, അറ്റാക്കിംങ് താരങ്ങളായ മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഷാഫി, പൗലോ വിക്ടര്‍ എന്നിവര്‍ക്ക് പകരമായി ഗോള്‍ കീപ്പര്‍ സത്യജിത്ത്, പ്രതിരോധ താരങ്ങളായ റോച്ച ഡി അറുജോ, അബ്ദുല്‍ ബാജിഷ്, മുഹമ്മദ് ഷരിഫ് ഖാന്‍ മധ്യനിരതാരങ്ങളായ രാഘവ് ഗുപ്ത, മുഹമ്മദ് ജാസിം, അറ്റാക്കിംങ് താരങ്ങളായ ഖാലിദ് റോഷന്‍, ഔറ്റമര്‍ ബിസ്‌പോ എന്നിവര്‍ ഇറങ്ങി.


മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്ക് അകം കണ്ണൂര്‍ വാരിയേഴ്‌സിന് അലസരം ലഭിച്ചു. .. മിനുട്ടില്‍ എബിന്‍ എടുത്ത കോര്‍ണര്‍ സെറ്റ് പീസ് മനോജിന് നല്‍കി. മനോജ് ഇടത് കാലുകൊണ്ട് ബോക്‌സിലേക്ക് കൃത്യമായി നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ലാവ്‌സാംബ ചാടി ഹെഡ് ചെയ്‌തെങ്കിലും പോസിറ്റിനെ ചാരി പുറത്തേക്ക്. 5 ാം മിനുട്ടില്‍ അടുത്ത അവസരം.

തിരുവനന്തപുരം കൊമ്പന്‍സ് മധ്യനിരയില്‍ നിന്ന് തട്ടി എടുത്ത പന്ത് നിദാല്‍ ബോക്‌സിലേക്ക് കരീമിന് നല്‍കി. കരീം സ്വീകരിച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 10 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ആദ്യ അവസരം. ഷരീഫ് എറിഞ്ഞ ലോങ് ത്രോ കണ്ണൂര്‍ ബോക്‌സില്‍ കൂട്ടപൊരിച്ചില്‍ നടന്നെങ്കിലും പന്ത് ക്ലിയര്‍ ചെയ്തു. 13 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ബോക്‌സിന് തൊട്ട് മുന്നില്‍ വെച്ച് ഫ്രീകിക്ക് ലഭിച്ചു. ബിസ്‌പോ അടിച്ചെങ്കിലും ബ്ലോക്കിന്റെ ദേഹത്ത് തട്ടി പുറത്തേക്ക്. 15 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണാവസരം. മനോജ് ബോക്‌സിലേക്ക് നല്‍കിയ ലോ ക്രോസ് ഷിജിന്‍ ഇടത് കാലുകൊണ്ട് പോസ്്റ്റിലേക്ക് അടിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. അതോ മിനുട്ടില്‍ എബിന്‍ ദാസിന്റെ വക ബോക്‌സിന് പുറത്ത് നിന്ന് ഒരു ഉഗ്രന്‍ ലോങ് റൈഞ്ചര്‍. തിരുവനന്തപുരം കീപ്പര്‍ സത്യജിത്തിന്റെ ഉഗ്രന്‍ സേവ്. 35 ാം മിനുട്ടില്‍ റൊണാള്‍ഡിനെ ഫൗള്‍ ചെയ്തതിന് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മനോജിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 41 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കൗണ്ടര്‍ അറ്റാക്കിംങിലൂടെ ലഭിച്ച അവസരം മനോജ് ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം ഗോള്‍കീപ്പര്‍ വേഗത്തില്‍ കിക്ക് എടുക്കവേ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ നിദാലിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 45 ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച് കണ്ണൂരിന്റെ ആസിഫ് എതിര്‍മുഖത്തേക്ക് ഓടി കയറി ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ് റൈഞ്ച് ഷോട്ട് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. അധിക സമയത്തിന്റെ 48 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ ബിസ്‌പോയെ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ ലവ്‌സാംബക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.


രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ നടത്തി. സച്ചിനും ഷിജിനും പകരം മുഹമ്മദ് സിനാനും ഷിബിന്‍ ഷാദുമെത്തി. 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് കണ്ണൂര്‍ 3-4-3 യിലേക്ക് മാറി. 47 ാം മിനുട്ടില്‍ തിരുവനന്തപുരം ലീഡ് നേടി. ബോക്‌സിലേക്ക് ഓടി കയറിയ ബിസ്‌പോ ആദ്യ അടിച്ച പന്ത് കണ്ണൂര്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്‌തെങ്കിലും റിട്ടേര്‍ണ്‍ പന്ത് മുഹമ്മദ് ജാസിം ഗോളാക്കി മാറ്റി. 52 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ മുഹമ്മദ് ജാസിം കോര്‍ണറില്‍ നിന്ന് വീണു കിട്ടിയ അവസരം ഉഗ്രന്‍ ഒരു ലോങ് റൈഞ്ചറിന് ശ്രമിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് കൃത്യമായി തടഞ്ഞിട്ടു. 57 ാം മിനുട്ടില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍കൂടെ നടത്തി. അബ്ദു കരീമിനും നിദാലിനും പകരമായി അസിയര്‍ ഗോമസും അഡ്രിയാന്‍ സര്‍ഡിനേറോയും എത്തി. 62 ാം മിനുട്ടില്‍ എബിന്‍ ദാസ് ബോക്‌സിന് അകത്തേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ എടുക്കവേ തിരുവനന്തപുരം ഗോള്‍കീപ്പറിന്റെ ശരീരത്തില്‍ തട്ടി അഡ്രിയാന്‍ ബോക്‌സില്‍ വീണെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. 66 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ട് മാറ്റങ്ങള്‍ നടത്തി. ഗോള്‍ നേടിയ മുഹമ്മദ് ജാസിമിനും ഖാലിദിനും പകരമായി അഷ്ഹറും മുഹമ്മദ് ഷാഫിയും എത്തി. 69 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിലൂടെ ബോക്‌സിലേക്ക് സോളോ റണ്‍ നടത്തിയ റോണാള്‍ഡ് പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്തു. തുടര്‍ന്ന് ലഭിച്ച അവസരം ഔട്ടമാര്‍ ബിസ്‌പോ ഗോളാക്കി മാറ്റി. 74 ാം മിനുട്ടില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ മുഹമ്മദ് ഷാഫിക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. കണ്ണൂരിന്റെ മുഹമ്മദ് സിനാനെ ഫൗള്‍ ചെയ്തതിനാണ് കാര്‍ഡ് ലഭിച്ചത്. 77 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറച്ച രണ്ട് അവസരം ലഭിച്ചു. അസിയര്‍ എടുത്ത് ഫ്രീകിക്ക് അഡ്രിയാന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും കൊമ്പന്‍സ് കീപ്പര്‍ മനോഹരമായി തട്ടി അകറ്റി. തുടര്‍ന്ന് സാംബ് ബോക്‌സിലേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ ചെസ്റ്റില്‍ ഇറക്കി പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. തിരുവനന്തപുരം വിക്ടറിനെയും റോഹന്‍ സിംങിനേയും പകരക്കാരനായി ഇറക്കി. സമയം നഷ്ടപ്പെടുത്തിയതിന് തിരുവനന്തപുരത്തിന്റെ ബാദിഷിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 83 ാം മിനുട്ടില്‍ കൊമ്പന്‍സ് ബാദിഷിനെ പിന്‍വലിച്ച് ഷാനിദ് വാളനെ ഇറക്കി. 85 ാം മിനുട്ടില്‍ ബിസ്‌പോയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷാഫി നല്‍കിയ പന്ത് സെകന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ബിസ്‌പോ അനായാസം ഗോളാക്കി മാറ്റി.

ബിസ്‌പോയുടെ രണ്ടാം ഗോള്‍. 86 ാം മിനുട്ടില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്. 98 ാം മിനുട്ടില്‍ അസിയര്‍ ഗോമസ് കണ്ണൂരിന് ആശ്വാസ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

നാടിന് മാതൃകയായി കണ്ണൂർ വാരിയേഴ്സ് ആരാധകരായ റെഡ് മറൈനേഴ്‌സ്

സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാതൃകയായിരിക്കുകയാണ്. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരത്തില്‍ ടീമിന് ആരാധക കൂട്ടായ്മ ഗ്രൗണ്ടില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ കൊടികളും ജേഴ്‌സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്. മത്സരത്തിന് ശേഷം എല്ലാവരും ആഘോഷങ്ങളുമായി സ്റ്റേഡിയം വിട്ടപ്പോള്‍ റെഡ് മറൈനേഴ്‌സ് സ്‌റ്റേഡിയത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിച്ച മാലിന്യം നീക്കിയ ശേഷമാണ് അവര്‍ സ്‌റ്റേഡിയം വിട്ടത്. ആരാധകര്‍ ഇരിപ്പിടത്തിന് സമീപം അവശേഷിപ്പിച്ച കുപ്പികള്‍ ആഹരങ്ങളുടെ അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്.


തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെയുള്ള ആദ്യ മത്സരത്തിലും സ്റ്റേഡിയത്തിലെ ഗാലറികള്‍ വൃത്തിയാക്കിയിരുന്നു. കുപ്പികളും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ളവായാണ് റെഡ് മറൈനേഴ്‌സ് ശേഖരിച്ചത്. സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്. ഇത് മറ്റു ആരാധക കൂട്ടായ്മകള്‍ക്ക് മാതൃകയാണ്.
വളരെ കാലത്തിന് ശേഷം കണ്ണൂരിലേക്ക് മടങ്ങിയെത്തിയ ഫുട്‌ബോളിനെ നിലനിര്‍ത്തേണ്ട ആവശ്യം നമ്മുക്കാണ്. ഏറെ കാലത്തിന് ശേഷമാണ് ഈ സ്‌റ്റേഡിയം ദേശീയ മത്സരത്തിന് അനുയോജ്യമായ രീതിയിലേക്ക് എത്തിച്ചത്. വരുന്ന തലമുറക്കും ഈ സ്‌റ്റേഡിയവും സൗകര്യങ്ങളും ഉപയോഗിക്കാന്‍ സാധിക്കണം ഇതെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് റെഡ് മറൈനേഴ്‌സ് പറഞ്ഞു.

കണ്ണൂരിന് കിംസിന്റെ സമ്മാനം

വാരിയേഴ്‌സ് ഫോര്‍ വെല്‍നെസ്സ് എന്ന മുദ്യാവാക്യം ഉയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുമായി സഹകരിച്ചു കൊണ്ട് കണ്ണൂരിലെ സ്ത്രീകള്‍ക്ക് സൗജ്യമായി ബ്രസ്റ്റ് സ്‌ക്രീനിംങ് നല്‍ക്കുന്നു. നവംബര്‍ അഞ്ച് മുതല്‍ 31 വരെ കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ വാരിയേഴസ് വുമണ്‍ എന്ന കൂപ്പണ്‍ കോഡുമായി എത്തിയാല്‍ സൗജന്യമായി സ്‌ക്രീനിംങ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747128137്

കണ്ണൂര്‍ വാരിയേഴ്‌സിന്റെ രണ്ടാം അങ്കം ഇന്ന്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ രണ്ടാം ഹോം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇന്ന് (10-11-2025) ഇറങ്ങും. രാത്രി 7.30 ജവഹര്‍ സ്റ്റേഡയത്തില്‍ നടക്കുന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയാണ് എതിരാളി. ആദ്യ ഹോം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സികെതിരെ ആവസാന നിമിശം സമനിയ വഴങ്ങിയ ടീം വിജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലെത്താനാണ് ശ്രമിക്കുക.

സ്റ്റേഡിയത്തില്‍ രണ്ട് ബോക്‌സ് ഓഫീസ് തുറന്നു

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തിരുവനന്തപുരം എഫ്‌സിയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ക്കായി സ്റ്റേഡിയത്തില്‍ രണ്ട് ബോക്‌സ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ഒന്ന് സ്റ്റേഡിയത്തിലെ മാധവി മെഡിക്കല്‍ സ്റ്റോറിന് എതിര്‍വശവും രണ്ട് കൂള്‍ ലാന്‍ഡ് ഐസ്‌ക്രീം പാര്‍ലറിന് സമീപത്തുമാണ്. അതോടൊപ്പം കണ്ണൂരിലെ പുതിയതെരു, താഴെചൊവ്വ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഔട്ട് ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ഓണ്‍ ലൈന്‍ ടിക്കറ്റുകള്‍ www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ വാങ്ങാവുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് എടുത്ത് മത്സരം കാണാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റുമായി എത്തി ബോക്‌സോഫീസില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.

പ്രവേശനം

മത്സരം കാണാനെത്തുന്നവര്‍ ടിക്കറ്റുമായി വൈകീട്ട് 5.00 മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായി ആണ് നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. അതിനാല്‍ നേരത്തെ തന്നെ എല്ലാവരും സ്റ്റേഡിയത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും വിവിധ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അത് വഴി കൃത്യമായി കളികാണാനെത്തുന്നവര്‍ക്ക് ഗെയിറ്റുകള്‍ കണ്ടെത്താന്‍ സാധിക്കും.
ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും പ്രവേശനം. വി.വി.ഐ.പി., വി.ഐ.പി. ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. മറൈനേഴ്‌സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും കിംസ് പ്രീമിയം ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്നിലൂടെയും എ.ബി.സി. ഗ്യാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് നമ്പര്‍ മൂന്ന്, നാല് വഴി അകത്തേക്ക് പ്രവേശിക്കാം. വെര്‍ട്ടൈല്‍ ഡിലക്‌സ് ടിക്കറ്റുകാരും ഗെയിറ്റ് നമ്പര്‍ നാലിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡി.ഡി.സി പാത്ത്‌ലാബ്‌സ് പ്രീമിയം, അസറ്റ് ഗ്യാലറി ടിക്കറ്റുള്ളവര്‍ ഏഴാം നമ്പര്‍ ഗെയിറ്റ് വഴിയും നിക്ഷാന്‍ ഡിലക്‌സ് ടിക്കറ്റുക്കാര്‍ ആറാം നമ്പര്‍ ഗെയിറ്റിലൂടെയും ആണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.

അജ്സലിന് ഹാട്രിക്ക്, കൊച്ചിയിൽ ആറാടി കാലിക്കറ്റ് എഫ് സി

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ആറാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ്‌ എഫ്‍സിയാണ് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചത്.
കാലിക്കറ്റ്‌ എഫ്സിക്കായി യുവതാരം മുഹമ്മദ്‌ അജ്സൽ ഹാട്രിക്ക് നേടി. വിജയികൾക്കായി ക്യാപ്റ്റൻ പ്രശാന്ത്‌ രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ
റൊണാൾഡ് വാൻ കെസലിന്റെ വക. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ്‌ ഒന്നാംസ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്ത്.

കളിതുടങ്ങി അഞ്ച് മിനിറ്റിനിടെ നാല് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്ത കാലിക്കറ്റ്‌ അവ നഷ്ടപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ പത്തൊൻപതാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോൾ നേടി. ഇടതു വിങിൽ നിന്ന് ക്യാപ്റ്റൻ പ്രശാന്ത് നൽകിയ പന്ത്‌ പ്രയാസകരമായ ആങ്കിളിൽ നിന്ന് ഫസ്റ്റ്ടൈം ടച്ചിലൂടെ പോസ്റ്റിലെത്തിച്ചത് അണ്ടർ 23 താരം മുഹമ്മദ്‌ അജ്സൽ (1-0). ഇരുപത്തിയാറാം മിനിറ്റിൽ കൊച്ചിക്ക് മികച്ച അവസരം. സജീഷ് നൽകിയ ക്രോസിന് ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന് കൃത്യമായി തലവെക്കാൻ കഴിഞ്ഞില്ല. മുപ്പത്തിനാലാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് രണ്ടാക്കി. മധ്യനിരയിൽ നിന്ന് ആസിഫ് നീക്കി നൽകിയ പാസ് മുഹമ്മദ്‌ അജ്സൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു (2-0). ആറ് മിനിറ്റിനകം കാലിക്കറ്റ്‌ വീണ്ടും ഗോളടിച്ചു. മുഹമ്മദ്‌ റിയാസിന്റെ ക്രോസ്സ്, പ്രശാന്തിന്റെ ഫിനിഷ് (3-0). ആദ്യപകുതി അവസാനിക്കാനിരിക്കെ മുഹമ്മദ്‌ അജ്സൽ ഹാട്രിക്കും കാലിക്കറ്റ്‌ നാലാം ഗോളും നേടി (4-0). ലീഗിൽ അഞ്ച് ഗോളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. നാല് ഗോളുകളുള്ള മലപ്പുറം എഫ്സിയുടെ ജോൺ കെന്നഡിയാണ് രണ്ടാമത്.

രണ്ടാംപകുതിയുടെ തുടക്കത്തിൽ കൊച്ചി ശ്രീരാജ്, സൂസൈരാജ്, അമോസ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. സിമിൻലെൻ ഡെങ്കൽ, ഷിഫിൽ എന്നിവർക്ക് കാലിക്കറ്റും അവസരം നൽകി. വേഗതയേറിയ നീക്കങ്ങളുമായി ഉഗാണ്ടക്കാരൻ അമോസ് കാലിക്കറ്റ് പോസ്റ്റിൽ നിരന്തരം ഭീഷണിയുയർത്തി. അറുപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗോൾ. അമോസിന്റെ ക്രോസ്സ് ഗോളിലേക്ക് നിറയൊഴിച്ചത്
റൊണാൾഡ് വാൻ കെസൽ (4-1). എൺപത്തിനാലാം മിനിറ്റിൽ ആസിഫിന്റെ പാസിൽ സിമിൻലെൻ ഡെങ്കൽ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ 6-1. ഇഞ്ചുറി സമയത്ത് റൊണാൾഡ് വാൻ കെസൽ ഒരു ഗോൾ കൂടി നേടി കൊച്ചിയുടെ പരാജയഭാരം കുറച്ചു (6-2). 2282 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ഇന്ന് (നവംബർ 10) ആറാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ആരാധകരോട് നന്ദിയും ക്ഷമയും അറിയിച്ചു കണ്ണൂർ വാരിയേഴ്സ് മാനേജ്‌മെന്റ്

കണ്ണൂര്‍: ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വിരുന്നെത്തിയ ഫുട്ബോളിനെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. കളികാണാനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.


കണ്ണൂര്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമായി നവംബര്‍ 7 രേഖപ്പെടുത്തും, ആരാധകര്‍ കാണിച്ച പിന്തുണയും പങ്കാളിത്തവും ടീമിന് പ്രചോദനമായെന്നും, ഇതിലൂടെ കണ്ണൂരിന്റെ ഫുട്‌ബോള്‍ ആത്മാവിനെ വീണ്ടെടുക്കാന്‍ സാധിച്ചെന്നും ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു.
അതേസമയം ”മത്സരദിവസം സ്റ്റേഡിയത്തില്‍ ഉണ്ടായ തിരക്കിനെ തുടര്‍ന്ന് ചില ആരാധകര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ലബ് ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നവെന്നും. ആരാധകര്‍ കാണിച്ച സ്‌നേഹവും ആവേശവും ഞങ്ങള്‍ അതിയായ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന്” ക്ലബ് മനേജ്‌മെന്റ് അറിയിച്ചു.


ഭാവിയിലെ മത്സരങ്ങള്‍ കൂടുതല്‍ ക്രമബദ്ധവും സൗകര്യപ്രദവുമാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
ടിക്കറ്റ് എടുത്ത് മത്സരം കാണാന്‍ സാധിക്കാത്ത ആരാധകര്‍ക്ക് അടുത്ത ഹോം മത്സരങ്ങള്‍ക്ക് പകരം ടിക്കറ്റ് നല്‍കാന്‍ ക്ലബ് തീരുമാനിച്ചു. തങ്ങളുടെ പഴയ ടിക്കറ്റുമായി നവംബര്‍ 17 ന് 12.00 മണിക്ക് മുമ്പായി ജവഹര്‍ സ്റ്റേഡിയത്തിലെ ക്ലബ് ഓഫീസിലെത്തി ടിക്കറ്റ് മാറ്റിവാങ്ങാവുന്നതാണ്. അതോടൊപ്പം ഓണ്‍ലൈനില്‍ ജേഴ്‌സിക്ക് പണം നല്‍കി ലഭിക്കാത്തവര്‍ക്ക് നവംബര്‍ 15 മുതല്‍ 22 വരെ സ്റ്റേഡിയത്തിലെ ക്ലബ് ഓഫീസിലെത്തി ജേഴ്‌സി വാങ്ങാവുന്നതാണ്. ചില സൈസില്‍ കൂടുതല്‍ ആവശ്യക്കാര്‍ വന്നതാണ് വിതരണം തടസപ്പെടുത്തിയത്. ജേഴ്‌സി വേണ്ടാത്തവര്‍ക്ക് പണവും തിരികെ നല്‍ക്കുന്നതായിരിക്കുമെന്ന് ക്ലബ് മാനേജ്‌മെന്റ് വ്യക്തമാക്കി.


നിങ്ങള്‍ ക്ലബിന് നല്‍ക്കുന്ന പിന്തുണയ്ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണെന്നും ഈ ആവേശം തുടര്‍ന്നാല്‍ കണ്ണൂരിനെ വീണ്ടും കേരള ഫുട്‌ബോളിന്റെ പ്രധാന ശക്തി കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ക്ലബ് ചെയര്‍മാന്‍ ഡോ. എ.പി. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.

കണ്ണൂരിലെ സൂപ്പര്‍ ലീഗ് പോരിൽ സമനില തെറ്റിയില്ല

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ശക്തന്‍മാര്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. കണ്ണൂരിന് വേണ്ടി മൂഹമ്മദ് സിനാനും തൃശൂരിന് വേണ്ടി ബിബിന്‍ അജയനും ഓരോ ഗോള്‍ വീതം നേടി. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി തൃശൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തി.

അഞ്ച് മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റുമായി കണ്ണൂര്‍ മൂന്നാമത് തുടരുന്നു. ഒമ്പത് പോയിന്റുമായി ഗോള്‍ ഡിഫറന്‍സിന്റെ ആനുകൂല്യത്തില്‍ മലപ്പുറം എഫ്‌സിയാണ് രണ്ടാമത്. മുഹമ്മദ് സിനാന് ആണ് മത്സരത്തിലെ താരം.


കഴിഞ്ഞ മത്സരത്തില്‍ കളിച്ച രണ്ട് ടീമിലെയും ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ മധ്യനിരയില്‍ അര്‍ജുനും അറ്റാക്കിംങില്‍ ഷിജിനും പകരമായി പ്രതിരോധത്തില്‍ ഷിബിന്‍ ഷാദിനെ ഇറക്കി. കൂടെ സൂപ്പര്‍ സബ് മുഹമ്മദ് സിനാനും കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഇടംനേടി. 4-3-3 എന്ന ഫോര്‍മേഷനില്‍ കളിച്ചിരുന്ന കണ്ണൂര്‍ വാരിയേഴ്‌സ് 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറി.


4-4-2 ഫോര്‍മേഷനില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയും രണ്ട് മാറ്റങ്ങളുമായി ആണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മെയ്ല്‍സണ്‍ ആല്‍വസിന് പകരമായി ദേജന്‍ ഉസ്ലേക്കും മധ്യനിരയില്‍ ഇവാന്‍ മാര്‍ക്കോവിച്ചിന് പകരം ശങ്കറും ഇറങ്ങി.


ഇരുടീമുകളും ശ്രദ്ധയോടെയാണ് മത്സരം തുടങ്ങിയത്. 18 ാം മിനുട്ടില്‍ കണ്ണൂരിന് ആദ്യ അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന സിനാന്റെ അരികിലെത്തിയെങ്കിലും കൃത്യമായി വരുതിയില്‍ ആക്കാന്‍ സാധിച്ചില്ല. 19 ാം മിനുട്ടില്‍ തന്നെ തൃശൂര്‍ മാജികിന്റെ പ്രതിരോധ താരം ഉസ്ലക് പരിക്കേറ്റ് പുറത്ത് പോയി. പകരക്കാരനായി അലന്‍ ജോണെത്തി. സെറ്റ് പീസുകല്‍ ലക്ഷ്യം വെച്ചായിരുന്നു തൃശൂരിന്റെ നീക്കങ്ങള്‍ ഇടവേളകളില്‍ കോര്‍ണറുകള്‍ ലഭിച്ചുകൊണ്ടിരുന്നു. 31 ാം മിനുട്ടില്‍ ആദ്യ പകുതിയിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഏറ്റവും മികച്ച അവസരമെത്തി. വലത് കോര്‍ണറില്‍ നിന്ന് അസിയര്‍ ഗോമസ് ബോക്‌സിലേക്ക് താഴ്ത്തി വിദ്ധക്തമായി നല്‍കിയ പാസ് ക്യാപ്റ്റന്‍ അഡ്രയാന്‍ സ്വീകരിച്ച് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരങ്ങള്‍ തടഞ്ഞു നിര്‍ത്തി. 41 ാം മിനുട്ടില്‍ വലത് വിങ്ങിലൂടെ എബിന്‍ ദാസ് നാല് താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറി തൃശൂര്‍ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ നല്‍കിയ ക്രോസ് അസിയര്‍ പറന്ന് ഹെഡിന് ശ്രമിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരത്തിന്റെ തലയില്‍ തട്ടി കോര്‍ണറായി. കോര്‍ണറില്‍ നിക്കോളാസ് ഡെല്‍മോണ്ടെക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.


രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ കളിമാറി. 57 ാം മിനുട്ടില്‍ കണ്ണൂര്‍ വലകുലുക്കി. ബോക്‌സിന് മുന്നില്‍ നിന്ന് പന്ത് സ്വീകരിച്ച ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ വലത് വിങ്ങിലൂടെ ഓടി കയറിയ മുഹമ്മദ് സിനാന് നല്‍കി. വലത് കാലുകൊണ്ട് കൃത്യമായി പന്ത് ഒതുക്കി. തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ധീനെ കാഴ്ചക്കാരനാക്കി ഉഗ്രന്‍ ഗോള്‍. 59 ാം മിനുട്ടില്‍ കണ്ണൂരിന് വീണ്ടും അവസരം. രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ എബിന്‍ ദാസ് തുടുതത്ത ഉഗ്രന്‍ കിക്ക് തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ദീന്‍ തട്ടി അകറ്റി. 60 ാം മിനുട്ടിലും 61 ാം മിനുട്ടിലും കണ്ണൂരിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ രക്ഷകനായി. അസിയര്‍ ഗോമസിന്റെയും ലാവ്‌സാംബയുടെയും കിക്കാണ് തട്ടി അകറ്റിയത്. 63 ാം മിനുട്ടില്‍ തൃശൂര്‍ ജോസഫിന് പകരക്കാരനായി ഇവാന്‍ മാര്‍ക്കോവിച്ചിനെ കളത്തിലിറക്കി. 70 ാം മിനുട്ടില്‍ തൃശൂര്‍ നവീനെ പിന്‍വലിച്ച് അഫ്‌സലിനെ ഇറക്കി. പിന്നാലെ കണ്ണൂര്‍ ഇരട്ട സബ്‌സിറ്റിയൂഷന്‍ നടത്തി.

അസിയറിനെയും സിനാനെയും പിന്‍വലിച്ച് കരീം സാംബയും അര്‍ഷാദും ഇറങ്ങി. 84 ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് കണ്ണൂരിന്റെ എബിന്‍ തുടുത്ത ലോങ് റൈഞ്ച് കൂപ്പര്‍ പറന്ന് തട്ടി. 85 ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും വീണ്ടും അവസരം. എബിന്റെ കോര്‍ണര്‍ സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ച കരീം ഉയര്‍ന്നു ചാടി ഹെഡ് ചെയ്‌തെങ്കിലും തൃശൂര്‍ പ്രതിരോധ താരത്തിന് ശരീരത്തില്‍ തട്ടി പുറത്തേക്ക്. 87 ാം മിനുട്ടില്‍ അര്‍ഷാദ് അടിച്ച ഷോട്ട് കീപ്പര്‍ തട്ടിഅകറ്റി. 87 ാം മിനുട്ടില്‍ സാംബയ്ക്കും 90 ാം മിനുട്ടില്‍ ഷിബിന്‍ ഷാദിനും മഞ്ഞ കാര്‍ഡ് ലഭിച്ചു. അധിക സമയത്ത് തൃശൂര്‍ അറ്റാക്കര്‍ ഇവാന്‍ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടര്‍ന്ന് സമയം നഷ്ടപ്പെടുത്തിയതിന് കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 90+7 മിനുട്ടില്‍ തൃശൂര്‍ ഗോള്‍ മടക്കി. വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ അഫ്‌സല്‍ നല്‍കിയ ക്രോസില്‍ ബിബിന്‍ അജയന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാമത്

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാംസ്ഥാനത്ത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1 ന് തോൽപ്പിച്ചു. രണ്ടാംപകുതിയിൽ പത്തുപേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ മലപ്പുറത്തിനായി ജോൺ കെന്നഡി രണ്ടും റോയ് കൃഷ്ണ, അബ്ദുൽ ഹക്കു എന്നിവർ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോൾ സജീഷിന്റെ ബൂട്ടിൽ നിന്നായിരുന്നു. അഞ്ച് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറം പട്ടികയിൽ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്ത് നിൽക്കുന്നു.

അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്ത ബ്രസീലുകാരൻ ജോൺ കെന്നഡിക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് മലപ്പുറം എതിരാളികളുടെ തട്ടകത്തിൽ കളത്തിലിറങ്ങിയത്. ഒൻപതാം മിനിറ്റിൽ ടോണി എടുത്ത കോർണർ കിക്ക് നേരിട്ട് കൊച്ചിയുടെ വലയിൽ കയറിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. കൊച്ചിയുടെ റൊമാരിയോ ജെസുരാജ്, ഗോളി റഫീഖ് അലി സർദാർ എന്നിവരെ ഫൗൾചെയ്തതിന് മലപ്പുറത്തിന്റെ ഇർഷാദ്, ജോൺ കെന്നഡി എന്നിവർക്ക് അടുത്തടുത്ത മിനിറ്റുകളിൽ മഞ്ഞക്കാർഡ് ലഭിച്ചു.

മുപ്പത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം ഡഗ്ലസ് ടാർഡിൻ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഡച്ചുകാരൻ വാൻ കെസൽ. മുപ്പത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, റോയ് കൃഷ്ണയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല 1-0. ലീഗിൽ ഫിജി താരത്തിന്റെ രണ്ടാം പെനാൽറ്റി ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. അലൻ സാജുവിന്റെ പാസ് സ്വീകരിച്ച് നാല് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ ജോൺ കെന്നഡി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു 2-0. ലീഗിൽ ബ്രസീൽ താരത്തിന്റെ മൂന്നാം ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ റഫീഖ് അലി സർദാറിനെ തിരിച്ചുവിളിച്ച കൊച്ചി അണ്ടർ 23 താരം മുഹമ്മദ്‌ മുർഷിദിനെ കളത്തിലിറക്കി. അൻപതിനാലാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ വന്നു. മൈനസ് പാസ് അടിച്ചകറ്റാനുള്ള കൊച്ചിയുടെ പകരക്കാരൻ ഗോൾ കീപ്പർ മുർഷിദിന്റെ ശ്രമം പാളിയപ്പോൾ ജോൺ കെന്നഡി പന്ത് വലയിലേക്ക് തട്ടിയിട്ടു 3-0. ഇതോടെ ലീഗിൽ കെന്നഡിയുടെ ഗോൾ സമ്പാദ്യം നാലായി. അൻപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. മൂന്ന് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയായിരുന്നു ഗിഫ്റ്റി ഗ്രേഷ്യസിന്റെ പുറത്താവൽ. അറുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി ഒരു ഗോൾ മടക്കി. നിജോ ഗിൽബർട്ടിന്റെ പാസ് നെഞ്ചിൽ സ്വീകരിച്ച സജീഷ് പിഴവില്ലാതെ മലപ്പുറത്തിന്റെ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു 3-1. പകരക്കാരനായി എത്തിയ അബ്ദുൽ ഹക്കു ഇഞ്ചുറി സമയത്ത് കോർണറിന് തലവെച്ച് മലപ്പുറത്തിന്റെ നാലാം ഗോൾ നേടി 4-1. 4998 കാണികൾ മത്സരം കാണാനെത്തി.

വെള്ളിയാഴ്ച്ച (നവംബർ 7) അഞ്ചാം റൗണ്ടിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. മികച്ച രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ടീമിന്റെ ആദ്യ ഹോം മത്സരമാണ് വെള്ളിയാഴ്ച്ചത്തേത്. കഴിഞ്ഞ സീസണിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് കണ്ണൂർ ഹോം മത്സരങ്ങൾ കളിച്ചിരുന്നത്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തെ വീഴ്ത്തി കാലിക്കറ്റ് എഫ് സി

കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് ജയം. അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സി,
തിരുവനന്തപുരം കൊമ്പൻസിനെ ഒരുഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ
അലക്സിസ് സോസ നേടിയ ഗോളിനാണ് കാലിക്കറ്റ്‌ എഫ്സി നിർണായക വിജയം നേടിയത്. അഞ്ച് കളികളിൽ ആറ് പോയന്റുള്ള കാലിക്കറ്റ്‌ എഫ്സി പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ച് കളികളിൽ അഞ്ച് പോയന്റുള്ള കൊമ്പൻസ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിയുടെ പതിമൂന്നാം മിനിറ്റിലാണ് കളിയുടെ വിധിയെഴുതിയ ഗോൾ പിറന്നത്. കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് കൃത്യം ഹെഡ് ചെയ്ത് കൊമ്പൻസിന്റെ വലയിൽ എത്തിച്ചത് അർജന്റീനക്കാരൻ അലക്സിസ് സോസ 1-0. പിന്നീട് നിരന്തരം ആക്രമണങ്ങൾ കണ്ട ആദ്യപകുതിയിൽ പക്ഷെ, കൊമ്പൻസിന് ലക്ഷ്യബോധം ഇല്ലാതെ പോയി. മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും പ്രശാന്തിന്റെ കോർണറിൽ പരേരയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ പുറത്തുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ശരീഫ് ഖാൻ, റിനാൻ അർജാവോ എന്നിവരെ എത്തിച്ച കൊമ്പൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. 13083 കാണികൾ ഇന്നലെ മത്സരം കാണാൻ എത്തി.

അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച (നവംബർ 4) ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; ജവഹര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലെ മത്സരം ക്രമമായി

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലെ മത്സരം ക്രമമായി. അഞ്ച് ഹോം മത്സരങ്ങളാണ് ജവഹര്‍ സ്‌റ്റേഡിയത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനുള്ളത്. നവംബര്‍ 7 ന് വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക.
നവംബര്‍ 10 ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, നവംബര്‍ 19 ന് മലപ്പുറം എഫ്‌സി, നവംബര്‍ 23 ന് ഫോഴ്‌സ കൊച്ചി എഫ്‌സി, നവംബര്‍ 28 ന് കാലിക്കറ്റ് എഫ്‌സി എന്നിവരാണ് കണ്ണൂരിന്റെ എതിരാളി.


കണ്ണൂരിലെ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണം, ഓഫീസ് ഉദ്ഘാടനം, ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം എന്നിവ ഒക്ടോബര്‍ 31 ന് നടക്കും. അഞ്ച് ഹോം മത്സരങ്ങള്‍ക്ക് പുറമെ അഞ്ച് എവേ മത്സരങ്ങളാണ് ടീമിനുള്ളത്. അതില്‍ നാല് എവേ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന്് മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുമായി തോല്‍വി അറിയാതെ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കുതിപ്പ് തുടരുകയാണ്. അവസാന എവേ മത്സരത്തില്‍ തൃശൂര്‍ കേര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആദ്യ സീസണില്‍ കോഴിക്കോട് ആണ് നടന്നത്.

സുപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സ് ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. അതോടൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തിരികെ എത്തുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഫിക്സ്ചറുകൾ;

2025 നവംബര്‍ 7
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs തൃശൂര്‍ മാജിക് എഫ്‌സി

2025 നവംബര്‍ 10
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി

2025 നവംബര്‍ 19
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs മലപ്പുറം എഫ്‌സി

2025 നവംബര്‍ 23
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs ഫോഴ്‌സ കൊച്ചി എഫ്‌സി

2025 നവംബര്‍ 28
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs കാലിക്കറ്റ് എഫ്‌സി

റണ്‍ വിത്ത് വാരിയേഴ്‌സ്; റണ്‍ നവംബര്‍ 2 ന്

കണ്ണൂര്‍: റണ്‍ വിത്ത് വാരിയേഴ്‌സ് എന്ന മുദ്രാവാക്യമുയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ സഹകരണത്തോടെ റണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2 ന് ഞായറാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് തവക്കര ബസ്റ്റാന്റ്, പ്രഭാത് ജംഗ്ഷന്‍, കണ്ണൂര്‍ ലൈറ്റ് ഹൗസ് റോഡ്, പയ്യാമ്പലം ബീച്ച് വരെ 5 കിലോമീറ്റര്‍ നീളുന്നതാണ് റണ്‍. പരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം ക്യാഷ് പ്രൈസ് നല്‍ക്കുന്നതായിരിക്കും. ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഇരുവിഭാഗങ്ങള്‍ക്കും 7000, 3500, 2500, രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍ക്കും. മത്സരത്തില്‍ പങ്കെടുക്കുന്നു എല്ലാവര്‍ക്കും മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ജേഴ്‌സി, റിഫ്രഷ്‌മെന്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.


റണ്ണില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 1 ന് രാത്രി 8 മണിക്ക് മുമ്പായി www.kannurwarriorsfc.com എന്ന വെബ് സൈറ്റിലോ, കിംസ് ശ്രീചന്ദിന്റെ സമൂഹ്യമാധ്യമത്തിലോ നല്‍കിയിട്ടുള്ള ലിംങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. നവംബര്‍ 2 ന് രാവിലെ 5.30 മുതല്‍ 6.00 മണി വരെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 890 7212 027.

പയ്യനാട് വീണ്ടും സമനിലപൂട്ട്, മലപ്പുറം എഫ്സി vs തിരുവനന്തപുരം കൊമ്പൻസ്

മലപ്പുറം: ആവേശം അലതലിയ മലപ്പുറം_കൊമ്പൻസ് എഫ്സി പോരാട്ടം സമനിലയിൽ കലാശിച്ചു. ജയത്തിനായി പോരാടിയെങ്കിലും സമനില പൂട്ട് പൊട്ടിക്കാൻ എംഎഫ്സിക്ക് കഴിഞ്ഞില്ല. പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിൻറെ തുടർച്ചയായ മൂന്നാം സമനിലയാണിത്. മലപ്പുറത്തിന് വേണ്ടി ജോൺ കെന്നഡിയും കൊമ്പൻസിന് വേണ്ടി പെനാൽട്ടിയിലൂടെ ഓട്ടമെറും ഗോൾവല കുലുക്കി. 21426ഓളം കാണികളാണ് ഇന്നത്തെ മത്സരം കാണാൻ ഗാലറിയിലെത്തിയത്.

ടീം ലൈനപ്പിലേക്ക് വരുമ്പോൾ കഴിഞ്ഞ മൽസരത്തെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളാണ് കോച്ച് മിഗ്വേൽ കോറൽ വരുത്തിയിട്ടുള്ളത്. അക്ബറിന് പകരം ഇർഷാദിനെയും നിതിൻ മധുവിന് പകരം സഞ്ജു ഗണേഷിനെയും ഇലവനിൽ ഉൾപ്പെടുത്തി.മുന്നേറ്റത്തിൽ റോയ് കൃഷണ, ഗനി നിഗം, അഭിജിത് എന്നിവരെ ഇറക്കി 4-2-1-3 ഫോർമേഷനിലാണ് ടീമിനെ ഇത്തവണ വിന്യസിച്ചത്. മധ്യനിരയിൽ ഫാകുണ്ടോ ബല്ലാർഡോ, ബദ്ർ, ഇർഷാദ് എന്നിവരും പ്രതിരോധത്തിൽ സ്പാനിഷ് താരം ഐറ്റർ അൽദലൂർ, അബ്ദുൽ ഹക്കു, സഞ്ജു ഗണേഷ്,ജിതിൻ പ്രകാശ് എന്നിവരും അണിനിരന്നു. ഗോൾ കീപ്പറായി മുഹമ്മദ് അസ്ഹറും ഇറങ്ങി.

എംഎഫ്സിയുടെ മികച്ചൊരു മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിട്ടിൽ തന്നെ ഫകുണ്ടോ കൊടുത്ത പാസ്സ് കൊമ്പൻസ് ബോക്സിൽ അപകടം ഉണ്ടാക്കുമെന്ന് തോന്നിച്ചെങ്കിലും അഭിജിത്തിന് പന്ത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. പത്താം മിനിട്ടിൽ കൊമ്പൻസിൻറെ മുന്നേറ്റം കീപ്പർ അസ്ഹർ മികച്ചൊരു സേവിലൂടെ തടഞ്ഞു . അടുത്ത മിനിറ്റിൽ തന്നെ മലപ്പുറത്തിന് ഗോൾ അവസരം കിട്ടിയെങ്കിലും കൊമ്പൻസിൻറെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. റോയ് കൃഷ്‌ണയുടെ ക്രോസ്സിൽ ഫകുണ്ടോയുടെ ഷോട്ടായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ തിരുവനന്തപുരത്തിൻറെ കോർണർ കിക്ക് അസർ കയ്യിലൊതുക്കി. 16-ാം മിനിറ്റിൽ വലിയൊരു ഗോളവസരം തുറന്ന് കിട്ടിയെങ്കിലും ക്യാപ്റ്റൻ ഐറ്ററിൻറെ കിക്ക് കൊമ്പൻസ് കീപ്പർ ആര്യൻ തടഞ്ഞു. 25മത്തെ മിനിറ്റിൽ അഭിജിതിൻറെ വലത് വിംഗിലുടെയുള്ള മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പന്തിൽ ഇർഷാദ് ഒരു പവർഷോട്ട് തൊടുത്ത് വിട്ടെങ്കിലും പോസ്റ്റിനോട് തൊട്ട് ചാരി പുറത്തേക്കാണ് പോയത്. 37-ാം മിനിറ്റിൽ കൊമ്പൻസ് താരം ഓട്ടമെർ അടിച്ച കിക്ക് ഐറ്റർ മികച്ച ബ്ലോക്കിലൂടെ അപകടം ഒഴിവാക്കി. ആദ്യ പകുതി അങ്ങനെ ഇരു ടീമിനും ഗോൾ അടിക്കാൻ കഴിയാതെ സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിൻറെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടാണ് മലപ്പുറം കളത്തിലിറങ്ങിയത്. ജിതിന് പകരക്കാരനായി ടോണിയും ഫകുണ്ടോയ്ക്ക് പകരം ജോൺ കെന്നഡിയും ഗനി നിഗമിന് പകരക്കാരനായി റിഷാദ് ഗഫൂറും കളത്തിലിറങ്ങി . 57-ാം മിനിറ്റിൽ വലത് വിംഗിൽ നിന്ന് ടോണി മികച്ച ക്രോസ്സ് കൊടുത്തങ്കിലും പന്തിൽ തലവെക്കാൻ ബോക്സിൽ മലപ്പുറം താരങ്ങൾ ആരുമുണ്ടായിരുന്നില്ല. 60-ാം മിനിറ്റിൽ ഇർഷാദിന് പകരക്കാരനായി അഖിൽ പ്രവീണിറങ്ങി. തൊട്ടടുത്ത നിമിഷം തന്നെ കെന്നഡിയുടെ ഷോട്ട് കൊമ്പൻസ് കീപ്പർ ആര്യൻ തടുത്തിട്ടു. പിന്നീട് 69-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് ബദ്ർ എടുത്ത ഫ്രീകിക്കിൽ ജോൺ കെന്നഡിയുടെ കിടിലനൊരു ഹെഡ്ഡർ ഗോൾ ! ഗാലറിയൊന്നാകെ ആർത്തു വിളിച്ച നിമിഷം.

75-ാം മിനിറ്റിൽ മലപ്പുറത്തിൻറെ ബോക്സിൽ നടന്ന കൂട്ടപൊരിച്ചിലിനിടയിൽ കൊമ്പൻസിന് റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത ഓട്ടമെർ ഗോളാക്കി മാറ്റി. 87-ാം മിനിറ്റിൽ റോയ് കൃഷ്ണക്ക് പകരക്കാരനായി പുതിയ സൈനിംഗ് ഫോർസിയെ കളത്തിലിറക്കി. തുടർന്ന് കളിയുടെ അവസാന നിമിഷങ്ങളിൽ തുടരെയുള്ള അറ്റാക്കുകൾ മലപ്പുറത്തിൻറെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഈ സമനിലയോടെ, മലപ്പുറം എഫ്‌സി 6 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരം നവംബർ 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഫോർസ കൊച്ചിക്കെതിരെയാണ്. സീസണിലെ എംഎഫ്‌സിയുടെ ആദ്യ എവേ മത്സരമാണിത്.

Exit mobile version