ലണ്ടൻ ഡർബിയിൽ ചെൽസി ഇന്ന് സ്പർസിനെതിരെ

പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടൻ ഡർബി ആവേശം. പ്രീമിയർ ലീഗിൽ അപരാജിതരായ ചെൽസിക്ക് ഇന്ന് സ്പർസിനെതിരെയാണ് മത്സരം. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരത്തിന് കൊടിയേറുക.

മൗറീസിയോ സാരി പരിശീലകനായി എത്തിയ ശേഷം തോൽവി അറിയാത്ത ചെൽസിക്ക് ഇന്ന് പക്ഷെ ജയിച്ചു കയറുക എളുപമാക്കില്ല. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് കേവലം 1 പോയിന്റ് പിറകിൽ നാലാം സ്ഥാനത്താണ് സ്പർസ്. ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിനെ തടയുക എന്നത് തന്നെയാവും സ്പർസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഡിഫൻഡർ വേർതൊഗൻ പരിക്ക് മാറി തിരിച്ചെത്തിയത് അവർക്ക് ഊർജമാവുമെങ്കിലും മറ്റൊരു ഡിഫൻഡർ ഡേവിസൻ സാഞ്ചസ് പരിക്കേറ്റ് പുറത്താണ്. ചെൽസി നിരയിൽ പരിക്ക് മാറി മറ്റെയോ കൊവാചിച് തിരിച്ചെത്തും.

കഴിഞ്ഞ സീസണിൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഏറ്റ തോൽവിക്ക് പ്രതികാരം ചെയ്യുക എന്നത് തന്നെയാവും ചെൽസിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം പക്ഷെ വെംബ്ലിയിൽ നടന്ന മത്സരത്തിൽ 2-1 ന് ചെൽസിക്കായിരുന്നു ജയം.

Exit mobile version