പാകിസ്ഥാൻ കളിക്കാർ ഐ‌പി‌എല്ലിൽ ഇല്ലാത്തത് പാകിസ്താനും ഐ പി എല്ലിനും ഒരുപോലെ നഷ്ടം – സൊഹൈൽ തൻവീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) പാകിസ്ഥാൻ കളിക്കാരുടെ അഭാവം ഇരു പാർട്ടിക്കും ഒരു നഷ്ടമാണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സൊഹൈൽ തൻവീർ വിശ്വസിക്കുന്നു. 2008 ലെ ഉദ്ഘാടന പതിപ്പിൽ രാജസ്ഥാൻ റോയൽസിനൊപ്പം പർപ്പിൾ ക്യാപ്പ് നേടിയ തൻവീർ, പാകിസ്ഥാൻ കളിക്കാരെ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ നിരാശ പ്രകടിപ്പിച്ചു.

“ആദ്യ പതിപ്പിൽ കളിച്ചതിന് ശേഷം ഞങ്ങൾക്ക് ഐ‌പി‌എല്ലിൽ കളിക്കാൻ കഴിയാത്തത് വളരെ നിർഭാഗ്യകരമാണ്. രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടിക്കലർത്തരുതെന്ന് ഞാൻ എപ്പോഴും വാദിച്ചിട്ടുണ്ട്. ഇരു ഭാഗത്തിനും ഇത് ഒരു നഷ്ടമാണെന്ന് എനിക്ക് തോന്നുന്നു,” തൻവീർ പറഞ്ഞു.

“പാകിസ്ഥാൻ കളിക്കാർ ഐ‌പി‌എല്ലിൽ കളിച്ചിരുന്നെങ്കിൽ, അത് ടൂർണമെന്റിനെ കൂടുതൽ മനോഹരമാക്കുമായിരുന്നു. അതേസമയം, പാകിസ്ഥാൻ കളിക്കാരെ കളിക്കാരായും വ്യക്തികളായും വികസിപ്പിക്കാൻ ഇത് സഹായിക്കുമായിരുന്നു.” അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം ഉണ്ടായിരുന്നിട്ടും, ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുമെന്ന് തൻവീർ ഇപ്പോഴും പ്രതീക്ഷയോടെ തുടരുന്നു.

നടു വിരൽ പ്രയോഗം!!! ബെൻ കട്ടിംഗിനും സൊഹൈൽ തൻവീറിനും എതിരെ പിഴ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിനിടെ വിരൽ കൊണ്ട് ആഭാസകരമായ ആംഗ്യം കാണിച്ച പേഷ്വാര്‍ സൽമിയുടെ ബെന്‍ കട്ടിംഗിനും ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ സൊഹൽ തൻവീറിനും എതിരെ പിഴ ചുമത്തി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും ഇത്തരത്തിൽ പെരുമാറിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കോഡ് ഓഫ് കണ്ടക്ട് ലെവൽ 1ന്റെ ലംഘനം നടത്തിയതിന് ഇരു താരങ്ങള്‍ക്കുമെതിരെ 15 ശതമാനം മാച്ച് ഫീസ് ആണ് പിഴ ചുമത്തിയത്. നസീം ഷായുടെ പന്തിൽ തൻവീ‍ർ പിടിച്ച് പുറത്താകുമ്പോള്‍ 14 പന്തിൽ 36 റൺസാണ് കട്ടിംഗ് നേടിയത്.

അരങ്ങേറ്റത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുമായി അല്‍സാരി ജോസഫ്

ലസിത് മലിംഗയുടെ അഭാവത്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫ് ഒരു പക്ഷേ താന്‍ ഇത്തരമൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 2008ല്‍ നേടിയ റെക്കോര്‍ഡാണ് ഇന്നലെ അല്‍സാരി ജോസഫ് മറികടന്നത്.

അന്ന് ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനു 6 വിക്കറ്റ് നേടിയ സൊഹൈല്‍ തന്‍വീറിന്റെ റെക്കോര്‍ഡ് പിന്നീട് സീസണുകള്‍ പിന്നിടുമ്പോളും മറികടക്കാനാകാതെ നിന്നിരുന്നു. 2016ല്‍ ആഡം സംപ ആറ് വിക്കറ്റ് നേടിയെങ്കിലും സണ്‍റൈസേഴ്സിനെതിരെ അന്ന് താരം 19 റണ്‍സാണ് വഴങ്ങിയത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം സണ്‍റൈസേഴ്സിനെതിരെ 12 റണ്‍സിനു ആറ് വിക്കറ്റ് വീഴ്ത്തിയ അല്‍സാരി ജോസഫിനു ആ ചരിത്ര നിയോഗം കൂടി ലഭിയ്ക്കുകയായിരുന്നു. ഐപിഎലില്‍ ഈ റെക്കോര്‍ഡ് ഇനി മറികടക്കുവാന്‍ എത്ര കൊല്ലങ്ങള്‍ കാത്തിരിക്കണമെന്ന് ഇനി കണ്ടറിയേണ്ടത് തന്നെയാണ്.

ഐപിഎല്‍ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് അല്‍സാരി ജോസഫിന്റെ ഇന്നലത്തെ പ്രകടനം. ഇതിനു മുമ്പ് 2017ല്‍ രാജ്കോടില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിനെതിരെ 17 റണ്‍സിനു 5 വിക്കറ്റ് നേടിയതായിരുന്നു ഐപിഎലിലെ അരങ്ങേറ്റത്തിലെ റെക്കോര്‍ഡ്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഷൊയ്ബ് അക്തറിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയുള്ള പ്രകടനമാണ് പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്. 11 റണ്‍സിനു 4 വിക്കറ്റാണ് 2008ല്‍ അക്തര്‍ നേടിയത്.

മുംബൈയ്ക്ക് വേണ്ടി ഒരു അരങ്ങേറ്റ താരം നടത്തുന്ന ഏറ്റവും മികച്ച പ്രകടനം കൂടിയാണ് അല്‍സാരി ജോസഫിന്റേത്.

അവസാന ഓവറില്‍ ത്രില്ലര്‍ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ അവസാന ഓവറില്‍ ജയം 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. അവസാന ഓവറില്‍ 3 റണ്‍സ് മാത്രം വേണ്ടിയിരുന്ന വാരിയേഴ്സിനു ഒരു പന്ത് ശേഷിക്കെയാണ് വിജയത്തിലെത്തുവാന്‍ സാധിച്ചത്. 19ാം ഓവറില്‍ രണ്ട് സിക്സര്‍ പറപ്പിച്ച് വിജയ സമയത്ത് 20 പന്തില്‍ നിന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്ന സൊഹൈല്‍ തന്‍വീര്‍ ആണ് ടീമിന്റെ വിജയ ശില്പിയും മാന്‍ ഓഫ് ദി മാച്ചും.

169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗയാനയുടെ തുടക്കം മോശമായിരുന്നു. ലൂക്ക് റോഞ്ചി(28), ജേസണ്‍ മുഹമ്മദ്(36) എന്നിവര്‍ പുറത്തായ ശേഷം മറ്റു താരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാനാകാതെ പോയ ഘട്ടത്തിലാണ് തന്‍വീറിന്റെ വെടിക്കെട്ട് പ്രകടനം. അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിലും അവസാന പന്തിലും സിക്സര്‍ നേടിയാണ് തന്‍വീര്‍ മത്സര ഗതിയെ മാറ്റിയത്. പാട്രിയറ്റ്സിനു വേണ്ടി ബെന്‍ കട്ടിംഗും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ക്രിസ് ഗെയില്‍(40), എവിന്‍ ലൂയിസ്(28), ആന്റണ്‍ ഡെവ്സിച്ച്(35) എന്നിവര്‍ക്കൊപ്പം 9 പന്തില്‍ 19 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. ഇമ്രാന്‍ താഹിര്‍ തന്റെ നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റുമായി പാട്രിയറ്റ്സ് കുതിപ്പിനു തടയിടുകയായിരുന്നു.

സൊഹൈല്‍ തന്‍വീറിനെതിരെ പിഴ

ആമസോണ്‍ ഗയാന വാരിയേഴ്സ് പേസര്‍ സൊഹൈല്‍ തന്‍വീറിനെതിരെ പിഴ. സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെതിരെയുള്ള മത്സരത്തിനിടെ അനാവശ്യമായ ആംഗ്യം കാണിച്ചതിനാണ് താരത്തിനെതിരെ 15 ശതമാനം പിഴ ചുമത്തിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ചയാണ് ഈ സംഭവം നടക്കുന്നത്.

മത്സരത്തിന്റെ 17ാം ഓവറില്‍ ബെന്‍ കട്ടിംഗിനെ പുറത്താക്കിയ ശേഷമാണ് താരത്തിന്റെ ഈ ചെയ്തി. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക കുറിപ്പനുസരിച്ച് താരം ടൂര്‍ണ്ണമെന്റ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കാര്യം അംഗീകരിച്ചു. അതിനു ശേഷം മാച്ച റഫറി ശിക്ഷ വിധിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version