അവസാന ഓവറില്‍ ത്രില്ലര്‍ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ അവസാന ഓവറില്‍ ജയം 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. അവസാന ഓവറില്‍ 3 റണ്‍സ് മാത്രം വേണ്ടിയിരുന്ന വാരിയേഴ്സിനു ഒരു പന്ത് ശേഷിക്കെയാണ് വിജയത്തിലെത്തുവാന്‍ സാധിച്ചത്. 19ാം ഓവറില്‍ രണ്ട് സിക്സര്‍ പറപ്പിച്ച് വിജയ സമയത്ത് 20 പന്തില്‍ നിന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്ന സൊഹൈല്‍ തന്‍വീര്‍ ആണ് ടീമിന്റെ വിജയ ശില്പിയും മാന്‍ ഓഫ് ദി മാച്ചും.

169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗയാനയുടെ തുടക്കം മോശമായിരുന്നു. ലൂക്ക് റോഞ്ചി(28), ജേസണ്‍ മുഹമ്മദ്(36) എന്നിവര്‍ പുറത്തായ ശേഷം മറ്റു താരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാനാകാതെ പോയ ഘട്ടത്തിലാണ് തന്‍വീറിന്റെ വെടിക്കെട്ട് പ്രകടനം. അവസാന രണ്ടോവറില്‍ 19 റണ്‍സായിരുന്നു ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിലും അവസാന പന്തിലും സിക്സര്‍ നേടിയാണ് തന്‍വീര്‍ മത്സര ഗതിയെ മാറ്റിയത്. പാട്രിയറ്റ്സിനു വേണ്ടി ബെന്‍ കട്ടിംഗും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ക്രിസ് ഗെയില്‍(40), എവിന്‍ ലൂയിസ്(28), ആന്റണ്‍ ഡെവ്സിച്ച്(35) എന്നിവര്‍ക്കൊപ്പം 9 പന്തില്‍ 19 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. ഇമ്രാന്‍ താഹിര്‍ തന്റെ നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റുമായി പാട്രിയറ്റ്സ് കുതിപ്പിനു തടയിടുകയായിരുന്നു.

Exit mobile version