അരങ്ങേറ്റത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴയുമായി അല്‍സാരി ജോസഫ്

ലസിത് മലിംഗയുടെ അഭാവത്തില്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അല്‍സാരി ജോസഫ് ഒരു പക്ഷേ താന്‍ ഇത്തരമൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 2008ല്‍ നേടിയ റെക്കോര്‍ഡാണ് ഇന്നലെ അല്‍സാരി ജോസഫ് മറികടന്നത്.

അന്ന് ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനു 6 വിക്കറ്റ് നേടിയ സൊഹൈല്‍ തന്‍വീറിന്റെ റെക്കോര്‍ഡ് പിന്നീട് സീസണുകള്‍ പിന്നിടുമ്പോളും മറികടക്കാനാകാതെ നിന്നിരുന്നു. 2016ല്‍ ആഡം സംപ ആറ് വിക്കറ്റ് നേടിയെങ്കിലും സണ്‍റൈസേഴ്സിനെതിരെ അന്ന് താരം 19 റണ്‍സാണ് വഴങ്ങിയത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം സണ്‍റൈസേഴ്സിനെതിരെ 12 റണ്‍സിനു ആറ് വിക്കറ്റ് വീഴ്ത്തിയ അല്‍സാരി ജോസഫിനു ആ ചരിത്ര നിയോഗം കൂടി ലഭിയ്ക്കുകയായിരുന്നു. ഐപിഎലില്‍ ഈ റെക്കോര്‍ഡ് ഇനി മറികടക്കുവാന്‍ എത്ര കൊല്ലങ്ങള്‍ കാത്തിരിക്കണമെന്ന് ഇനി കണ്ടറിയേണ്ടത് തന്നെയാണ്.

ഐപിഎല്‍ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് അല്‍സാരി ജോസഫിന്റെ ഇന്നലത്തെ പ്രകടനം. ഇതിനു മുമ്പ് 2017ല്‍ രാജ്കോടില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിനെതിരെ 17 റണ്‍സിനു 5 വിക്കറ്റ് നേടിയതായിരുന്നു ഐപിഎലിലെ അരങ്ങേറ്റത്തിലെ റെക്കോര്‍ഡ്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഷൊയ്ബ് അക്തറിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയുള്ള പ്രകടനമാണ് പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്. 11 റണ്‍സിനു 4 വിക്കറ്റാണ് 2008ല്‍ അക്തര്‍ നേടിയത്.

മുംബൈയ്ക്ക് വേണ്ടി ഒരു അരങ്ങേറ്റ താരം നടത്തുന്ന ഏറ്റവും മികച്ച പ്രകടനം കൂടിയാണ് അല്‍സാരി ജോസഫിന്റേത്.

Exit mobile version