രോഹിതിന് ശേഷം ടെസ്റ്റ് ക്യാപ്റ്റനായി ഋഷഭ് പന്ത് വരണം എന്ന് കൈഫ്

രോഹിത് ശർമ്മയുടെ പിൻഗാമിയായി ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി വരണം എന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് വിരമിക്കലിനോട് അടുക്കുമ്പോൾ, പന്തിൻ്റെ സമീപകാല പ്രകടനങ്ങൾ അദ്ദേഹത്തിൻ്റെ നേതൃശേഷിയെ ഉയർത്തിക്കാട്ടുന്നതായി കൈഫ് വിശ്വസിക്കുന്നു. ഈ സീസണിൽ ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ പന്ത്, ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി 261 റൺസുമായി ന്യൂസിലൻഡ് പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോററായി.

“നിലവിലെ ടീമിൽ നിന്ന് ഋഷഭ് പന്ത് മാത്രമാണ് ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള സാധ്യതയിൽ ഉള്ളത്. അവൻ അതിന് യോഗ്യനാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ എല്ലാത്തരം സാഹചര്യങ്ങളിലും അദ്ദേഹം സ്‌കോർ ചെയ്തു,” കൈഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പന്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പിംഗ് കഴിവുകളെയും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെയും കൈഫ് പ്രശംസിച്ചു. “അവൻ ക്രീസിൽ ഇരിക്കുന്നതുവരെ, ന്യൂസിലൻഡ് ജയിക്കുമെന്ന് വിശ്വസിച്ചില്ല.” – കൈഫ് പറഞ്ഞു.

പരിക്ക് മാറി തിരിച്ചെത്തിയതിന് ശേഷം, പന്ത് ടെസ്റ്റ് സീസണിൽ 422 റൺസ് നേടിയിട്ടുണ്ട്. 46.88 ശരാശരിയും 86.47 സ്‌ട്രൈക്ക് റേറ്റും പന്ത് കാത്തു. ഇതിൽ മൂന്ന് അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു.

രോഹിത് ശർമ്മയും ഇന്ത്യയും ബാസ്ബോളിന്റെ പോരായ്മകൾ തുറന്നുകാട്ടി എന്ന് കൈഫ്

ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് ജയിച്ച രോഹിത് ശർമ്മയെയും ഇന്ത്യൻ ടീമിനെയും പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യ ബാസ്‌ബോളിന്റെ പോരായ്മകൾ തുറന്നുകാട്ടി തന്നു എന്ന് കൈഫ് പറഞ്ഞു. അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സിനും 64 റൺസിനും തകർക്കാൻ ഇന്ത്യക്ക് ആയിരുന്നു. ട്വിറ്ററിൽ ആയിരുന്നു കൈഫിന്റെ പ്രതികരണം.

“ഒന്നാം തോൽവിക്ക് ശേഷം തുടർച്ചയായി 4 ടെസ്റ്റുകൾ ജയിച്ചതിലൂടെ രോഹിതിൻ്റെ ഇന്ത്യ‌ൻ ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്ന് തെളിയിച്ചു. രോഹിത് ശർമ്മയും ടീം ബാസ്‌ബോൾ എങ്ങനെ തുറന്നുകാട്ടി എന്ന് എല്ലാവരും ഓർക്കും. ഇന്ത്യ കളിച്ച ആക്രമണോത്സുകവുമായ ക്രിക്കറ്റ് ബ്രാൻഡ് ഞങ്ങൾക്ക് അഭിമാനം പകർന്നു,” കൈഫ് ‘എക്‌സിൽ’ പോസ്റ്റ് ചെയ്തു.

ശ്രേയസ് അയ്യറിന്റെ ബലഹീനതകൾ അല്ല കരുത്താണ് ചർച്ച ചെയ്യപ്പെടേണ്ടത് എന്ന് കൈഫ്

ശ്രേയസ് അയ്യർക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾ അവസാനിപ്പിക്കേണ്ട സമയം ആയി എന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ ദിവസം നിർണായ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരെ പ്രശംസിക്കുക ആയിരുന്നു കൈഫ്. ലോകം ശ്രേയസിന്റെ ബലഹീനതകൾ ചൂണ്ടിക്കാണിക്കുന്നത് അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ ശക്തികളെ പ്രശംസിക്കാൻ തുടങ്ങേണ്ട സമയമാണിതെന്ന് കൈഫ് പറഞ്ഞു.

“ശ്രേയസ് അയ്യർ ഈയിടെ ആയി മികച്ച പ്രകടനം ആണ് നടത്തി, അത് അഭിനന്ദിക്കപ്പെടേണ്ടതാണ്.” കൈഫ് പറഞ്ഞു. “ലോകം അവന്റെ ദൗർബല്യത്തെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി അവന്റെ കരുത്തിനെ കുറിച്ച് സംസാരിക്കേണ്ട സമയം ആയി” കൈഫ് എക്‌സിൽ കുറിച്ചു. ശ്രേയസ് അയ്യർ ഏറെ കാലമായി അദ്ദേഹം ബൗൺസറുകളിൽ പരാജയപ്പെടുന്നു എന്ന വിമർശനം കേൾക്കുന്നുണ്ട്. ആ വിമർശനങ്ങൾക്കെതിരെയാണ് കൈഫ് സംസാരിച്ചത്.

ബെസ്റ്റ് ടീമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഫൈനലിൽ കളിക്കണം!! കൈഫിനെതിരെ വാർണർ

ഓസ്ട്രേലിയ അല്ല ഇന്ത്യ ആണ് ഈ ലോകകപ്പിലെ മികച്ച ടീം എന്നും മികച്ച ടീം ആണ് ലോകകപ്പ് വിജയിച്ചതെന്ന് അംഗീകരിക്കാൻ ആകില്ല എന്നുമുള്ള മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തിൻ മറുപടിയുമായി ഡേവിഡ് വാർണർ. മികച്ച ടീമാണ് പറഞ്ഞിട്ട് കാര്യമില്ല എന്നും ഫൈനലിൽ കളിക്കണം എന്നും വാർണർ മറുപടി പറഞ്ഞു.

“എനിക്ക് മുഹമ്മദ് കൈഫിനെ ഇഷ്ടമാണ്, എന്നാൽ ബെസ്റ്റ് ടീം എന്നത് കടലാസിൽ ഉള്ളത് പ്രശ്നമല്ല എന്നതാണ് കാര്യം. ദിവസാവസാനം അത് നിർണായകമായിരിക്കുമ്പോൾ നിങ്ങൾ പ്രകടനം നടത്തേണ്ടതുണ്ട്. അതിനാലാണ് അവർ ആ മത്സരത്തെ ഫൈനൽ എന്ന് വിളിക്കുന്നത്. ആ ദിവസമാണ് കണക്കാക്കുന്നത്,” വാർണർ പറഞ്ഞു.

“ഫൈനൽ ഏത് വഴിക്കും പോകാം, അതാണ് സ്പോർട്സ്. 2027ൽ ഞങ്ങൾ വീണ്ടും വരും,” ലോകകപ്പ് ഫൈനലിനെക്കുറിച്ചുള്ള കൈഫിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് വാർണർ പറഞ്ഞു.

“മികച്ച ടീം അല്ല ലോകകപ്പ് നേടിയത്, ടൂർണമെന്റിലെ മികച്ച ടീം ഇന്ത്യ തന്നെ” – കൈഫ്

ലോകകപ്പിലെ മികച്ച ടീം ഇന്ത്യ തന്നെ ആണ് എന്നും ഒരു ദിവസത്തെ നിർഭാഗ്യം കൊണ്ട് മാത്രമാണ് ഓസ്ട്രേലിയ കിരീടം നേടിയത് എന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.“ഓസ്‌ട്രേലിയക്ക് അഭിനന്ദനങ്ങൾ, പക്ഷേ ഏറ്റവും മികച്ച ടീം ലോകകപ്പ് നേടി എന്ന് പറയാൻ ഞാൻ തയ്യാറല്ല.” കൈഫ് പറഞ്ഞു.

“ഇന്ത്യൻ ടീം ആണ് മികച്ച ടീം. ഫൈനലിൽ തോറ്റെങ്കിലും ഇതേ ഓസ്‌ട്രേലിയൻ ടീമിനെതിരെ പല തവണ കളിച്ചാലും ഇന്ത്യ ആയിരിക്കും വിജയിക്കുക. ഈ ഫൈനൽ ഒരു മോശം ദിവസങ്ങളിലൊന്നായിരുന്നു, ഇങ്ങനെ ചിലപ്പോൾ സംഭവിക്കാറുണ്ട്.” കൈഫ് പറഞ്ഞു.

“2003ൽ റിക്കി പോണ്ടിംഗ് സെഞ്ച്വറി നേടിയപ്പോൾ ലോകകപ്പ് ഫൈനലിൽ തോറ്റ ടീമിൽ ഞാനും ഉണ്ടായിരുന്നു. അന്നും ഹൃദയങ്ങൾ തകർന്നു. ഇപ്പോൾ രോഹിത് ശർമ്മയുടെ വികാരം എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകും. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ നിങ്ങൾ എന്നോട് ചോദിച്ചാൽ, 2023 ലോകകപ്പിൽ ഈ ഇന്ത്യൻ ടീമിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.” കൈഫ് കൂട്ടിച്ചേർത്തു.

പാകിസ്താന് സെമിയിൽ ഇന്ത്യയെ നേരിടാം പക്ഷേ മത്സരം ഏകപക്ഷീയം ആയിരിക്കും” മുഹമ്മദ് കൈഫ്

2023 ലോകകപ്പിന്റെ സെമി ഫൈനലിൽ പാക്കിസ്ഥാന് എത്താനാകാമെന്നും വേണമെങ്കിൽ സെമിയിൽ ഇന്ത്യയെ അവർക്ക് എതിരാളികളായി ലഭിക്കാം എന്നും മുഹമ്മദ് കൈഫ്‌. എന്നാൽ സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അവർ ഇറങ്ങിയാലും നമ്മുക്ക് ഏകപക്ഷീയമായ മത്സരമാണ് കാണാൻ ആവുക എന്ന് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു. ഇന്ത്യ അനായാസം ആ മത്സരം ജയിക്കുമെന്നും കൈഫ് പറയുന്നു.

പാകിസ്താൻ അവശേഷിക്കുന്ന മത്സരം ജയിച്ചാൽ അവർക്ക് സെമി പ്രതീക്ഷയുണ്ട്‌. പാകിസ്ഥാൻ സെമിയിൽ കടന്നാൽ ഇന്ത്യയെ നേരിടാൻ സാധ്യതയേറെയാണ്.

“അവർക്ക് സെമിയിൽ എത്തിച്ചേരാനാകും, പക്ഷേ അത് ഏകപക്ഷീയമായ മത്സരമായിരിക്കും. എന്താണ് സംഭവിച്ചതെന്ന് ചരിത്രത്തിന്റെ താളുകൾ തുറന്നാണ് അറിയാം. ഇന്ത്യ അവരെ അനായാസം പരാജയപ്പെടുത്തി. അതു തന്നെ ആവർത്തിക്കും.” കൈഫ് പറഞ്ഞു.

“എന്നിരുന്നാലും പാകിസ്ഥാന് സെമി അവസരമുണ്ട്. അവർ മികച്ച മത്സരം കളിച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാൽ, അപ്പോഴും നെറ്റ് റൺ റേറ്റ് പ്രശ്‌നമുണ്ടാകും, അതിനാൽ അവർക്ക് വലിയ വിജയത്തോടെ സെമിയിൽ എത്താനാകും,” കൈഫ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യറിനെക്കാൾ നന്നായി സ്പിൻ കളിക്കുന്ന ആരുമില്ല എന്ന് കെയ്ഫ്

ശ്രേയസ് അയ്യരെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ കളിക്കാരനാണ് അയ്യർ എന്നും മധ്യ ഓവറുകളിൽ നന്നായി സ്പിൻ കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും കെയ്ഫ് കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 87 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 77 റൺസ് നേടാൻ അയ്യറിനായിരുന്നു.

“അദ്ദേഹം അസാധാരണമായി സ്പിൻ കളിക്കുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ഐപിഎല്ലിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, ഈ ടീമിൽ അവനെക്കാൾ നന്നായി ആരും സ്പിൻ കളിക്കുന്നില്ല, കാരണം അവൻ സിംഗിളും ഡബിൾസും എടുക്കുകയും സിക്സറുകൾ അടിക്കുകയും ചെയ്യുന്നു. വാങ്കഡെയിൽ നടന്ന അവസാന മത്സരത്തിൽ അദ്ദേഹം 106 മീറ്റർ സിക്‌സ് അടിച്ചു” ശ്രേയസ്

“മധ്യ ഓവറുകളിൽ, ഡോട്ട് ബോളുകൾ ഉപയോഗിച്ച് സ്പിൻ സമ്മർദ്ദം സൃഷ്ടിക്കുമ്പോൾ, അവൻ അവിടെ ബൗണ്ടറികൾ കണ്ടെത്തുന്നു, അതാണ് അവന്റെ ശക്തി,” കൈഫ് പറഞ്ഞു.

“അദ്ദേഹം വിരാടിന് ബാറ്റിംഗ് അൽപ്പം എളുപ്പമാക്കി, കാരണം മധ്യനിരയിൽ കോഹ്ലിക്ക് ബൗണ്ടറികൾ ലഭിക്കാതിരുന്നപ്പോൾ ശ്രേയസ് അയ്യർ അവിടെ ബൗണ്ടറികൾ അടിക്കുകയായിരുന്നു. അതിനാൽ വിരാടിന്റെ ബാറ്റിംഗിലെ സമ്മർദ്ദം ചെറുതായി ഒഴിവായി” കൈഫ് പറഞ്ഞു.

കോഹ്ലി സെഞ്ച്വറി നേടാതിരിക്കാൻ വേണ്ടി മനഃപൂർവം ആണ് ആ വൈഡ് എറിഞ്ഞത് എന്ന് കൈഫ്

വിരാട് കോഹ്ലിയെ സെഞ്ച്വറി നേടുന്നതിൽ നിന്ന് തടയാൻ വേണ്ടി ബംഗ്ലാദേശ് സ്പിന്നർ നസും അഹമ്മദ് മനഃപൂർവം വൈഡ് എറിഞ്ഞത് ആണെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ മുഹമ്മദ് കൈഫ്. ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കെ ആയിരുന്നു നസും ഒരു ‘വൈഡ്’ ബൗൾ ചെയ്തത്. അപ്പോൾ കോഹ്ലിക്ക് സെഞ്ച്വറി നേടാൻ 3 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്‌. എങ്കിലും ആ പന്ത് അമ്പയർ വൈഡ് വിളിച്ചിരുന്നില്ല.

“അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്നത് അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. സ്‌ട്രൈക്ക് നിലനിർത്താൻ അവസാന പന്തിൽ സിംഗിൾസ് എടുത്തു. അതും അവന്റെ മിടുക്ക് കാണിക്കുന്നു. അപ്പോഴാണ് ഒരു വൈഡ് ബോധപൂർവം ബൗൾ ചെയ്തത്. സെഞ്ച്വറി നേടാതിരിക്കാനുള്ള ബൗളറുടെ പദ്ധതിയായിരുന്നു അത്. എങ്ങനെയാണ് ഒരു സ്പിന്നർക്ക് വൈഡ് ബൗൾ ചെയ്യാൻ കഴിയുക,” കൈഫ് കൂട്ടിച്ചേർത്തു.

“എനിക്ക് ജീവിതത്തിലുടനീളം ഈ സെഞ്ച്വറി മറക്കാൻ കഴിയില്ല, കാരണം അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ വിജയിക്കാൻ 169 റൺസ് വേണ്ടിയിരുന്നു. വളരെയധികം റൺസ് അവശേഷിച്ചില്ല, പക്ഷേ അദ്ദേഹം വന്ന് പുറത്താകാതെ 103 റൺസ് നേടി, ”കൈഫ് പറഞ്ഞു.

ഗില്ലിനെ പോലൊരു താരത്തെ ഏറെ കാലം മാറ്റി നിര്‍ത്തുവാന്‍ കഴിയില്ല – മൊഹമ്മദ് കൈഫ്

ശുഭ്മന്‍ ഗില്ലിനെ വാനോളം പുകഴ്ത്തി മൊഹമ്മദ് കൈഫ്. ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ തന്റെ കന്നി ടെസ്റ്റ് ശതകം ഗിൽ നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ 188 റൺസിന്റെ മികച്ച വിജയം ആണ് ഇന്ത്യ നേടിയത്. 110 റൺസാണ് ശുഭ്മന്‍ ഗിൽ നേടിയത്.

രോഹിത് ശര്‍മ്മയുടെ പരിക്കാണ് ഗില്ലിന് അവസരമായി മാറിയത്. ചേതേശ്വര്‍ പുജാരയോടൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുവാന്‍ ഗില്ലിന് സാധിച്ചപ്പോള്‍ 513 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യന്‍ ടീം ബംഗ്ലാദേശിന് മുന്നിൽ വെച്ചത്.

ഇന്ത്യന്‍ ടീമിൽ നിന്ന് ഏറെക്കാലം ഗില്ലിനെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കുകയില്ലെന്നാണ് കൈഫ് പ്രതികരിച്ചത്. താരം ഇത്തരം ഇന്നിംഗ്സുകള്‍ പുറത്തെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് എത്ര കാലം താരത്തെ പ്ലേയിംഗ് കോമ്പിനേഷനുകളിൽ നിന്ന് മാറ്റി നിര്‍ത്താനാകുമെന്നും കൈഫ് ചോദിച്ചു.

രോഹിത് തിരിച്ചു വരുമ്പോള്‍ ഗില്ലിന് സ്ഥാനത്തിനായി കെഎൽ രാഹുലിനെയോ ശ്രേയസ്സ് അയ്യരെയോ പുറത്തിരുത്തേണ്ടി വന്നാലും ഗില്ലിന് അവസരം കൊടുക്കണമെന്നാണ് താന്‍ പറയുന്നതെന്നും കൈഫ് കൂട്ടിചേര്‍ത്തു.

നാറ്റ്‍വെസറ്റ് വിജയദിനത്തില്‍, ക്രിക്കറ്റ് മതിയാക്കി കൈഫ്

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2002 നാറ്റ്‍വെസ്റ്റ് ട്രോഫി വിജയത്തിനു കാരണമായ 87 റണ്‍സ് ഇന്നിംഗ്സിന്റെ പേരിലും തന്റെ ഫീല്‍ഡിംഗ് മികവിന്റെ പേരിലും ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമായി മാറിയ 37 വയസ്സുകാരന്‍ കൈഫ് ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളുമാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.

ഉത്തര്‍പ്രദേശിനും ചത്തീസ്ഗഢിനും വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കളിച്ച താരം 10000ലധികം റണ്‍സാണ് നേടിയിട്ടുള്ളത്.

16 വര്‍ഷങ്ങള്‍ക്കിപ്പുറം നാറ്റ്‍വെസറ്റ് വിജയദിനത്തില്‍ തന്നെ തന്റെ വിരമിക്കല്‍ തീരുമാനവും മുഹമ്മദ് കൈഫ് നടത്തുകയായിരുന്നു. 2000ല്‍ അണ്ടര്‍ 19 ലോകകപ്പ് ജയത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഹമ്മദ് കൈഫ് തന്റെ വരവറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version